Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു; ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടു; എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്; രാഹുൽ ഗാന്ധിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല; ഏതെങ്കിലും പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പല്ല നടന്നത്; ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും; വയനാടും മലപ്പുറവും ഒഴികെയുള്ള 18 സീറ്റുകളിൽ ഇടതുമുന്നണി വിജയിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു; ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടു; എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്;  രാഹുൽ ഗാന്ധിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല; ഏതെങ്കിലും പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പല്ല നടന്നത്; ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും; വയനാടും മലപ്പുറവും ഒഴികെയുള്ള 18 സീറ്റുകളിൽ ഇടതുമുന്നണി വിജയിക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാടും മലപ്പുറവും ഒഴികെയുള്ള 18 സീറ്റുകളിൽ ഇടതു മുന്നണി വിജയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് വിലയിരുത്തിയത്. കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. എങ്ങനെയാണ് എൽഡിഎഫ് 18 സീറ്റുകളിൽ വിജയിക്കുക എന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇതിൽ അദ്ദേഹം പ്രധാനമായും വ്യക്തമാക്കിയത് ന്യൂനപക്ഷങ്ങൾ ഇടതു മുന്നണിക്ക് അനൂകലമാണ് ചിന്തിച്ചത് എന്നാണ്. രാഹുൽ ഗാന്ധി വികാരം ഉണ്ടായിരുന്നില്ലെന്നും ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിച്ചു പോയെന്നും കോടിയേരി പറയുന്നു.

തിരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതിൽ പാളിച്ചകൾ സംഭവിച്ചെങ്കിലും തിരഞ്ഞെടുപ്പ് നല്ലനിലയിൽ നടത്താൻ കമ്മീഷന് കഴിഞ്ഞു. രാഹുൽ ഗാന്ധിക്ക് മറ്റ് മണ്ഡലങ്ങളിൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മലപ്പുറവും വയനാടും ഒഴികെയുള്ള സീറ്റുകളിലാണ് ഇടതുമുന്നണി വിജയം നേടുകയെന്നാണ് സിപിഎം വിലയിരുത്തൽ. എല്ലാ മുന്നണികളും അവരുടെ പരമാവധി വോട്ടർമാരേക്കൊണ്ട് കൃത്യമായി വോട്ട് ചെയ്യുന്നതിൽ വിജയിച്ചു. ഇതാണ് പോളിങ് ഉയരാൻ കാരണമായത്.

ഈ പശ്ചാത്തലത്തിൽ ഇടതുമുന്നണി അഭിമാനാർഹമായ വിജയം നേടും. അത്തരത്തിലുള്ള വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് എത്തിയത്. 2004 ന് സമാനമായ സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്നാണ് കോടിയേരി വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ഭൂരിപക്ഷ വോട്ടുകൾ മൂന്നായി വിഭജിക്കപ്പെട്ടു. ബിജെപി ഇത്തവണ കേരളത്തിൽ സീറ്റ് നേടില്ല. ബിജെപിക്ക് വോട്ട് വർധിക്കും. ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും. സാധാരണ ഇടത്പക്ഷത്തിന് ലഭിക്കാത്ത വോട്ടുകൾ ഇത്തവണ ലഭിച്ചു. ഇടത് വോട്ടുകളുടെ ഏകീകരണം ഉണ്ടായി. സിപിഎമ്മിനെ എതിർക്കുന്ന ഇടത് വോട്ടുകളും എൽ.ഡി.എഫിന് ലഭിച്ചു.

എൻ.എസ്.എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏതെങ്കിലും പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പല്ല നടന്നത്. വോട്ടർ പട്ടിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാണ്. ഇതും പോളിങ് ശതമാനം വർധിക്കാൻ കാരണമായി. ബിജെപി കേരളത്തിൽ നിരാശരാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമീഷൻ നല്ല നിലയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കമീഷന് ധാരാളം പാളിച്ചകളുണ്ടായി. വിവിപാറ്റ് സംവിധാനം ഒരുക്കിയതിനാൽ വോട്ട് ചെയ്യാൻ അധിക സമയം ആവശ്യമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പോളിങ് സ്‌റ്റേഷനുകൾ ക്രമീകരിക്കുവാൻ തെരഞ്ഞെടുപ്പ് കമീഷൻ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു. രാത്രി 12 മണി വരെയൊക്കെ പോളിങ് നീണ്ടു പോയത് ക്രമീകരണത്തിലെ പാളിച്ചയാണ്.

ചില പോരായ്മകളൊക്കെ ഉണ്ടായെങ്കിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നല്ല നിലയിൽ തന്നെ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സമയത്ത് സംഘർഷമുണ്ടാവാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിച്ചു എന്നത് കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ വിജയമാണെന്നും കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

അതേസമയം 20 ലോക്സഭാ സീറ്റിലെ ജയസാധ്യതകൾ വിലയിരുത്തുമ്പോൾ നാല് സീറ്റിൽ മാത്രമാണ് അവർക്ക് പോലും പൂർണ്ണ വിശ്വാസമുള്ളത്. പാലക്കാടും ആലത്തൂരും ആറ്റിങ്ങലും ആലപ്പുഴയിലും മാത്രമാണ് വിജയം ഉറപ്പായും പ്രതീക്ഷിക്കുന്നത്. ബാക്കി എല്ലായിടത്തും ജയിക്കുമെന്നതിൽ കീഴ് ഘടകങ്ങൾക്കും വിശ്വാസമില്ല. ന്യൂനപക്ഷ പക്ഷ വോട്ടുകളുടെ കേന്ദ്രീകരണം വലതിന് അനുകൂലമാണെന്ന വിലയിരുത്തലുണ്ട്. അപ്പോഴും പ്രതീക്ഷ പൂലർത്തുന്ന തരത്തിൽ പ്രസ്താവന ഇറക്കാനാണ് സിപിഎം തീരുമാനം. വയനാടും മലപ്പുറവും ഒഴികെ എല്ലായിടത്തും ജയിക്കുമെന്ന വിലയിരുത്തലുകൾ സിപിഎം പുറത്തു വിടുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

കോഴിക്കോടും വടകരയും പൊന്നാനിയിലും കാസർഗോടും ബിജെപി വോട്ടുകൾ കോൺഗ്രസിന് കിട്ടിയെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് ശശി തരൂരിന് ന്യൂനപക്ഷ വോട്ടുകൾ ഗുണകമായി മാറിയിട്ടുണ്ട്. കൊല്ലത്ത് എൻ കെ പ്രമചന്ദ്രന്റെ ജനകീയതയെ തോൽപ്പിക്കാനുമായില്ല. പത്തനംതിട്ടയിൽ ശബരിമലയും തിരിച്ചടിയായി. കോട്ടയത്ത് കെ എം മാണി വികാരമാണ് പ്രതിഫലിക്കുന്നത്. ഇടുക്കിയിൽ പിജെ ജോസഫിന്റെ വോട്ട് പിടിത്തം കോൺഗ്രസിന് തരംഗമുണ്ടാക്കിയെന്നും സിപിഎം ജില്ലാ നേതൃത്വം തിരിച്ചറിയുന്നു.

മാവേലിക്കരയിലും ശബരിമല വികാരം ആളികത്തിയിരുന്നു. ഇതോടെ തെക്കൻ കേരളത്തിൽ ആറ്റിങ്ങലിൽ മാത്രമാണ് സിപിഎം പ്രതീക്ഷ. എന്നാൽ ആറ്റിങ്ങലിലും അതിശക്തമായ വികാരമാണ് ശബരിമല വിഷയത്തിലുള്ളത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ചർച്ചയായതും എങ്ങനെ പ്രതിഫലിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ഇടത് കോട്ടയായ ആറ്റിങ്ങലിലും എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. തെക്കൻ കേരളത്തിലെ തിരിച്ചടി ശബരിമല നയം കാരണമാണെന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP