Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം

ഇരട്ടവോട്ടുകൾ അരലക്ഷത്തിലേറെ; തങ്ങൾക്ക് കിട്ടില്ലെന്ന് മനസിലാക്കിയ നാമജപയാത്രയിൽ പങ്കെടുത്തവരുടെ വോട്ടുകൾ പലതും പട്ടികയിൽ നിന്ന് നീക്കി; വ്യാജരേഖ അടിച്ച് വീടുകളിൽ എത്തിച്ചു; പിടിവീണപ്പോൾ തങ്ങൾ കോൺഗ്രസുകാരാണെന്ന് വിതരണക്കാരും; സോഷ്യൽമീഡിയ വഴി വ്യാജ പ്രചാരണവും; പത്തനംതിട്ടയിൽ ത്രികോണ പോരിന്റെ ചൂട് അതിശക്തം; സുരേന്ദ്രനെ തളയ്ക്കാൻ പെടാപാടുപ്പെട്ട് സിപിഎം

ആർ കനകൻ

കൊല്ലം: സിപിഎമ്മിന്റെ വാട്ടർലൂവാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. കോടതി വിധിയുടെ പേര് പറഞ്ഞ് ശബരിമലയിലെ വിശ്വാസവും ആചാരവും തച്ചുടയ്ക്കാൻ നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെതിരേ വിധിയെഴുതാൻ നിൽക്കുന്ന ജനം ഒരു വശത്ത്. എന്തു തറവേല നടത്തിയിട്ടാണെങ്കിലും വേണ്ടില്ല പത്തനംതിട്ടയിൽ വീണയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പിണറായിയും പരിവാരങ്ങളും മറുവശത്ത്.പത്തനംതിട്ട ഈരാറ്റുപെട്ട തെക്കേക്കര ബൂത്തിൽ നിരവധി പേർക്ക് വോട്ട് നഷ്ടമായി. റാഷിദിനും കുടുംബത്തിലെ നാല് പേർക്കും വോട്ട് നഷ്ടമായി. മുമ്പ് ഇവർ ഇതേ ബൂത്തിൽ വോട്ട് ചെയ്തിരുന്നു. കോൺഗ്രസ് അനുഭാവികളാണ് ഇവർ. ഇതോടെ രാഷ്ട്രീയ എതിരാളികളുടെ പേരെല്ലാം വെട്ടിമാറ്റപ്പെട്ടുവെന്ന ആരോപണവും സജീവമാകുകയാണ്.

തുടക്കം മുതൽ സുരേന്ദ്രനുണ്ടായിരുന്ന പിന്തുണയും കഴിഞ്ഞ ദിവസം കനത്ത മഴയിലും അമിത്ഷായുടെ റാലിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾ അടക്കമുള്ള പതിനായിരങ്ങളെയും കണ്ട് കിളി പോയ അവസ്ഥയിലാണ് എൽഡിഎഫ്. വിവിധ സർവേ ഫലങ്ങൾ ശരിവയ്ക്കും വിധം വീണ നിലവിൽ മൂന്നാം സ്ഥാനത്തേക്ക് വീണ ലക്ഷണമാണ്. ഇതു മറികടക്കാൻ വേണ്ടിയുള്ള തറക്കളികൾ സിപിഎം നടത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. ശബരിമല കർമ സമിതിയുടെ നാമജപഘോഷയാത്രയിൽ പങ്കെടുത്ത, തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പാക്കിയ വോട്ടുകൾ വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കി ദീർഘവീക്ഷണത്തോടെയുള്ള അട്ടിമറി പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്തത്.

കടമ്പനാട് പഞ്ചായത്തിലെ ഈഴവ ഭൂരിപക്ഷ മേഖലയായ നെല്ലിമുകളിൽ മാത്രം ഇങ്ങനെ വെട്ടിനിരത്തിയിരിക്കുന്നത് 143 വോട്ടാണ്. ഇതെല്ലാം സിപിഎം-കോൺഗ്രസ് അനുഭാവികളുടെ വോട്ടാണ്. ഇതെല്ലാം തന്നെ മാറിയ സാഹചര്യത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമെന്ന് മനസിലാക്കിയാണ് കൂട്ടവെട്ടിനിരത്തൽ. ഇന്നലെ വൈകിട്ട് ബിഎൽഓർ സ്ലിപ്പുമായി എത്തിയപ്പോഴാണ് വോട്ട് പോയ വിവരം ഇവർ അറിയുന്നത്. സാധാരണ വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കുന്നത് പരാതി പ്രകാരമാണ്. ആൾ മരിച്ചു പോയി/സ്ഥലത്തില്ല, സ്ഥലം വിട്ടു പോയി എന്നിങ്ങനെയുള്ള കാരണങ്ങളാകും പരാതിയിൽ നിരത്തുക. പരാതി ലഭിച്ചാലുടൻ തെരഞ്ഞെടുപ്പ് വിഭാഗം ആർക്കെതിരെയാണോ പരാതി ലഭിച്ചിരിക്കുന്നത് അവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകും.

നോട്ടീസുമായി ഹാജരായി തന്റെ ഭാഗം വിശദീകരിക്കുന്നവരെ പട്ടികയിൽ നിലനിർത്തും. എന്നാൽ, ഇവിടെ അത്തരമൊരു നോട്ടീസ് ആർക്കും തന്നെ ലഭിച്ചിട്ടില്ല. അതു കൊണ്ടു തന്നെ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിച്ചതുമില്ല. അങ്ങനെ വോട്ടർ പോലും അറിയാതെയാണ് പട്ടികയിൽ നിന്ന് അവർ അപ്രത്യക്ഷമായിരിക്കുന്നത്. ആറ്റിങ്ങൽ മാതൃകയിൽ പത്തനംതിട്ടയിൽ കണ്ടെത്തിയിരിക്കുന്നത് അരലക്ഷത്തിലധികം ഇരട്ടവോട്ടുകളാണ്. ഇതു സംബന്ധിച്ച് ഡിസിസി നേതൃത്വം ഇന്നലെ കലക്ടർക്ക് പരാതി നൽകി കഴിഞ്ഞു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ തള്ളുമെന്ന് കലക്ടർ ഉത്തരവിട്ടിട്ടുമുണ്ട്. കെ സുരേന്ദ്രൻ ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ചയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് വച്ച് ലഘുലേഖകൾ തയാറാക്കി വിതരണം ആരംഭിച്ചത് കഴിഞ്ഞ ദിവസമാണ്. എല്ലാ വീടുകളിലും ഇതുമായി ചെന്നവരെ സ്ത്രീകൾ തന്നെയാണ് തടഞ്ഞു വച്ചത്.

പുല്ലാട്, കോയിപ്രം ഭാഗത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് എൻഡിഎ നേതാക്കളും പ്രവർത്തകരും വന്നു. തങ്ങൾ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ഇവർ പറഞ്ഞത്. എന്നാൽ, സിപിഎമ്മുകാരാണെന്ന് പിന്നീട് മനസിലായി. കോൺഗ്രസിന്റെ ബൂത്തുകളിൽ ഇരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിൽ ലഘുലേഖ വിതരണം ചെയ്യാൻ ആരു പോകാനാണെന്ന് എൻഡിഎ പ്രവർത്തകർ ചോദിക്കുന്നു. ജാതി തിരിച്ചുള്ള വോട്ടു ചോദ്യമാണ് എൽഡിഎഫിന്റെ മറ്റൊരു നടപടി. ഈഴവസമുദായാംഗങ്ങളുടെ വീടുകളിൽ ഈഴവ നേതാക്കളെയും നായർ സമുദായാംഗങ്ങളുടെ വീടുകളിൽ നായർ നേതാക്കളെയും കയറ്റി വിടുകയാണ് വോട്ട് ചോദിക്കുന്നതിന് വേണ്ടി.

ഉച്ചയ്ക്ക് മുൻപ് തങ്ങളുടെ പ്രവർത്തകരെ മുഴുവൻ വോട്ട് ചെയ്യിപ്പിച്ചതിന് ശേഷം വ്യാപക അക്രമത്തിന് സിപിഎം തയ്യാറെടുക്കുന്നുവെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നു. സാധാരണ സ്ത്രീകൾ കൂടുതൽ ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാൻ എത്തുന്ന്ത്. സ്ത്രീകളുടെ പിന്തുണ സുരേന്ദ്രനാണെന്ന് മനസിലാക്കി അവരെ ഭയപ്പെടുത്തി വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് എൻഡിഎ ആരോപിക്കുന്നു. ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റും യുഡിഎഫ് പാർലമെന്റ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ജനറൽ കൺവീനറുമായ ബാബു ജോർജ് റിട്ടേണിങ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകി.

എല്ലാ ബൂത്തുകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു വോട്ടർ ഒന്നിലധികം ബൂത്തുകളിൽ വോട്ടർ പട്ടികയിൽ പേരു രജിസ്റ്റർ ചെയ്യുന്നത് ജനപ്രാതിനിത്യ നിയമപ്രകാരം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടി ഒരേ ആളിനെത്തന്നെ വിവിധ ബൂത്തുകളിൽ പേരു ചേർത്തിട്ടുള്ളതിന്റെ വിശദവിവരങ്ങൾ ഡിസിസിക്ക് വിവിധ ബൂത്തുകളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച പേരുകൾ ജില്ലാ വരണാധികാരിക്ക് കൈമാറും. ഇപ്രകാരം ചേർത്തിട്ടുള്ളവർക്ക് വ്യത്യസ്ത നമ്പരുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. ഇപ്രകാരം ചേർക്കപ്പെട്ട വ്യക്തികളുടെ പേരും മേൽവിലാസവും പിതാവിന്റെയോ ഭർത്താവിന്റെയോ പേരും ഒന്നു തന്നെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

ചേർക്കപ്പെട്ടവരുടെ ഫോട്ടോകൾ വ്യത്യസ്തമാണ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ആകമാനം എൺപത്തിയേഴായിരത്തിൽ അധികം പേരെ ഇങ്ങനെ വോട്ടർ പട്ടികയിൽ പേരു ചേർത്തത് ജില്ലാ കോൺഗ്രസ് കമ്മിറ്റി കണ്ടു പിടിച്ചിട്ടുണ്ട്. ഇവരുടെ ലിസ്റ്റുകൾ അതാതു ബൂത്തുകളിൽ പ്രിസൈഡിങ് ഓഫീസർമാരെ ഏൽപ്പിക്കുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. ഇവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കാതിരിക്കുവാൻ നടപടി സ്വീകരിക്കണം. ഇപ്രകാരം പേരു ചേർത്ത വോട്ടർമാരുടെ പേരിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഡി.സി.സി പരാതിയും നൽകും.

ഒന്നിലധികം ബൂത്തുകളിൽ ഇപ്രകാരമുള്ള വോട്ടർമാർ ആരെങ്കിലും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ അവരുടെ പേരിൽ അനായാസം പൊലീസിന് കേസെടുക്കാൻ കഴിയുമെന്നും ബാബു ജോർജ്ജ് പറഞ്ഞു. വളരെ ബോധപൂർവ്വമാണ് വോട്ടർ പട്ടികയിൽ പേരുകൾ ഇപ്രകാരം ചേർത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP