Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനർ ടിപി സൂരജ് അന്തരിച്ചു; വീട്ടിനടുത്ത് റോഡരികിലെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പൊലീസ്; തിരുവനന്തപുരം കാലടിയിൽ ഓട്ടോയിൽ കൊണ്ടിറക്കിയവരെ കണ്ടെത്താൻ നീക്കം; വിടവാങ്ങുന്നത് ചലച്ചിത്ര മേളയുടെ സിഗ്നേച്ചർ ഫിലിം അടക്കം ചെയ്ത അസാമാന്യ പ്രതിഭ; ചാനൽ പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാവാതെ വിതുമ്പി സുഹൃത്തുക്കൾ

അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനർ ടിപി സൂരജ് അന്തരിച്ചു; വീട്ടിനടുത്ത് റോഡരികിലെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പൊലീസ്; തിരുവനന്തപുരം കാലടിയിൽ ഓട്ടോയിൽ കൊണ്ടിറക്കിയവരെ കണ്ടെത്താൻ നീക്കം; വിടവാങ്ങുന്നത് ചലച്ചിത്ര മേളയുടെ സിഗ്നേച്ചർ ഫിലിം അടക്കം ചെയ്ത അസാമാന്യ പ്രതിഭ; ചാനൽ പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗം ഉൾക്കൊള്ളാനാവാതെ വിതുമ്പി സുഹൃത്തുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മികച്ച ഗ്രാഫിക് ഡിസൈനർമാരിൽ ഒരാളും അമൃതാ ടിവിയിലെ ഗ്രാഫിക് ഡിസൈൻ വിഭാഗം മേധാവിയുമായിരുന്ന ടി.പി.സൂരജിന് അകാലത്തിൽ അന്ത്യം. മരുതൂർക്കടവ് കാലടിക്ക് സമീപത്തുള്ള കടയ്ക്ക് സമീപം സമീപം രാവിലെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നു പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.

മെഡിക്കൽ കോളേജിൽ എത്തിക്കും മുൻപ് തന്നെ സൂരജ് മരിച്ചിരുന്നു എന്നാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം അമൃതാ ടിവിയുടെ വഴുതക്കാടുള്ള ആസ്ഥാനമന്ദിരത്തിൽ സൂരജിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. അതിനുശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.

വിഷു അവധിക്ക് വീട്ടിൽ പോയതിനു ശേഷം കാലടിയിലെ വീട്ടിലേക്ക് സൂരജിന്റെ ഭാര്യ എത്തിയിരുന്നില്ല. ഭാര്യയും മകനും സ്വദേശമായ കണ്ണൂരിലാണ്. അതിനാൽ തന്നെ വീട്ടിൽ സൂരജ് തനിച്ചായിരുന്നു. മരണത്തിലുള്ള ദുരൂഹത മാറിയിട്ടില്ല. എന്താണ് സൂരജിന് സംഭവിച്ചത് എന്ന കാര്യത്തിൽ ആർക്കും ധാരണയുമില്ല. അർദ്ധരാത്രിയാണ് സൂരജ് കാലടിയിൽ വന്നിറങ്ങിയത് എന്നാണ് സൂചന. പക്ഷെ വീട്ടിൽ എത്തിയിട്ടില്ല. റോഡ് വക്കത്ത് മരിച്ച് കിടക്കുന്ന നിലയിലാണ് സൂരജിനെ പൊലീസ് കണ്ടത്.

ആശുപത്രിയിൽ എത്തിക്കുന്നതിന് ആറു മണിക്കൂറിനു മുൻപ് സൂരജ് മരിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയിൽ ഓട്ടോയിൽ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയിൽ പതിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. സൂരജ് എവിടെ പോയിരുന്നോ എന്നോ ആരാണ് സൂരജിനെ ഓട്ടോയിൽ നിന്നും പുറത്തിറക്കിയതോ എന്നുള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല. വലിയ സൗഹൃദ വൃന്ദമുള്ള ഗ്രാഫിക് ഡിസൈനർ ആയിരുന്നു ടി.പി.സൂരജ്. ഗ്രാഫിക്‌സിന്റെ വിവിധ മേഖലകളിൽ വൈവിധ്യ പൂർണ്ണമുള്ള ഇടപെടലിനും സൂരജിന് കഴിഞ്ഞിരുന്നു.

ജോലിയിലെ മികവ് കാരണം കേരളത്തിലെ ഒട്ടുമിക്ക ഗ്രാഫിക് ഡിസൈനർമാർക്കും സൂരജിനെ പരിചയവുമുണ്ട്. അമൃതാ ടിവി പ്രവർത്തനം ആരംഭിക്കും മുൻപ് തന്നെ ഗ്രാഫിക് ഡിസൈനർ ആയി സൂരജ് എത്തിയിരുന്നു. ഒന്നര പതിറ്റാണ്ടായി സൂരജ് അമൃതയിൽ തുടരുകയുമായിരുന്നു. സൗമ്യനും സൗഹൃദങ്ങൾ സൂക്ഷിക്കുന്ന സ്വഭാവവും ഉള്ളത് കാരണം സൂരജ് അമൃതയിലും അമൃതയ്ക്ക് പുറത്തും സ്വീകാര്യനായിരുന്നു. ജോലിയിലെ മികവ് ആയിരുന്നു സൂരജിന്റെ കൈമുതൽ. ചില സിനിമകളിലും ഗ്രാഫിക്‌സ് കൈകാര്യം ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെയാണ് ഐഎഫ്എഫ്‌കെയിൽ സിഗ്‌നേച്ചർ ഫിലിം ചെയ്യാനും സൂരജിന് കഴിഞ്ഞത്. ഐഎഫ്എഫ്‌കെയുടെ ഒരു സീസണിൽ കയ്യടി നേടിയ സിഗ്‌നേച്ചർ ഫിലിം ആയിരുന്നു സൂരജ് ഒരുക്കിയത്. ഈ സിഗ്‌നേച്ചർ ഫിലിം കാരണം സിനിമയിൽ നിന്നും അവസരങ്ങൾ സൂരജിനെ തേടി വന്നിരുന്നു. പക്ഷെ അമൃത എന്ന സുരക്ഷിത ലാവണം വിട്ട് സ്വതന്ത്രനായി നിൽക്കാൻ സൂരജിന് വിമുഖതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലരും വിവിധ ലാവണങ്ങളിൽ ഉയർന്ന പോസ്റ്റുകളിൽ എത്തിയപ്പോൾ കഴിവുണ്ടായിട്ടും സൂരജിന് ഈ രീതിയിൽ ഉയരാൻ കഴിഞ്ഞില്ല. അതിന്റെ അസ്വസ്ഥതകൾ സൂരജ് അടുപ്പമുള്ളവരോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അമൃതയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം പലരും സ്ഥാപനം വിട്ടപ്പോഴും പീഡനങ്ങൾ സഹിച്ച് പലരും അവിടെ തുടരുകയും ചെയ്തപ്പോൾ അത്തരം ജീവനക്കാരോട് യാതൊരു പ്രശ്‌നങ്ങളും കാണിക്കാതെ പഴയ സൗഹൃദം തുടർന്ന ഒരേയൊരു ജീവനക്കാരൻ സൂരജ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ സൂരജുമായി വ്യക്തിബന്ധം പുലർത്തുന്ന പലർക്കും സൂരജിന്റെ വിയോഗം ഞെട്ടലുളവാക്കിയിട്ടുണ്ട്. അകാലത്തിലുള്ള സൂരജിന്റെ വിയോഗം ദൃശ്യ-മാധ്യമ രംഗത്തുള്ളവരെയും വിഷമത്തിലാഴ്‌ത്തിയിട്ടുണ്ട്. അമൃതയിൽ പൊതുദർശനത്തിനു ശേഷം സൂരജിന്റെ മൃതദേഹം ഇന്നുതന്നെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP