Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങൾ അവിസ്മരണീയമായി

ഷിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങൾ അവിസ്മരണീയമായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലയാളികൾ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാ വിഷു, സമാനതകൾ ഇല്ലാത്ത മറ്റൊരു ചരിത്രമെഴുതി ഷിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ ആഘോഷിച്ചു.

ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളയേ കുറിച്ചുള്ള സുവർണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വർഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. സ്വർണ്ണമണികൾ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാൽക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തിൽ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓർമ്മകളാണ് ഓരോ മലയാളികൾക്കും നൽകുന്നത്. ലോക ഹൈന്ദവ സമാജത്തിന്റെ നേര്കാഴ്‌ച്ചയായ ഷിക്കാഗോ ഗീതാമണ്ഡലം, ഷിക്കാഗോയിലെ സദ് ജനങ്ങൾക്കായി ഒരുക്കിയത്, ഒരിക്കലും മറക്കാനാവാത്ത വിഷു പൂജകളും, വിഷു ആഘോഷങ്ങളും ആണ്.

ഈ വർഷത്തെ മഹാ വിഷു ഏപ്രിൽ 20 , ശനിയാഴ്ച രാവിലെ മുഖ്യ പുരോഹിതൻ ശ്രീ ബിജുകൃഷ്ണൻ ജി യുടെ കാർമ്മികത്വത്തിൽ മഹാഗണപതി പൂജകളോടെ ശുഭാരംഭം കുറിച്ച പ്രതിഷ്ഠാകർമ്മങ്ങൾക്ക് ആനന്ദ് പ്രഭാകർ നേതൃത്വം നൽകി. തുടർന്ന് ഗണേശ അഥർവോപനിഷദ് സൂക്തങ്ങളാൽ മഹാഗണപതിക്കും, പുരുഷസൂക്തങ്ങളാലും ശ്രീ സൂക്തങ്ങളാലും ശ്രീ കൃഷ്ണനും അഭിഷേകങ്ങൾ നടത്തി.

തുടർന്ന് വിഷു ദിനത്തിൽ അമേരിക്കയിൽ തന്നെ ആദ്യമായി ദിലീപ് നെടുങ്ങാടിയുടെ നേതൃത്വത്തിൽ നടന്ന നാരായണ കവച പാരായണം വേറിട്ട ആത്മീയ അനുഭൂതിയാണ് ഭക്ത ജനങ്ങൾക്ക് നൽകിയത്, തദവസരത്തിൽ ആനന്ദ് പ്രഭാകർ നാരായണീയ പാരായണവും, പ്രവചനവും, ദിലീപ് നെടുങ്ങാടി വിഷ്ണു സഹസ്രനാമ പാരായണവും, ശ്രീമതി രശ്മി മേനോന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ഭജനയും ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടന്നു.

തുടർന്ന് കണിക്കൊന്നയാൽ അലങ്കരിച്ച ക്ഷേത്രങ്കണത്തിൽ, സർവ്വാഭരണ വിഭുഷിതനായ ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിനുമുന്നിൽ എഴുതിരി വിളക്കുകൾ തെളിച്ച്, പാരമ്പര്യത്തിന്റെ പ്രൗഢിയെ ഓർമ്മിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ സർവ്വ ഐശ്വര്യങ്ങളും സമ്മേളിച്ച ഓട്ടുരുളികളിൽ, ഗ്രന്ഥവും പഴുത്ത അടക്കയും വെറ്റിലയും കോടിവസ്ത്രവും വാൽക്കണ്ണാടിയും കണിക്കൊന്നയും കണിവെള്ളരിയും, കൺമഷി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും നാളികേരമുറിയും നാരങ്ങയും,ചക്കയും, മത്തനും, കുമ്പളങ്ങയും, മാങ്ങയും, നാണയവും തുടങ്ങി നയനാനന്ദകരവും, ഐശ്വര്യദായകവുമായ വിഭവങ്ങളോടുകൂടിയ കണിയാണ് ഷിക്കാഗോ ഗീതാമണ്ഡലം ഒരുക്കിയത്. വിഷുദിനത്തിൽ കിട്ടുന്ന കൈനീട്ടമനുസരിച്ചായിരിക്കും ആ വർഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം. കണി കണ്ട ശേഷം കുട്ടികൾക്കും മുതിർന്നവർക്കും വിശ്വനാഥൻജി,യും, വേണു വലയൽനാൽജിയും, മാതൃവാത്സല്യത്തിന്റെ നിറദീപമായ മണി ചന്ദ്രനും വിഷു കൈനീട്ടം നൽകി.

മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും, നാട്ടിൽ നിന്നും വരുത്തിയ തൂശനിലയിൽ ആണ് ശ്രീ അജി പിള്ള, ശ്രീ ശിവപ്രസാദ് പിള്ള എന്നിവരുടെ നേതൃത്വത്തിൽ വിഷു സദ്യ ഒരുക്കിയത്. തദവസരത്തിൽ ഓരോ ഭാരതീയന്റെയും സ്വകാര്യ അഹംങ്കാരമായ ഭാരതീയ പൈതൃകവും, നമ്മുടെ സംസ്‌കൃതിയും, ആചാരാഅനുഷ്ഠാനങ്ങളും അടുത്ത തലമുറയിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായി സനാതന ധർമ്മത്തെ ആസ്പദമാക്കി, കുമാരി നന്ദിനി സുരേഷ് മോഡറേറ്റർ ആയി സംഘടിപ്പിച്ച മത്സരങ്ങളിൽ മാസ്റ്റർ രോഹിത് നായർ ഒന്നാം സ്ഥാനവും, മാസ്റ്റർ അർജുൻ നായർ രണ്ടാം സ്ഥാനവും, കുമാരി ഗൗരി മേനോൻ മൂന്നാം സ്ഥാനവും നേടി.

വിഷു മലയാളികൾക്ക് കേവലം ആഘോഷദിനങ്ങളോ, വെറും കലോത്സവങ്ങളോ അല്ല, മറിച്ച് അതൊരു സംസ്‌കാരത്തിന്റെ ജീവപ്രവാഹിനി ആണ് എന്ന് നാം മനസിലാക്കുകയും ഇത് പോലുള്ള ഒത്തു ചേരലുകളിലൂടെ, അടുത്ത തലമുറക്ക് മനസിലാക്കികൊടുക്കുമ്പോൾ മാത്രമേ മലയാളികളെന്ന നിലയിൽ പൂർവിക പുണ്യം നമ്മിൽ വർഷിക്കപ്പെടൂ. അത് പോലെ തന്നെ പാരമ്പര്യമൂല്യങ്ങൾ പങ്കിടുന്ന ഒരു തലമുറ ഒരിക്കലും പതിരായിപ്പോകില്ല എന്ന സനാതന സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഷിക്കാഗോ ഗീതാമണ്ഡലം നമ്മുടെ സംസ്‌കൃതി അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കുന്ന തരത്തിൽ വിശേഷ ദിനങ്ങൾ കേരളത്തനിമയിൽ തന്നെ ആഘോഷിക്കുന്നത് എന്ന് പ്രസിഡന്റ് ശ്രീ ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. സ്വാമി ചിദാനന്ദ പുരിക്ക് നേരെയും, ഹൈന്ദവ ആചാര അനുഷ്ടാനങ്ങൾക്ക് നേരെയും കേരളത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഷിക്കാഗോ ഗീതാമണ്ഡലം ശക്തമായ അപലപിക്കുന്നതിനോടൊപ്പം, ശബരിമല ആചാരഅനുഷ്!ഠാനങ്ങൾ സംരക്ഷിക്കുവാൻ ഭക്ത ജനങ്ങളോടൊപ്പം നിന്നവരെ വിജയിപ്പിക്കുവാൻ എല്ലാ സഹായ സഹകരണങ്ങളും നൽകും എന്നും പ്രോഗ്രാം കോർഡിനേറ്റർ ശ്രീ പ്രജീഷ് അറിയിച്ചു.

തുടന്ന് പൂജകൾക്ക് നേതൃത്വം നൽകിയ ശ്രീ ബിജുകൃഷ്ണൻജിക്കും, ഈ വർഷത്തെ വിഷു പൂജകൾക്ക് നേതൃത്വം നൽകിയ ശ്രീമതി രമ നായർക്കും, നാരായണ കവചത്തിനും, വിഷ്ണു സഹസ്രനാമത്തിനും നേതൃത്വം നൽകിയ ദിലീപ് നെടുങ്ങാടിക്കും, നാരായണീയ പാരായണപ്രവചനങ്ങൾക്ക് നേതൃത്വം നൽകിയ ആനന്ദ് പ്രഭാകറിനും, വിഷു കൈനീട്ടം സ്പോൺസർ ചെയ്ത ശ്രീ വിശ്വനാഥൻ ജിക്കും, ശ്രീ വേണു വലയനാൽ ജിക്കും, ഈ വർഷത്തെ വിഷുആഘോഷം വിപുലവും കേരളീയതയും നിറച്ച് ഇത്രയും മനോഹരമാക്കാൻ സ ഹകരിച്ച എല്ലാ ബോർഡ് അംഗങ്ങൾക്കും, ഗീതാമണ്ഡലം വനിതാ പ്രവർത്തകർക്കും, വിഷു ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങൾക്കും സെക്രട്ടറി ബൈജു എസ്. മേനോനും പ്രത്യേകം നന്ദി അറിയിച്ചു. വൈകുന്നേരം ഗീതാമണ്ഡലം തറവാട്ടിൽ കുട്ടികൾ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും 2019ലെ വിഷുവിനു പരിസമാപ്തി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP