Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വികസനത്തിന് വോട്ട് തേടി ശ്രീമതി ടീച്ചർ; ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്, മണ്ഡലങ്ങളിലെ ഇടതുകോട്ടകളിൽ പ്രതീക്ഷ; യുഡിഎഫ് പ്രതീക്ഷ കണ്ണുർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ; വോട്ട് ഇരട്ടിയാക്കുമെന്ന് സി കെ പത്മനാഭൻ; പ്രചാരണം അന്തിമഘട്ടത്തിൽ എത്തിയിട്ടും ഇരുമുന്നണി പ്രവർത്തകർക്കും വലിയ ഭൂരിപക്ഷം പ്രവചിക്കാൻ കഴിയുന്നില്ല; മലയോരമേഖലകളിലെ രാഹുൽ തരംഗത്തിൽ യുഡിഎഫിന് പ്രതീക്ഷ; കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിൽ മുൻതൂക്കം കെ സുധാകരന് തന്നെ

വികസനത്തിന് വോട്ട് തേടി ശ്രീമതി ടീച്ചർ; ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്, മണ്ഡലങ്ങളിലെ ഇടതുകോട്ടകളിൽ പ്രതീക്ഷ; യുഡിഎഫ് പ്രതീക്ഷ കണ്ണുർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ; വോട്ട് ഇരട്ടിയാക്കുമെന്ന് സി കെ പത്മനാഭൻ; പ്രചാരണം അന്തിമഘട്ടത്തിൽ എത്തിയിട്ടും ഇരുമുന്നണി പ്രവർത്തകർക്കും വലിയ ഭൂരിപക്ഷം പ്രവചിക്കാൻ കഴിയുന്നില്ല; മലയോരമേഖലകളിലെ രാഹുൽ തരംഗത്തിൽ യുഡിഎഫിന് പ്രതീക്ഷ; കടുത്ത പോരാട്ടം നടക്കുന്ന കണ്ണൂരിൽ മുൻതൂക്കം കെ സുധാകരന് തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ആവേശക്കൊടുമുടിയിലെത്തിയ തെരഞ്ഞെടുപ്പ് പോരാട്ടം കൊട്ടിക്കലാശത്തിലേക്ക് നീങ്ങവെ കണ്ണൂരിൽ മുൻതൂക്കം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്. എന്നാൽ സിറ്റിംങ്ങ് എം പിയും സിപിഎമ്മിന്റെ ജനകീയ മുഖവുമായ പി കെ ശ്രീമതി ടീച്ചറും പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനഘട്ട അടിയൊഴുക്കുകളിൽ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചുകയറം എന്നാണ് എൽഡിഎഫ് കണക്കു കുട്ടാൽ.എന്തായാലും ഇരു മുന്നണിയുടെയും പ്രവർത്തകരും വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നുമില്ല. മുതിർന്ന ബിജെപി നേതാവ് സി കെ പത്മനാഭനും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഇത്തവണ വോട്ടുകൾ ഇരട്ടിയാക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം.

കഴിഞ്ഞ തവണ വാശിയേറിയ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ തവണ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്ത സീറ്റാണിത്. ലീഡ് നില മാറിയും മറിഞ്ഞുമുള്ള ഫോട്ടോ ഫിനിഷിനൊടുവിലാണ് സിപിഎം സ്ഥാനാർത്ഥി പി.കെ ശ്രീമതി ടീച്ചർ, വെറും 6566 വോട്ടുകൾക്കാണ് കോൺഗ്രസിലെ കെ.സുധാകരനെ തോൽപ്പിച്ചത്. 2009ൽ സുധാകരൻ 43000ത്തോളം വോട്ടുകൾക്ക് ജയിച്ച മണ്ഡലമായിരുന്നു ഇത്.

വികസനത്തിന് വോട്ട് തേടി ശ്രീമതി ടീച്ചർ

പി.കെ. ശ്രീമതി താൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. അതിന് കാണപ്പെട്ട തെളിവുകൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ശ്രീമതിക്ക് കക്ഷിരാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുമുണ്ട്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ നവീകരണം മുതൽ ദേശീയ പാതാ വികസനം വരെ നിരവധി പ്രവർത്തനങ്ങളിൽ ശ്രീമതി നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. 2013 കോടി രൂപയുടെ വികസനം എണ്ണിപറഞ്ഞ് എതിരാളികളെ പോലും നോവിക്കാതെയാണ് ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലത്തിൽ ശ്രീമതിയുടെ സാന്നിധ്യത്തിന്റെ കാര്യത്തിലും എതിരഭിപ്രായമില്ല. അതുകൊണ്ടു തന്നെ ഒന്നാം ഘട്ട പര്യടനം പൂർത്തിയാകുമ്പോഴും ശ്രീമതി തന്നെയായിരുന്നു മുന്നിൽ. എന്നാൽ പിന്നീട് ഈ മേൽക്കൈ ന്ഷ്ടപ്പെട്ടുവെങ്കിലും അവസാനഘട്ടത്തിൽ ശ്രീമതി ടീച്ചർ ഇത് തിരിച്ചുപടിച്ചിട്ടുണ്ട്.

എന്നാൽ കണ്ണൂർ നഗരത്തിലെ 'എലൈറ്റ് ക്ലാസ് ' എന്ന് വിശേഷിപ്പിക്കുന്ന കുടുംബങ്ങളിൽ നിന്നും ശ്രീമതിക്ക് വോട്ട് വീഴാൻ സാധ്യതയുണ്ട്. അവർ പരമ്പരാഗത കോൺഗ്രസ്സുകാരാണെങ്കിലും ഇത്തവണ ആരെ പിൻതുണക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അവരുടെ ഇടയിൽ ശ്രീമതിക്ക് കാര്യമായ സ്വാധീനവുമുണ്ട്. നാളെ പൊതു പ്രചാരണം അവസാനിക്കുമെങ്കിലും കണ്ണൂരിലെ ഒരു തെരഞ്ഞെടുപ്പ് രീതി സിപിഎം. അനുവർത്തിക്കുന്നത് ഇങ്ങിനെയാണ്. ഓരോ ബൂത്തിലും ഇരുപതിലേറെ പേർ വരുന്ന സ്‌ക്വാഡുകൾ രംഗത്തിറക്കും. കഴിഞ്ഞ ദിവസം വൈകീട്ടു മുതൽ അവർ വീടുകൾ കയറി ഇറങ്ങുകയാണ്.

പാർട്ടിയോട് പിണങ്ങി നിൽക്കുന്നവർ , യു.ഡി.എഫിനോട് എതിർപ്പുള്ളവർ, വോട്ട് ചെയ്യില്ലെന്ന് ശഠിക്കുന്നവർ, എന്നിവരെ കാണാനുള്ള സമയമാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേ രാത്രി വരെ. ഇതിൽ ഓരോ ബൂത്തിലും പത്ത് വീതം വോട്ടെങ്കിലും അനുകൂലമാക്കാൻ സാധിച്ചാൽ കാര്യങ്ങൾ മാറി മറിയും. കണ്ണൂരിലെ വിജയത്തിന്റെ ഘടകങ്ങൾ ഇതൊക്കെയാണ്. ഇത്തരമൊരു പ്രവർത്തനം യു.ഡി.എഫിന് നിലവിലില്ല. അതായത് സിപിഎമ്മിന്റെ സംഘടനാ ശക്്തിതന്നെയാണ് ഫലത്തിൽ എൽഡിഎഫിനെ തുണക്കുന്നത്.

മണ്ഡലത്തിലെ എ ടു ഇസഡ് അറിയാവുന്ന പി ജയരാജൻ തൊട്ടടുത്ത് വടകരയിൽ സ്ഥാനാർത്ഥിയായത് ആദ്യഘട്ടത്തിൽ ശ്രീമതി ടീച്ചറുടെ പ്രചാരണങ്ങളെ അൽപ്പം ബാധിച്ചിരുന്നെങ്കിലും പിന്നീട് എം വി ജയരാജന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചാരണങ്ങളാണ് നടന്നത്. സംസ്ഥാന സർക്കാറിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം കേന്ദ്ര സർക്കാറിനെയും കോൺഗ്രസിനെയും ഒരുപോലെ തുറന്നു കാട്ടുന്ന കുടുംബയോഗങ്ങളാണ് മണ്ഡലത്തിൽ എൽഡിഎഫ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ആദ്യം മിന്നിയ സുധാകരൻ പിന്നീട് മങ്ങി

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പികെ ശ്രീമതിയോട് പരാജയപ്പെട്ടിട്ടും വീണ്ടും ഇവിടെ സുധാകരൻ തന്നെ മൽസരിക്കണമെന്ന് ആവശ്യം ഉയർന്നത് മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. 2014 ൽ സുധാകരൻ മത്സരിക്കുമ്പോൾ കോൺഗ്രസ്സിലെ ഗ്രൂപ്പ് തർക്കം അതി ശക്തമായിരുന്നു. മാത്രമല്ല മുസ്ലിം ലീഗുമായും സുധാകരൻ നല്ല ബന്ധത്തിലായിരുന്നില്ല. എന്നാൽ ഇത്തവണ ചിത്രം മാറി. ശ്രീമതിയെ തളക്കാൻ സുധാകരൻ തന്നെ വേണമെന്ന യു.ഡി.എഫ് ഒന്നടക്കം ആവശ്യപ്പെടുന്ന അവസ്ഥയിലായിരുന്നു. പി.കെ. ശ്രീമതി ആദ്യ റൗണ്ട് പ്രചാരണം ഏതാണ്ട് പൂർത്തിയാക്കിയപ്പോഴാണ് സുധാകരൻ രംഗത്തിറങ്ങിയത്. എന്നാൽ സുധാകരന്റെ വരവു തന്നെ മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. പ്രചാരണത്തിന്റെ മൂന്നാം റൗണ്ടിലെത്തുമ്പോഴേക്കും ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. യു.ഡി.എഫിന് അനുകൂലമായ സർവ്വേ ഫലങ്ങൾ കൂടി വന്നതോടെ സുധാകരന് നേരിയ മേൽക്കൈയും കിട്ടി.

ഇടതു കോട്ടകളായ ധർമ്മടത്തും മട്ടന്നൂരും സുധാകരന് ലഭിച്ച സ്വീകരണത്തിൽ ആവേശ ഭരിതരാണ് യു.ഡി.എഫ് നേതൃത്വം. പ്രചാരണ സ്വീകരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തിന്റെ കാര്യത്തിലും ഇരു മുന്നണികളും തുല്യത പാലിച്ചുള്ള മുന്നേറ്റമാണ് നടത്തിയത്. അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ യു.ഡി.എഫ് അല്പം മുന്നിലാണെന്ന സൂചനയാണ് ലഭിക്കുന്നത്. മലയോര മേഖലകളിൽ പ്രത്യേകിച്ച് യു.ഡി.എഫ് കേന്ദ്രങ്ങളായ ഇരിക്കൂർ, പേരാവൂർ നിയമസഭാണ്ഡലങ്ങളിൽ രാഹുൽ തരംഗം വീശുന്നുണ്ട്. വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന കൊട്ടിയൂർ, കണിച്ചിയാർ, കേളകം. ആറളം, അയ്യം കുന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഇത് വലിയ നേട്ടമാകും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലപാതകവും കോൺഗ്രസ്സിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ട്. മണ്ഡലത്തിലെ ന്യൂനപക്ഷങ്ങളിൽ ദേശീയ തലത്തിലുള്ള സാഹചര്യത്തിന്റെ അലയടികളുണ്ട്. ഇതെല്ലാം സുധാകരന് അനുകൂല ഘടകങ്ങളാണ്. ശബരിമല സമരവും തനിക്ക് ഗുണമാവുമെന്ന് സുധാകരൻ കണക്കുകൂട്ട്ുന്നു.

എന്നാൽ അവസാന നിമിഷം സ്വയംകൃത അനർഥമെന്ന പേരിൽ സ്വന്തം വീഡിയോ ടീം വഴി വന്ന ചില ചീത്തപ്പേരുകൾ സുധാകരന് വിനയാവുന്നുണ്ട്. ജയിച്ചാൽ ബിജെപിയിലേക്ക് പോകില്ലെന്ന് തെരഞ്ഞെടുപ്പ് പരസ്യം ചെയ്ത്് സോഷ്യൽ മീഡിയയിൽ ട്രോൾ ഏറ്റുവാങ്ങേണ്ടി വന്നതിന് ദിവസങ്ങൾക്കുശേഷം കെ സുധാകരന്റെ മറ്റൊരു തെരഞ്ഞെടുപ്പ് പരസ്യം കൂടി വിവാദത്തിലായി. 'ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന് പറഞ്ഞ് സുധാകരൻ ഇറക്കിയ പരസ്യചിത്രം സ്ത്രീവിരുദ്ധമാണെന്നും ഇടതുസ്ഥാനാർത്ഥി പികെ ശ്രീമതിടീച്ചറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയിൽ സുധാകരനുനേരെ വൻ പ്രതിഷേധം ഉയർത്തുന്നുണ്ട്.

യുഡിഎഫ് പ്രതീക്ഷ കണ്ണുർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കണ്ണൂർ നിയമസഭാണ്ഡലം നേരിയ വോട്ടിന് എൽഡിഎഫിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെയാണ് വിജയിപ്പിച്ചത. കോൺഗ്രസ്സിലെ ഗ്രൂപ്പ് കളിയും മുസ്ലിം ലീഗ് പിണങ്ങി നിന്നതുമെല്ലാം കടന്നപ്പള്ളിക്ക് അനുഗ്രഹമായെങ്കിലും ഇത്തവണ.15,000 ത്തോളം വോട്ടിന്റെ ലീഡ് ഇവിടെ കെ.സുധാകരനുണ്ടാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കു കൂട്ടൽ. അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ യു.ഡി.എഫിന് അനുകൂലമാണ്. ധർമ്മടം, മട്ടന്നൂർ, തളിപ്പറമ്പ്, എന്നിവടങ്ങിൽനിന്ന് എൽ.ഡി.എഫിന് കിട്ടുന്ന ഭൂരിപക്ഷം ഈ മണ്ഡലങ്ങളിലെ വോട്ടുവെന്ന് മേക്കപ്പ് ചെയ്യാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1,02,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഈ മണ്ഡലത്തിൽ എൽ.ഡി,.എഫിനുള്ളത്. എന്നാൽ നിയമസഭാ വോട്ട് നില ഒരിക്കൽ പോലും കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ അലയടിച്ചിട്ടില്ല. 2009 ൽ കെ. സുധാകരൻ 43, 151 വോട്ടിന് ജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6000 ലേറെ വോട്ടുകൾക്ക് പി.കെ. ശ്രീമതിയെ പരാജയപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP