Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാഗമ്പടം സ്റ്റാൻഡിൽ കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം പ്രണയമായി; ആ നീചർ അവനെ കൊന്നത് പക വീട്ടാൻ; അച്ഛനെതിരെ മൊഴി കൊടുക്കാൻ ഇന്ന് നീനു കോടതിയിൽ; ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ചും സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികൾ; കെവിൻ കേസിലെ വിചാരണയിൽ സർവ്വത്ര നാടകീയത

നാഗമ്പടം സ്റ്റാൻഡിൽ കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം പ്രണയമായി; ആ നീചർ അവനെ കൊന്നത് പക വീട്ടാൻ; അച്ഛനെതിരെ മൊഴി കൊടുക്കാൻ ഇന്ന് നീനു കോടതിയിൽ; ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ചും സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികൾ; കെവിൻ കേസിലെ വിചാരണയിൽ സർവ്വത്ര നാടകീയത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ് സ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. രക്ഷപെട്ടിരുന്നെങ്കിൽ എന്റെ കെവിൻചേട്ടൻ ഏതവസ്ഥയിലായിരുന്നേലും എവിടെയാണെങ്കിലും തിരിച്ചുവരുമായിരുന്നു. ഉറപ്പ്,... പുതിയ ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് കെവിനെ നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരും ചേർന്ന് വകവരുത്തിയത്. കെവിന്റെ വീട്ടിൽ കഴിഞ്ഞ് കെവിന്റെ വിധവയായി ഇപ്പോഴും നീതു. ഇതിനിടെയിൽ കൊലക്കേസ് കോടതിയുടെ പരിഗണനയിലാണ്. വിചാരണ തുടങ്ങി. സാക്ഷി വിസ്താരത്തിൽ ഇന്ന് നീതുവിന് നിർണ്ണായക ദിനമാണ്.

കെവിൻ വധക്കേസിൽ പിതാവ് ചാക്കോയ്ക്കും സഹോദരൻ ഷാനു ചാക്കോയ്ക്കുമെതിരെ സാക്ഷിപറയാൻ നീനു ചാക്കോ ഇന്ന് കോടതിയിലെത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുമ്പാകെയാണ് വിസ്തരിക്കുക. കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷൻ നൽകിയ ചോദ്യങ്ങൾക്ക് അനീഷ് നൽകിയ മറുപടികൾ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്തു. പ്രോസിക്യൂഷനു നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങൾ ആദ്യം പൊലീസിനു നൽകിയ മൊഴിയിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജൻ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും.

കെവിൻ വധക്കേസിലെ മൂന്ന് പ്രതികളെ തിരിച്ചറിയാതിരുന്നത് കാഴ്ചവൈകല്യത്തെ തുടർനെന്ന് മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യൻ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് അനീഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനീഷിന്റെ വിസ്താരം പൂർത്തിയാക്കിയ ശേഷം കെവിന്റെ ഭാര്യ നീനു, കെവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെയുള്ളവരുടെ വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യ സാക്ഷി അനീഷിനെ അഞ്ച് പ്രതിഭാഗം അഭിഭാഷകരാണ് വിസ്തരിച്ചത്. മൂന്ന് തവണയായി അനീഷ് നൽകിയ മൊഴികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങൾ. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഗാന്ധിനഗർ എസ്‌ഐയാണ് അനീഷിന്റെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. പിന്നീട് കോട്ടയം ഡിവൈഎസ്‌പിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിവൈഎസ്‌പിയും അനീഷിന്റെ മൊഴി രേഖപ്പെടുത്തി.

ആദ്യ മൊഴിയിൽ മറ്റ് രണ്ട് മൊഴികളിൽ പറയുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. ഇത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു. ആദ്യമൊഴി രേഖപ്പെടുത്തിയ ഗാന്ധിനഗർ എസ്‌ഐ പറഞ്ഞ കാര്യങ്ങൾ പലതും മൊഴിയിൽ ഉൾപ്പെടുത്തിയില്ലെന്നും തെറ്റായ പല വിവരങ്ങൾ ഉൾപ്പെടുത്തിയെന്നും അനീഷ് മൊഴി നൽകി. തുടർന്നാണ് അനീഷിന്റെ കാഴ്ചവൈകല്യം ഒന്നാം പ്രതി ഷാനു ചാക്കോയുടെ അഭിഭാഷൻ ഉന്നയിച്ചത്. ഷാനുവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെ മൂന്ന് പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നത് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഒന്നും രണ്ടും പ്രതികളെ തിരിച്ചറിയാൻ പ്രതിക്കൂടിന് സമീപം എത്തേണ്ട സാഹചര്യവും പ്രതിഭാഗം ഉന്നയിച്ചു. ദൂരകാഴ്ചയിൽ കുട്ടികാലം മുതൽ പ്രശ്‌നങ്ങളുണ്ടെന്നും പ്രതികളുടെ ആക്രമണത്തിന് ശേഷം കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരുന്നതായും അനീഷ് കോടതിയിൽ വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളുടെ തിരിച്ചറിയൽ നടപടികളോടെ അനീഷിന്റെ വിസ്താരം പൂർത്തിയാക്കും.

കെവിനും നീനുവും വിവാഹം കഴിക്കാൻ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണിൽ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയിൽ പറഞ്ഞു. ഇതിനു മറുപടിയായി 'അവളെ (നീനുവിനെ) ഞങ്ങൾക്കു വേണ്ട' എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയിൽ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയിൽ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണിൽ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തിൽ പറഞ്ഞു. കെവിൻ മാമോദീസ മുങ്ങിയിരുന്നുവെന്നും ക്രൈസ്തവ വിശ്വാസിയാണെന്നും അനീഷ് പറഞ്ഞു. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കോടതിയിൽ എത്തിയത്. ക്ഷുഭിതരായ പ്രതികൾ മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തു.

പ്രതികളെത്തിയത് ഒരേ വേഷത്തിൽ

14 പ്രതികളും കോടതിയിലെത്തിയത് ഒരേ കമ്പനിയുടെ വെള്ള ഷർട്ട് ധരിച്ച്. പ്രതികൾ സമാന രീതിയിൽ തലമുടി വെട്ടി ഷേവും ചെയ്തിരുന്നു. ഇതുകൂടാതെ പ്രതികൾക്കൊപ്പം എത്തിയ ചില യുവാക്കളും വെള്ള ഷർട്ട് ധരിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. സാക്ഷി വിസ്താരത്തിനിടയിൽ പ്രതികളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തിൽ വേഷം ധരിച്ചതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ഒരേ തരത്തിൽ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതു മൂലമാണ് 3 പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാണു വസ്ത്രം എത്തിച്ചു കൊടുത്തതെന്നും ആരോപണമുണ്ട്. നാടകീയ രംഗങ്ങൾക്കും കോടതി സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ കഴിയാതിരുന്നതോടെ കോടതിയുടെ നിർദ്ദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നിൽ എത്തി ഒരോരുത്തരെയും തിരിച്ചറിയാൻ ശ്രമിച്ചു. ആദ്യം ചാക്കോ ജോണാണ് മുന്നിലെത്തിയത്. എന്നാൽ മൂന്ന് അവസരം നൽകിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാൻ അനീഷിനായില്ല.

കേസിലെ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു. പൊലീസ് നൽകിയ മൊഴികളുടെ വൈരുദ്ധ്യത്തിന് പുറമേ അനീഷിനെ കാഴ്ചശക്തിയെ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആദ്യ ദിനത്തിലെ പ്രോസിക്യുഷൻ വിസ്താരത്തിനിടയിൽ മുഖ്യ പ്രതി ഷാനു ചാക്കോ ഉൾപ്പടെ 7 പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പടെ 3 പ്രതികളെ തിരിച്ചറിയാൻ അനീഷിനായില്ല. 1ാം പ്രതി സാനു ചാക്കോ, 2ാം പ്രതി നിയാസ് മോൻ, 6ാം പ്രതി മനു മുരളീധരൻ, 7ാം പ്രതി ഷെഫിൻ, 8ാം പ്രതി നിഷാദ്, 11ാം പ്രതി ഫസിൽ ഷെരീഫ്, 12ാം പ്രതി ഷാനു ഷാജഹാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 10ാം പ്രതി വിഷ്ണുവിനെ തിരിച്ചറിഞ്ഞില്ല. 13ാം പ്രതി ഷിനു നാസറിന് പകരം 9ാം പ്രതി ടിന്റു ജെറോമിനെയാണ് തെറ്റായി കാണിച്ചത്.

നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ 11 പ്രതികൾ മാന്നാനത്ത് അനീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ തല്ലിത്തകർത്ത് അനീഷിനെയും ഒപ്പം താമസിച്ചിരുന്ന കെവിൻ ജോസഫിനെയും മർദിച്ച് ബലമായി രണ്ടു കാറുകളിലായി തട്ടിക്കൊണ്ടുപോയെന്നും അനീഷ് കോടതിയിൽ മൊഴി നൽകി. കാറിൽ വച്ച് നീനുവിന്റെ സഹോദരൻ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാൻ വേണ്ടി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവർത്തിച്ചു. കാറിൽ വച്ച് ഇവർ തന്നെ മർദിക്കുകയും കഴുത്തിൽ വാൾ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് പറഞ്ഞു. എന്നാൽ കഴുത്തിൽ വാൾ വച്ച പ്രതിയെ തിരിച്ചറിയാൻ അനീഷിന് കഴിഞ്ഞില്ല. കെവിനെയും തന്നെയും രണ്ടു കാറുകളിലായിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും കൊല്ലം തെന്മല ഭാഗത്തുവച്ച് കെവിനെ കാറിൽ നിന്ന് ഇറക്കി കിടത്തുന്നത് കണ്ടതായും പിന്നീട് കെവിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നുമുള്ള മൊഴി അനീഷ് അവർത്തിച്ചു.

നീനുവിന്റെ പ്രതീക്ഷകളെ കവർന്നെടുത്തത് ഇങ്ങനെ

നീനുവുമായുള്ള വിവാഹ രജിസ്ട്രേഷൻ കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ബന്ധുവിന്റെ കടയിൽ ജോലിക്ക് കയറാനിരിക്കുകയായിരുന്നു കെവിൻ. എന്നാൽ കെവിനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി. പിന്നെ മരണവും. 2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാൻഡിൽ ബസുകയറാൻ നിൽക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയിൽ കെവിൻ വിദേശത്തുപോയി. മാതാപിതാക്കൾ വിദേശത്തായതിനാൽ ചെറുപ്പം മുതൽ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളർന്നത്. നാട്ടിലെത്തിയിട്ടും അവർ നീനുവിനോട് ബന്ധം പുലർത്തിയിരുന്നില്ല. കൂടുതലും സഹോദരൻ ഷാനുവിനോടാണ് സ്നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജിൽ പോകുമ്പോൾ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛൻ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നു.

ജീവിതത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റൽ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എൽസി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളിൽ നിന്ന് 79 ശതമാനം മാർക്കോടെ പ്ലസ്ടു പാസായി. തുടർന്നാണ് മാന്നാനം കെഇ കോളേജിൽ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീർത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയശേഷം പോയതാണ് കെവിൻ. പിന്നെ ഞാൻ ജീവനോടെ നീനു കണ്ടിട്ടില്ല

തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്ട്രേഷന്റെ കാര്യങ്ങൾ പൂർത്തീകരിക്കാനായി പുലർച്ചെ 5.45 ന് നീ എന്നെ വിളിച്ചുണർത്തണം, ആരൊക്കെ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും, ഇത്രയും പറഞ്ഞ്് ഫോൺവച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിൻ ചേട്ടനെ ഉണർത്താനായി ഞാൻ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവൻ വരുമെന്ന് കൂട്ടുകാർ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാർത്ത തകർത്തത്.

നീനുവിന്റെ ബാഗിൽനിന്ന് കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ആദ്യം വീട്ടിലറിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. സംഭവത്തിന്റെ തലേദിവസം നീനുവിന്റെ അമ്മ, ബന്ധു നിയാസ് അടക്കം കെവിനെ തിരക്കി മാന്നാനത്തെ വീട്ടിൽ എത്തി. പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വീട് കണ്ടുപിടിച്ചു. ഇവിടെ എത്തിയ അവർ കെവിനെ ചീത്ത പറഞ്ഞു. തുടർന്ന് നീനുവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നിയാസ് കെവിന്റെ ഫോണിൽ തന്നോട് സംസാരിച്ചു. എന്നാൽ കെവിനെ വിട്ടുവരില്ല എന്ന് നിലപാടെടുത്തു. നീനുവിനെ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിൽ കെവിനും ഉറച്ച് നിന്നതോടെ അവർ പോയി എന്നാണ് പിന്നീട് കെവിൻ ഫോണിൽ വിളിച്ചു പറഞ്ഞത്. പിന്നീട് എല്ലാം കീഴ് മേൽ മറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP