Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നിട്ടും അവസാന ലാപ്പിൽ മുമ്പിൽ കയറി പി ജയരാജൻ; സംഘപരിവാർ ഭീകരതയ്‌ക്കെതിരെ പോരാടാൻ ആർഎസ് പിന്തുണയോടെ വിജയിക്കുന്ന മുരളീധരന് സാധ്യമല്ലെന്ന സിപിഎം പ്രചരണം ശരിയല്ലേ എന്ന് ചോദിച്ച് വടകരയിലെ മുസ്ലിം സമൂഹം; സംഘപരിവാർ അക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെ കൈവിടാൻ മനസ്സില്ലെന്ന് കരുതുന്നവരുടെ എണ്ണം പെരുകുന്നു; സിപിഎമ്മിന്റെ കോ-ലീ-ബി പ്രചരണത്തിൽ മുരളീധരന് അടിപതറുമോ?

കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിന്നിട്ടും അവസാന ലാപ്പിൽ മുമ്പിൽ കയറി പി ജയരാജൻ; സംഘപരിവാർ ഭീകരതയ്‌ക്കെതിരെ പോരാടാൻ ആർഎസ് പിന്തുണയോടെ വിജയിക്കുന്ന മുരളീധരന് സാധ്യമല്ലെന്ന സിപിഎം പ്രചരണം ശരിയല്ലേ എന്ന് ചോദിച്ച് വടകരയിലെ മുസ്ലിം സമൂഹം; സംഘപരിവാർ അക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയെ കൈവിടാൻ മനസ്സില്ലെന്ന് കരുതുന്നവരുടെ എണ്ണം പെരുകുന്നു; സിപിഎമ്മിന്റെ കോ-ലീ-ബി പ്രചരണത്തിൽ മുരളീധരന് അടിപതറുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിൽ തീപാറും പോരാട്ടമാണ്. ന്യൂനപക്ഷ മനസ്സ് അനുകൂലമാക്കുന്നവർ ജയിച്ചു കയറുമെന്നാണ് വിലയിരുത്തൽ. കൊലപാതക രാഷ്ട്രീയമാണ് വടകരയിൽ കോൺഗ്രസ് ചർച്ചയാക്കുന്നത്. ആർഎസ്എസ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജനെ സിപിഎമ്മും അവതരിപ്പിക്കുന്നു. ഇതോടെ ആക്രമ രാഷ്ട്രീയം തന്നെയാണ് ചർച്ചാ വഷയം. സർവ്വേകളിൽ എല്ലാം കെ മുരളീധരന് അനുകലമായ സാഹചര്യമാണ് അവസാന ഘട്ടത്തിൽ പ്രവചിക്കുന്നത്. എന്നാൽ അടിയൊഴുക്കുകളിൽ മോദിയും ബിജെപിയും കടന്നുവരികയാണ്. സംഘപരിവാർ രാഷ്ട്രീയത്തെ ശക്തിയുക്തം എതിർക്കുന്ന ജയരാജനെ പിന്തുണയ്ക്കാൻ വടകരയിലെ ന്യൂനപക്ഷ മനസ്സ് തയ്യാറെടുക്കുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇത് യാഥാർത്ഥ്യമായാൽ വടകരയിലെ വിജയി ജയരാജനാകുമെന്നാണ് വിലയിരുത്തൽ.

മുസ്ലിം പോക്കറ്റുകൾ ഏറയെുള്ള മണ്ഡലമാണ് വടകര. ഇതിനൊപ്പം സിപിഎം പാർട്ടി ഗ്രാമങ്ങളും. കണ്ണൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ ജയരാജന് മൃഗീയ ഭൂരിപക്ഷം കിട്ടും. ഇതിനൊപ്പം കോഴിക്കോട്ടെ മുസ്ലിം മനസ്സും അനുകൂലമായാൽ ജയരാജൻ ജയിക്കും. ഇതിനുള്ള സാധ്യത ഏറെയാണെന്നാണ് വലിയിരുത്തൽ. മുസ്ലിം മേഖലകളിൽ മുരളീധരന് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മോദിയെ കടന്നാക്രമിക്കുന്ന ജയരാജന് വലിയ സ്വീകാര്യതയും. കൂത്തുപറമ്പ്, നാദാപുരം, തലശ്ശേരി, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി എന്നി ഏഴ് നിയമസഭ മണ്ഡലങ്ങൾ ചേരുന്നതാണ് വടകര പാർലമെന്റ് മണ്ഡലം. ഇതിൽ കൂത്തുപറമ്പ്, നാദാപുരം, തലശ്ശേരി എന്നിവ സിപിഎം കോട്ടകളാണ് ഇന്ന്. വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി മേഖലകളിൽ മുസ്ലിം വോട്ടർമാരാണ് നിർണ്ണായകം.

സംസ്ഥാന സമിതി അംഗം പി. ജയരാജനെ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചാണ് സിപിഎം പോർക്കളത്തിൽ എത്തിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിങ് സീറ്റാണ്. നാട്ടിൽ നിന്നും കേന്ദ്രത്തിൽ നിന്നും ഏറെ സമ്മർദ്ദങ്ങളുണ്ടായിട്ടും അദ്ദേഹം മത്സരരംഗത്തേയ്ക്കില്ലെന്ന ഉറച്ച നിലപാടെടുത്തതിനെ തുടർന്ന് ഏറെ ചർച്ചകൾക്കൊടുവിലാണ് വട്ടിയൂർക്കാവ് എംഎൽഎ കൂടിയായ കെ. മുരളീധരനിലേക്ക് എത്തിയത്. ബിജെപിയാവട്ടെ നാട്ടുകാരനും മണ്ഡലത്തിൽ ഏറെ വേരുകളുള്ള വ്യക്തിയുമായ വി.കെ. സജീവനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താനാകില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കോൺഗ്രസും സിപിഎമ്മും നേർക്ക് നേർ പോരാട്ടമാണ് നടക്കുന്നത്. പരിവാറുകാരുടെ വോട്ട് മുരളീധരന് കിട്ടുമെന്നും കോൺഗ്രസ്-മുസ്ലിം ലീഗ്- ബിജെപി സഖ്യമാണ് വടകരയിലുള്ളതെന്നും സിപിഎം ആരോപിച്ചിരുന്നു. ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ആർ എസ് എസിനെ എല്ലാ അർത്ഥത്തിലും എതിർക്കുന്ന മുസ്ലിം സമുദായത്തെ ജയരാജന് അനുകൂലമാക്കാൻ കഴിഞ്ഞെന്നാണ് സിപിഎം വിലയിരുത്തൽ.

കേന്ദ്രമന്ത്രിമാരായി കെ.പി. ഉണ്ണിക്കൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രനും വടകരയിൽ വന്നപ്പോഴുള്ളതിനെക്കാൾ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിയായി കടത്തനാടൻ മണ്ണിൽ കാലുകുത്തവേ കെ. മുരളീധരന് റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്. ആർ.എംപി. നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രചാരണവും തുടങ്ങി. എന്നാൽ കെട്ടുറപ്പുള്ള പാർട്ടി സംവിധാനത്തിന്റെ അഭാവം യുഡിഎഫിന് വിനയാണ്. അതുകൊണ്ട് തന്നെ കോ-ലീ-ബി സഖ്യത്തെ ഉയർത്തിയുള്ള സിപിഎമ്മിന്റെ പ്രചരണത്തിന് പ്രതിരോധം തീർക്കാൻ മുരളീധരന് കഴിഞ്ഞില്ല. മുസ്ലിം ലീഗ് നേതാക്കൾ ആവേശത്തോടെ മുരളിയെ ഉയർത്തികാട്ടുമ്പോൾ അണികളിൽ ഈ ആവേശമില്ല. മലബാറിൽ ലീഗ് വളരെ കുറച്ച് ഇടപെടൽ നടത്തുന്ന മണ്ഡലമാണ് വടകരയെന്നാണ് വിലയിരുത്തൽ. ഇത് മുരളീധരനോടുള്ള താൽപ്പര്യകുറവാണെന്നും വിലയിരുത്തുന്നു. നേരത്തെ ലീഗ് കോട്ടയായ കൊടുവള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ പാരമ്പര്യവും മുരൡക്കുണ്ട്. ഹിന്ദു നേതാവായാണ് സാധാരണ മുസ്ലീങ്ങൾ മുരളിയെ കാണുന്നത്. ഈ വികാരം ആളികത്തിക്കാനാണ് ജയരാജനും ശ്രമിക്കുന്നത്.

സിപിഎമ്മിൽ വലതുപക്ഷ വ്യതിയാനം ആരോപിച്ച് ടി.പി. ചന്ദ്രശേഖരൻ ആർ.എംപി. രൂപവത്കരിച്ചശേഷം 2009-ലും 2014-ലും അവർ വടകരയിൽ മത്സരിച്ചിരുന്നു. ഇത്തവണ ജയരാജൻ അക്രമരാഷ്ട്രീയത്തിന്റെ പ്രയോക്താവാണെന്ന് പറഞ്ഞ് യു.ഡി.എഫിന് ആർ.എംപി. പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഇരകൂടിയാണ് പി. ജയരാജൻ. 1999-ലെ തിരുവോണനാളിൽ ആർഎസ്എസ്. പ്രവർത്തകരാൽ ആക്രമിക്കപ്പെട്ട് വലതു കൈയ്ക്ക് സ്വാധീനവും ഒരു വിരലും നഷ്ടപ്പെട്ട വ്യക്തി. കൊലയാളിയെന്ന് പത്രസമ്മേളനത്തിൽ ആരോപിച്ചതിന് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയ്‌ക്കെതിരേ വക്കീൽ നോട്ടീസ് അയച്ചു നിൽക്കുന്നു. ഇതിനൊപ്പമാണ് ആർഎസ്എസ് അക്രമത്തിന്റെ ഇരയാണ് ജയരാജന് എന്ന വാദം സിപിഎം ആളിപടർത്തുന്നത്. ഇത് മുസ്ലീങ്ങളെ സ്വാധീനിക്കാനാണെന്ന് വ്യക്തവുമാണ്.

പി. ജയരാജൻ വടകര മണ്ഡലത്തിലെ വോട്ടറാണ്. കൂത്തുപറമ്പിനെ മൂന്നുവട്ടം നിയമസഭയിൽ പ്രതിനിധാനംചെയ്തു. സഹോദരി പി. സതീദേവിയെ വടകരയിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷമായ 1.3 ലക്ഷം വോട്ടിന് തിരഞ്ഞെടുത്തയച്ച പ്രചാരണത്തിന് ചുക്കാൻപിടിച്ച വ്യക്തി. മണ്ഡലത്തിനെ മുച്ചൂടും അറിയുന്നയാൾ. കോഴിക്കോടിനെ മൂന്നുതവണ ലോക്സഭയിൽ പ്രതിനിധാനംചെയ്ത കെ. മുരളീധരനും വടകരയിൽ ശക്തമായ ബന്ധമുണ്ട്. ലോക്സഭയിൽ കഴിഞ്ഞതവണ മുല്ലപ്പള്ളി രാമചന്ദ്രന് 3306 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2016 നിയമസഭയിലാകട്ടെ അത് ഇടതുപക്ഷത്തിനുള്ള വൻ ഭൂരിപക്ഷമായി മാറി. തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്ന് 78,148 വോട്ടിന്റെ ഭൂരിപക്ഷം ഇടതുസ്ഥാനാർത്ഥികൾ നേടിയപ്പോൾ കുറ്റ്യാടിയിലെ 1157 വോട്ട് ഭൂരിപക്ഷം മാത്രമായിരുന്നു യു.ഡി.എഫ്. നേട്ടം. ഈ കണക്കുകളും ജയരാജന് അനുകൂലമാണ്. എങ്കിലും അതിശക്തമായ മത്സരമാണ് മുരളി വടകരയിൽ കാഴ്ച വച്ചത്. പ്രത്യക്ഷത്തിൽ മുരളി ജയം ഉറപ്പിക്കുമ്പോഴും അടിയൊഴുക്കുകൾ ജയരാജനെ ലോക്‌സഭയിലെത്തിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ.

ബി.ജെപിയുടെയും ആർ.എസ്.എസിന്റെയും മുൻസംസ്ഥാന നേതാക്കളെ വരെ സിപിഐ.എമ്മിന്റെ പാളയത്തിലെത്തിച്ചിട്ടുണ്ട് പിൽക്കാല ജയരാജൻ. അതുകൊണ്ടു തന്നെ, ജയരാജന്റെ തോൽവി കോൺഗ്രസിനോളമോ അതിലേറെയോ ആഗ്രഹിക്കുന്നുണ്ടാവും സംഘപരിവാർ സംഘടനകളും. വടകരയിൽ മുരളി ജയിച്ചാൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ മറ്റൊരു സുവർണാവസരമായി ബിജെപി. കാണുന്നുമുണ്ടെന്ന് സിപിഎം വടകരയിലെ പ്രചരണത്തിൽ നിറയ്ക്കുന്നതും ബോധപൂർവ്വമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP