Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യാ ഹരിദാസിന്റെ പടയോട്ടം; യുവാക്കളെയും സ്ത്രീകളെയും കൈയിലെടുത്ത് രാഹുൽ ബ്രിഗേഡിന്റെ മുന്നേറ്റം; രമ്യാതരംഗത്തിൽ പിറകോട്ടുപോയ പി കെ ബിജു അവസാനലാപ്പിൽ ഓടിയെത്തുന്നു; സിപിഎം പ്രതീക്ഷ തങ്ങളുടെ സംഘടനാ ശക്തിയിൽ; നോട്ട പ്രശ്നം പരിഹരിച്ചെന്നും എൽഡിഎഫ്; അവസാനം നടന്ന രണ്ടു സർവേകളും ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇടതുക്യാമ്പ്; സംഘപരിവാർ വോട്ടുകളുടെ അടിയോഴുക്കിൽ ആശങ്ക; അവസാനഘട്ടത്തിൽ ആലത്തൂരിൽ ഫോട്ടോ ഫിനീഷ്

ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യാ ഹരിദാസിന്റെ പടയോട്ടം; യുവാക്കളെയും സ്ത്രീകളെയും കൈയിലെടുത്ത് രാഹുൽ ബ്രിഗേഡിന്റെ മുന്നേറ്റം; രമ്യാതരംഗത്തിൽ പിറകോട്ടുപോയ പി കെ ബിജു അവസാനലാപ്പിൽ ഓടിയെത്തുന്നു; സിപിഎം പ്രതീക്ഷ തങ്ങളുടെ സംഘടനാ ശക്തിയിൽ; നോട്ട പ്രശ്നം പരിഹരിച്ചെന്നും എൽഡിഎഫ്; അവസാനം നടന്ന രണ്ടു സർവേകളും ഭൂരിപക്ഷം പ്രവചിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇടതുക്യാമ്പ്; സംഘപരിവാർ വോട്ടുകളുടെ അടിയോഴുക്കിൽ ആശങ്ക; അവസാനഘട്ടത്തിൽ ആലത്തൂരിൽ ഫോട്ടോ ഫിനീഷ്

ആർ പീയൂഷ്

ആലത്തൂർ: ഫോട്ടോ ഫിനീഷ്. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ അവസാനവട്ട തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നവർക്ക് അങ്ങനെയെ പറയാൻ കഴിയൂ. എൽഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിങ്ങ് എംപിയുമായ പി കെ ബിജുവും, യുഡിഎഫിലെ പുതുമുഖ സ്ഥാനാർത്ഥിയുമായ രമ്യാ ഹരിദാസും തമ്മിലുള്ള മൽസരം ഇഞ്ചോടിഞ്ച് നീങ്ങുകയാണ്. സോഷ്യൽ മീഡിയയുടെ വൻ പിന്തുണയോടെയും നൂതനമായ പ്രചാരണ തന്ത്രങ്ങളിലൂടെയും താരമായ രമ്യ ആദ്യഘട്ടത്തിൽ കത്തിക്കയറിയെങ്കിൽ അവസാനലാപ്പിൽ പികെ ബിജുവും ഒപ്പമെത്തിയിരിക്കയാണ്. ഏറ്റവും അവസാനം നടന്ന രണ്ടു സർവേകളും പി കെ ബിജുവിന്റെ വിജയം, നല്ല ഭൂരിപക്ഷത്തോടെ പ്രവചിക്കുന്നത് ഇടതുക്യാമ്പുകകളിൽ ആവേശം ഉയർത്തിയിട്ടുണ്ട്. എൻഡിഎ സ്ഥാനാർത്ഥിയായ, കെ.പി.എം.എസ് സംസ്ഥാന ഉപദേശകസമിതി അംഗം കൂടിയായ ബി.ഡി.ജെ.എസ് നേതാവ് ടി.വി.ബാബുവും പ്രചാരണരംഗത്ത് സജീവമായിരുന്നു. 

പാലക്കാട് ജില്ലയിലെ ചിറ്റൂർ, തരൂർ, നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. 2009-ൽ മണ്ഡലം നിലവിൽവന്നപ്പോൾ അന്ന് എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.കെ. ബിജുവാണ് ആദ്യം വിജയിച്ചത്. കോൺഗ്രസിലെ എൻ.കെ. സുധീറിനെതിരെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജു പാർലമെന്റിലേക്ക് പോയത്.

സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്ന്. മലയാളികളുടെ അഭിമാനമായ കെ.ആർ നാരായണൻ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂർ ആയി മാറിയത്. കെ.ആർ നാരായണന് ശേഷം ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും ജയിക്കാനാകാത്ത ആലത്തൂർ ഇടത് കോട്ടയായാണ് അറിയപ്പെട്ടിരുന്നത്. ഇവിടെ സ്ഥാനാർത്ഥിയെ ആദ്യം പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണത്തിൽ ബഹുദൂരം മുന്നിൽ എത്തിയിരുന്നു. എന്നാൽ രമ്യാ ഹരിദാസിനെ കളത്തിലിറക്കി ശക്തമായ പോരാട്ടമാണ് യുഡിഎഫ് നടത്തുന്നത്.

ഇടതുകോട്ടകളെ വിറപ്പിച്ച് രമ്യ

നേരത്തേ സ്ഥാനാർത്ഥി നിർണ്ണയം നടത്തി പ്രചാരണം തുടങ്ങിയ ബിജു മണ്ഡലത്തിൽ രണ്ടുവട്ടം പര്യടനം പൂർത്തിയാക്കിയ ശേഷമാണ് എതിരാളികൾ കളത്തിലിറങ്ങിയത്. എന്നാൽ പ്രചാരണരംഗത്ത് തുടക്കത്തിൽ ലഭിച്ച മേൽക്കൈ ഇപ്പോഴും ബിജുവിന് ഉണ്ടെന്ന് പറയാനാവില്ല.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രാഹുൽ ബ്രിഗേഡിലെ അംഗവുമായ രമ്യ ഹരിദാസ് എത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. സോഷ്യൽ മീഡിയ പെങ്ങളൂട്ടിയെന്ന് വിളിച്ച രമ്യ പാട്ടുപാടിയും ഓടിനടന്നും അടപടലം വോട്ടുപിടിച്ചത് ആദ്യഘട്ടത്തിൽ ഇടതുക്യാമ്പിലുണ്ടാക്കിയ ആശങ്ക ചില്ലറയല്ല.

എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റേയും സിപിഎം സഹയാത്രികയായി അറിയപ്പെടുന്ന ദീപ നിശാന്തിന്റേയും വിവാദ പ്രസ്താവനകൾ രമ്യ ഹരിദാസിന് ഗുണകരമായി.ഇവർ രമ്യയെ അധിക്ഷേപിച്ച് സംസാരിച്ചതോടെ, പാവപ്പെട്ട കുടുംബത്തിനന്ന് വന്ന് ജീവിതത്തിൽ പൊരുതിക്കയറിയ ഈ പെൺകുട്ടി ശരിക്കും വൈറലായി. എൽഡിഎഫ് നേതാക്കളുടെ നാക്കുതന്നെയാണ് രമ്യക്ക് ഇത്രയും കീർത്തിയുണ്ടാക്കിക്കൊടുത്തതെന്ന് പറയാതെ വയ്യ. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ തന്ത്രങ്ങളും ഓൺലൈൻ വഴിയുള്ള ചില എൻജിഒകളുടെ ക്രൌഡ് ഫണ്ടിംഗുമൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞു.

51 ശതമാനത്തോളം വനിതാ വോട്ടർമാരുള്ള മണ്ഡലത്തിലെ സ്ത്രീ വോട്ടുകളും രമ്യയുടെ അക്കൗണ്ടിലേക്ക് എത്തിയാൽ കാര്യങ്ങൾ മാറിമറയും.  യുവാക്കളേയും പുതിയ വോട്ടർമാരേയുമാണ് യു.ഡി.എഫ് പ്രധാനമായും ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധി ഇഫക്റ്റ് ആലത്തൂരിലും പ്രതിഫലിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എംഎ‍ൽഎമാരായ ഷാഫി പറമ്പിലും അനിൽ അക്കരയും യഥാക്രമം പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രദേശങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് യു.ഡി.എഫ് പ്രവർത്തകർക്ക് ഉത്തേജനം പകരുന്നു.

സിപിഎമ്മിനെ പതിവായി വിജയിപ്പിക്കുന്ന പ്രദേശത്തിന്റെ പൊതുവായുള്ള പിന്നാക്കാവസ്ഥ പ്രചാരണരംഗത്ത് യു.ഡി.എഫ് ശക്തമായി ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തിൽ വിരുന്നുകാരനെപ്പോലെ എത്തുന്ന ഒരാളായാണ് പി.കെ.ബിജു കഴിഞ്ഞ പത്തു വർഷം പ്രവർത്തിച്ചത് എന്ന ആരോപണം മർമ്മറിങ് കാമ്പൈൻ ആയി ഉയർത്തിക്കൊണ്ടു വരുന്നതിലും യു.ഡി.എഫ് വലിയൊരളവിൽ വിജയിച്ചിട്ടുണ്ട്.

ശക്തമായി തിരിച്ചുവന്ന് പികെ ബിജുവും

രമ്യാ തരംഗത്തിൽ വല്ലാതെ പിന്നോട്ടുപോയ എൽഡിഎഫ് പിന്നീട് കയറി വരുന്ന കാഴചയും കാണാനായി. താൻ നടത്തിയ വികസപ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് തുടക്കം മുതൽ പി കെ ബിജു നിലകൊണ്ടത്. ആദ്യത്തെ ഓളം ഒന്ന് അടങ്ങിയപ്പോൾ തങ്ങളുടെ സംഘടനാ സംവിധാനത്തിലൂടെയും കുടുംബയോഗങ്ങളിലൂടെയും ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താനായി എന്നാണ് സിപിഎം കരുതുന്നത്. മുതിർന്ന നേതാക്കളെവരെ മണ്ഡലത്തിൽ കേന്ദ്രീകരിപ്പിച്ച് നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ആദ്യമുണ്ടായ രമ്യാ കൊടുങ്കാറ്റിനെ സിപിഎം പ്രതിരോധിച്ചത്.

തുടക്കം മുതൽ നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങൾ അതേ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സിപിഎമ്മിനും ഇടതുമുന്നണിക്കും സാധിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളുടെ പിന്തുണയോടെ രമ്യ ഹരിദാസ് നടത്തുന്ന പോരാട്ടം മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് കളമൊരുക്കിയിട്ടുണ്ട് എന്ന പ്രവചനങ്ങൾ സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. മന്ത്രിമാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ തമ്പടിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. അതനുസരിച്ച് മന്ത്രി എ.കെ.ബാലൻ തരൂർ, ആലത്തൂർ, നെന്മാറ പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

മന്ത്രി എ.കെ.മൊയ്തീന് വടക്കഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളുടെ ചുമതലയാണ്. ചിറ്റൂരിൽ ക്യാമ്പ് ചെയ്യാനാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചേലക്കരയുടെ പൂർണ്ണചുമതല സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മുൻസ്പീക്കർ കെ.രാധാകൃഷ്ണനാണ്. ആലത്തൂരിനെ ചുവപ്പിച്ച് നിർത്തേണ്ട ചുമതല ഇപ്പോൾ ബിജുവിനേക്കാൾ ഈ നേതാക്കൾക്കാണ്. സംസ്ഥാനത്ത് യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റവും ചിട്ടയായി നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലത്തൂർ. കഴിഞ്ഞ തവണ ആലത്തൂർ മണ്ഡലത്തിൽ ഇരുപതിനായിരത്തിലേറെ നോട്ട വോട്ടുകൾ ഉണ്ടായത് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരുന്നു.

ചിറ്റൂർ- കൊഴിഞ്ഞാമ്പാറ ജലക്ഷമാമവുമായി ബന്ധപ്പെട്ടുണ്ടായ കർഷക രോഷമാണ് അന്ന് നോട്ടയെ ഇത്ര ഉയർത്തിത്. എന്നാൽ സംസ്ഥാണന ഗവൺമെന്റിന്റെയും പികെ ബിജുിവന്റെയും ഇടപെടലോടെ ഈ പ്രശ്നം പരിഹരിച്ചെന്നും ഇത്തവണ വോട്ടുകൾ തങ്ങൾക്ക് കിട്ടുമെന്നുമാണ് എൽഡിഎഫ് പറയുന്നത്. എംപി എന്ന നിലയിൽ ബിജു പാർലമെന്റിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും രാഷ്ട്രീയത്തിനൊപ്പം വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം ഉണ്ടാക്കിയ നേട്ടങ്ങളും നിരത്തിയാണ് ഇടതുമുന്നണി പ്രതിരോധിക്കുന്നത്. ശാസ്ത്രവിഷയത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത് അടുത്ത കാലത്തായിരുന്നു.

സംഘപരിവാർ വോട്ടുകളിലെ അടിയൊഴുക്ക് എങ്ങോട്ട?

വോട്ട് വർധിപ്പിക്കുക എന്നതിലപ്പുറം പ്രസക്തിയൊന്നും എൻ.ഡി.എ സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിന് ഇല്ല. മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട് എന്ന ആരോപണം സിപിഎം ഉയർത്തിയ സാഹചര്യത്തിൽ വോട്ട് ഉയർത്താനായില്ലെങ്കിൽ വോട്ടു കച്ചവടം എന്ന പതിവ് വിമർശനത്തിന് വിധേയമാവും എന്നത് സംഘ്പരിവാർ ക്യാമ്പിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. എൻ.ഡി.എക്ക് വേണ്ടി മൽസരിക്കുന്നത് ബി.ഡി.ജെ.എസ് ആണെന്നത് സിപിഎമ്മിന്റെ ആരോപണത്തിന് ശക്തി പകരുന്ന ഘടകമാണ്. എങ്കിലും അവസാനസമയത്ത് സംഘപരിവാർ വോട്ടുകളിൽ അടിയൊഴുക്ക് ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

2014ൽ ആലത്തൂരിൽ മൽസരിച്ച ബിജെപി സ്ഥാനാർത്ഥി 87803 വോട്ട് നേടിയിരുന്നു. ശബരിമല വിഷയം അടിത്തട്ടിൽ അടിയൊഴുക്ക് ഉണ്ടാക്കുമോ എന്ന സ്വാഭാവികമായ ആശങ്ക ഇടതുമുന്നണി നേതൃത്വത്തിന് ഉണ്ട്. 'മണ്ഡലമേതായാലും മണ്ഡലക്കാലം മറക്കരുത്' എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതി നടത്തുന്ന പ്രചാരണം മണ്ഡലത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. ആർക്ക് വോട്ടു ചെയ്യണം എന്നു പറയാതെ സിപിഎമ്മിനെതിരേ വോട്ട് ചെയ്യണം എന്ന ആവശ്യമാണ് കർമ്മസമിതി മുന്നോട്ടുവെക്കുന്നത്.

മറ്റു പലയിടത്തും ശബരിമല സമരക്കാരുടെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നാണ് സൂചന. എന്നാൽ ആലത്തൂരിൽ അത്തരം വോട്ടുകൾ യു.ഡി.എഫിന്റെ പെട്ടിയിലേ വീഴാൻ സാധ്യതയുള്ളൂ. എന്നാൽ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ, തങ്ങളുടെ സംഘടനാ ശക്തി വലുതാണെന്നും, ശബരിമല വികാരം വോട്ടെടുപ്പിൽ തങ്ങൾക്കെതിരായി പ്രതിഫലിക്കാനിടയില്ലെന്ന ആത്മവിശ്വാസം സിപിഎം നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP