Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിനെ പേടിച്ചിട്ടായാലും പറയാനുള്ളത് പറയാതെ വയ്യ; ഞാൻ പിറന്ന നാൾ മുതൽ കാണുന്ന മനുഷ്യൻ; എന്റെ സുന്ദരവും സങ്കടകരവുമായ നിമിഷങ്ങളിൽ കൂടെ കൈപിടിച്ചുനിന്നയാൾ; അമ്മയെ പല പേരുവിളിച്ച് അപമാനിക്കുകയും അച്ഛനെ കള്ളനെന്ന് വിളിച്ച് താറടിക്കുകയും ചെയ്തിട്ടും ആ മനുഷ്യനെ കെട്ടിപ്പിടിച്ച ഹൃദയാലു: രാഹുൽ ഒരിക്കലും കൈവിടില്ലെന്ന് വികാരതീവ്രമായ വാക്കുകളിൽ വയനാട്ടുകാരോട് പ്രിയങ്ക

രാഹുലിനെ പേടിച്ചിട്ടായാലും പറയാനുള്ളത് പറയാതെ വയ്യ; ഞാൻ പിറന്ന നാൾ മുതൽ കാണുന്ന മനുഷ്യൻ; എന്റെ സുന്ദരവും സങ്കടകരവുമായ നിമിഷങ്ങളിൽ കൂടെ കൈപിടിച്ചുനിന്നയാൾ; അമ്മയെ പല പേരുവിളിച്ച് അപമാനിക്കുകയും അച്ഛനെ കള്ളനെന്ന് വിളിച്ച് താറടിക്കുകയും ചെയ്തിട്ടും ആ മനുഷ്യനെ കെട്ടിപ്പിടിച്ച ഹൃദയാലു: രാഹുൽ ഒരിക്കലും കൈവിടില്ലെന്ന് വികാരതീവ്രമായ വാക്കുകളിൽ വയനാട്ടുകാരോട് പ്രിയങ്ക

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി: എത്രനാളായി രാഹുൽ ഗാന്ധിയെ എതിരാളികൾ ചെളിവാരിയെറിയാൻ തുടങ്ങിയിട്ട്! രാഷ്ട്രീയ പാരമ്പര്യം പറഞ്ഞ് മേനി നടിക്കുന്നതല്ലാതെ, കോൺഗ്രസിനെയോ രാജ്യത്തെയോ നയിക്കാൻ പ്രാപ്തിയില്ലാത്തവനെന്ന് അധിക്ഷേപിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. കോൺഗ്രസ് അദ്ധ്യക്ഷക്കസേരയിൽ എത്തുംമുമ്പ് പപ്പുമോൻ എന്നായിരുന്നു പരിഹാസം. ഇങ്ങനെയെല്ലാം കളിയാക്കുന്നുണ്ടെന്ന് രാഹുലിനും അറിയാം, പ്രിയങ്കയ്ക്കും അറിയാം. രാഹുൽ വ്യാജഹിന്ദുവാണ് എന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരുനേതാവ് പ്രസംഗിച്ചത്.

എന്നാൽ, തന്റെ പ്രസംഗങ്ങളിൽ രാഹുൽ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മുതിരാറില്ല. വയനാട്ടിൽ പ്രചാരണത്തിനെത്തിയ പ്രിയങ്ക ഇന്ന് ഊന്നിപ്പറഞ്ഞതും ചേട്ടന്റെ വ്യക്തിസവിശേഷതകൾ തന്നെ. താൻ ഇങ്ങനെയൊക്കെ പറഞ്ഞാൽ രാഹുലിന് അതിഷ്ടമാകില്ലെന്ന മുഖവുരയോടെയായിരുന്നു പ്രിയങ്കയുടെ തുടക്കം. ഇങ്ങനെ സ്വയം പൊക്കിപ്പറയുന്നതിൽ വലിയ കമ്പമുള്ളയാളല്ല രാഹുൽ. പുതിയ ഭാഷയിൽ പറഞ്ഞാൽ 'തള്ളിൽ' വലുതായി വിശ്വസിക്കുന്നില്ലെന്ന് ചുരുക്കം. ഏതായാലും രാഹുലിനെ 'പേടിച്ചിട്ടായാലും' പറയാനുള്ളത് പ്രിയങ്ക തെളിച്ച് പറഞ്ഞു.

'കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബിജെപി എന്റെ സഹോദരനെ തെറ്റായ രീതിയിൽ ചിത്രീകരിച്ചുവരികയാണ്. അമ്മ സോണിയ ഗാന്ധിയെ പല പേരുകൾ വിളിച്ച് അപമാനിച്ചു. രക്തസാക്ഷിയായ അച്ഛൻ രാജീവ് ഗാന്ധിയെ കള്ളനെന്ന് വിളിച്ചു. ഇത്രയൊക്കെ താറടിച്ച് കാട്ടിയിട്ടും പാർലമെന്റിൽ മറുവശത്തേക്ക് പോയി തന്റെ ഉറ്റവരെ താറടിച്ച് കാട്ടിയ മനുഷ്യനെ ആലിംഗനം ചെയ്ത് വിരോധമില്ലെന്ന് കാട്ടാൻ രാഹുലിന് ധൈര്യമുണ്ടായി.' കഴിഞ്ഞ വർഷം ലോക്‌സഭയിൽ നടന്ന സംഭവമാണ് പ്രിയങ്ക ഓർത്തെടുത്തത്. നോട്ടുനിരോധനത്തെയും ജിഎസ്ടിയെയുമൊക്കെ നിശിതമായി വിമർശിച്ച തീപ്പൊരിപ്രസംഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തെത്തി രാഹുൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് എല്ലാവരെയും അമ്പരപ്പിച്ചത്.

വയനാട്ടുകാരുടെ ഹൃദയം തൊടുന്ന ഭാഷയിലായിരുന്നു പ്രിയങ്കയുടെ സംസാരം. വികാരതീവ്രം. ചേട്ടനുമൊപ്പമുള്ള ജീവിതം, തങ്ങളെ ആകെ ഉലച്ച മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും അച്ഛൻ രാജീവ് ഗാന്ധിയുടെയും മരണങ്ങൾ എല്ലാം കടന്നുവന്നു. രാഹുലിനെ കുറിച്ച് പുറമേയുള്ളവർക്ക് അറിയാവുന്നതെല്ലാം സത്യത്തിൽ നിന്ന് എത്രയോ അകലെയാണ്. ' ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ ഒരുസഹോദരിയായാണ് നിൽക്കുന്നത്. ഞാൻ പിറന്നുവീണപ്പോൾ മുതൽ കാണുന്ന മനുഷ്യന് വേണ്ടിയാണ് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. കഴിഞ്ഞ 10 വർഷമായി എതിരാളികൾ അദ്ദേഹത്തെ കടന്നാക്രമിക്കുകയായിരുന്നു. അദ്ദേഹം ആരല്ലയോ അതാണ് അവർ നാട്ടുകാരെ ബോധ്യപ്പെടുത്താൻ നോക്കുന്നത്. സത്യം അതൊന്നും അല്ല താനും.

' രാഹുൽ എന്നേക്കാൾ രണ്ടുവയസിന് മൂത്തതാണ്. എന്റെ സുന്ദര നിമിഷങ്ങളിലും സങ്കടകരമായ നിമിഷങ്ങളിലും കൂടെ നിന്നയാൾ. കുട്ടിക്കാലത്ത് തേടിയെത്തിയ ദുരന്തങ്ങളും നഷ്ടങ്ങളും ഞങ്ങൾ പങ്കുവച്ചു. ഇന്ദിരാജി ഒരമ്മയെ പോലെയായിരുന്നു ഞങ്ങൾക്ക്. ഞങ്ങളുടെ വീട്ടിൽ വച്ചുതന്നെയാണ് അവർ കൊല്ലപ്പെട്ടത്. ഞങ്ങളുടെ നാലംഗ കുടുംബം എല്ലാം അതീജിവിച്ചത് സ്‌നേഹം ഒന്നുകൊണ്ടു മാത്രം. ഏഴുവർഷത്തിന് ശേഷം വീണ്ടും ദുരന്തം ഞങ്ങളെ തേടിയെത്തി. അച്ഛനും മുത്തശിയുടെ അതേ ദുരന്തം. രാഹുൽ അന്ന് ഹാർവാഡ് സർവകലാശാലയിൽ പഠിക്കുകയാണ്. ദുരന്തങ്ങളും നഷ്ടങ്ങളും വേട്ടയാടിയെങ്കിലു രാഹുൽ ഒരിക്കലും മനസിൽ വിദ്വേഷം സൂക്ഷിച്ചില്ല. അച്ഛന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനായിരുന്നു ചേട്ടന്റെ തീരുമാനം. വിദ്യാഭ്യാസം പൂർത്തിയാക്കി, 2004 ൽ മടങ്ങിയെത്തിയപ്പോൾ അമേഠിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി', പ്രിയങ്ക പഴയ കാര്യങ്ങൾ ഓർമിച്ചു.

കാര്യങ്ങൾ ആഴത്തിൽ പഠിക്കുന്ന ആൾ കൂടിയാണ് രാഹുൽ, പ്രിയങ്ക പറഞ്ഞു. ഇതിഹാസങ്ങളും പുരാണങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. ഹിന്ദുത്വത്തിന്റെ സംരക്ഷകർ എന്നവകാശപ്പെടുന്നവർക്ക് ആ ജ്ഞാനമുണ്ടോയെന്ന കാര്യം എനിക്ക് സംശയമാണ്. അദ്ദേഹം നല്ലപോലെ ഫുട്‌ബോൾ കളിക്കും. വിമാനം പറത്തും ഡൈവിങ് അറിയാം. കരാട്ടെ ബ്ലാക്ക് ബെൽറ്റുമാണ്. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ലെന്ന് എനിക്കുറപ്പാണ്. അദ്ദേഹത്തെ പിന്തുണയ്ക്കണം. നിങ്ങൾക്കൊപ്പം അദ്ദേഹം എന്നുമുണ്ടാകും എന്നെനിക്ക് ഉറപ്പാണ്. നിങ്ങളുടെ ഭാവി സുരക്ഷിത കരങ്ങളിലാണ് എന്ന് ആവർത്തിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്.

.രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഹെലികോപ്ടർ മാർഗം മാനന്തവാടിയിൽ എത്തി. പൊതുസമ്മേളനത്തിലും പുൽപള്ളിയിൽ നടക്കുന്ന കർഷകസംഗമത്തിലും പങ്കെടുത്തു.പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി.വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ടുവീട്ടിൽ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാത്രി വൈത്തിരിയിലെ റിസോർട്ടിൽ തങ്ങുന്ന പ്രിയങ്ക നാളെ തിരിച്ചുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP