Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുവേദിയിൽ പോലും പ്രസംഗിക്കാൻ ബിന്ദു അമ്മിണി എത്തിയില്ല; ശബരിമല യുവതീ പ്രവേശന നാളുകളിലെ താര പ്രചാരക വീട്ടിൽ വെറുതെ അവധി ആഘോഷിക്കുന്നു; സിപിഎമ്മിൽ നിന്നും പ്രസംഗിക്കാൻ ക്ഷണം വന്നില്ല; പാർട്ടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല; ശബരിമല പേടിച്ചാണോ വിളിക്കാത്തത് എന്നറിയുകയുമില്ലെന്ന് ബിന്ദു അമ്മിണി; ശബരിമല അടിയൊഴുക്കുകൾ സിപിഎം ഭയപ്പെടുന്നോ?

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുവേദിയിൽ പോലും പ്രസംഗിക്കാൻ ബിന്ദു അമ്മിണി എത്തിയില്ല; ശബരിമല യുവതീ പ്രവേശന നാളുകളിലെ താര പ്രചാരക വീട്ടിൽ വെറുതെ അവധി ആഘോഷിക്കുന്നു; സിപിഎമ്മിൽ നിന്നും പ്രസംഗിക്കാൻ ക്ഷണം വന്നില്ല; പാർട്ടിയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നുമില്ല; ശബരിമല പേടിച്ചാണോ വിളിക്കാത്തത് എന്നറിയുകയുമില്ലെന്ന് ബിന്ദു അമ്മിണി; ശബരിമല അടിയൊഴുക്കുകൾ  സിപിഎം ഭയപ്പെടുന്നോ?

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം പ്രചാരണം പുരോഗമിച്ചത് 'നവോത്ഥാന നായിക'യായ ബിന്ദു അമ്മിണിയെ മൂലയ്ക്കിരുത്തിയാണെന്ന കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സിപിഎം ആരംഭിക്കുകയും അതവസാനിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ഒരു തിരഞ്ഞെടുപ്പ് വേദി പോലും ബിന്ദു അമ്മിണിക്കായി സിപിഎം നൽകിയില്ല. ശബരിമല വോട്ടായി മാറുമെന്ന് സിപിഎം കരുതിയിരുന്നെങ്കിൽ താര പ്രചാരകയായി ഈ തിരഞ്ഞെടുപ്പിൽ ബിന്ദു അമ്മിണി മാറുമായിരുന്നു. പക്ഷെ ശബരിമലയിലെ സിപിഎം പേടി കാരണം ബിന്ദുവിന് വേദി ലഭിച്ചതുമില്ല. ആളും ആരവവും ഒന്നുമില്ലാതെ വീട്ടിൽ ഒതുങ്ങിക്കൂട്ടേണ്ടി വരുന്ന അവസ്ഥയിലാണ് നിലവിൽ ബിന്ദുവുള്ളത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ സിപിഎം പ്രചാരണത്തിനായി ഒരു ക്ഷണവും തനിക്ക് ലഭിച്ചില്ലെന്ന് ബിന്ദു അമ്മിണി മറുനാടനോട് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തെ നിയന്ത്രിക്കുമ്പോൾ ശബരിമലയിലെ ഈ വീരനായിക വീട്ടിൽ വെറുതെയിരിക്കുകയാണ്. താരപരിവേഷവും ഗ്‌ളാമറുമൊന്നും ഇപ്പോൾ ബിന്ദുവിന് ചുറ്റുമില്ല. ശബരിമലയിൽ ആചാരം തെറ്റിച്ച് ദർശനത്തിനു ശ്രമിച്ച് പരാജയപ്പെട്ടപ്പോഴും ഒടുവിൽ ആചാരം തെറ്റിച്ച് ദർശനം നടത്തിയ സമയത്തും ബിന്ദുവും കനദുർഗയും എവിടെയുണ്ടെന്നു സർക്കാരിന് മാത്രമേ അറിയുമായിരുന്നുള്ളൂ. അത്രയധികം കരുതലോടെ പൊലീസ് സുരക്ഷയിലാണ് ആ നാളുകളിൽ ബിന്ദുവും കനകദുർഗയും കഴിഞ്ഞത്. എല്ലാം അവസാനിച്ച ലക്ഷണമാണ്. ഇപ്പോൾ ബിന്ദു കുടുംബത്തിനൊപ്പം അവധിയിലാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ സിപിഎമ്മും ശബരിമല പേടിച്ച് ബിന്ദുവിനെ അവഗണിക്കുകയും ചെയ്തു,

ആചാരം തെറ്റിച്ച് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിയെയും കനകദുർഗയേയും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ സിപിഎം ഉയർത്തിക്കാട്ടുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. കനകദുർഗയെ അപേക്ഷിച്ച് ബിന്ദു അമ്മിണിക്ക് വേദികൾ നൽകാനും പ്രസംഗിപ്പിക്കാനും സിപിഎം മത്സരിക്കുകയും ചെയ്തിരുന്നു. ശബരിമലയുടെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നവോത്ഥാന സമിതി രൂപീകരിച്ച ശേഷമാണ് ബിന്ദുവിനെയും കനകദുർഗയേയും ആചാരങ്ങൾ തെറ്റിച്ച് ശബരിമല ദർശനത്തിനു സർക്കാർ സഹായമൊരുക്കിയത്. സിപിഎമ്മിന്റെ താരമായി ബിന്ദു അമ്മിണി മാറുകയും ചെയ്തിരുന്നു.

കണ്ണൂർ യൂണിവേഴ്സ്റ്റിയുടെ തലശേരി പാലയാട് നട കാമ്പസിൽ ഗസ്റ്റ് ലക്‌ച്ചറർ ആയ ബിന്ദുവിനെ യൂണിവേഴ്സിറ്റിയിൽ സ്ഥിരം തസ്തികയിൽ ജോലി നൽകാനും ആയിടെ ശ്രമം നടന്നിരുന്നു. ഇവിടെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയ അവധിയിലുള്ള ഷീന ഷുക്കൂറിനു ഏതങ്കിലും വിസി-പിവിസി പോസ്റ്റ് നൽകി മാറ്റാനും ശ്രമം നടന്നിരുന്നു. അതൊന്നും പക്ഷെ പ്രയോഗ തലത്തിൽ വന്നതുമില്ല. സിപിഎം അന്ന് നൽകിയ ഈ ആവേശത്തിന്റെ ബലത്തിലാണ് ശബരിമല പ്രശ്‌നത്തിൽ പൊതുവേദിയിൽ ചാനലുകൾക്ക് മുന്നിൽ വന്നു ശബരിമല പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ബിന്ദു ചോദ്യം ചെയ്തത്. പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ ശക്തമായ ഒരു തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോൾ പക്ഷെ ബിന്ദുവിന് ഒരു റോളുമില്ല. ബിന്ദുവിന് മാത്രമല്ല നവോത്ഥാന സംരക്ഷണ സമിതിക്കും തിരഞ്ഞെടുപ്പിൽ സിപിഎം ഒരു റോളും നൽകിയതുമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎമ്മിനായി താൻ രംഗത്തില്ലെന്നു ബിന്ദു അമ്മിണി മറുനാടനോട് തുറന്നു സമ്മതിച്ചു. പ്രചാരണത്തിൽ സജീവമാകണമെന്ന് പറഞ്ഞുള്ള സിപിഎം ക്ഷണമൊന്നും എന്നെ തേടി എത്തിയില്ല -ബിന്ദു അമ്മിണി പ്രതികരിക്കുന്നു. പ്രചാരണത്തിന് സിപിഎം ക്ഷണം പ്രതീക്ഷിച്ചിരുന്നില്ല. ക്ഷണിച്ചാലും ഞാൻ പോകില്ല. പ്രചാരണത്തിൽ സജീവമാകേണ്ട കാര്യമൊന്നും എനിക്കില്ല. ഞാൻ ഈ പറയുന്ന പാർട്ടികളിൽ ഒന്നും അംഗമല്ല. പിന്നെ എന്തിനു ഞാൻ പ്രചാരണത്തിൽ സജീവമാകണം. എനിക്ക് പ്രചാരകയാകണം എന്ന താത്പര്യമൊന്നും ഇല്ല. ശബരിമല പ്രശ്‌നം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനാണോ സിപിഎം എന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ക്ഷണിക്കാതിരുന്നത് എന്ന് ചോദിച്ചാൽ എനിക്കറിയില്ല. സിപിഎം എന്നെ ഒരർത്ഥത്തിലും സഹായിച്ചിട്ടില്ല. സിപിഎമ്മിൽ നിന്നും ഞാൻ സഹായം ഒന്നും പ്രതീക്ഷിക്കുന്ന ആളല്ല. സഹായം പ്രതീക്ഷിച്ച് ഇറങ്ങിയ ആളുമല്ല. സിപിഎം ആ അർത്ഥത്തിൽ എനിക്ക് ഒരു സഹായം ചെയ്തു തന്നിട്ടുമില്ല.

ശബരിമലയിൽ ഞാൻ കയറണോ എന്ന കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഒരു തീരുമാനം വന്നതായി അറിയില്ല. ഞങ്ങൾ ശബരിമല പോകണമെന്ന് പറഞ്ഞപ്പോൾ സർക്കാരിനു പിന്നെ ഒരു നിവൃത്തിയുമില്ല. ഒരു കോടതി ഉത്തരവ് വന്നാൽ അത് നടപ്പിലാക്കുക എന്നത് സർക്കാരിന്റെ ഡ്യൂട്ടിയാണ്. കോടതി ഉത്തരവ് വന്നാൽ വനിതകളെ പ്രവേശിപ്പിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഞാൻ ശബരിമലയിൽ പോയത് ചില ആളുകൾ എതിർക്കുന്നു. ചില ആളുകൾ അംഗീകരിക്കുന്നു. ശബരിമല പ്രവേശനത്തിന് സർക്കാർ പിന്തുണച്ചു എന്നൊന്നും ഞാൻ കരുതുന്നില്ല. പിന്തുണച്ചിരുന്നെങ്കിൽ അതിനു മുൻപ് തന്നെ ശബരിമല കയറാൻ കഴിയുമായിരുന്നു.

പൊലീസ്, സർക്കാർ എന്നൊക്കെ പറഞ്ഞാൽ അത് ഡ്യൂട്ടിയല്ലേ? സർക്കാർ സഹായം ചെയ്തില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമായിരുന്നു. പൊലീസ് എന്റെ കൂടെയുണ്ടായിരുന്നു. പക്ഷെ കുറച്ച് പൊലീസുകാരെ ഉണ്ടായിരുന്നുള്ളൂ. ആചാരം ലംഘിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ശബരിമല കയറിയതും. സുപ്രീംകോടതി വിധി വന്നു. ആ വിധി ആനുകൂല്യമാക്കി ശബരിമല കയറി. ആചാരമല്ല, ആചാരത്തിനു മുകളിലാണ് നിയമത്തിന്റെ സ്ഥാനം. ആചാരത്തിനും മുകളിലാണ് നിയമമുള്ളത്. നിയമത്തിനു താഴെ മാത്രമേ വിശ്വാസം വരുന്നുള്ളൂ. സുപ്രീംകോടതി വിധിയിൽഭരണഘടനാ ബെഞ്ചിലിരുന്നു ഇന്ദു മൽഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിൽ അത് വെറും വിയോജിപ്പ് മാത്രമാണ്. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായമാണ് വിധിയായി വരുന്നത്, വിധിയായി വന്നത്. ഭൂരിപക്ഷ അഭിപ്രായം മാത്രമേ വിധിയായി കണക്കാക്കുകയും ചെയ്യൂ.ശബരിമലയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്-ബിന്ദു പറയുന്നു.

ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല എന്നാണ് പൊതുവെയുള്ള സിപിഎം വിലയിരുത്തൽ വന്നത്. പൊതുദൃഷ്ടിയിൽ ഇങ്ങിനെ കോടിയേരി അടക്കമുള്ള സിപിഎം നേതാക്കൾ പ്രതികരണം നടത്തിയെങ്കിലും ശബരിമലയെ സിപിഎം പേടിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ സിപിഎമ്മിന്റെ താരപ്രചാരകയായിരുന്ന ബിന്ദു അമ്മിണിയുടെ നിലവിലെ അവസ്ഥ വിരൽ ചൂണ്ടുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ എല്ലാ പ്രശ്‌നത്തെയും തള്ളിമാറ്റി ശബരിമല ഒരു തിരഞ്ഞെടുപ്പ് പ്രശ്‌നമായി മാറുകയും ചെയ്തു. ഇപ്പോൾ യുഡിഎഫ് ആശ്വാസം കൊള്ളുന്നത് തന്നെ ശബരിമലയുടെ പേരിലാണ്. ഇരുപതിൽ ഇരുപത് സീറ്റും എന്ന യുഡിഎഫ് ആത്മവിശ്വാസത്തിന്റെ പിന്നിലും രാഹുൽ ഗാന്ധി തന്നെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള കാരണങ്ങളിൽ പ്രധാനമായതും ശബരിമലപോലെയുള്ള ശക്തമായ തരംഗത്തിന്റെ കൂടി ബലത്തിലാണ്. എല്ലാം ശരിവെച്ചുകൊണ്ട് ശബരിമല തന്നെ ഇപ്പോൾ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അടിയൊഴുക്കുകളെ നിർണ്ണയിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP