Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്‌സഭയ്‌ക്കൊപ്പം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ തൂത്തുവാരിയാൽ തമിഴ്‌നാട്ടിൽ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വരും; എങ്കിൽ തന്റെ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്; ഞെട്ടിക്കുന്ന രംഗപ്രവേശത്തിന് രജനീകാന്ത് കാത്തിരിക്കുന്നത് അണ്ണാ ഡിഎംകെയുടെ തോൽവി; നാടകീയമായ വഴിത്തിരിവിനൊരുങ്ങി വീണ്ടും തമിഴ്‌നാട് രാഷ്ട്രീയം

ലോക്‌സഭയ്‌ക്കൊപ്പം നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ തൂത്തുവാരിയാൽ തമിഴ്‌നാട്ടിൽ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വരും; എങ്കിൽ തന്റെ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്; ഞെട്ടിക്കുന്ന രംഗപ്രവേശത്തിന് രജനീകാന്ത് കാത്തിരിക്കുന്നത് അണ്ണാ ഡിഎംകെയുടെ തോൽവി; നാടകീയമായ വഴിത്തിരിവിനൊരുങ്ങി വീണ്ടും തമിഴ്‌നാട് രാഷ്ട്രീയം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജയലളിതയുടെ മരണത്തോടെയാണ് തമിഴ്‌നാട്ടില് രാഷ്ട്രീയം കീഴ് മേൽ മറിയുന്നത്. നേതാവില്ലാത്ത പാർട്ടിയായി അണ്ണാ ഡിഎംകെ മാറി. രജനികാന്തിലായിരുന്നു പ്രതീക്ഷകളെല്ലാം. ഇതിനിടെയിൽ കമൽഹാസനും രാഷ്ട്രീയത്തിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽ മത്സരിച്ചില്ല. പൊതു വിലയിരുത്തൽ അനുസരിച്ച് ലോക്‌സഭയിൽ ഡിഎംകെ തൂത്തുവാരും. കോൺഗ്രസു കൂടി ഉൾപ്പെടുന്ന ഡിഎംകെ സഖ്യത്തിന് വോട്ടെടുപ്പിൽ മേധാവിത്വം നേടാനായെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് സൂപ്പർ സ്റ്റാറിന്റെ പുതിയ പ്രഖ്യാപനം. ലോക്‌സഭയ്ക്ക് ഒപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് ശ്രദ്ധിക്കുകയാണ് രജനി. ഈ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെ മുന്നേറിയാൽ നിയമസഭയിൽ മുഖ്യമന്ത്രി പളനി സ്വാമിയുടെ നില പരുങ്ങലിലാകും. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പും വരും. അങ്ങനെ സംഭവിച്ചാൽ താനും തന്റെ പാർട്ടിയും മത്സരിക്കുമെന്നാണ് രജനിയുടെ പ്രഖ്യാപനം.

തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിൽ സിനിമാ താരങ്ങളായിരുന്നു എന്നും താരം. എംജിആറും ജയലളിതയും കരുണാനിധിയും സിനിമയിലെ താരപ്രഭയുമായെത്തിയവരാണ്. അതുകൊണ്ട് തന്നെ ഇവർ മൂന്ന് പേരും കളമൊഴിഞ്ഞ തമിഴ്‌നാട്ടിൽ രജനികാന്തിന് എന്ത് ചെയ്യാനാകുമെന്ന ചോദ്യമാണ് സജീവമാകുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്നുറപ്പിച്ച് പറുകയാണ് ഇപ്പോള്ഡ സൂപ്പർ താരം രജനികാന്ത്. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും താൻ തയാറാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. മെയ്‌ 23നു വോട്ടെണ്ണലിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം.

തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെക്കു തിരിച്ചടിയേറ്റാൽ മന്ത്രിസഭ വീഴും. അങ്ങനെയെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് താൻ തയാറാണെന്ന് രജനികാന്ത് വ്യക്തമാക്കിയത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരുമോയെന്ന ചോദ്യത്തിന് 'മെയ്‌ 23ന് അറിയാം' എന്നായിരുന്നു മറുപടി. അറുപത്തിയെട്ടുകാരനായ രജനികാന്ത് 2017ലാണ് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്കു മത്സരിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും 2021ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണു തന്റെ ലക്ഷ്യമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 234 മണ്ഡലങ്ങളിലും മൽസരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനു പിന്നാലെ രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ കമ്മിറ്റികൾ സ്ഥാപിക്കുന്ന പ്രവർത്തനവും സജീവമായി. പല തവണ രജനി പാർട്ടി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇതുവരെ നടന്നിട്ടില്ല.

18 അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് അയോഗ്യത വന്നത്. ഇവരുടെ ഉൾപ്പെടെ ആകെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ്. ദിനകരൻ പക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതിനാണ് 18 അണ്ണാഡിഎംകെ എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയിൽ വിശ്വാസമില്ലെന്നു കാണിച്ചു ഗവർണറെ കണ്ടതിനാണ് കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎമാരെ അയോഗ്യരാക്കിയത്. ഏപ്രിൽ 18നു രണ്ടാംഘട്ട ലോക്‌സഭാ വോട്ടെടുപ്പിനൊപ്പം 18 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പു നടന്നു. ശേഷിക്കുന്ന നാലു മണ്ഡലങ്ങളിലേക്ക് മെയ്‌ 19നാണ് വോട്ടെടുപ്പ്. ഇതിൽ തിരുവാരൂർ, സൂലൂർ, തിരുപ്പറംകുണ്ട്രം എന്നിവിടങ്ങളിൽ സിറ്റിങ് എംഎൽഎമാരുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 1998ൽ ഡിഎംകെ സർക്കാരിനെതിരെ നടന്ന സമരത്തിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി കൂടിയായ കെ. ബാലകൃഷ്ണ റെഡ്ഡി 3 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതോടെയാണു ഹൊസൂർ മണ്ഡലത്തിൽ ഒഴിവു വന്നത്.

ഉപതിരഞ്ഞെടുപ്പു നടക്കുന്ന 21 മണ്ഡലങ്ങളും അണ്ണാ ഡിഎംകെ സിറ്റിങ് സീറ്റുകളാണ്. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മരണത്തെത്തുടർന്നു ഒഴിവു വന്ന തിരുവാരൂരാണു ഡിഎംകെയുടെ ഏക സിറ്റിങ് സീറ്റ്. 235 അംഗ നിയമസഭയിൽ നിലവിൽ 213 പേരാണുള്ളത്. അണ്ണാ ഡിഎംകെക്ക് 113 പേരുടെ പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 107 അംഗങ്ങളും. ഇപ്പോൾ പാർട്ടിയുടെ നില സുരക്ഷിതമാണ്. എന്നാൽ 22 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുഫലം വരുന്നതോടെ കേവലഭൂരിപക്ഷത്തിനു വേണ്ടത് 117 ആകും. ഇത് സർക്കാരിന് വെല്ലുവിളിയാകും. എല്ലായിടത്തും ജയിച്ചാൽ കുഴപ്പമില്ല. ഇല്ലാത്ത പക്ഷം പളനി സ്വാമി സർക്കാർ വീഴും. ഡിഎംകെ സഖ്യത്തിന് നിലവിൽ 97 സീറ്റുകളാണുള്ളത്. 20 സീറ്റുകൾ നേടാനായാൽ ഡിഎംകെ സഖ്യത്തിനു കേവല ഭൂരിപക്ഷം ലഭിക്കും, സർക്കാർ വീഴും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിലും നടനും സംവിധായകനുമായ കമൽ ഹാസന്റെ മക്കൾ നീതി മയ്യം മത്സരത്തിനുണ്ട്. കമലിന്റെ പാർട്ടിക്ക് വലിയ സ്വാധീനം ഉണ്ടാക്കാനാകുന്നില്ലെന്നാണ് സൂചന. ഇതോടെയാണ് എല്ലാ ശ്രദ്ധയും രജനികാന്തിലേക്ക് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP