Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റൂട്ട് പെർമിറ്റില്ലാതെ ഓടും; ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളും; ലോഡുകൾ കയറ്റി ഇറക്കാനുള്ള ഗോഡൗൺ യാത്രകളും ദുരൂഹം; ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവിലും വില്ലൻ; ഓണത്തിനും ക്രിസ്മസിനും വിഷുവിനും ഈടാക്കുന്നത് നാലിരട്ടി ചാർജ്; സ്ത്രീകൾക്ക് വേണ്ടി പോലും റസ്റ്റ് റൂമിൽ നിറുത്തില്ല; ചോദിച്ചാൽ വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയുന്ന ജീവനക്കാർ; കല്ലട സുരേഷിന് തുണ നാല് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; കല്ലട ട്രാവൽസിന്റെ യാത്ര റൂട്ട് തെറ്റുമ്പോൾ

റൂട്ട് പെർമിറ്റില്ലാതെ ഓടും; ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളും; ലോഡുകൾ കയറ്റി ഇറക്കാനുള്ള ഗോഡൗൺ യാത്രകളും ദുരൂഹം; ബംഗളുരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവിലും വില്ലൻ; ഓണത്തിനും ക്രിസ്മസിനും വിഷുവിനും ഈടാക്കുന്നത് നാലിരട്ടി ചാർജ്; സ്ത്രീകൾക്ക് വേണ്ടി പോലും റസ്റ്റ് റൂമിൽ നിറുത്തില്ല; ചോദിച്ചാൽ വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയുന്ന ജീവനക്കാർ; കല്ലട സുരേഷിന് തുണ നാല് സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും; കല്ലട ട്രാവൽസിന്റെ യാത്ര റൂട്ട് തെറ്റുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോടീശ്വരനായ കെ ആർ സുരേഷ് കുമാറിന്റെ കല്ലട ട്രാവൽസ് പ്രവർത്തിക്കുന്നത് നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തിയാണ്. കേരളത്തിൽ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്താനുള്ള നിയമപരമായ അവകാശമൊന്നും ഇവർക്കില്ല. എങ്കിലും ആരും ഒന്നും ചോദിക്കില്ല. കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാടകയിലും ഹൈദരാബാദിലുമെല്ലാം ഉന്നത സ്വാധീനം കല്ലടയ്ക്കുണ്ട്. പൊലീസിലും ഗതാഗത വകുപ്പിലും ഇവരുടെ കിമ്പളം വാങ്ങാത്തവർ കുറവാണ്. വാളെടുക്കാൻ വരുന്ന ഉദ്യോഗസ്ഥരെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കുകയും ചെയ്യും. ഇതിന്റെ ബലത്തിലാണ് മൂന്ന് യുവാക്കളെ കല്ലട ബസിൽ ഗുണ്ടകൾ തല്ലി ചതച്ചത്. ഇപ്പോൾ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളും ചർച്ചയാവുകയാണ്.

കല്ലട ഗ്രൂപ്പിന് 2 ട്രാവൽ സർവീസ് ആണ് ഉള്ളത്. ഒരെണ്ണം കല്ലട ട്രാവെൽസ് സുരേഷ് കല്ലടയുടെ കീഴിലും, കല്ലട ജി4 ഗ്രൂപ്പ് മറ്റു നാലു സഹോദരങ്ങൾ ആയ സുനിൽ കുമാർ, ശൈലേഷ് കുമാർ, സജീവ് കുമാർ, ശ്രീ സന്തോഷ് കുമാർ എന്നിവരുടെ കീഴിലും. ഇതിൽ ഏറ്റവും കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സുരേഷ് കല്ലട ഗ്രൂപ്പ് ആണ്. സുരേഷ് കല്ലട ഗ്രൂപ്പിന് സ്‌കാനിയ, വോൾവോ, മെഴ്സിഡസ് ബെൻസ് മൾട്ടി ആക്‌സിൽ സെമി സ്ലീപ്പർ, സ്ലീപ്പർ ബസുകൾ ഉണ്ട്. കൂടാതെ ധാരാളം ഏസി സ്ലീപ്പർ ബസുകളും ഈ അടുത്ത കാലത്ത് ഓടി തുടങ്ങിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളിൽ നിന്നും, നഗര പ്രാന്ത പ്രദേശത്തുനിന്നും ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പോണ്ടിച്ചേരി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് നടത്തുന്നു. തമിഴ് നാട് സംസ്ഥാനത്തിൽ കോയമ്പത്തൂർ ഉൾപ്പെടെ ഉള്ള നഗരങ്ങളിൽ നിന്നും ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നു. എന്ത് നിയമപരമായ അവകാശമാണ് ഇവർക്ക് ഇതിനുള്ളതെന്ന് ആർക്കും അറിയില്ല.

നിയമപ്രകാരമായിട്ട് അല്ല കല്ലട ട്രാവൽസ് സർവ്വീസ് നടത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബാംഗ്ലൂർ തിരുവനന്തപുരം റൂട്ടിൽ നടത്തുന്ന സർവ്വീസിനെ കുറിച്ച് വ്യാപകമാണ് പരാതികൾ. റൂട്ട് പെർമിറ്റ് എടുക്കാതെയാണ് കല്ലട സർവ്വീസ് നടത്തുന്നത്. ഒരേ പെർമിറ്റ് നമ്പറിൽ രണ്ട് വണ്ടികളാണ് ഓടിക്കുന്നതെന്നാണ് സൂചന. ഒരേ സമയം തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുക. ഇതിൽ ലഗേജ് കൊണ്ടുവരാൻ പാടില്ലെങ്കിലും ഗുഡ്സ് ഉൾപ്പടെ കൊണ്ട് വരുന്നുണ്ട്. മാത്രമല്ല വലിയ ചാർജ് ആണ് ഇതിന് ഈടാക്കുകയും ചെയ്യുന്നുണ്ട്. ആർടിഒ ഉൾപ്പടെയുള്ള വലിയ സർക്കാർ സംവിധാനങ്ങളുമായി കല്ലട സുരേഷിന് നല്ല ബന്ധമുണ്ട്.

ഒരു കോൺട്രാക്റ്റ് കാരിയർ പെർമിറ്റ് മാത്രമാണ് ഇവർക്ക് ഉള്ളത്. നിയമം വളച്ചൊടിക്കുന്ന കല്ലടയ്ക്ക് ഒത്താശയായി പൊലീസും രംഗത്തുള്ളത് അവർക്ക് ബലമാണ്. ലഗേജിന് പ്രത്യേക ഫീസ് ഏർപ്പെടുത്തിയും അതിവേഗത്തിൽ ഓടുന്ന വണ്ടികൾക്ക് ടിക്കറ്റിനും അമിത നിരക്ക് ഏർപ്പെടുത്തുന്നുണ്ട്. കർണാടകയിലാണ് കല്ലടയുടെ രജിസ്ട്രേഷൻ ഉൾപ്പടെ നടത്തിയിരിക്കുന്നത്. നിയമപരമായ ഇടപെടലുകൾക്ക് കർണാടകയിൽ പോകേണ്ടി വരും എന്നുള്ളതുകൊണ്ട് തന്നെ കല്ലടയ്ക്ക് എതിരെയുള്ള പല പരാതികളും മുന്നോട്ട് പോയില്ല. മാത്രമല്ല യാത്രക്കാർക്ക് പരാതിയുണ്ടെങ്കിലും ഇത് തന്നെയാണ് അവസ്ഥ. ഒപ്പം കേരളത്തിലെ വലിയ ഒരു വിഭാഗം ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരും ഇയാളുടെ ഒപ്പമാണ് എന്നതും ഞെട്ടിക്കുന്നതാണ്.

എങ്കിലും ഒരു സമയത്തു ബാംഗ്ലൂർ യാത്രകൾ പലതും ഈ സർവീസ് ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. ബസ് കയറാൻ ഉള്ള ഏജന്റ് തലം മുതൽ ഉള്ളവർ ഒരു കാര്യം ഒന്ന് കൂടെ ചോദിച്ചാൽ ,എന്താണ് ബസ് ലേറ്റ് ആവുന്നത് എന്ന് ചോദിച്ചാൽ ഒക്കെ തെരുവ് ഗുണ്ടകളുടേ നിലവാരത്തിൽ ആണ്. ബസിൽ അതിലും കലിപ്പ് ടീമുകൾ. ഇവരുടെ ലോഡുകൾ പലതും കയറ്റി ഇറക്കുന്നതിന് വേണ്ടി വഴി തിരിച്ചു പല ഗോഡൗൺ യാത്രകൾ. യാത്രയുടെ പകുതി സമയവും ഇഴഞ്ഞു ഇഴഞ്ഞു ഏതൊക്കെയോ ലോഡുകൾ കയറ്റാനും ആളെ പിടിക്കാനും. പിന്നെ പാതി രാത്രി കഴിഞ്ഞു ഇരുനൂറു കിലോമീറ്റര് വേഗതയിൽ മരണ പാച്ചിൽ-സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റായിരുന്നു ഇത്. അതായത് യാത്രക്കാരെ കൊണ്ടു പോകുന്നതിനൊപ്പം ചരക്കുകളും അതിർത്തി കടത്തുന്നു. നികുതി വെട്ടിച്ചാണ് ഇത് പലപ്പോഴും അതിർത്തി കടന്നെത്തുകയും പോവുകയും ചെയ്യുന്നു. മയക്കു മരുന്ന് കടത്തിനും ഏജന്റുമാർ ഈ ബസ് ഉപയോഗിക്കുന്നു. ഈ ബസുകളെ പൊലീസോ മോട്ടോർ വാഹന വകുപ്പോ തടയാത്തതാണ് ഇതിന് കാരണം.

യാത്രക്കാർക്ക് യാതൊരു സൗകര്യവും ഒരുക്കാത്ത ബസിലാണ് ബാഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള മയക്കുമരുന്നിന്റെ കടത്തെന്നാണ് പൊലീസും സംശയിക്കുന്നത്. എങ്കിലും ഈ ബസിനെ തടയാനോ പരിശോധിക്കാനോ പൊലീസിന് കഴിയില്ല. പൊലീസിലെ സ്വാധീനമാണ് ഇതിന് കാരണം. ഇവർക്കെതിരെ പരാതി പറഞ്ഞാൽ കൈയേറ്റവും ഉറപ്പാണ്. പലപ്പോഴും കല്ലട ബസിൽ യാത്ര ചെയ്തിട്ടുണ്ട്, ഒരിക്കൽ രാത്രി 9 മണിയായപ്പോൾ ചാർജ് പോയന്റ് വർക് ചെയ്യുന്നില്ല, ഡ്രൈവറോട് ചോദിച്ചപ്പോൾ അയാൾ ഓഫ് ചെയ്തതാണ് എന്നു പറഞ്ഞു. ഫോണ് ചാർജ് കഴിഞ്ഞു, അത് ഓണാക്കുമോ, എന്നു ചോദിച്ചപ്പോൾ ഡ്രൈവർ എന്നോട് വളരെ പരുക്കനായി പെരുമാറി, 2300 രൂപ എണ്ണി തന്നിട്ടാണ് ഞാൻ ഈ ബസിൽ കയറിയത് എന്നു ഞാനും പറഞ്ഞു. അര മണിക്കൂർ വേണേമങ്കിൽ ഓണ് ചെയ്യാം എന്ന് പറഞ്ഞു 20 മിനുറ്റ് ആകുന്നതിന് മുന്നേ അത് ഓഫ് ചെയ്തു കളഞ്ഞു-സോഷ്യൽ മീഡിയയിൽ വരുന്ന മറ്റൊരു കമന്റാണ് ഇത്.

സ്ത്രീകൾ ഉണ്ടങ്കിൽ പോലും ബസ് റസ്റ്റ് റൂമിൽ നിറുത്തില്ല .. ചോദിച്ചാൽ സമയം ഇല്ലെന്ന് പറയും .. വഴിയോരത്തു ഒഴപ്പിച്ചോളാൻ പറയും .. നിവർത്തി ഇല്ലാതെ ചില പെൺകുട്ടികൾ ഒഴിച്ചിട്ടുമുണ്ട് .. നിലവാരം ഇല്ലാത്ത ജീവനക്കാർ .. ഈ കാണിച്ചത് ഒരു തമിഴനെയോ കന്നഡക്കാരനെയോ ആയിരുന്നേൽ നിന്റെ അപ്പൂപ്പനെ വരെ അവന്മാർ എടുത്ത് കത്തിച്ചേനെ .. മലയാളികൾ സഹിഷ്ണുത ഉള്ളതുകൊണ്ട് മാത്രം നിനക്ക് സർവീസ് പിന്നെയും മൂഞ്ചാൻ പറ്റുന്നുണ്ട് .. ചിലപ്പോൾ ഈ സഹിഷ്ണുത അങ്ങ് മറക്കും-ഇതാണ് മറ്റൊരു കമന്റ്. സോഷ്യൽ മീഡിയ വിവാദം ഏറ്റുപിടിച്ചതോടെ അർധരാത്രിയിൽ യാത്രക്കാരെ മർദ്ദിച്ച് ബസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ശക്തമായ നടപടികൾ പൊലീസും എടുത്തു.

സംഭവം നടന്ന കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സംഭവത്തിൽ ഗതാഗത കമ്മിഷണറോട് റിപ്പോർട്ട് തേടിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വ്യവസ്ഥകൾ ലംഘിച്ച് ബസ് സർവീസ് നടത്തിയെന്നാണ് വിവരം. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. അതിനിടെ, സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ്, ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കല്ലട സുരേഷ് ബസിന്റെ മാനേജരെ ഇന്നലെ രാത്രി തന്നെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡിയിൽ എടുത്തവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മർദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണിൽ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസിൽ പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

സംഭവം നടന്ന ബസ് സ്റ്റേഷനിലെത്തിക്കാനും കൊച്ചി മരട് പൊലീസ് കല്ലട കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഈ ബസ് മരട് സ്റ്റേഷനിലെത്തും എന്ന് മരട് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം നടന്നപ്പോൾ ബസ് സ്റ്റേഷനിലെത്തിക്കാൻ പൊലീസ് ആലോചിച്ചിരുന്നുവെങ്കിലും ബസിൽ ദീർഘദൂരയാത്രക്കാരുള്ളതിനാൽ യാത്ര തുടരാൻ അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചതായാണ് വിവരം. യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയ അജയ് ഘോഷിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിൽ ശനിയാഴ്ച അർധരാത്രിയിലാണ് അക്രമം നടന്നത്.

ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. ഇന്നലെ രാത്രി ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ലെന്നാണ് ജേക്കബ് ഫിലിപ്പിന്റെ ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നത്. യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.

വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മരട് പൊലീസ് എസ്ഐ വിനോദ് ഇവരോട് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടു. 'മൂന്ന് പേരെയും ഒരു ഓട്ടോറിക്ഷയിൽ കയറ്റി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് വിട്ടതാണ്. എന്നാൽ അവർ അങ്ങോട്ടേക്ക് പോയില്ല. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം തിരികെ പോവുകയായിരുന്നു. ഇവർക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന അജയ് ഘോഷ് എന്നൊരാളും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP