Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ സാമുദായിക ധ്രുവീകരണം; സിപിഎം ഉണ്ടാക്കിയെടുത്ത മോദി വിരുദ്ധത ഹൈജാക്ക് ചെയ്ത് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും പിണറായിക്കും പാർട്ടിക്കും കൈ പൊള്ളിയത് ശബരിമല വിഷയത്തിലെ നിലപാട് തന്നെ; ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയിൽ കരിഞ്ഞത് താമര വിരിയുമെന്ന പ്രതീക്ഷ; കനത്ത പോളിങ് യുഡിഎഫ് തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിലയിരുത്തലുകൾ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ സാമുദായിക ധ്രുവീകരണം; സിപിഎം ഉണ്ടാക്കിയെടുത്ത മോദി വിരുദ്ധത ഹൈജാക്ക് ചെയ്ത് കോൺഗ്രസ്; ഭരണ വിരുദ്ധ വികാരമില്ലെങ്കിലും പിണറായിക്കും പാർട്ടിക്കും കൈ പൊള്ളിയത് ശബരിമല വിഷയത്തിലെ നിലപാട് തന്നെ; ന്യൂനപക്ഷങ്ങളുടെ മോദിപ്പേടിയിൽ കരിഞ്ഞത് താമര വിരിയുമെന്ന പ്രതീക്ഷ; കനത്ത പോളിങ് യുഡിഎഫ് തരംഗത്തിന്റെ മുന്നറിയിപ്പെന്ന് വിലയിരുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷമുള്ള ദിവസങ്ങളിലെ വിലയിരുത്തലുകളും കണക്കുകൂട്ടലുകളും വോട്ടെണ്ണലിന് മുമ്പു തന്നെ കേരളം എങ്ങനെ വിധിയെഴുതി എന്നത് സംബന്ധിച്ച് മുന്നണികൾക്കും രാഷ്ട്രീയ നിരീക്ഷകർക്കും വ്യകാതമായ ചിത്രമാണ് നൽകുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ കേരളം കണ്ടത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണം. ന്യൂനപക്ഷ വോട്ടുകളിൽ ശക്തമായ കേന്ദ്രീകരണം ഉണ്ടായതും തങ്ങളുടെ പരമ്പരാഗത വോട്ടായ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ വിള്ളലുണ്ടായതും ശക്തമായ തിരിച്ചടിയാകുക ഇടതുപക്ഷത്തിനാണ്. മുന്നണിയുടെ ഐക്യവും മുഖ്യന്റെ നിലപാടുകളും മുദ്രാവാക്യവുമൊന്നും ഇടതു മുന്നണിക്ക് ശരണമായില്ല എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

അതേസമയം കേരളത്തിൽ വ്യക്തമായ മേൽക്കൈ നേടുക കോൺഗ്രസും യുഡിഎഫിനുമാകും. എല്ലാം കൊണ്ടും കോൺഗ്രസിന് അനുകൂലമായിരുന്നു ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലം. നെഗറ്റീവ് എന്നു പറയാൻ കോൺഗ്രസിനെതിരെ ഒന്നുമുണ്ടായിരുന്നില്ല. ഭരണവിരുദ്ധ വികാരത്തിന് ചാൻസില്ലായിരുന്നു. കാരണം കോൺഗ്രസിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയതോടെ ചിത്രം അമ്പേ മാറുകയായിരുന്നു. കേരളത്തിലാകെ യുഡിഎഫ് കേന്ദ്രങ്ങളിൽ മുമ്പെങ്ങുമില്ലാത്ത ഊർജ്ജവും ആവേശവും നിറഞ്ഞു.

മോദിപ്പേടിയും ഗുണമായത് കോൺഗ്രസിന്

സഖാക്കൾ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുമ്പോഴും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി ഗുണം ചെയ്തത് കോൺഗ്രസിനാണ്. മോദി വീണ്ടും അധികാരത്തിൽ വരരുത് എന്ന താല്പര്യത്തിലാണ് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായത്. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റി. ദേശീയ രാഷ്ട്രീയമല്ലാതെ മറ്റൊന്നും ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നില്ല. കേരളത്തിൽ ബിജെപി വിജയിക്കാൻ പോകുന്നു എന്ന പ്രചരണം ശക്തമായതോടെ ന്യൂനപക്ഷം അപ്പാടെ കോൺഗ്രസിനെ വോട്ടു നൽകി വിജയിപ്പിക്കാൻ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു.

മുസ്ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം മോദി വീണ്ടും അധികാരത്തിൽ വരുന്നത് തങ്ങളുടെ നില നിൽപിനെ തന്നെ ചോദ്യം ചെയ്യും എന്ന ഭയം ശക്തമായിരുന്നു. ശക്തമായ വൈകാരികപ്രതികരണം തന്നെ ഇക്കാര്യത്തിലുണ്ടായി. കാന്തപുരം എ.പി സുന്നിവിഭാഗം ഒഴികെ മിക്കവാറും എല്ലാ മുസ്ലിംവിഭാഗങ്ങളും സംഘടനകളും യു.ഡി.എഫിനോടൊപ്പം ചേരുന്നതാണ് കണ്ടത്. മോദി അഞ്ചു വർഷം കൂടി ഭരണത്തിലിരുന്നാൽ വടക്കേയിന്ത്യയിൽ ഉൾപ്പെടെയുള്ള തങ്ങളുടെ സ്ഥാപന ശൃംഖലകൾ തകർക്കപ്പെടും എന്ന ഭയമുണ്ട്. ഓർത്തഡോക്‌സ് സഭ ഒന്നു രണ്ട് ഇടതു സ്ഥാനാർത്ഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും ക്രൈസ്തവ സഭകൾ മൊത്തത്തിൽ യു.ഡി.എഫ് അനുകൂല സമീപനമാണ് കൈക്കൊണ്ടത്. ചില സ്ഥാനാർത്ഥികളെ സഹായിക്കാനുള്ള സഭയുടെ ഒറ്റപ്പെട്ട ആവശ്യങ്ങൾ വിശ്വാസികൾ ചെവിക്കൊണ്ടതുമില്ല.

ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടമാകുന്നു എന്നതും, ഇടതു പക്ഷത്തിന് വോട്ടു ചെയ്യുന്നത് കേന്ദ്രത്തിൽ സുസ്ഥിരമായ ഒരു ബിജെപി വിരുദ്ധ സർക്കാർ വരുന്നതിന് തടസ്സമാകും എന്ന ചിന്തയും ഇത്തവണ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിൽ നിന്നും കൃത്യമായ അകലം പാലിക്കാൻ നിർബന്ധിതമാക്കി. കേരളത്തിൽ ആർഎസ്എസ്സിനെയും സംഘപരിവാറിനെയും നേരിടുന്നത് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണിയാണെന്ന് അംഗീകരിക്കുന്നവർ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ടു ചെയ്തു. അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്ന ധാരണയാണ് വോട്ടർമാർക്കിടയിലുണ്ടായത്.

തമിഴ്‌നാട്ടിലൊഴികെ മറ്റൊരിടത്തും ശക്തമായ ഒരു മുന്നണിയുടെ ഭാഗമാകാൻ പോലും ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നത് ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തോട് മുഖം തിരിക്കാൻ കാരണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തങ്ങൾക്ക് വോട്ടു ചെയ്യണം എന്ന ചോദ്യത്തിന് ന്യൂനപക്ഷങ്ങൾക്ക് തൃപ്തികരമാകുന്ന തരത്തിൽ യുക്തിസഹമായ ഉത്തരം നൽകാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. വിജയിച്ചു ചെന്നാൽ ആരെ പിന്തുണക്കും എന്ന ചോദ്യത്തിനും കൃത്യമായ മറുപടി കോടിയേരിക്കും പിണറായി വിജയനും ഉണ്ടായിരുന്നില്ല. ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ ഇടതുപക്ഷം വിമുഖത കാട്ടുമോ എന്ന സന്ദേഹം ന്യൂനപക്ഷ വോട്ടർമാരെ ഇടതുപക്ഷത്തിൽ നിന്ന് പൂർണ്ണമായും അകറ്റി. അതു കൊണ്ടു തന്നെ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഇത്തവണ ന്യൂനപക്ഷം തെരഞ്ഞെടുപ്പിനെ സമീപിച്ചത്.

രാഹുൽ-പ്രിയങ്ക വിസ്മയ നേതൃത്വം

രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചത് യുഡിഎഫിന് വലിയ ഗുണം ചെയ്തു എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെത്തിയ രാഹുലും പ്രിയങ്കയും കാണിച്ച ഉന്നതമായ രാഷ്ട്രീയ മര്യാദകൾ നിഷ്പക്ഷമതികളായ ആളുകളെ പോലും കോൺഗ്രസിനോട് അടുപ്പിച്ചു. പക്ഷേ, ഇടതുപക്ഷം രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും എതിരേ രൂക്ഷവിമർശനം അഴിച്ചു വിട്ടത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിക്ക് കാരണമാവുകയായിരുന്നു. ഒരു സൗഹൃദ മത്സരം എന്ന നിലയിൽ വയനാട്ടിലെ മത്സരത്തിനെ കാണാതെ തങ്ങളുടെ അഭിമാന പ്രശ്നമായി കണ്ടത് ഇടതുപക്ഷത്തിനു തന്നെ വിനയാകുകയായിരുന്നു.

തെരഞ്ഞെടുപ്പ് റാലികളിലും പൊതു ഇടങ്ങളിലും ഈ രണ്ട് യുവ നേതാക്കളുടെ സൗഹാർദ്ദപരമായ ഇടപെടൽ കേരളത്തിൽ ചർച്ചയായി. ഗൗരവക്കാരായ ഇടതു നേതാക്കളെയും സൗമ്യമായി പെരുമാറുന്ന കോൺഗ്രസ് നേതാക്കളെയും തമ്മിൽ താരതമ്യം ചെയ്തതോടെ യുവാക്കളിൽ വലിയൊരു ശതമാനം രാഷട്രീയത്തിനുപരിയായി കോൺഗ്രസിനൊപ്പം നിന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാലക്കാട്, വട്ടിയൂർക്കാവ് തുടങ്ങി അപൂർവ്വം ചില മണ്ഡലങ്ങളൊഴികെ യു.ഡി.എഫിന്റെ ഹിന്ദു വോട്ടുകളാണ് ബിജെപി പിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പിടിച്ചതിനെക്കാൾ യു.ഡി.എഫ് വോട്ടുകൾ ബിജെപി നേടാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്ന് തൃശൂരാണ്. മറ്റു മണ്ഡലങ്ങളിൽ ബിജെപി ചെറിയ തോതിൽ നില മെച്ചപ്പെടുത്തുന്നത് എൽ.ഡി.എഫ് വോട്ടുകൾ നേടിക്കൊണ്ടായിരിക്കും. പൊതുവിൽ ദേശീയ രാഷ്ട്രീയം മുഖ്യവിഷയമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സാമുദായിക സമവാക്യങ്ങൾ യു.ഡി.എഫിന് പൂർണ്ണമായും അനുകൂലമാകുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP