Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോറ്റാൽ എംഎൽഎ സ്ഥാനം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പിവി അൻവർ; ഭൂരിപക്ഷം 80,000 കടക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ; പൊന്നാനിയിൽ ഇടത് യോഗങ്ങളിൽ വൻ ജനാവലി എത്തുമ്പോഴും ഐക്യമുന്നണി ആത്മവിശ്വാസത്തിൽ തന്നെ; പണമെറിഞ്ഞ് ആളുകളെ സംഘടിപ്പിക്കുന്നത് വോട്ടാവില്ലെന്ന് യുഡിഎഫ്; എസ്.ഡി.പി.ഐ-പി.ഡി.പി വോട്ടുകളും ഇവിടെ നിർണായമാകും; പൊന്നാനിയിൽ അവസാനലാപ്പിൽ മുന്നിൽ യുഡിഎഫ് തന്നെ

തോറ്റാൽ എംഎൽഎ സ്ഥാനം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പിവി അൻവർ; ഭൂരിപക്ഷം  80,000 കടക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ; പൊന്നാനിയിൽ ഇടത് യോഗങ്ങളിൽ വൻ ജനാവലി എത്തുമ്പോഴും ഐക്യമുന്നണി ആത്മവിശ്വാസത്തിൽ തന്നെ; പണമെറിഞ്ഞ് ആളുകളെ സംഘടിപ്പിക്കുന്നത് വോട്ടാവില്ലെന്ന് യുഡിഎഫ്; എസ്.ഡി.പി.ഐ-പി.ഡി.പി വോട്ടുകളും ഇവിടെ നിർണായമാകും; പൊന്നാനിയിൽ അവസാനലാപ്പിൽ മുന്നിൽ യുഡിഎഫ് തന്നെ

ജംഷാദ് മലപ്പുറം

പൊന്നാനി: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്കടുക്കുമ്പോൾ പൊന്നാനിയിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ലിംലീഗിന്റെ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീർ ഇത്തവണ മണ്ഡലത്തിൽ ഹാട്രിക് വിജയം നേടുമെന്നാണ് അവസാനവട്ട തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവുന്നത്. തോറ്റാൽ എംഎൽഎ സ്ഥാനം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പിവി അൻവർ പറയുന്നുണ്ടെങ്കിലും എൽഡിഎഫിന് വലിയ സാധ്യതയൊന്നും ഇവിടെ കാണുന്നില്ല. മറുനാടൻ മലയാളി അടക്കമുള്ള വിവിധ മാധ്യമങ്ങൾ നടത്തിയ തെരഞ്ഞെുടപ്പ് സർവേകളിലും ഇവിടെ ഇ.ടി. മുഹമ്മദ് ബഷീറിന് തന്നെയാണ് സാധ്യത കൽപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവോടെ രൂപപ്പെട്ട തരംഗം പൊന്നാനിയിൽ യുഡിഎഫിനും ഗുണാമാവുകയാണ്.

പക്ഷേ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിനേക്കാളും ആർഭാടവും ആൾക്കൂട്ടവുമുള്ള പ്രചാരണ പരിപാടികളാണു പി.വി. അൻവർ നടത്തുന്നത്. ഇത് ഇടത് കേന്ദ്രങ്ങളിൽ ആത്മവിശ്വാസം പരത്തിയിട്ടുണ്ട്. എന്നാൽ അൻവർ പണമെറിഞ്ഞാണ് ആളുകളെ സംഘടിപ്പിക്കുന്നതെന്ന ആരോപണം യു.ഡി.എഫ് കേന്ദ്രങ്ങൾ ഉന്നയിക്കുമ്പോൾ തെരഞ്ഞെടുപ്പ് ഫലം അറിയുമ്പോൾ അറിയാം പണമാണോ, അതോ ജനസമ്മതിയാണോ ഈ ആൾക്കൂട്ടമെന്ന് എൽ.ഡി.എഫും തിരിച്ചടിക്കുന്നു.

ഇത്തവണ താൻ പൊന്നാനി പിടിച്ചെടക്കുമെന്നും വിജയിക്കുമെന്ന് തനിക്ക് 100ശതമാനം വിശ്വാസമുണ്ടെന്നും പി.വി. അൻവർ പറയുന്നത്. പൊന്നാനിയിൽ ജയിച്ചില്ലെങ്കിൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നുമാണ് അൻവർ പറയുന്നത്. എന്നാൽ ഇത്തവണ തനിക്ക് 80,000ത്തിന് മുകളിൽ ഭൂരിപക്ഷമുണ്ടാകുമെന്നും കഴിഞ്ഞ തവണത്തേക്കാൾ വലിയ വിജയമുണ്ടാകുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. താൻ ഇതു വെറുതെ പറയുകയല്ലെന്നും പാർട്ടി പ്രവർത്തകർ ബൂത്ത്തലത്തിൽ നടത്തിയ കണക്കെടുപ്പിൽ നിന്നും ലഭിച്ച വിവരപ്രകാരമാണ് ഈവോട്ടിന് താൻ വിജയിക്കുകയെന്ന് പറയുന്നതെന്നും ഇ.ടി പറഞ്ഞു. കഴിഞ്ഞ തവണ 25410 വോട്ടുകൾക്കാണ് ഇ.ടി വിജയിച്ചിരുന്നത്.

ഇരുവർക്കും പുറമെ എൻ.ഡി.എക്കുവേണ്ടി ബിജെപി സംസ്ഥാന സമിതിയംഗം പ്രഫ.വി.ടി.രമയും, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ. കെ.സി. നസീറും, പി.ഡി.പി.സ്ഥാനാർത്ഥി പൂന്തുറ സിറാജും പ്രചാരണ രംഗത്ത് സജീവമാണ്. കഴിഞ്ഞ തവണ എൽ.ഡി.എഫിനെ പിന്തുണച്ച പി.ഡി.പി ഇത്തവണ സ്ഥാനാർത്ഥിയെ നിർത്തിയത് യു.ഡി.എഫിന് ഗണംചെയ്‌തേക്കും. ഇതിന് പുറമെ മണ്ഡലത്തിൽ വേരോട്ടമുള്ള വെൽഫെയർപാർട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതും ബഷീറിന് ഗുണം ചെയ്യും.

കോൺഗ്രസ് നേതാക്കളുമായി അൻവറിന്റെ രഹസ്യധാരണ

എന്നാൽ ഇ.ടിയുടെ സ്ഥാനാർത്ഥിയായതിനാൽ മണ്ഡലത്തിലെ കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. മുന്നണി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പാർട്ടിക്കുപുറത്താകും സ്ഥാനം എന്നു മുന്നറിയിപ്പിനെ തുടർന്ന് ഇക്കൂട്ടർ മൗനം അവലംഭിക്കുകയാണ്.ഇതിൽ ചില നേതാക്കളുമായി അൻവർ രഹസ്യകൂടിക്കാഴ്‌ച്ച നടത്തിയതായും പരാതികളുയർന്നിരുന്നു. ഇതിന് പുറമെ അൻവറുമായി കൂടിക്കാഴ്‌ച്ച നടത്തിയ കോൺഗ്രസ് നേതാവിനെ യൂത്ത്‌ലീഗുകാർ വഴി തടഞ്ഞതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും വിവാദമായിരുന്നു.

അൻവർ കോൺഗ്രസ് കുടുംബാംഗമായതിനാലും ഇത് എൽ.ഡി.എഫിന് ഗുണകരമാകുമെന്ന കണക്ക് കൂട്ടലും പാർട്ടിക്കുണ്ട്, ഇതിന് പുറമെ മണ്ഡലത്തിൽ നിലനിൽക്കുന്ന പ്രാദേശിക ലീഗ്-കോൺഗ്രസ് പോരും, ഇ.ടി കൊണ്ടോട്ടിയിൽ വച്ചു എസ്ഡിപിഐ നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയതും എൽ.ഡി.എഫിന് ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ, ഇതിന് പുറമെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെത്തിയതും അൻവറിന് ഗുണം ചെയ്യും.

എന്നാൽ കഴിഞ്ഞ ദിവസം തൃത്താലയിൽവെച്ചു ഇ.ടി.യുടെ പ്രചാരണ പരിപാടിയിലേക്ക് രാഹുൽഗാന്ധി എത്തിയത് യു.ഡി.എഫിന് ആവേശം പകർന്നിട്ടുണ്ട്, വിഘടിച്ചു നിൽക്കുന്ന പ്രാദേശിക കോൺഗ്രസുകാരെ കൂടെ നിർത്താൽ രാഹുലിന്റെ സന്ദർശനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ അവകാശ വാദം.

എസ്.ഡി.പി.ഐ-പി.ഡി.പി വോട്ടുകൾ നിർണായകം

മത്സര രംഗത്തുള്ള എസ്.ഡി.പി.ഐയും, പി.ഡി.പിയും നേടുന്ന വോട്ടുകളും നിർണായകമാകും. കഴിഞ്ഞ തവണ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഇഖ്‌റാമുൽ ഹഖ് 26,000വോട്ടുകൾ ലഭിച്ചിരുന്നു. അതോടൊപ്പംതന്നെ കഴിഞ്ഞ തവണ ദേശീയപാത ഇരകളുടെ പേരിൽ ജനകീയ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായ മത്സരിച്ച അബുലൈസിന് 11034 വോട്ടുകളും ലഭിച്ചിരുന്നു. വെൽഫെയർപാർട്ടിയുടേയും, ആർ.എംപിയുടേയും പിന്തുണയോടെയാണ് അബൂലൈസ് മത്സരിച്ചിരുന്നത്. ഇത്തവണ ഈവോട്ടുകൾ യു.ഡി.എഫിന് ഗുണം ചെയ്യും. കഴിഞ്ഞ തവണ മത്സര രംഗത്തുണ്ടായിരുന്ന ആംആദ്മിസ്ഥാനാർത്ഥി 9500, ബി.എസ്‌പി സ്ഥാനാർത്ഥി 2000വോട്ടുകളും നേടിയിരുന്നു. ഇരുകൂട്ടർക്കും ഇത്തവണ സ്ഥനാർഥിയില്ലാത്തതിനാൽ ഈവോട്ടുകളും നിർണായകമാകും. ഇതിനു പുറമെ കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണ അൻവറിന് നൽകാനും ധാരണയുണ്ട്, നേരത്തെ നിലമ്പൂരിൽ അട്ടിമറി വിജയം നേടിയമ്പോഴും കാന്തപുരം വിഭാഗം വോട്ടുകളാണ് അൻവറിന് ഗുണംചെയ്തത്. നേരത്തെ പൊന്നാനിയിലെ എസ്ഡിപിഐ സ്ഥനാർഥിയെ പിൻ വലിപ്പിക്കാനായി ലീഗ് ചർച്ച നടത്തിയെന്നത് വൻ വിവാദങ്ങൾക്ക് തിരകൊളുത്തിതയിരുന്നു.

എൽ.ഡി.എഫ് നില മെച്ചപ്പെട്ടുവരുന്നു

കഴിഞ്ഞ വർഷങ്ങളിലായി മണ്ഡലത്തിൽ നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തിവരുന്നതാണ് മുസ്്‌ലിംലീഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പൊതുസ്വതന്ത്രനെ നിർത്തി വിജയപ്പിച്ചെടുക്കുന്ന ഇടതുപക്ഷ തന്ത്രം ഇത്തവണ യുഡിഎഫിനു വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതു മുന്നിൽ കണ്ടു വിശ്രമമില്ലാത്ത പ്രവർത്തനമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി.മുഹമ്മദ് ബഷീർ നടത്തുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിരുന്നു. കുറെ വർഷങ്ങളായി ശക്തമായ മൽസരം നടക്കാത്ത പൊന്നാനിയിൽ കഴിഞ്ഞ തവണ ഇടതുസ്വതന്ത്രൻ വി.അബ്്ദുറഹ്മ്ാനെ രംഗത്തിറക്കി ഇടതുപക്ഷം പടനയിച്ചപ്പോൾ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്കു ചുരുങ്ങി. മാത്രമല്ല, മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഇടതുമുന്നണിക്ക് ലീഡ് നേടാനുമായി. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ ഗുണഫലം അനുഭവിച്ചതും ഇടതുപക്ഷമാണ്. ഇത്തവണയും അതേരീതിയിൽ പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാൻ തന്നെയാണ് പൊന്നാനിയിൽ ഇടതുമുന്നണി തന്ത്രങ്ങൾ മെനയുന്നത്.

കഴിഞ്ഞ തവണ ഇ.ടി നേടിയ ഭൂരിപക്ഷം 25410

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീർ ഇടതുസ്വതന്ത്രൻ വി.അബ്്ദുറഹ്മാനെ തോൽപ്പിച്ചത് 25410 വോട്ടുകൾക്കാണ്. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 43.4 ശതമാനം വോട്ടുകൾ ബഷീറിനു ലഭിച്ചപ്പോൾ വി.അബ്്ദുറഹ്്മാനു 40.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നാരായണൻ മാസ്റ്റർക്ക് ആകട്ടെ 8.6 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചത്. മണ്ഡലത്തിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകളിൽ തന്നെയാണ് ഇത്തവണയും ഇ.ടി. മുഹമ്മദ്ബഷീറിന്റെ പ്രതീക്ഷ. തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ യുഡിഎഫിനു ലീഡുള്ളത്. തിരൂരങ്ങാടിയിൽ നിന്നു മാത്രം 23367 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു.

താനൂരിൽ 6220, തിരൂരിൽ 7245, കോട്ടയ്ക്കലിൽ 11881 എന്നിങ്ങനെയായിരുന്നു യുഡിഎഫിന്റെ ഭൂരിപക്ഷം. ഇത്തവണ ഈ ഭൂരിപക്ഷത്തിൽ വർധനവുണ്ടാക്കുകയും മറ്റു മൂന്നു മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ കുറക്കുകയും ചെയ്യാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം ഈ പ്രാവശ്യം ഇടതുമുന്നണി പൊന്നാനിയിൽ വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ നേടിയ ലീഡിനു പുറമെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ നടത്തിയ അട്ടിമറി വിജയവും തിരൂരങ്ങാടിയിലെ വൻവോട്ടു ശേഖരണവും ഇക്കുറി പൊന്നാനിയിൽ ചരിത്രം മാറ്റിയെഴുതുമെന്നാണ് ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളാണ് കഴിഞ്ഞ തവണ ഇടതുപക്ഷത്തിനൊപ്പം നിന്നത്. തവനൂരിൽ 9170 വോട്ടുകളും പൊന്നാനിയിൽ 7658 വോട്ടുകളും തൃത്താലയിൽ 6433 വോട്ടുകളുമായിരുന്നു ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല ഒഴികെയുള്ള രണ്ടുമണ്ഡലങ്ങളിലും വിജയം നേടാൻ ഇടതുപക്ഷത്തിനു സാധിച്ചു. ഇതോടൊപ്പം താനൂർ മണ്ഡലത്തിൽ യുഡിഎഫിന്റെ കുത്തക അവസാനിപ്പിച്ച് വിജയിക്കാനും തിരൂരങ്ങാടിയിൽ യുഡിഎഫിന്റെ വോട്ടുകൾ വൻതോതിൽ ചോർത്താനും എൽഡിഎഫിനു കഴിഞ്ഞു.

നിയമസഭാ മണ്ഡലങ്ങളിലെ ഈ അനുകൂല ഘടകം മുതലെടുത്ത് പാർലമെന്റിൽ ഇത്തവണ വിജയം നേടുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ പി.വി.അൻവറിനെ ഇടതുമുന്നണി പൊന്നാനിയിൽ എത്തിച്ചത് ഇത്തരം സങ്കീർണ പ്രശ്‌നങ്ങളെ അനുകൂലമാക്കിയെടുക്കാൻ അൻവറിനു കഴിയുമെന്ന കണക്കുകൂട്ടലിലാണ്. മുൻ കോൺഗ്രസുകാരനെന്ന നിലയിൽ തനിക്കു ഇവിടെയും കോൺഗ്രസ് വോട്ടുകൾ ലഭിക്കുമെന്നും അൻവർ പ്രതീക്ഷിക്കുന്നു.ഇതിനിടെ തിരൂർ, തിരൂരങ്ങാടി മേഖലകളിൽ കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യമായും പരസ്യമായും മുസ്ലിംലീഗിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ ഇടതുമുന്നണി ശ്രമിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് തിരൂരിൽ നടന്ന യൂത്ത് കോൺഗ്രസ് കൺവൻഷനിൽ ഇ.ടി.മുഹമ്മദ് ബഷീർ വീണ്ടും പൊന്നാനിയിൽ മൽസരിക്കുന്നതിനെതിരെ ഉയർന്ന എതിർപ്പ് കെട്ടടങ്ങിയെങ്കിലും പുതിയ രൂപത്തിൽ കോൺഗ്രസിനുള്ളിൽ നിന്നു തന്നെ വീണ്ടും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം അനുകൂലഘടകമായി ഇടതുപക്ഷം കാണുന്നു. കൊണ്ടോട്ടിയിൽ എസ്ഡിപിഐ നേതാക്കളുമായി ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള നേതാക്കൾ ചർച്ച നടത്തിയതും വിവാദമായിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരേയാണ് യുഡിഎഫും എൽഡിഎഫും പര്യടനത്തിൽ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.

വോട്ടുകൾ കൂടുതൽ നേടാൻ ബിജെപി

ഇതിനിടെ ഇത്തവണ വോട്ടുകൾ കൂടുതൽ നേടാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 75212 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥി നേടിയത്. തൃത്താല മണ്ഡലത്തിൽ നിന്നാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. 15640 വോട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ മൽസരിച്ച് 14510 വോട്ടുകൾ നേടിയ പിടിച്ച പ്രഫ.വി.ടി. രമയെയാണ് ഇത്തവണ ബിജെപി പൊന്നാനിയിൽ മൽസരിപ്പിക്കുന്നത്.

മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്, പട്ടാന്പി സംസ്‌കൃത കോളജ് വൈസ് പ്രിൻസിപ്പൽ എന്നി നിലകളിലും സുപരിചിതയാണ് രമ. തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണ് ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP