Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടിപൊളി ലുക്കിൽ നാലാം ക്ലാസുവരെ പഠിച്ച സ്‌കൂളിൽ ഏഴ് മണിയോടെ താരമെത്തി; ക്യൂവിൽ നിന്നപ്പോൾ വില്ലനായി വോട്ടിങ് മെഷീനിലെ ക്രമക്കേടും; ഓർമ്മകളുടെ ഗൃഹാതുരത്വവുമായി മുടവന്മുകളിൽ ക്ഷമയോടെ നിന്നത് ഒരു മണിക്കൂറോളം; ലൂസിഫറിലെ ജനനായകനെ കാണാൻ ബൂത്തിന് മുന്നിലെ ചുറ്റുമതിലിനും തൊട്ടടുത്ത വീടിനു മുകളിലും തടിച്ചു കൂടിയത് തറവാട്ടു വീട്ടിനടുത്ത സ്വന്തം നാട്ടുകാർ; എത്തിയത് പൗരന്റെ അവകാശം വിനിയോഗിക്കാനെന്ന് പ്രതികരണവും; മോഹൻലാൽ തിരുവനന്തപുരത്തെ വോട്ടറായപ്പോൾ

അടിപൊളി ലുക്കിൽ നാലാം ക്ലാസുവരെ പഠിച്ച സ്‌കൂളിൽ ഏഴ് മണിയോടെ താരമെത്തി; ക്യൂവിൽ നിന്നപ്പോൾ വില്ലനായി വോട്ടിങ് മെഷീനിലെ ക്രമക്കേടും; ഓർമ്മകളുടെ ഗൃഹാതുരത്വവുമായി മുടവന്മുകളിൽ ക്ഷമയോടെ നിന്നത് ഒരു മണിക്കൂറോളം; ലൂസിഫറിലെ ജനനായകനെ കാണാൻ ബൂത്തിന് മുന്നിലെ ചുറ്റുമതിലിനും തൊട്ടടുത്ത വീടിനു മുകളിലും തടിച്ചു കൂടിയത് തറവാട്ടു വീട്ടിനടുത്ത സ്വന്തം നാട്ടുകാർ; എത്തിയത് പൗരന്റെ അവകാശം വിനിയോഗിക്കാനെന്ന് പ്രതികരണവും; മോഹൻലാൽ തിരുവനന്തപുരത്തെ വോട്ടറായപ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: എല്ലായ്‌പ്പോഴും വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം മോഹൻലാലിന് കിട്ടാറില്ല. ഷൂട്ടിങ് തിരക്കുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പലപ്പോഴും അത് മാറ്റി വയ്ക്കും. കൊച്ചിയിലാണ് സ്ഥിര താമസമെങ്കിലും തിരുവനന്തപുരത്താണ് ലാലിന്റെ വോട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ മോഹൻലാൽ അഭിനയിച്ചത് രാഷ്ട്രീയക്കാരനായ അധോലോകക്കാരന്റെ റോളിലാണ്. ജനാധിപത്യത്തെ ജനഹിതത്തിലേക്ക് വഴി തിരിച്ചു വിടുന്ന സ്റ്റീഫൻ നെടുമ്പള്ളി. കേരള രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന കഥാപാത്രവുമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ താരം ഇത്തവണ തന്റെ അഭിപ്രായവും നിലപാടും വോട്ടിംഗിലും പ്രതിഫലിപ്പിച്ചു. കുടുംബ വീട്ടിനടുത്ത ബൂത്തിൽ താര ജാഡകൾ അഴിച്ചുവച്ച് താരമെത്തി. വലിയ ജനക്കൂട്ടമാണ് മുടുവന്മുകളിലെ എൽപി സ്‌കൂളിലെത്തിയത്. സൂപ്പർതാരത്തെ കാണാനും അഭിവാദനം ചെയ്യാനും.

രാഷ്ട്രീയം പറയാതെ വോട്ട് ചെയ്ത് ലാൽ മാതൃകയുമായി. സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൂപ്പർ താരം മോഹൻലാൽ ക്യൂവിൽ നിന്നത് ഒന്നര മണിക്കൂറോളം നേരം. വിദ്യാർത്ഥിയായിരിക്കെ താൻ അധ്യയനം നടത്തിയ മുടവന്മുകൾ സ്‌കൂളിൽ തെല്ലൊരു ഗൃഹാതുരതയോടെ മോഹൻലാൽ എത്തുമ്പോൾ സാമാന്യം നല്ലൊരു ക്യൂ ബൂത്തിലുണ്ടായിരുന്നു. വെള്ള ഷർട്ടും ജീൻസും ധരിച്ച ലാൽ ധൃതിയിൽ ബൂത്തിന് മുന്നിലെ ക്യൂവിൽ അവസാനക്കാരനായി നിലയുറപ്പിച്ചു. രാവിലെ ഏഴേ കാലോടെ മുടവന്മുകളിലെ ബൂത്തിൽ എത്തിയ മോഹൻലാൽ പക്ഷെ എട്ടേമുക്കാലോടെയാണ് വോട്ട് ചെയ്ത് മടങ്ങിയതും. വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീൻ കേടായത് ലാലിന് കുരിശായി മാറുകയും ചെയ്തു. ഇതോടെയാണ് അരമണിക്കൂറിനകം വോട്ടു ചെയ്ത് മടങ്ങാം എന്ന് തീരുമാനിച്ച് വന്ന ലാൽ ക്യൂവിൽ കുടുങ്ങിയത്.

ആൾക്കൂട്ടവും ഫാൻസും മാധ്യമങ്ങളും ഈ സമയത്ത് ലാലിന് മുന്നിൽ തമ്പടിച്ചു. മോഹൻലാൽ മുടവന്മുകളിലെ ബൂത്തിൽ എത്തുമ്പോൾ തന്നെ പൊലീസും ഒപ്പമെത്തി. ബൂത്തിലെ സാഹചര്യങ്ങൾ നിരീക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എങ്ങിനെയും വോട്ടു ചെയ്ത് മടങ്ങാനുള്ള സൗകര്യം ഒരുക്കി നൽകാം എന്ന് ലാലിനെ അറിയിച്ചു. ക്യൂ ഒന്ന് നോക്കിയ ലാൽ ക്യൂവിൽ തന്നെ സ്ഥാനം പിടിച്ചു. ക്യൂവിൽ നിന്ന് തന്നെ വോട്ടു ചെയ്യാം എന്ന് ലാൽ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് മുടവന്മുകളിലെ ബൂത്തിൽ സുരക്ഷ ഒരുക്കി പൊലീസ് ലാലിന് മുന്നിൽ വലയം തീർത്തു. വോട്ടിങ് മെഷീനിനു കേടു വന്നതിനെ തുടർന്ന് ലാൽ ക്യൂവിൽ തന്നെ തുടർന്നു.

ഈ സമയത്ത് ലാലിനെ കാണാൻ ബൂത്തിന് അകത്തും പുറത്തുമായി തിരക്ക് വർദ്ധിച്ചു കൊണ്ടിരുന്നു. തിക്കിലും തിരക്കിലും കുടുങ്ങി ലാലും വീർപ്പുമുട്ടി. ഇതിനിടയിൽ പൊലീസിന് സുരക്ഷ തലവേദനയായി മാറി. ഇത് മനസിലാക്കി പൊലീസ് വീണ്ടും ലാലിനെ സമീപിച്ചു. ക്യൂവിൽ നിന്ന ആർക്കും പരാതിയില്ല. ലാലിന് വോട്ടിനു സൗകര്യമൊരുക്കാൻ എല്ലാവരും തയ്യാറാണ് എന്ന് പൊലീസ് വീണ്ടും അറിയിച്ചു. ഒന്ന് ആലോചിച്ച ശേഷം ക്യൂ നോക്കിയ മോഹൻലാൽ പൊലീസിന്റെ സൗമനസ്യം വീണ്ടും നിരസിച്ചു. ക്യൂ മുന്നോട്ടു പോകട്ടെ. ക്യൂവിൽ നിന്ന് തന്നെ വോട്ട് ചെയ്യാം എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ പൊലീസ് അലർട്ടായി. ലാലിന് ചുറ്റും നിലയുറപ്പിച്ചവരെ പൊലീസ് ഒന്നൊന്നായി ചോദ്യം ചെയ്തു. വോട്ടർമാർ അല്ലാത്തവരെ മുഴുവൻ മാറ്റി. വോട്ടു ചെയ്യാൻ വന്നവരെ ക്യൂവിലേക്ക് ചേർത്ത് നിർത്തി. ഇതോടെ തത്ക്കാലം ലാലിന് മുന്നിൽ തിരക്ക് കുറച്ചൊക്കെ ഒഴിവാക്കാൻ പൊലീസിന് സാധിക്കുകയും ചെയ്തു.

പുറത്തേത്തിയവർ സ്‌കൂളിന് മുന്നിലെ പുറം ഭിത്തിയിൽ വലിഞ്ഞു കയറി. ലാലിനെ കണ്ടു. തൊട്ടടുത്ത വീടുകൾക്ക് മുകളിലും മുന്നിലെ റോഡിനും മുന്നിലും ആളുകൾ തടിച്ചു കൂടി. ഇവർക്ക് ഒപ്പം ലാൽ ആരാധകർ കൂടി എത്തിയപ്പോൾ റോഡ് മുഴുവൻ ബ്ലോക്ക് ആയി. പൊലീസ് ഇടക്കിടെ ലാലിന് മുന്നിലെ ക്യൂ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് മറുനാടൻ അടക്കമുള്ള മാധ്യമപവർത്തകർക്ക് ലാലിന് അടുത്ത് എത്താൻ കഴിഞ്ഞു. സമ്മതിദാനാവാകാശം ഒരു പൗരന്റെ ഒഴിച്ച് കൂടാനാകാത്ത കടമയാണ്. ഈ കടമ നിർവഹിക്കാനാണ് താൻ എത്തിയിരിക്കുന്നത്-മറുനാടനോട് ആ ഘട്ടത്തിൽ ലാൽ പ്രതികരിച്ചു. ലാൽ ബൂത്തിന് അകത്തേക്ക് കയറിയപ്പോൾ പൊലീസ് വഴി മുഴുവൻ ഒഴിപ്പിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ രണ്ടു വാക്ക് ബൂത്തിനു പുറത്ത് നിന്ന് നിന്ന് സംസാരിച്ച ശേഷം ലാൽ ധൃതിയിൽ പുറത്തേക്ക് നടന്നു. ഇതോടുകൂടി മോഹൻലാൽ ഫാൻസിന്റെ ആർപ്പ് വിളികളും മുദ്രാവാക്യങ്ങളും റോഡിൽ മുഴങ്ങി.

ലാൽ മടങ്ങുന്നത് കണ്ട പൊലീസ് ബൂത്തിന് മുന്നിൽ പാർക്ക് ചെയ്ത മോഹൻലാലിന്റെ കാറിനു ചുറ്റുമുള്ള മുഴുവൻ ആളുകളെയും ഞൊടിയിടയിൽ നീക്കി. ഇതോടെ ലാൽ കാറിനുള്ളിൽ എത്തി. അപ്പോഴേക്കും കാറിനു ചുറ്റുമായി ലാൽ ഫാൻസ് അണിനിരന്നു കഴിഞ്ഞിരുന്നു. മുദ്രാവാക്യം വിളികൾക്കിടയിലൂടെയാണ് കാർ നീങ്ങിയത്. കാറിലെ വെളുത്ത ഗ്‌ളാസിനുള്ളിലേക്ക് ലാലിനെ കാണാൻ ആരാധകർ എത്തുന്നത് കണ്ട ലാൽ ഗ്‌ളാസിനുള്ളിലൂടെ തനിക്ക് നേരെ കയ്യുയർത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടിരുന്നു. തിരുവനന്തപുരത്ത് മുടവന്മുകളിലാണ് മോഹൻലാലിന്റെ കുടുംബ വീട്. പഠനവും താമസവുമെല്ലാം ഇവിടെയായിരുന്നു. അമ്മയ്ക്ക് സുഖമില്ലാതായതോടെ ചികിൽസാർത്ഥം കൊച്ചിയിലേക്ക് മാറി. മുടവന്മുകളിലെ വീട് അടച്ചിട്ടിരിക്കുകയാണ്. അപ്പോഴും ഈ വീട്ടിലെ വോട്ടറാണ് ലാൽ. അതുകൊണ്ടാണ് ഇവിടെ വോട്ട് ചെയ്യാൻ ലാൽ എത്തിയതും.

വോട്ടു ചെയ്യുന്നത് സസ്‌പെൻസ് ആയിരിക്കും എന്നാണു ഇന്നലെ ലാൽ കൊച്ചിയിൽ പ്രതികരിച്ചത്. സുരേഷ് ഗോപി കാണാൻ എത്തിയപ്പോൾ ഒപ്പം വന്ന മാധ്യമങ്ങളോടാണ് വോട്ടിന്റെ കാര്യം സസ്‌പെൻസ് എന്ന് ലാൽ പ്രതികരിച്ചത്. ഇന്നലെ രാത്രി തന്നെ എറണാകുളത്ത് നിന്നും മോഹൻലാൽ തിരുവനന്തപുരത്ത് എത്തിയിരുന്നു. ശേഷം രാവിലെ തന്നെ മുടവന്മുകൾ ബൂത്തിൽ എത്തുകയും ചെയ്തു. സുഹൃത്തായ സനൽകുമാറും ലാലിനൊപ്പം ഉണ്ടായിരുന്നു. 

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് അതുകൊണ്ട് തന്നെയാണ് വിലപ്പെട്ട വോട്ട് രേഖപ്പെടുത്താൻ ലാൽ എത്തിയത്. സ്ഥിര താമസം കൊച്ചിയിൽ ആണെങ്കിലും ഗൃഹാതുരമായ ഓർമകാരണം വോട്ടു ലാൽ തിരുവനന്തപുരത്ത് തന്നെ നിലനിർത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP