Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോക്കിടെ ലീഗുകാരുടെ വിളയാട്ടം; ഏറെനേരം കാത്തിരുന്നിട്ടും വഴിനൽകാൻ പ്രകടനക്കാർ തയ്യാറാകാതിരുന്നപ്പോൾ കാറിന്റെ ഹോണടിച്ചു; യുവാവിനെയും കുടുംബത്തെ ക്രൂരമായി മർദിച്ച് ലീഗ് പ്രവർത്തകരുടെ പ്രതികാരം; ഭാര്യക്ക് മുന്നിൽവെച്ച് ഭർത്താവിന്റെ കരണത്തടിച്ചും ഭാര്യ പിടിച്ചുതള്ളിയും ക്രൂരത; യുവതിക്ക് കൈക്കും തോളിനും ക്ഷതം; ഒരുവയസുള്ള കുഞ്ഞിന്റെ കഴുത്തിനും പരുക്ക്; 20 യൂത്ത് ലീഗുകാർക്കെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോക്കിടെ ലീഗുകാരുടെ വിളയാട്ടം; ഏറെനേരം കാത്തിരുന്നിട്ടും വഴിനൽകാൻ പ്രകടനക്കാർ തയ്യാറാകാതിരുന്നപ്പോൾ കാറിന്റെ ഹോണടിച്ചു; യുവാവിനെയും കുടുംബത്തെ ക്രൂരമായി മർദിച്ച് ലീഗ് പ്രവർത്തകരുടെ പ്രതികാരം; ഭാര്യക്ക് മുന്നിൽവെച്ച് ഭർത്താവിന്റെ കരണത്തടിച്ചും ഭാര്യ പിടിച്ചുതള്ളിയും ക്രൂരത; യുവതിക്ക് കൈക്കും തോളിനും ക്ഷതം; ഒരുവയസുള്ള കുഞ്ഞിന്റെ കഴുത്തിനും പരുക്ക്; 20 യൂത്ത് ലീഗുകാർക്കെതിരെ കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലികുട്ടിയുടെ റോഡ് ഷോക്കിടെ കുടുംബത്തിന് ക്രൂര മർദനം.ഏറെനേരം കാത്തിരിന്നിട്ടും വഴിനൽകാൻ പ്രകടനക്കാർ കൂട്ടാക്കാതിരുന്നപ്പോൾ കാറിന്റെ ഹോണടിച്ചുവെന്ന കുറ്റത്തിനാണ് യുവാവിനെയും കുടുംബത്തെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന ഇരുപത് യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു.

യൂത്ത് ലീഗ് പ്രവർത്തകനായ വെട്ടത്തൂർ സ്വദേശി അമീറലി, ഭാര്യ ഫസ്‌ന, മകൻ അൽഹാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. എടവണ്ണപാറ പള്ളിപടിയിൽ വെച്ച് ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് നിന്ന് എടവണ്ണപ്പാറ വഴി വെട്ടത്തൂരിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു കുടുംബം. റോഡ് തടസപ്പെടുത്തിയായിരുന്നു യുഡിഎഫ് പ്രകടനം. ഏറെനേരം കാത്തിരിന്നിട്ടും വഴിനൽകാൻ പ്രകടനക്കാർ കൂട്ടാക്കിയില്ല. ഇതിനിടെ അമീറലി ഹോൺ മുഴക്കി വഴി നൽകാൻ ആവശ്യപ്പെട്ടതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പ്രകടനം കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് യൂത്ത് ലീഗ് പ്രവർത്തകർ മറുപടി നൽകി. ഇതിനിടെ കൂടുതൽ പ്രവർത്തകർ സ്ഥലത്ത് എത്തി അമീറലിയെ കാറിൽ നിന്ന് വലിച്ചിറക്കി കരണത്ത് അടിക്കുകയായിരുന്നുവെന്നാണ് പരാതി.

റോഡിൽ വീണ അമീറലിയെ യൂത്ത് ലീഗ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായും തടയാൻ എത്തിയ ഭാര്യ ഫസ്‌നയെ പിടിച്ചുതള്ളിയതായും പരാതിയിൽ പറയുന്നു. ഒരുവയസുള്ള കുഞ്ഞിന്റെ കഴുത്തിനും പരിക്കേറ്റു. അമീറലിയുടെ കഴുത്തിനും നെഞ്ചിനും പരിക്കുണ്ട്. ഫസ്‌നയുടെ കയ്യിനും തോളിനും സാരമായി ക്ഷതമേറ്റു. ഇവരെ നാട്ടുകാർ ചേർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന ഉടൻ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റിനോട് പരാതി ബോധിപ്പിച്ചുവെങ്കിലും മുഖവിലയ്ക്കെടുത്തില്ലെന്നും അമീറലി പറയുന്നു.

സംഭവ ദിവസം രാവിലെ ഒമ്പതു മണിയോടെയാണ് കുഞ്ഞാലിക്കുട്ടി മുനിസിപ്പാലിറ്റിയിലെ മാരിയാട് പ്രചരണത്തിനെത്തിയത്. ചടങ്ങ് എംപി.അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹുസൈൻ വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം.ഉമ്മർ എംഎ‍ൽഎ, പി.ഉബൈദുള്ള എംഎ‍ൽഎ, ജോണി നെല്ലൂർ, അഡ്വ.എം.റഹ്മത്തുള്ള, വല്ലാഞ്ചിറ മുഹമ്മദാലി, പറമ്പൻ റഷീദ്, കണ്ണിയൻ അബൂബക്കർ, അൻവർ മുള്ളമ്പാറ, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.എൻ.സി ഫൈസൽ, ടി.പി വിജയകുമാർ, അഡ്വ.പി.അബൂസിദ്ധീഖ്, ടി.എം നാസർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വീമ്പൂരിലായിരുന്നു അടുത്ത സ്വീകരണം. ഇവിടെയും ഗംഭീര സ്വീകരണമൊരുക്കിയിരുന്നു. മുതിർന്നവർ സ്ഥാനാർത്ഥിയുടെ കൈ പിടിച്ച് അനുഗ്രഹിച്ചു.

എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകണമെന്ന അഭ്യർത്ഥനയോടെ എല്ലായിടത്തും അൽപസമയം വോട്ടഭ്യർഥന. മോദിയെ താഴെയിറക്കണം. യു.പി.എ സർക്കാർ അധികാരത്തിലെത്തണം. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നാണ് എതിരാളികൾ പോലും പറയുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാർത്ഥിയെ ഒരു നോക്കു കാണാൻ സ്ത്രീകളുടെ വലിയ സംഘമാണ് കുടുംബ സമേതം സ്വീകരണ കേന്ദ്രങ്ങളിലേക്കെത്തിയത്.

ആലുക്കലും നറുകരയും മിസിരിയും വട്ടപ്പാറയും കാഞ്ഞിരാട്ട്കുന്നും പിന്നിട്ട് തുറക്കലിലെത്തിയപ്പോൾ യു.ഡി.എഫ് യുവജന സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രവർത്തകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പര്യടന ഉദ്ഘാടന സ്ഥലം മുതൽ ഒട്ടേറെ ബൈക്കുകളുടെയും ചെറു വാഹനങ്ങളുടെയും അകമ്പടിയോണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ ആവേശത്തോടെ അനുഗമിച്ചത്.പക്ഷേ ഇതിന്റെയെല്ലാം ശോഭകെടുത്തുന്ന രീതിയിലാണ് അക്രമത്തെ കുറിച്ചുള്ള വാർത്തകൾ വന്നത്. എന്നിട്ടും വാക്കാലെങ്കിലും തെറ്റ് പറ്റിയെന്ന് പറയാൻ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP