Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കല്ലട ബസ് യാത്രക്കാരുടെ ഇടിവണ്ടിയാക്കിയ സംഭവം നാടുമുഴുവൻ അറിഞ്ഞിട്ടും ഒരുകുലുക്കവുമില്ല; മർദ്ദനമേറ്റ യുവാക്കളായ അഷ്‌ക്കറിനും സച്ചിനും വിവരം പുറത്തുകൊണ്ടുവന്ന ജേക്കബ് ഫിലിപ്പിനും ഗൂണ്ടകളുടെ നിരന്തരഭീഷണി; കമ്പനിക്കെതിരെ വ്യാജപ്രചാരണത്തിന് പരാതി നൽകി അകത്താക്കുമെന്ന് ജേക്കബ് ഫിലിപ്പിനെ വിരട്ടൽ; ബസിനുള്ളിൽ കഞ്ചാവ് കടത്തിയെന്ന് പരാതിപ്പെടുമെന്നും അഴിയെണ്ണിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി യുവാക്കൾ മറുനാടനോട്; ഒരുകൂസലുമില്ലാതെ കല്ലടമുതലാളി

കല്ലട ബസ് യാത്രക്കാരുടെ ഇടിവണ്ടിയാക്കിയ സംഭവം നാടുമുഴുവൻ അറിഞ്ഞിട്ടും ഒരുകുലുക്കവുമില്ല; മർദ്ദനമേറ്റ യുവാക്കളായ അഷ്‌ക്കറിനും സച്ചിനും വിവരം പുറത്തുകൊണ്ടുവന്ന ജേക്കബ് ഫിലിപ്പിനും ഗൂണ്ടകളുടെ നിരന്തരഭീഷണി; കമ്പനിക്കെതിരെ വ്യാജപ്രചാരണത്തിന് പരാതി നൽകി അകത്താക്കുമെന്ന് ജേക്കബ് ഫിലിപ്പിനെ വിരട്ടൽ; ബസിനുള്ളിൽ കഞ്ചാവ് കടത്തിയെന്ന് പരാതിപ്പെടുമെന്നും അഴിയെണ്ണിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി യുവാക്കൾ മറുനാടനോട്; ഒരുകൂസലുമില്ലാതെ കല്ലടമുതലാളി

ആർ പീയൂഷ്

കൊച്ചി: കല്ലട ബസിൽ വച്ച് യുവാക്കൾക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനമേറ്റ സംഭവം കേരളം ഞെട്ടലോടെയാണ് കണ്ടത്. സോഷ്യൽ മീഡിയ ശക്തമായി പ്രതികരിച്ചതോടെ അധികാരികൾ കണ്ണു തുറന്ന് നടപടികൾ കൈക്കൊണ്ടിരിക്കുകയാണ്. എങ്കിലും വിവരം പുറത്തുകൊണ്ടുവന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരനെയും മർദ്ദനമേറ്റ യുവാക്കളായ അഷ്‌ക്കർ, സച്ചിൻ എന്നിവർക്കും കല്ലട സുരേഷിന്റെ ഗുണ്ടകളുടെ ഭീഷണി നേരിടുകയാണ്. ഫെയ്സ് ബുക്കിൽ സംഭവം പങ്കു വച്ച ജേക്കബ് ഫിലിപ്പിനെ ഫോണിൽ വിളിച്ച് കമ്പനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പരാതി നൽകി അകത്താക്കുമെന്നാണ് ഭീഷണി. അത് കൂടാതെ തങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും എന്നും ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നതായും വ്യവസായിയായ ജേക്കബ് ഫിലിപ്പ് പറയുന്നു.

അതേ സമയം മർദ്ദനമേറ്റ സച്ചിനും അഷ്‌ക്കറിനും ഫോണിൽ വിളിച്ച് തെറി വിളിയും ഭീഷണിപ്പെടുത്തലുമാണ്. ബസിനുള്ളിൽ കഞ്ചാവ് കടത്തിയെന്നുകാട്ടി പരാതി നൽകുമെന്നും പ്രശ്നം നടക്കുമ്പോൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞ് കേസാക്കി അകത്തിടുമെന്നും ജീവിക്കാൻ അനുവദിക്കില്ല എന്നുമാണ് ഭീഷണി. ഇതോടെ ഇരുവരും കോയമ്പത്തൂരിൽ ഒളിവിൽ കഴിയുകയാണ്. ബിടെക്ക്കാരായ ഇരുവരും അടുത്തുള്ള ഒരു ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് ഒരു ധൈര്യമായി എന്നാണ് ഇരുവരും മറുനാടൻ മലയാളിയോട് പറഞ്ഞത്. ബുക്ക് ചെയ്ത അഡ്രസ്സ് നോക്കി അവിടെ ഭീഷണിയുമായി ഗുണ്ടകളെത്തിയെന്നും ഇരുവരും പറയുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഹരിപ്പാട് കരുവാറ്റ ഗ്രാമപഞ്ചായത്തിന് മുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സുരേഷ് കല്ലട ബസ് ബ്രേക്ക് ഡൗണാകുന്നത്. എല്ലാ യാത്രക്കാരെയും വാഹനത്തിൽ നിന്നും വെളിയിലിറക്കിയ ജീവനക്കാർ എന്നാൽ കൃത്യമായ ഉത്തരങ്ങൾ യാത്രക്കാർക്ക് നൽകിയില്ല. പകരം യാത്രാ സംവിധാനം ഒരുക്കുകയോ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകുന്നതിനും ഡ്രൈവർ തയ്യാറായില്ല. ബസ് നന്നാക്കാൻ ആളെത്തും എന്നു മാത്രമായിരുന്നു മറുപടി. യാത്രക്കാർ ദേശീയ പാതയോരത്ത് ഇരുട്ടിൽ തന്നെ നിൽക്കുകയും ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകാതാകുകയും ചെയ്തതോടെ രണ്ട് ചെറുപ്പക്കാർ ഡ്രൈവറോട് കയർത്ത് സംസാരിച്ചു. അപ്പോഴും കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ഡ്രൈവറുടെ ഫോണിൽ കൊച്ചിയിലെ വൈറ്റിലയിലുള്ള സുരേഷ് കല്ലടയുടെ ഓഫീസിൽ ഈ ചെറുപ്പക്കാർ വിളിച്ചു.

എന്നാൽ ഇരു വശത്തു നിന്നും പരുഷമായ ഭാഷയിലുള്ള സംസാരം നടന്നു എന്നല്ലാതെ യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വൈറ്റിലയിലെ ഓഫീസിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. കുറച്ച് സമയം കഴിഞ്ഞ് അവിടെയെത്തിയ ഹരിപ്പാട് പൊലീസ് ഡ്രൈവറോട് യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം 30 മിനിറ്റ് അവിടെ നിന്നു. അതിന് ശേഷം പൊലീസും പോയി. വീണ്ടും മൂന്നു മണിക്കൂർ കഴിഞ്ഞാണ് പകരം ബസെത്തി ഇവർ യാത്ര തുടരുന്നത്.

പുതിയതായി എത്തിയ ബസിൽ യാത്ര തുടരവേ ബസിൽ എല്ലാവരും ഉറക്കമായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം വലിയ ഒച്ച കേട്ടാണ് താൻ ഉണർന്നതെന്നും അപ്പോൾ കണ്ടത് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ നാലഞ്ച് പേർ ചേർന്ന് നേരത്തേ ബസ് ഡ്രൈവറോട് ചൂടാകുകയും വൈറ്റിലയുള്ള കല്ലട ട്രാവൽസിന്റെ ഓഫീസിൽ വിളിക്കുകയും ചെയ്ത രണ്ടു ചെറുപ്പക്കാരെയും സിനിമ സ്റ്റൈലിൽ മർദ്ദിക്കുകയായിരുന്നു. ബസിൽ കയറിയ ഗുണ്ടകൾ യുവാക്കളുടെ മുഖത്തേക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. ദേഹത്ത് തൊടാതെ വർത്താനം പറഞ്ഞാൽ മതി എന്നും. ആയിരം രൂപ തന്നിട്ട് ആണ് വന്നത് എന്നും പറഞ്ഞപ്പോൾ ഇവർ യുവാക്കളെ പുറത്ത് ഇറക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ആദ്യം പരാതി പറഞ്ഞ യാത്രക്കാരനെ മർദ്ദിച്ച് അവശനാക്കി. പിന്നെ യുവാക്കളെയും പൊതിരെ മർദ്ദിച്ചു. രണ്ട് സുഹൃത്തുക്കളും രണ്ട് സ്ഥലത്തേക്ക് മാറിയെങ്കിലും വീണ്ടും ഇവർ എത്തി മർദ്ദിക്കുകയുംചെയ്തു.

ഇടിക്കാനായി വേറെ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനിടയിലും ഭീഷണിയുണ്ടായിരുന്നു. സുഹൃത്തിനെ കൊന്നു എന്ന് ഭീഷണിപ്പെടുത്തി നാല് അഞ്ച് പേർ വന്ന ശേഷം മുടി പിടിച്ച് തല തറയിൽ അടിക്കുകയും ബിയർ ബോട്ടിൽ കൊണ്ട് തലയിൽ അടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലും ബൈക്കിൽ അവർ ഫോളോ ചെയ്തു. ബസ് യാത്രക്കാരെ മർദ്ദിച്ചുവെന്നും അവരുടെ വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചെന്നും മാലയും വാച്ചും എല്ലാം മോഷ്ടിച്ചുവെന്ന് കള്ളക്കേസിൽ പെടുത്തുമെന്നും അവർ ഭീഷണിപ്പെടുത്തിയെന്നും യുവാക്കൾ പറയുന്നു.

അപ്പുറത്ത് എവിടെയോ മാറി നിന്ന സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നില്ലെങ്കിൽ മർദ്ദിക്കും എന്ന് ഭീഷണിപ്പെടുത്തി. നേരത്തെ രക്ഷപ്പെട്ട് ഓടിയ സ്ഥലത്ത് വെച്ച് ഒരു ആർഎക്‌സ 100 ബൈക്കിൽ ബിയർ ബോട്ടിലുമായി ഒരു ആൾ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോൾ വീണ്ടും ഓടി രക്ഷപ്പെട്ടെങ്കിലും അവർ എത്തി പിടികൂടി വീണ്ടും മർദ്ദിച്ചുവെന്നും യുവാക്കൾ പറയുന്നു. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

സംഭവത്തിൽ കേരളത്തിലെമ്പാടും വ്യാപക പ്രതിഷേധമാണുയുരുന്നത്. കല്ലട ബസ് കേരളത്തിൽ നിരോധിക്കണമെന്നും കർശ്ശന നടപടി എടുക്കണമെന്നും എല്ലാവരും ഒരുപോലെ ആവശ്യപ്പെടുന്നു. കല്ലടയുടെ ബസിൽ ആരും യാത്ര ചെയ്യരുതെന്നും എവിടെ കണ്ടാലും അടിച്ചു തകർക്കണമെന്നുമുള്ള വികാരങ്ങളാണ് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് സുരേഷ് കല്ലടയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. എന്തായാലും മർദ്ദനമേറ്റ ചെറുപ്പക്കാർക്കും വിവരം പുറം ലോകത്തെ അറിയിച്ച വ്യവസായിക്കും വലിയ ഭീഷണിയാണ് സുരേഷ് കല്ലടയുടെ ഭാഗത്ത് നിന്നുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP