Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഔദ്യോഗിക കാറിൽ പാഞ്ഞെത്തിയ അമ്മ; സുമോയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ നോക്കിയ ക്രിമിനലിനെ പൂട്ടിയ തമിഴ്‌നാട് പൊലീസിനെ നേരിടാൻ വെട്ടുകത്തിയുമായി എത്തിയ അച്ഛൻ; ഷർട്ടുമാറ്റി വിടാമെന്ന് പറഞ്ഞു പോയി മകനുമായി മുങ്ങിയ മാതൃത്വം; വൈദ്യുതി മോഷണത്തിൽ കുടുങ്ങിയപ്പോൾ അമ്മയെ കോൺഗ്രസും കൈവിട്ടു; 'ഡയമണ്ട് മിജോ'യ്ക്ക് സംരക്ഷണമൊരുക്കുന്നത് ചേർപ്പ് പഞ്ചായത്തിനെ ഭരിച്ച അമ്മ മിനി ജോസ്; വണ്ടൂരിലെ കൊലയിൽ പൊലീസ് തെരയുന്ന കുടുംബത്തിന്റെ കഥ

മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ഔദ്യോഗിക കാറിൽ പാഞ്ഞെത്തിയ അമ്മ; സുമോയുടെ ചില്ല് തകർത്ത് രക്ഷപ്പെടാൻ നോക്കിയ ക്രിമിനലിനെ പൂട്ടിയ തമിഴ്‌നാട് പൊലീസിനെ നേരിടാൻ വെട്ടുകത്തിയുമായി എത്തിയ അച്ഛൻ; ഷർട്ടുമാറ്റി വിടാമെന്ന് പറഞ്ഞു പോയി മകനുമായി മുങ്ങിയ മാതൃത്വം; വൈദ്യുതി മോഷണത്തിൽ കുടുങ്ങിയപ്പോൾ അമ്മയെ കോൺഗ്രസും കൈവിട്ടു; 'ഡയമണ്ട് മിജോ'യ്ക്ക് സംരക്ഷണമൊരുക്കുന്നത് ചേർപ്പ് പഞ്ചായത്തിനെ ഭരിച്ച അമ്മ മിനി ജോസ്; വണ്ടൂരിലെ കൊലയിൽ പൊലീസ് തെരയുന്ന കുടുംബത്തിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: മക്കളുടെ കഞ്ചാവ് കേസ്സും അടിപിടിക്കേസ്സും കൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിൽ ശോഭിക്കാനാവാതെ പടിയിറക്കം.വിമത നീക്കം നടത്തിയിട്ടും ഫലം കണ്ടില്ല. ബിജെപിക്കാരനെന്ന് അറിയപ്പെടുന്ന ഭർത്താവ് കേസ്സിൽക്കുടുങ്ങിയായുള്ള പ്രചാരണം ശക്തിപ്പെട്ടതോടെ നാട്ടിൽ നിന്നും കെട്ടുംകെടക്കയുമായി മുങ്ങി. നിരവധി സ്ഥലങ്ങൾ മാറി ഒടുവിലെത്തിയത് ആവണത്തൂർ പഞ്ചായത്തിലെ വരടിയത്തുകൊലക്കേസ്സിൽ പ്രതികളായ മക്കളെയും റാഞ്ചി മിനി ജോസ് പറന്നത് എങ്ങോട്ടെന്നറിയാതെ പൊലീസ് നെട്ടോട്ടത്തിൽ. അതിനിടെ മുണ്ടൂരിൽ കൊലപാതക കേസിൽ പ്രതികളുടെ അമ്മയ്ക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് പാർട്ടി നേതൃത്വവും അറിയിച്ചു. അവരെ 2015ൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.

കഞ്ചാവ് മാഫിയകൾ തമ്മിലുള്ള സംഘടനത്തിൽ ശ്യാം, ക്രിസ്റ്റോ എന്നിവരെ കൊലപ്പെടുത്തി കേസ്സിൽ പൊലീസ് തിരയുന്ന മിജോ, ജിനോ എന്നിവരെ അമ്മയായ ചേർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ് തന്നെയാണ് ഒളിപ്പിച്ചിട്ടുള്ളതെന്നാണ് പൊലീസ് സംശയിക്കുന്നത്. മക്കൾ വളർന്നതോടെ മിനിയുടെ രാഷ്ട്രീയ ഭാവിതന്നെ അവതാളത്തിലായിരുന്നു. ഇതോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി മത്സരത്തിനെത്തി. ഇതോടെയാണ് അവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസ്സ് പാർട്ടിയിൽ അംഗമായിരിക്കെയാണ് ഇവർ ചേർപ്പ് പഞ്ചായത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ഈ കാലയളവിൽ തമിഴ്‌നാട് സ്വദേശിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മകൻ ജിനോയെത്തേടി തമിഴ്‌നാട് പൊലീസ് എത്തിയപ്പോൾ ഔദ്യോഗീക വാഹനത്തിൽ പറന്നെത്തി തന്ത്രത്തിൽ രക്ഷപെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതോടെയാണ് കോൺഗ്രസ് മിനി ജോസിനെ അകറ്റി നൽത്താൻ തുടങ്ങിയത്. 2015 മാർച്ചിലായിരുന്നു സംഭവം. ഈ സാഹചര്യത്തിലാണ് അവർക്ക് മാസങ്ങൾക്ക ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചത്. എന്നാൽ സ്വതന്ത്രയായി മത്സരത്തിനിറങ്ങി. ഇതോടെ പാർട്ടിയും കൈവിട്ടു. അന്ന് കൊലക്കേസിൽ മകനെ അറസ്റ്റ് ചെയ്യാൻ തമിഴ്‌നാട് പൊലീസ് എത്തിയപ്പോൾ തന്ത്രപരമായാണ് അമ്മ മകനെ രക്ഷിച്ചത്. അധികാരത്തിന്റെ പിൻബലത്തിലായിരുന്നു നീക്കം.

അന്ന് ചേർപ്പ് ചൊവ്വൂർ ചെറുവത്തേരിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ജിനോയെ തമിഴ്‌നാട് ഉക്കടം സിഐ കനകസഭാപതിയുടെ പിടിയിൽ നിന്നും മിനി ജോസ് രക്ഷിച്ചെടുത്തത്. ആ സംഭവത്തെക്കുറിച്ച് നാട്ടുകാർ ഓർത്തെടുക്കുന്നത് ഇങ്ങനെ തൃശൂർ സ്വദേശിയും മൂന്നു കൊലക്കേസുകളിലെ പ്രതിയുമായ സച്ചിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായാണ് തമിഴ്‌നാട് ഉക്കടം സിഐ കനകസഭാപതി തൃശൂരിലെത്തിയത്. തമിഴ്‌നാട് ഉക്കടം ബസ്സ്റ്റാൻഡിന് സമീപത്തുവച്ചാണ് സച്ചിന് കുത്തേറ്റത്. തലയിലും മറ്റു ശരീരഭാഗങ്ങളിലും മാരകമായി കുത്തേറ്റ് തമിഴ്‌നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായ സച്ചിൻ നൽകിയ മൊഴിപ്രകാരമാണ് ഉക്കടം സിഐയുടെ നേതൃത്വത്തിൽ പൊലീസ് തൃശൂരിലെത്തിയത്.

തൃശൂർ ടൗൺ പൊലീസിന്റെ സഹായത്തോടെ, ജിനുവും കുടുംബവും താമസിക്കുന്നത് ചൊവ്വൂർ ചെറുവത്തേരിയിലുള്ള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോർജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെത്തി. ടാറ്റാ സുമോയിലെ എത്തിയ തമിഴ്‌നാട് പൊലീസ് സംഘം ജിനുവിനെ പിടികൂടി വാഹനത്തിൽ പിൻസീറ്റിൽ കയറ്റി. ഇത് അറിഞ്ഞതോടെ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അമ്മ പാഞ്ഞെത്തി. ഇതിന് മുമ്പ് തന്നെ സുമോയുടെ പിൻഭാഗത്തെ ചില്ല് ചവിട്ടിത്തകർക്കാൻ ജിനു ശ്രമിച്ചിരുന്നു. പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് ഔദ്യോഗികവാഹനത്തിൽ പാഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മിനി ജോസ് സീൻ സൃഷ്ടിച്ച് മകനെ രക്ഷിച്ചത്.

പ്രസിഡന്റിന്റെ കാറിലെത്തിയ അവർ പൊലീസ് വാഹനം തടഞ്ഞുനിർത്തി. ഇതിനിടെ ഭർത്താവ് ജോസ് വെട്ടുകത്തിയുമായി വീട്ടിൽനിന്ന് ഇറങ്ങിവന്നു. തമിഴ്‌നാട് പൊലീസുമായുള്ള പ്രസിഡന്റിന്റെയും ഭർത്താവിന്റെയും വാക്കേറ്റം ചെറിയ തോതിൽ ഏറ്റുമുട്ടലിലുമെത്തി. നാട്ടുകാരും ചുറ്റും കൂടി. അച്ഛനും അമ്മയും മകനും അക്രമാസക്തരായെങ്കിലും ജിനുവിനെ മോചിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. ഇതോടെ മകൻ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രം മാറ്റയ ശേഷം മകനെ കൊണ്ടുപൊയ്ക്കാള്ളാൻ മിനി നിർദ്ദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റായതു കൊണ്ട് തന്നെ അമ്മയുടെ വാക്കുകൾ തമിഴ്‌നാട് പൊലീസ് മുഖവിലയ്ക്കെടുത്തു. അനുമതിയും നൽകി.

തുടർന്ന് ജിനുവിനെയും കൂട്ടി വീടിനകത്തേക്ക് പോയ മിനിയും മകനും പിൻവാതിലിലൂടെ രക്ഷപെട്ടു. ഇത് വലിയ വിവാദമായി. സിപിഎം വിഷയം ഏറ്റെടുത്തു. ഇതോടെ കോൺഗ്രസിന് നാണക്കേടുണ്ടായി. ഇതോടെ മിനി ജോസിന് മുമ്പിൽ സമ്മർദ്ദമായി. അന്ന് തന്നെ വൈകിട്ട് 6 -ഓടെ മിനി ജോസ് ജിനുവിനെ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. തുടർന്നാണ് ഈ കേസ്സിൽ നടപടികൾ പൂർത്തിയാക്കാൻ തമിഴ്‌നാട് പൊലീസിന് സാധിച്ചത്. പൊലീസ് കേസ്സിൽ അകപ്പെട്ട മകനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് പ്രസിഡന്റ് നിലവിട്ടു പ്രവർത്തിച്ചു എന്നാരോപിച്ച് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് അന്ന് സിപിഐ എം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു..

ജിനു ജോസ് നിരവധി അടിപിടി, മോഷണ കേസുകളിലെ പ്രതിയാണ്. മൂത്തമകൻ മിജോ ജോസ് അന്ന് കഞ്ചാവു കേസിൽ അകത്തായിരുന്നു. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ വീട്ടിൽ മീറ്ററിൽ കൃത്രിമം കാട്ടി വൈദ്യുതി മോഷണം നടത്തിയത് കണ്ടെത്തിയതും മിനി ജോസിന് കുടുക്കായിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകുമുമ്പ് തയ്യിൽ തൊഴിലാളിയായിരുന്നു മിനി ജോസ്. പെരുമ്പിള്ളിശേരിയിൽ നടത്തി വന്നിരുന്ന ടൈലറിങ് ഷോപ്പ് തുറക്കുന്നനായി് മിനി ജോസ്് ഇടക്കാലത്ത് എത്തിയിരുന്നെന്നും ഇവരെക്കുറിച്ച് ഇപ്പോൾ കാര്യമായ വിവരമൊന്നും അറിയില്ലെന്നുമാണ് ചേർപ്പിലെ കോൺഗ്രസ്സ് പ്രവർത്തകർ വ്യക്തമാക്കുന്നത്. ക്രിമിനലുകളായ മക്കളെ സംരക്ഷിക്കാൻ ഇവർ പലയിടത്തും താമസം മാറ്റി. അങ്ങനെയാണ് നാല് മാസം മുമ്പ് ആവണത്തൂർ പഞ്ചായത്തിലെ വരടിയത്ത് എത്തിയത്.

ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമായി മുണ്ടൂരിൽ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളെ പിക്അപ് വാൻ ഇടിച്ചുവീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു ബൈക്കിൽ ഒപ്പം സഞ്ചരിച്ച രണ്ടു സുഹൃത്തുക്കൾക്കു വെട്ടേറ്റു. മുണ്ടൂർ അവണൂർ പറവട്ടാനിയിൽ ശശിയുടെ മകൻ ശ്യാം (25), മുണ്ടത്തിക്കോട് ചൊവ്വല്ലൂർ ജോസിന്റെ മകൻ ക്രിസ്റ്റി (ക്രിസ്റ്റഫർ-25) എന്നിവരാണു കൊല്ലപ്പെട്ടത്. വേലൂർ സ്വദേശി രാജേഷ് (24), അവണൂർ സ്വദേശി തടത്തിൽ ശശിധരന്റെ മകൻ പ്രസാദ് (22) എന്നിവർക്കു പരുക്കേറ്റു. രാജേഷിന്റെ നില ഗുരുതരമാണ്. അവണാവ് റോഡിൽ മിച്ചഭൂമിക്കു സമീപമാണു സംഭവം. പിക്അപ് വാൻ ഇടിച്ചുവീഴ്‌ത്തിയ ബൈക്ക് 100 മീറ്ററോളം നിരക്കിക്കൊണ്ടുപോയി. ഗുണ്ടാ കുടിപ്പകയും കഞ്ചാവ് വിൽപ്പന സംബന്ധിച്ച തർക്കവുമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

പ്രസാദിന്റെ അമ്മയെ കഞ്ചാവുമായി കഴിഞ്ഞദിവസം എക്‌സൈസ് പിടികൂടിയിരുന്നു. ഇതു ചോർത്തിക്കൊടുത്തതു മിജോയും സഹോദരൻ ജിനുവുമാണെന്ന സംശയത്തിലാണു സംഭവങ്ങളുടെ തുടക്കം. മിജോയെ ഡയമണ്ട് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 22-നു മിജോയെ തിരക്കിയെത്തിയ ശ്യാമും സുഹൃത്തുക്കളും സഹോദരൻ ജിനുവിനെ ആക്രമിച്ച് കൈ തല്ലിയൊടിച്ചു. ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഇരുസംഘങ്ങളും തമ്മിൽ ബോംബും പന്നിപ്പടക്കവും എറിഞ്ഞു. ഇതിന്റെ തുടർച്ചയാണു കൊലപാതകമെന്നു കരുതുന്നു. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനേത്തുടർന്നു ശ്യാമിനെ അവണൂരിൽനിന്നു മറ്റൊരിടത്തേക്കു മാറ്റാനാണു കൂട്ടുകാരെത്തിയത്. ക്രിസ്റ്റി ഡ്രൈവറും ഫോട്ടോഗ്രാഫറുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP