Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ എകെജിയുടെ ബന്ധുക്കളല്ല; കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരമന്റെ മുമ്പിലെത്തിയ പിണറായിയെ തെറി പറഞ്ഞവർക്ക് എകെജിയുമായി പുലബന്ധംപോലുമില്ലെന്ന് യഥാർത്ഥ ബന്ധുക്കൾ; ആർക്കും ഈ സഹോദരിമാരെ അറിവിലെന്ന് എ.കെ. ജി.യുടെ മാതൃസഹോദരി പൂത്രൻ; 'ബന്ധുക്കളെ' അറിയില്ലെന്ന് എകെജിയുടെ മരുമകനും മുൻ എംപിയുമായ പി കരുണാകരൻ; തരൂരിന്റെ ബിജെപിക്കാരായ ബന്ധുക്കൾക്ക് വീണ്ടും അംഗത്വം കൊടുത്തപോലെ ഇതും ബിജെപിയുടെ നാടകമെന്ന് സിപിഎം

അവർ എകെജിയുടെ ബന്ധുക്കളല്ല;  കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരമന്റെ മുമ്പിലെത്തിയ പിണറായിയെ തെറി പറഞ്ഞവർക്ക് എകെജിയുമായി പുലബന്ധംപോലുമില്ലെന്ന് യഥാർത്ഥ ബന്ധുക്കൾ; ആർക്കും ഈ സഹോദരിമാരെ അറിവിലെന്ന്  എ.കെ. ജി.യുടെ മാതൃസഹോദരി പൂത്രൻ; 'ബന്ധുക്കളെ'  അറിയില്ലെന്ന് എകെജിയുടെ മരുമകനും മുൻ എംപിയുമായ പി  കരുണാകരൻ; തരൂരിന്റെ ബിജെപിക്കാരായ ബന്ധുക്കൾക്ക് വീണ്ടും അംഗത്വം കൊടുത്തപോലെ ഇതും ബിജെപിയുടെ നാടകമെന്ന് സിപിഎം

രഞ്ജിത്ത് ബാബു

കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂരിൽ ബിജെപി പ്രവർത്തകർ ഏറെ ആഘോഷിച്ച ഒരു സംഭവമായിരുന്നു എകെജിയുടെ ബന്ധുക്കളെന്ന് അവകാശപ്പെട്ട് എത്തിയ ചിലർ, പ്രതിരോധമന്ത്രി നിർമ്മലാ സീതാരമാൻ പങ്കെടുത്ത വേദിയിലെത്തി പിണറായി വിജയനെ വിമർശിച്ച് ബിജെപിക്ക് പിന്തുണകൊടുത്തത്. എന്നാൽ ഇത്തരം ഒരു ബന്ധുക്കൾ എകെജിക്ക് ഇല്ലെന്നാണ് എകെജിയുടെ ബന്ധുക്കളും സിപിഎം നേതാക്കളും ഒരുപോലെ പറയുന്നത്. നേരത്തെ ശശിതരൂരിന്റെ ബിജെപിക്കാരായ ബന്ധുക്കൾക്ക് വീണ്ടും അംഗത്വം കൊടുത്തപോലെ, ചീപ്പ് പബ്ലസിറ്റിക്കായുള്ള സംഘപരിവാറിന്റെ ശ്രമമാണ് ഇതെന്നാണ് സിപിഎം ആരോപിക്കുന്നത്.

എ.കെ. ജി.യുടെ ബന്ധത്തിൽപെട്ടവർ എന്ന് കൊട്ടിഘോഷിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മലാ സീതാരമന്റെ മുമ്പിലെത്തിയ സഹോദരിമാർ എ,.കെ. ജി.യുടെ കുടുംബവുമായി പുലബന്ധമില്ലാത്തവരാണെന്ന് എ.കെ. ജി.യുടെ മാതൃസഹോദരി പൂത്രൻ എ.കെ. ചന്ദ്രൻ ഫേസ്‌ബുക്കിൽ ചൂണ്ടിക്കാട്ടി. എകെജിയുടെ മകളുടെ ഭർത്താവും മുൻ എംപിയുമായ പി കരുണാകരനും ഇത്തരം ബന്ധുക്കളെ അറിയില്ലെന്ന് പറഞ്ഞ് നേരത്തെ രംഗത്തെത്തിയിരുന്നു. ആയില്യത്ത് കുറ്റ്യേരി തറവാടുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നാണ് എകെ ചന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. സംശയനിവാരണത്തിനായി ഇതോടൊപ്പമുള്ള ചിത്രം തറവാട്ടിലെ മുതിർന്ന പലർക്കും അയച്ചുകൊടുത്ത് അന്വേഷിച്ചപ്പോഴും അവർക്കാർക്കും ഈ മുഖങ്ങൾ കണ്ട പരിചയമില്ല. പത്രവാർത്തകളിൽ നിന്ന് മനസ്സിലാക്കിയ ഇവർ ജീവിക്കുന്ന പ്രദേശത്ത് അന്വേഷിച്ചപ്പോൾ ഇവരെല്ലാം കാലാകാലമായി കോൺഗ്രസുകാരാണെന്നും ഒരിക്കൽ പോലും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാനായത്. - ചന്ദ്രൻ ചൂണ്ടിക്കാട്ടി.

എ.കെ. ജി. ആദ്യം കോൺഗ്രസ്സ്‌കാരനായിരുന്നു. എന്നാൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയുമായി പ്രവർത്തനമാരംഭിച്ചതോടെ കുടുംബത്തിലെ അംഗങ്ങൾ രണ്ട് പാർട്ടികളിലുമായി. നാട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ഇത് അറിയാവുന്നതാണെന്ന് എ.കെ. ചന്ദ്രൻ പറയുന്നു. ആയില്യത്ത് എന്ന പേരിൽ ചില തറവാട്ടുകാർ പെരളശ്ശേരിക്ക് ചുറ്റുമുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് അവർക്ക് ആയില്യത്ത് കുറ്റ്യേരി തറവാട്ടുകാരുമായി ബന്ധമുണ്ടായിരിക്കാം. എന്നാൽ ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും ഈ സഹോദരിമാരെ അറിവില്ല. ചന്ദ്രൻ പറയുന്നു. കുടുംബത്തിലെ വിവാഹത്തിനോ ചരമം പോലുള്ള ചടങ്ങുകൾക്കോ ഇവരെ ആരും കണ്ടിട്ടില്ല. ഇവർ എ.കെ. ജി.യുടെ ബന്ധുക്കളല്ലെന്നും അദ്ദേഹം പറയുന്നു. ഇവർ കോൺഗ്രസ്സ് അനുഭാവികളായിരുന്നുവെന്നാണ് ദേശവാസികളിൽ നിന്നും മറുനാടന് ലഭിച്ച വിവരം. എന്നാൽ പ്രവർത്തനത്തിലൊന്നുമുണ്ടായിരുന്നില്ല. കോൺഗ്രസ്സ് വിട്ട് ബിജെപി. അനുഭാവികളായത് ഒരു വർഷം മുമ്പാണെന്ന് അറിയുന്നു. എന്നാൽ പുതുതായി ഇവർ ബിജെപി.യിൽ ചേർന്നതല്ലെന്നും വ്യക്തമാണ്. ബിജെപി. ജില്ലാ നേതൃത്വവും ഇവരും തമ്മിൽ ബോധപൂർവ്വം നടത്തിയ നാടകമാണിതെന്ന് വ്യക്തമായിരിക്കയാണ്.- എകെ ചന്ദ്രൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ബിജെപി. കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉത്ഘാടന വേദിയിലെത്തി എ.കെ. ജി.യുടെ ബന്ധുക്കളെന്ന് പറഞ്ഞ് രാധാ നമ്പ്യാരും ഹേമലതാ നമ്പ്യാരും നിർമ്മലാ സീതാരാമനെ കണ്ടിരുന്നു. പ്രതിരോധ മന്ത്രി വേദിയിൽ വെച്ച് ഇവരുടെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു. ചടങ്ങിൽ വെച്ച് ബിജെപി. നേതാക്കൾ എ.കെ. ജി.യുടെ കുടുംബത്തിൽ നിന്ന് എത്തിയ സഹോദരിമാരെന്നും സദസ്സിനെ പരിചയപ്പെടുത്തിയിരുന്നു.

അതോടെ നേതാക്കൾ ബിജെപി.യുടെ ഹാരവും ഇരുവർക്കും അണിയിച്ചു. സദസ്സിൽ പ്രത്യേകം ഇരിപ്പിടവും നൽകി. അവിടെവെച്ച് അവരോട് കാര്യങ്ങൾ ചോദിച്ച 'മറുനാടൻ മലയാളിയോട് ' ഇരുവരും പൊട്ടിത്തെറിക്കുകയായിരുന്നു. ഞങ്ങൾ എ.കെ. ജി.യുടെ ബന്ധുക്കൾ. എന്താണ് ഇവിടെ നടക്കുന്നത്. തുടർന്ന് കോൺഗ്രസ്സ് പ്രസിഡണ്ട് രാഹുൽഗാന്ധിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കണക്കറ്റ് ആക്ഷേപിക്കുകയും ചെയ്തു. പശ്ചിമ എയർകമാന്റ് രഘുനാഥ് നമ്പ്യാരുടെ മാതാവാണ് രാധാ നമ്പ്യാർ. ഇവരുടെ സഹോദരി ഹേമലതാ നമ്പ്യാരുടെ മകളുടെ ഭർത്താവാണ് ശ്രീകുമാർ പ്രഭാകർ. അദ്ദേഹം വായുസേനയിലെ എയർവൈസ് മാർഷലാണ്.

എ കെ ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ-

വ്യാജന്മാർ നിരവധിയുള്ള കാലമാണിത്. അവരുടെയെല്ലാം ലക്ഷ്യം ഒന്നാണ്: ആളുകളെ പറ്റിച്ച് നേട്ടമുണ്ടാക്കുക. അത്തരത്തിലൊരുകൂട്ടരാണ് പ്രമുഖ വ്യക്തികളുടെ ബന്ധുക്കൾ ചമഞ്ഞ് ആളുകളെ പറ്റിക്കുന്നവർ. എന്നാൽ വ്യാജന്മാരും അവരുടെ പറ്റിക്കലിന് ഇരയായവരും(?) ചേർന്ന് ഒരു സമൂഹത്തെയാകെ പറ്റിക്കുന്ന ഈ വീഡിയോയിലേതുപോലുള്ള അനുഭവം വളരെ അപൂർവ്വമാണ്.

ലോകാരാധ്യനായ പാവങ്ങളുടെ പടത്തലവൻ സ. എ കെ ജി യുടെ ബന്ധുക്കളിൽ ചിലർ അദ്ദേഹം പടുത്തുയർത്തിയ പ്രസ്ഥാനത്തെ കൈവിട്ട് ബിജെപിയെ വരിക്കാൻ എത്തിയത് ഒരു മഹാസംഭവമായി സിപിഎം വിരുദ്ധ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുകയാണ്. എ കെ ജി കുടുംബത്തിലെ ഒരംഗം (മാതൃസഹോദരി പൗത്രൻ) എന്ന നിലയിൽ പറയട്ടെ, ഈ കുടുംബത്തിലെ ഒരംഗം ഏതെങ്കിലും ഒരു കമ്മ്യുണിസ്റ്റ് വിരുദ്ധ പാർട്ടിയിൽ പ്രവർത്തിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ, നാട്ടുകാർക്കോ ഒരു പുതിയ കാര്യമല്ല. കോൺഗ്രസുകാരനായിരുന്ന എ കെ ജി കമ്മ്യുണിസ്റ്റായപ്പോൾ അദ്ദേഹത്തെ നികൃഷ്ടജീവിയെ പോലെ കണ്ടവരാണ് കോൺഗ്രസുകാരായി തുടർന്ന അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ചിലർ. അദ്ദേഹം പാർലിമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ 'മാവിലായി മാടാ ഗോപാലാ' എന്ന മുദ്രാവാക്യം വിളിച്ചും വിളിച്ചുകൊടുത്തും അദ്ദേഹത്തെ തോൽപ്പിക്കാൻ പ്രവർത്തിച്ചവരിൽ അവരും മുൻപന്തിയിലുണ്ടായിരുന്നു. അന്നും ഇന്നും ഈ കുടുംബത്തിലെ എല്ലാവരും കമ്മ്യുണിസ്റ്റുകാരല്ല എന്നത് ഒരു ആനക്കാര്യമായി ഞങ്ങൾ കുടുംബാംഗങ്ങളോ, നാട്ടുകാരോ, പാർട്ടിക്കാരോ കണ്ടിട്ടില്ല, കാണുന്നുമില്ല.

ഇത്രയും പറഞ്ഞതിനർത്ഥം ഈ വീഡിയോയിൽ കാണുന്ന എകെജിയുടെ ബന്ധുക്കൾ ചമഞ്ഞെത്തിയവർ ബന്ധുക്കളാണെന്നല്ല. ഉറപ്പിച്ചുതന്നെ പറയട്ടെ, ഇവർക്കാർക്കും ഞങ്ങളുടെ ആയില്യത്ത് കുറ്റ്യേരി തറവാടുമായി യാതൊരു ബന്ധവുമില്ല. സംശയനിവാരണത്തിനായി ഇതോടൊപ്പമുള്ള ചിത്രം ഞങ്ങളുടെ തറവാട്ടിലെ മുതിർന്ന പലർക്കും അയച്ചുകൊടുത്ത് അന്വേഷിച്ചപ്പോഴും അവർക്കാർക്കും ഈ മുഖങ്ങൾ കണ്ട പരിചയമില്ല. പത്രവാർത്തകളിൽ നിന്ന് മനസ്സിലാക്കിയ ഇവർ ജീവിക്കുന്ന പ്രദേശത്ത് അന്വേഷിച്ചപ്പോൾ ഇവരെല്ലാം കാലാകാലമായി കോൺഗ്രസുകാരാണെന്നും ഒരിക്കൽ പോലും ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടില്ലെന്നുമാണ് മനസ്സിലാക്കാനായത്. തങ്ങളുടെ ഉറ്റവർക്ക് ഇതിനകം ലഭിച്ച വ്യോമസേനയിലെ ഉയർന്ന പദവികൾക്കുള്ള പ്രത്യുപകാരവും ഇനിയും ലഭിക്കാനുള്ള കാണിക്കയുമാണ് ഇവരുടെ ഇപ്പോഴത്തെ ബിജെപി സമർപ്പണത്തിന് പിന്നിലെന്നാണ് ഒരു സംസാരം. ഒരു തർക്കത്തിൽ ഇന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഇവരെ സഹായിക്കാതെ എതിർകക്ഷിയെ സഹായിച്ചതിലുള്ള പ്രതിഷേധമാണെന്നാണ് മറ്റൊരു സംസാരം.

ചുരുക്കി പറയട്ടെ, ഈ സ്ത്രീകൾ ബിജെപിയിൽ ചേക്കേറിയിട്ടുണ്ടെങ്കിൽ അതുകൊണ്ടുള്ള നഷ്ടം സപിമ്മിനല്ല, മറ്റ് പലരുടെയും കാര്യത്തിലെന്ന പോലെ കോൺഗ്രസിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP