Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡിഎക്ക് സ്വന്തം സ്ഥാനാർത്ഥിയുണ്ടായിട്ടും കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ടുചോദിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല; മന്ത്രിയുടെ കുസൃതി കണ്ട് കണ്ണുതള്ളി ബിജെപി നേതാക്കൾ; അത്തേവാല വാർത്താസമ്മേളനത്തിൽ വോട്ടുതേടിയത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വന്തന്ത്ര സ്ഥാനാർത്ഥി നുസ്രത്ത് ജഹാന് വേണ്ടി; ജയിച്ചാൽ നുസ്രത്ത് മോദിയെ പിന്തുണയ്ക്കുമെന്ന മന്ത്രിയുടെ അവകാശവാദം കേട്ടപ്പോൾ ആകെ പതറി സ്ഥാനാർത്ഥി

എൻഡിഎക്ക് സ്വന്തം സ്ഥാനാർത്ഥിയുണ്ടായിട്ടും കോഴിക്കോട്ടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വോട്ടുചോദിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല; മന്ത്രിയുടെ കുസൃതി കണ്ട് കണ്ണുതള്ളി ബിജെപി നേതാക്കൾ; അത്തേവാല വാർത്താസമ്മേളനത്തിൽ വോട്ടുതേടിയത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വന്തന്ത്ര സ്ഥാനാർത്ഥി നുസ്രത്ത് ജഹാന് വേണ്ടി; ജയിച്ചാൽ നുസ്രത്ത് മോദിയെ പിന്തുണയ്ക്കുമെന്ന മന്ത്രിയുടെ അവകാശവാദം കേട്ടപ്പോൾ ആകെ പതറി സ്ഥാനാർത്ഥി

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നുസ്രത്ത് ജഹാന് വോട്ടഭ്യർത്ഥിക്കാൻ കോഴിക്കോട്ടെത്തിയത് കേന്ദ്ര പിന്നാക്ക -സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ അധ്യക്ഷനുമായ രാംദാസ് ബന്ദു അത്തേവാല. ബിജെപി സർക്കാറിലെ മന്ത്രിയായ അത്തേവാല സ്വതന്ത്ര സ്ഥാനാർത്ഥിക്കായി കേരളത്തിലെത്തിയത് ബിജെപി നേതാക്കളെ പോലും അമ്പരപ്പിച്ചു. എൻഡിഎക്ക് കോഴിക്കോട്ട് സ്ഥാനാർത്ഥിയുണ്ടെന്നിരിക്കെയാണ് സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്.

പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അത്തേവാല പറഞ്ഞതെല്ലാം മോദി സർക്കാർ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളെക്കുറിച്ചായിരുന്നു. അഞ്ചു വർഷത്തിനിടെ നിരവധി കാര്യങ്ങളാണ് മോദി നടപ്പിലാക്കിയത്. കോടിക്കണക്കിന് ഗ്യാസ് കണക്ഷനുകൾ നൽകി. മുദ്രാ യോജന പ്രകാരം കോടിക്കണക്കിന് ആളുകൾക്ക് ഗ്യാരണ്ടിയൊന്നുമില്ലാതെ ലോൺ നൽകി. വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി അദ്ദേഹം ഇന്ത്യയെ മാറ്റിത്തീർത്തെന്നും അത്തേവാല കൂട്ടിച്ചേർത്തു.

എന്നാൽ, നുസ്രത്ത് ജയിച്ചാൽ മോദിയെ പിന്തുണയ്ക്കുമെന്ന അത്തേവാലയുടെ പരാമർശത്തിന് മുന്നിൽ അവർ ഒന്ന് പതറി. എന്താണ് ഇക്കാര്യത്തിലുള്ള നുസ്രത്തിന്റെ പ്രതികരണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം നൽകാതെ അവർ ഒഴിഞ്ഞു മാറി. രാഷ്ട്രീയത്തിനുപരി മാനുഷിക പരിഗണന കാണിക്കുന്നവരുമായി സഹകരിക്കുകയാണ് തന്റെ രീതിയെന്ന് അവർ പറഞ്ഞു. തന്റെ കഴിവുകൾ തിരിച്ചറിഞ്ഞും പ്രളയകാലത്ത് ഉൾപ്പെടെ നടത്തിയ പ്രവർത്തനങ്ങൾ കണ്ടുമായിരിക്കും റിപ്പബ്ലിക്കൻ പാർട്ടി തനിക്ക് പിന്തുണ നൽകിയിട്ടുണ്ടാവുകയെന്നും അവർ വ്യക്തമാക്കി. ജെ ഡി യുവിന്റെ പിന്തുണയും തനിക്കാണെന്നും അവർ പറഞ്ഞു.

തന്റെ സ്ഥാനാർത്ഥിത്വം യു ഡി എഫിനെ ഭയപ്പെടുത്തുന്നുവെന്നും നുസ്രത്ത് വ്യക്തമാക്കി. മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാർത്ഥിയാണ് താൻ. യു ഡി എഫിന്റെ ദേശീയ നേതാക്കൾ വരെ വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. പിന്മാറിയാൽ നിയമസഭാ സീറ്റ് ഉൾപ്പെടെ നൽകുമെന്നായിരുന്നു വാഗ്ദാനം. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും തന്നെ വിളിച്ച് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭർത്താവ് ലീഗിലായതുകൊണ്ട് ലീഗുകാർക്കും എതിർപ്പുണ്ട്. എന്നാൽ നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് അവരാരും വിളിച്ച് പിന്മാറാൻ ആവശ്യപ്പെട്ടിട്ടില്ല. വർഷങ്ങളായി അത്തേവാലുമായി തനിക്ക് പരിചയമുണ്ട്. കിങ് ഫിഷർ എയർലൈൻസിന്റെ സൗത്ത് ഇന്ത്യ കൊമേഴ്സ്യൽ ഹെഡായിരുന്നു താൻ. അതുകൊണ്ട് തന്നെ പല മന്ത്രിമാരെയും ദേശീയ നേതാക്കളെയും തനിക്ക് അടുത്ത് പരിചയമുണ്ടെന്നും അവർ വ്യക്തമാക്കി.

കേരളത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ബിജെപിയുടെ സഖ്യകക്ഷിയല്ലെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ബിജെപി നൽകിയില്ല. അതുകൊണ്ട് തന്നെ നാല് സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും പത്രിക പല കാരണങ്ങളാൽ തള്ളിപ്പോയി. ഇതോടെയാണ് തങ്ങളോട് സഹകരിക്കുന്ന നുസ്രത്തിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരണം എൻഡിഎയെ ജയിപ്പിക്കണം എന്ന് പറഞ്ഞാണ് അത്തേവാല യാത്രയായത്. ഹോട്ടൽ റവീസിൽ നടന്ന പാർട്ടി കൺവെൻഷനിലും കേന്ദ്ര മന്ത്രി പങ്കെടുത്തു. കോഴിക്കോട് റഹ്മാനിയ സ്‌കൂളിനടുത്ത് നിന്ന് ആരംഭിച്ച സ്ഥാനാർത്ഥിയുടെ മെഗാ റാലിയിലും റോഡ് ഷോയിലും ഇദ്ദേഹം സംബന്ധിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലെ സെക്രട്ടറിയുടെ ഭാര്യയാണ് നുസ്രത്ത്. ലീഗ് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം ജന.സെക്രട്ടറി കൂടിയാണ് ഭർത്താവ് ഹംസ. മലബാർ ഡെവലപ്പ്മെന്റ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളുടെ ഭാരവാഹിയാണ് നുസ്രത്ത്. ഇത്തരം ഘടകങ്ങൾ കൊണ്ട് തന്നെ യു ഡി എഫിന്റെ കുറേ വോട്ടുകൾ ഇവർക്ക് ലഭിക്കാൻ സാധ്യത ഏറെയാണ്. ഇത് യുഡിഎഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനൊപ്പമാണ് ഇവർ ബിജെപിയുടെ ഘടകകക്ഷിയുടെ ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അത്തേവാലയെ വരെ കോഴിക്കോട്ടെത്തിച്ച് പ്രചരണം കൊഴുപ്പിക്കുന്നത്.

എം ടി വാസുദേവൻ നായരിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് പ്രചരണത്തിന് ഇവർ തുടക്കം കുറിച്ചത്. വാർത്തകൾ കൃത്യമായി മാധ്യമങ്ങൾക്ക് എത്തിച്ചുനൽകാനുള്ള സംവിധാനമെല്ലാം ഇവർ ഒരുക്കിയിട്ടുണ്ട്. പത്രക്കാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ താനുണ്ടാവുമെന്ന് പറഞ്ഞാണ് നുസ്രത്ത് രംഗത്തുള്ളത്. പാവപ്പെട്ട പത്രക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. എല്ലാവരുടെയും പരാതികൾ കേട്ടുകൊണ്ടാണ് അവർ ജോലി ചെയ്യുന്നത്. അവർക്ക് വേണ്ടത് ചെയ്തുകൊടുക്കാൻ നമ്മൾ തയ്യാറാവണം. തമിഴ്‌നാട്ടിൽ നാലു സെന്റ് സ്ഥലവും വീടുമെല്ലാം പത്രക്കാർക്ക് കൊടുക്കുന്നുണ്ട്. അത്രയൊന്നുമില്ലെങ്കിലും പല കാര്യങ്ങളും പത്രക്കാർക്ക് വേണ്ടി ചെയ്യുമെന്നാണ് ഇവരുടെ വാഗ്ദാനം. 'കഥയുള്ളൊരു പെണ്ണ്' എന്ന സിനിമ നിർമ്മിച്ച് അതിൽ നായികയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് നുസ്രത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP