Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയിലിൽ കിടക്കാൻ ആഗ്രഹം! അജ്ഞാതനെ കുത്തിക്കൊന്ന യുവാവ് കമ്മീഷണർ ഓഫീസിൽ കൊലക്കത്തിയുമായി കീഴടങ്ങി; കൊലപ്പെടുത്താനായി യാചകരേയോ അനാഥരേയോ തേടി നടക്കുകയായിരുന്നെന്നും പ്രതിയുടെ വെളിപ്പെടുത്തൽ; കോഴിക്കോട് മാനഞ്ചിറയ്ക്ക് സമീപത്ത് വച്ച് അജ്ഞാതന്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയത് വളയം സ്വദേശി; പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ

ജയിലിൽ കിടക്കാൻ ആഗ്രഹം! അജ്ഞാതനെ കുത്തിക്കൊന്ന യുവാവ് കമ്മീഷണർ ഓഫീസിൽ കൊലക്കത്തിയുമായി കീഴടങ്ങി; കൊലപ്പെടുത്താനായി യാചകരേയോ അനാഥരേയോ തേടി നടക്കുകയായിരുന്നെന്നും പ്രതിയുടെ വെളിപ്പെടുത്തൽ; കോഴിക്കോട് മാനഞ്ചിറയ്ക്ക് സമീപത്ത് വച്ച് അജ്ഞാതന്റെ കഴുത്തിൽ കത്തി കുത്തിയിറക്കിയത് വളയം സ്വദേശി; പ്രതിക്ക്  മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മാനഞ്ചിറയ്ക്ക് സമീപം നഗരമധ്യത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിൽ വെച്ച് അജ്ഞാതനെ കുത്തിക്കൊന്ന യുവാവ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങി. പ്രതിയുടെ കുറ്റ് സമ്മത മൊഴി കേട്ടാണ് പൊലീസുകാർ ഒന്ന് ഞെട്ടിയത്. തനിക്ക് ജയിലിൽ കിടക്കാൻ അതിയായ ആഗ്രഹമുള്ളതിനാലാണ് താൻ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിനാണ് സംഭവം.

നഗരത്തിൽ അലഞ്ഞുതിരിഞ്ഞ അജ്ഞാതനെയാണ് യുവാവ് കുത്തിക്കൊന്നത്. ഇയാളെ കുത്തിയ ശേഷം കമ്മീഷണർ ഓഫീസിലേക്ക് കത്തിയുമായി എത്തിയ യുവാവ് താൻ ഒരാളെ കുത്തിക്കൊന്നെന്ന് വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് കുത്തേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. വാളകം സ്വദേശി കെ.കെ. നിവാസിൽ പ്രബിൻദാസി(33)നെ കസബ പൊലീസ് അറസ്റ്റുചെയ്തു.

ജയിലിൽ കിടക്കാൻ ആഗ്രമുള്ളതിനാലാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രബിൻ ദാസ് പൊലീസിന് മൊഴി നൽകി. കൊലപ്പെടുത്താനായി യാചകരേയോ അനാഥരേയോ തേടി താൻ നടക്കുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഇയാൾക്ക് മാനസിക രോഗം ഉള്ളതായാണ് പൊലീസിന്റെ സംശയം. എന്നാൽ ഇത് പൊലീസ് ഉറപ്പിച്ചിട്ടില്ല. വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കത്തിയുമായി കമ്മീഷണർ ഓഫീസിലെത്തിയ പ്രതി ഗാർഡ് റൂമിൽ കയറി താൻ ഒരാളെ കുത്തിയെന്ന് പറയുകയായിരുന്നു. പൊലീസുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കഴുത്തിൽ ആഴത്തിൽ കുത്തേറ്റ ഒരാൾ ഓടി വരുന്നത് കണ്ടു. കമ്മീഷണർ ഓഫീസ് വളപ്പിൽ കുഴഞ്ഞുവീണ ഇയാളെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമല്ല.

കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറക്ക് സമീപത്തെ ഫുട്പാത്തിൽ വച്ചാണ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞിരുന്ന അജ്ഞാതന്റെ കഴുത്തിൽ യുവാവ് കത്തി കുത്തിയിറക്കിയത്. വളയം സ്വദേശിയായ പ്രബിൻ ദാസിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടയാളുടെ കൈവശമുണ്ടായിരുന്ന കവറിൽ നിന്ന് തമിഴ് ഭാഷയിലുള്ള കടലാസുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

സിറ്റി പൊലീസ് കൺട്രോൾ റൂമിൽനിന്ന് ആംബുലൻസെത്തി വയോധികനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. വയോധികൻ തമിഴ്‌നാട്ടുകാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാളെപ്പറ്റി കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തൊഴിൽരഹിതനായതിനാൽ ജയിലിൽ കിടക്കാമെന്ന ആഗ്രഹംകൊണ്ടാണ് ഒരാളെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി. പാളയത്തെ ഒരു കടയിൽനിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് കത്തി വാങ്ങിയത്. ഏതെങ്കിലും ഒരു അനാഥനെയോ റോഡരികിൽ കിടക്കുന്ന ആരെയെങ്കിലുമോ കൊന്നാൽ അത്ര വലിയ പ്രശ്‌നമുണ്ടാകാനിടയില്ലെന്ന ചിന്തയിൽ അത്തരം ഒരാളെ അന്വേഷിച്ച് കത്തിയും വാങ്ങി നഗരത്തിലൂടെ നടക്കുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ജോലിക്കുള്ള കൂടിക്കാഴ്ചയ്ക്ക് കോഴിക്കോട്ടെ ഒരു ഹോട്ടലിലേക്ക് പോകുന്നുവെന്നാണ് യുവാവ് രാവിലെ ഒമ്പതരയ്ക്ക് ഇറങ്ങുമ്പോൾ വീട്ടുകാരോട് പറഞ്ഞതെന്ന് കസബ പൊലീസ് പറഞ്ഞു. ഈ ഹോട്ടലിൽ ജോലിക്കുള്ള കൂടിക്കാഴ്ച നടന്നിരുന്നെങ്കിലും ഇയാൾ അവിടെ എത്തിയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പ്രബിൻദാസ് നേരത്തേ ശാരീരിക, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നതായും ബന്ധുക്കൾ മൊഴിനൽകി.

പഠനത്തിൽ മിടുക്കനായിരുന്ന ഇയാൾ, നന്നായി പഠിച്ചിട്ടും ഒരു ജോലി ശരിയാകാത്തതിൽ നിരാശനായിരുന്നു. ഗൾഫിലായിരുന്ന പ്രബിൻ പിന്നീട് കുറച്ചുകാലം ബെംഗളൂരുവിലും ജോലിചെയ്തിരുന്നു. ഈയടുത്താണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. സിഐ.വി. ബാബുരാജ്, എസ്‌ഐ.കെ.വി. സ്മിതേഷ് എന്നിവർക്കാണ് അന്വേഷണച്ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP