Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിറ്റയത്തെ ജയിപ്പിക്കാൻ അരയും തലയും മുറക്കി പിള്ളയും ഗണേശും; കഴിഞ്ഞ തവണത്തെ വെറും പതിനയ്യായിരം വോട്ടിന്റെ ലീഡ് പിള്ളയുടെ മുന്നണി മാറ്റത്തോടെ മറികടക്കാമെന്ന് പ്രതീക്ഷയിൽ എൽഡിഎഫ്; യുഡിഎഫും എൻഡിഎയും എൻഎസ്എസ് -ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രതീക്ഷ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിൽ; രാഹുലും ശബരിമലയും കൊടിക്കുന്നിലിന് തുണയാവുമെന്ന് യുഡിഎഫ്; മാവേലിക്കരയിൽ അവസാനഘട്ടത്തിൽ ഫലം അപ്രവചനാതീതം

ചിറ്റയത്തെ ജയിപ്പിക്കാൻ അരയും തലയും മുറക്കി പിള്ളയും ഗണേശും; കഴിഞ്ഞ തവണത്തെ വെറും പതിനയ്യായിരം വോട്ടിന്റെ ലീഡ് പിള്ളയുടെ മുന്നണി മാറ്റത്തോടെ മറികടക്കാമെന്ന് പ്രതീക്ഷയിൽ എൽഡിഎഫ്; യുഡിഎഫും എൻഡിഎയും എൻഎസ്എസ് -ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രതീക്ഷ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിൽ; രാഹുലും ശബരിമലയും കൊടിക്കുന്നിലിന് തുണയാവുമെന്ന് യുഡിഎഫ്; മാവേലിക്കരയിൽ അവസാനഘട്ടത്തിൽ ഫലം അപ്രവചനാതീതം

അനന്ദു തലവൂർ

മാവേലിക്കര: കീഴൂട്ട് ആർ ബാലക്യഷ്ണ പിള്ള എന്ന കേരളരാഷ്ട്രീയത്തിലെ അതികാന്റെയും, മകനും എംഎൽഎയുമായ കെ.ബി ഗണേശ് കുമാറിന്റെയും അഭിമാന പ്രശ്നമാണ് മാവേലിക്കരയിലെ ഇടതുസ്ഥാനാർത്ഥിയുടെ വിജയം. പിള്ളയുടെ കേരളകോൺഗ്രസ് ( ബി ) ഇടതുമുന്നണിയിൽ എത്തിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. അതിനാൽ അരയും തലയും മുറുക്കി മാവേലിക്കര ഇന്ന് വരെ കണ്ടിട്ടില്ലാത്ത പ്രവർത്തനമാണ് ഇടതു വലതു മുന്നണി നടത്തുന്നത്. കഴിഞ്ഞ തവണത്തെ വെറും പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ മറികടക്കാമെന്ന് എൽഡിഎഫ് കരുതുന്നത്. എന്നാൽ രാഹുൽ തരംഗവും ശബരിമലയും അടക്കം തങ്ങൾക്ക് ഗുണം ചെയ്യുമെന്നും അവസാനഘട്ടത്തിൽ അരലക്ഷം വോട്ടിന് ജയിക്കുമെന്നുമാണ് യുഡിഎഫ് പറയുന്നത്. എന്നാൽ മൽസരം ഫോട്ടോഫിനീഷിലേക്ക് നീങ്ങുകയാണെന്നും അവസാന ജയം ആർക്കാണെന്നും പറയാൻ കഴിയാത്ത സാഹചര്യമാണ് മണ്ഡലത്തിൽ ഉള്ളത്.

കൊടിക്കുന്നിലിനെ തളക്കാൻ രണ്ടും കൽപ്പിച്ച്

കോട്ടയം, ആലപ്പുഴ, കൊല്ലം എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന സംവരണ മണ്ഡലമാണ് മാവേലിക്കര. പ്രളയം കനത്ത നാശം വിതച്ച കുട്ടനാടും ചെങ്ങന്നൂരും ഈ മണ്ഡലത്തിലാണ്. എൻഎസ്എസിനും , എസ്എൻഡിപിക്കും ക്രൈസ്തവ സഭയ്കൾക്കും ശക്തമായ സ്വാധീനമാണിവിടെയുള്ളത്. മാവേലിക്കരയിൽ ഹാട്രിക് വിജയം നേടാനൊരുങ്ങി കൊടിക്കുന്നിൽ സുരേഷും , സിപിഐയ്ക്ക് അവരുടെ ആദർശ മുഖമായ അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും , തെരഞ്ഞെടുപ്പുകളിൽ പരിചിതനായ ബിഡിജെഎസ്സിന്റെ തഴവ സഹദേവനും തമ്മിലാണ് പേരാട്ടം നടക്കുന്നത്.25 വർഷം പാർലമെന്റ് അംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിനെ തളയ്ക്കാൻ എൽ.ഡി.എഫ്. രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നത് . കാര്യമായ വികസം കൊണ്ടുവന്നില്ലെന്നും വളരെപെട്ടെന്ന് സമ്പന്നനായെന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ച് കൊടിക്കുന്നിലിനെതിരെ എൽഡിഎഫ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നുണ്ട്.

ഏറെക്കാലം യുഎഡിഎഫിന്റെ കൂടെയുണ്ടായിരുന്നആർ ബാലകൃഷ്ണപിള്ളയും പത്തനാപുരം എംഎ‍ൽഎ കെ.ബി ഗണേശ് കുമാറും ഇടതുമുന്നണിയിലെ തെരഞ്ഞെടുപ്പ് പ്രചാരകരായത് പത്തനാപുരത്തേയും കൊട്ടാരക്കരയിലേയും വലിയൊരു ശതമാനം നായർ വോട്ടുകൾ ഇടതുപക്ഷത്തിലേക്ക് അടുപ്പിക്കാൻ കഴിയുമെന്നാണ്പ്രതീക്ഷ.സമുദായ വോട്ടുകൾക്ക് പുറമേ കേരളകോൺഗ്രസ് (ബി )ക്ക് വലിയ സ്വാധീനമുള്ള രണ്ട് മണ്ഡലങ്ങൾ കൂടിയാണ് കൊട്ടാരക്കരയും പത്തനാപുരവും. ഏതുവിധേനെയും കൊടുക്കുന്നിലിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് പിള്ളക്കും ഗണേശനുമുള്ളത്. അതിനാൽ തന്നെ തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതലയും ഗണേശ് കുമാറിന് തന്നെയാണ് .2014 ൽ കേരളകോൺഗ്രസ് ബി ,യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പത്തനാപുരത്ത് നിന്ന് മാത്രം കൊടിക്കുന്നിലിന് ലഭിച്ചത് .ഇത്തവണ അത് എന്താകുമെന്ന് കാത്തിരുന്ന് കാണാം.

മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നതല്ല അടൂർ. എന്നിട്ടും മാവേലിക്കര പിടിക്കാൻ അടൂർ എംഎൽഎയായചിറ്റയത്തെ ഇറക്കുമ്പോൾ, ചരിത്രത്തിൽ തന്നെയാണ് സിപിഐയും ഇടതുപക്ഷവും കണ്ണുവച്ചിരിക്കുന്നത്. കൊട്ടാരക്കരയിലെ ചിറ്റയമെന്ന ഗ്രാമത്തിൽ നിന്നും വന്ന് അടൂർ എന്ന യുഡിഎഫ് കോട്ട പിടിക്കാൻ കഴിഞ്ഞൊരാൾക്ക് അടൂരിൽ നിന്നും മാവേലിക്കരയും പിടിക്കാൻ കഴിയുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. പ്രളയം നല്ല രീതിയിൽ ബാധിച്ച ലോക്സഭാ മണ്ഡലം കൂടിയാണ് മാവേലിക്കര. അതേ സമയം കോൺഗ്രസ് അദ്ധ്യക്ഷൻരാഹുൽ ഗാന്ധിയുടെ പത്തനാപുരം സമ്മേളനത്തോടെ വിജയം അനായാസമാണന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഇതുവഴി ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ട് ഒഴുക്ക് കൂടുമെന്നും പ്രതീക്ഷിക്കുന്നു.കൂടാതെ ശബരിമല വിഷയം ഏറ്റവും കൂടുതൽ ബാധിച്ച ഇവിടെ വിശ്വാസികൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലുമാണ്യുഡിഎഫ് നേത്യത്വം .

സമുദായ വോട്ടുകൾ നിർണ്ണായകം

കൊല്ലം ജില്ലയിലെ കുന്നത്തൂരും, കൊട്ടാരക്കരയും, പത്തനാപുരം , ആലപ്പുഴ ജില്ലയിലെ മാവേലിക്കരയും ,കുട്ടനാടും, ചെങ്ങന്നൂരും കോട്ടയം ജില്ലയിലെ ചെങ്ങനാശ്ശേരിലിയുമായി പരന്നു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മണ്ഡലത്തിലെ ഏഴിൽ ആറ് നിയോജകമണ്ഡലങ്ങളിലും എൽഡിഎഫാണ് വിജയിച്ചത് . കൂടാതെ എൻഎസ്എസ്, എസ്എൻഡിപി,കെപിഎംഎസ് തുടങ്ങിയ ജാതി സംഘടനകൾക്കും ക്രൈസ്തവസഭകൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് മാവേലിക്കര. യുഡിഎഫും എൻഡിഎയും എൻഎസ്എസ് -ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെക്കുമ്പോൾ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

അയ്യപ്പ ജ്യോതിയിലെ ജനപങ്കാളിത്തം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതിനെ കൈഅയഞ്ഞ് സഹായിച്ച ഓർത്തഡോക്സഭ ഇക്കുറി പിണങ്ങിയ മട്ടാണ്.ചെങ്ങന്നൂരിന് പുറമേ മാവേലിക്കരയിലും ചങ്ങനാശേരിയിലും ഇത് അലയൊലിയുണ്ടാകും.യാക്കോബായ വിഭാഗം കൂടെ ഉണ്ടാകുമെന്ന ആശ്വസത്തിലാണ് എൽഡിഎഫ്.തോമസ് ചാണ്ടിക്കെതിരായ നിലപാടിൽ കുട്ടനാട്ടിൽ എൻസിപി സിപിഐയോട് ഇടഞ്ഞ് നിൽക്കുന്നു. ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ എൻഎസ്എസ് മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടതും മണ്ഡലത്തിൽ ചലനങ്ങളുണ്ടാക്കും.ബിഡിജെഎസിന് പകരം ബിജെപി ആയിരുന്നെങ്കിൽ എന്തെങ്കിലും സാധ്യത ഉണ്ടായിരുന്നുവെന്നാണ് എൻഡിഎ അടക്കം പറയുന്നത്.

പാളയത്തിലെ പട ചതിച്ചില്ലെങ്കിൽ എൻഎസ്എസ് ആശിർവാദത്തോടെ കൊടിക്കുന്നിലിന് മണ്ഡലം പിടിക്കാം. ചെറിയ തോതിലെങ്കിലും എൻഎസ്എസ് വോട്ടുകൾ പെട്ടിയിലാക്കാനും ഒപ്പം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനത്തിലെ കണക്കുകൾ പിഴക്കാതിരുന്നാലും ഇടതിന് മാവേലിക്കര പിടിക്കാൻ കഴിയും. ഇഞ്ചോടിഞ്ചാണ് മാവേലിക്കരയിലെ പോരാട്ടമാണ് അവസാന നിമിഷവും കാണാൻ കഴിയുന്നത്. ഇടതിനും വലതിനും ഒരു പോലെ സാധ്യത. ജയപരാജയങ്ങൾ നിർണ്ണയിക്കാൻ എൻഡിഎയ്ക്ക് ആകുമോയെന്ന് കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP