Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിജയത്തിൽ ആശങ്കയില്ലാത്തതിനാൽ കാസർഗോഡ് റീപോളിങ് വാദം ഉണ്ണിത്താൻ സജീവമാക്കില്ല; കണ്ണൂരും മാവേലിക്കരയിലും ആലപ്പുഴയിലും വ്യാജ വോട്ടർമാരെത്തിയെന്നതിന് തെളിവ് കണ്ടെത്തി കോൺഗ്രസ്; തിരിഞ്ഞെടുപ്പ് രേഖകൾ പരിശോധനയ്ക്കായി കോൺഗ്രസ് നിയമ പോരാട്ടത്തിന്; വീഡിയോ ദൃശ്യങ്ങൾ ലഭിക്കുമെന്നുറപ്പിക്കാൻ പോരാട്ടം ഹൈക്കോടതിയിലേക്ക്; കല്യാശ്ശേരിയിലെ കള്ള വോട്ടിൽ സിപിഎമ്മിനെ പൊളിച്ചടുക്കാൻ ഉറച്ച് കോൺഗ്രസ്

വിജയത്തിൽ ആശങ്കയില്ലാത്തതിനാൽ കാസർഗോഡ് റീപോളിങ് വാദം ഉണ്ണിത്താൻ സജീവമാക്കില്ല; കണ്ണൂരും മാവേലിക്കരയിലും ആലപ്പുഴയിലും വ്യാജ വോട്ടർമാരെത്തിയെന്നതിന് തെളിവ് കണ്ടെത്തി കോൺഗ്രസ്; തിരിഞ്ഞെടുപ്പ് രേഖകൾ പരിശോധനയ്ക്കായി കോൺഗ്രസ് നിയമ പോരാട്ടത്തിന്; വീഡിയോ ദൃശ്യങ്ങൾ ലഭിക്കുമെന്നുറപ്പിക്കാൻ പോരാട്ടം ഹൈക്കോടതിയിലേക്ക്; കല്യാശ്ശേരിയിലെ കള്ള വോട്ടിൽ സിപിഎമ്മിനെ പൊളിച്ചടുക്കാൻ ഉറച്ച് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : കള്ള വോട്ട് ആരോപണത്തിൽ കരുതലോടെ പ്രതികരിക്കാൻ സിപിഎം തീരുമാനം. ഓപ്പൺ വോട്ട് ന്യായം പൊളിഞ്ഞതോടെയാണ് ഇത്. അതിനിടെ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും പരാതികൾ ഉയരുകയാണ്. കാസർഗോട്ട് വ്യാപക കള്ളവോട്ട് നടന്നുവെന്ന് വ്യക്തമാണ്. കള്ളവോട്ട് നടന്നെന്നു സംശയമുള്ള ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് കോടതിയിലേക്ക് പോകും. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്ന ബൂത്തുകളുടെ പട്ടിക സഹിതം തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകും. ഇതിനായി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കണക്കെടുപ്പ് പൂർത്തിയായി. മരിച്ചവരുടെയും വിദേശത്തു ജോലി ചെയ്യുന്നവരുടെയും പേരിൽ ഓരോ ബൂത്തിലും വോട്ടു രേഖപ്പെടുത്തിയതിന്റെ കണക്കാണു ശേഖരിച്ചത്. റിപോളിങ് ആവശ്യവുമായാണ് കോൺഗ്രസിന്റെ ഈ നീക്കം. കണ്ണൂരും കാസർഗോഡും സിപിഎം ജയിച്ചാലും തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന അവസ്ഥയുണ്ടാകാൻ പോലും വിലയിരുത്തലുണ്ട്.

അതിനിടെ ലോക്‌സഭ മണ്ഡലത്തിൽ കള്ളവോട്ടുകൾ ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടുവെങ്കിലും ഈ ബൂത്തുകളിൽ റീ പോളിങ് ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ വിശദീകരിച്ചു. കാസർകോട് ലോക്‌സഭ മണ്ഡലത്തിൽ കാലങ്ങളായി തുടരുന്നതാണ് ഒരു ബൂത്തിൽ തന്നെ പത്തും നാൽപതും പേർ പാരമ്പര്യമായി കള്ളവോട്ട് ചെയ്യുന്ന പ്രക്രിയ. കള്ളവോട്ടിനെ അതിജീവിക്കാനുള്ള ശക്തിയുണ്ട്. ഇനിയൊരു സ്ഥാനാർത്ഥിക്കും ഈ ദുരനുഭവം ഉണ്ടാകരുത്. അതിന് വേണ്ടിയാണ് പോരാട്ടമെന്നും ഉണ്ണിത്താൻ പറയുന്നു. കള്ളവോട്ട് നടന്ന ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. കള്ളവോട്ട്: നടപടിക്രമം ഇങ്ങനെ പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ആദ്യം വിവരം ശേഖരിക്കും. തുടർന്നു കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം നേരിടുന്നവരെ നോട്ടിസ് നൽകി വിളിച്ചു വരുത്തും. ഇവരുടെ മൊഴിയിൽ വൈരുധ്യം ഉണ്ടായാൽ തുടരന്വേഷണം നടത്തും.

പ്രാഥമികാന്വേഷണത്തിൽ കള്ളവോട്ട് തെളിഞ്ഞാലും രേഖകൾ ഉറപ്പാക്കണമെങ്കിൽ മറ്റു നടപടികളിലേക്കു കടക്കണം. പോളിങ് ബൂത്തുകളിലെ തിരഞ്ഞെടുപ്പു രേഖകൾ രണ്ടു കവറുകളിലാണു സീൽ ചെയ്തു സൂക്ഷിക്കുന്നത്. ഓപ്പൺ വോട്ടിന്റെ രേഖകൾ സൂക്ഷിക്കുന്ന നോൺ സ്റ്റാറ്റിയൂട്ടറി കവർ തുറക്കണമെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി തേടണം. ഇതു തുറന്നു രേഖകൾ കൃത്യമാണെന്നു ബോധ്യപ്പെട്ടാൽ സ്റ്റാറ്റിയൂട്ടറി കവർ പരിശോധിക്കണം. ഇതിലാണു വോട്ടർ പട്ടിക, വോട്ടർമാരുടെ ഒപ്പ്, രസീത് എന്നിവയുള്ളത്. ഈ കവർ തുറക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. കലക്ടർക്ക് ഇതിനായി കോടതിയെ സമീപിക്കാം. അല്ലെങ്കിൽ ആരോപണം ഉന്നയിച്ചവരാണു കോടതിയിൽ പോകേണ്ടത്. 2 കവറുകളും തുറന്നു പരിശോധിച്ചു കള്ളവോട്ട് സ്ഥിരീകരിച്ചാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. ഇങ്ങനെ കേസെടുക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നീക്കം.

കാസർഗോഡിന് പുറമേ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ 94 ബൂത്തുകളിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണു കോൺഗ്രസിന്റെ ആരോപണം. ഈ പട്ടികയും കോടതിയിൽ സമർപ്പിക്കും. കള്ളവോട്ട് ചെയ്തവരെയും ഇതിനു സഹായിച്ച ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ പലരെയും ബൂത്തിലിരിക്കാൻ അനുവദിച്ചില്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ എരുവേശി പഞ്ചായത്തിലെ ഒരു ബൂത്തിൽ കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ടു നടത്തിയ നിയമപോരാട്ടമാണു കള്ളവോട്ട് കേസിൽ കോൺഗ്രസിനു മുന്നിലുള്ള മാതൃക. തിരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന 5 ഉദ്യോഗസ്ഥരാണ് ഈ കേസിലെ പ്രതികൾ. കേസിന്റെ കുറ്റപത്രം അടുത്ത മാസം പ്രതികളെ വായിച്ചു കേൾപ്പിക്കും. എന്നാൽ, കള്ളവോട്ട് ചെയ്തവരെക്കൂടി പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണു കോൺഗ്രസ്.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എരുവേശി പഞ്ചായത്തിലെ 109ാം ബൂത്തിൽ 58 കള്ളവോട്ട് ചെയ്‌തെന്നു കാണിച്ച് ഏരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ജോസഫ് കൊട്ടുകാപ്പള്ളിയാണു പരാതി നൽകിയത്. വിദേശത്തുള്ള 37 പേരുടെയും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടെയും സൈന്യത്തിലുള്ള 4 പേരുടെയും വോട്ടുകൾ 25 പേർ ചേർന്നു ചെയ്‌തെന്നായിരുന്നു പരാതി. ആദ്യം പൊലീസ് കേസെടുക്കാൻ മടിച്ചെങ്കിലും പിന്നീടു തളിപ്പറമ്പ് കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുത്തു. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ബൂത്തിൽ വോട്ടുചെയ്യുന്നവർ ഒപ്പിട്ടുനൽകുന്ന രജിസ്റ്റർ കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് വിഭാഗം പൊലീസിനു കൈമാറി. ഇതോടെ, നാട്ടിലില്ലാത്ത 58 ആളുകളുടെ പേരിലും വോട്ടു രേഖപ്പെടുത്തിയതായി തെളിഞ്ഞു. ആരാണു കള്ളവോട്ടുകൾ ചെയ്തതെന്ന് വ്യക്തമല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എന്നാൽ വെബ് ക്യാമറ വന്നതോടെ വോട്ട് ചെ്തവരേയും കണ്ടെത്താം. അതുകൊണ്ട് തന്നെ ഇത്തവണ വീഡിയോ തെളിവുകളുടെ സാധ്യത ഉറപ്പാക്കാനാണ് നീക്കം.

പിലാത്തറയിലെ 3 ബൂത്തിലും ഏജന്റുമാരെ ഇറക്കിവിട്ടു

കല്യാശേരി മണ്ഡലത്തിലെ പിലാത്തറ എയുപി സ്‌കൂളിലെ 3 ബൂത്തുകളിലും യുഡിഎഫിന്റെ പോളിങ് ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ലെന്നു പരാതി. ഈ സ്‌കൂളിലെ 19ാം ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇവിടെയുണ്ടായിരുന്ന യുഡിഎഫ് പോളിങ് ഏജന്റിനെ രാവിലെ 11നു ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്നു പരാതിയുണ്ടായിരുന്നു.

ഇതിനു പുറമേ ഇതേ സ്‌കൂളിലെ 17, 18 ബൂത്തുകളിൽ നിന്നും യുഡിഎഫ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടെന്നാണു പരാതി. 17ാം ബൂത്ത് ഏജന്റ് യു. രാമചന്ദ്രനെ വൈകിട്ട് 4.30നും 18ാം ബൂത്ത് ഏജന്റ് എം. റാഫിയെ ഉച്ചയ്ക്ക് ഒന്നിനും ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. കയ്യിലുണ്ടായിരുന്ന വോട്ടർ പട്ടിക പിടിച്ചുവാങ്ങി കീറിയെറിഞ്ഞെന്നും യുഡിഎഫ് പോളിങ് ഏജന്റുമാർ പറയുന്നു.

ആലപ്പുഴയിലും മാവേലിക്കരയിലും പരാതി

കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ കള്ളവോട്ട് ആരോപണത്തിനു പിന്നാലെ ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. ആലപ്പുഴ മണ്ഡലത്തിൽ, സിപിഐ നേതാവും കായംകുളം നഗരസഭാ കൗൺസിലറുമായ ജലീൽ എസ്. പെരുമ്പളത്ത് 2 ബൂത്തുകളിൽ വോട്ട് ചെയ്‌തെന്ന പരാതിയിൽ റിട്ടേണിങ് ഓഫിസർമാർ ഇന്നു പൊലീസിനു റിപ്പോർട്ട് നൽകും. ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89ാം നമ്പർ ബൂത്തിൽ 800ാം ക്രമനമ്പരിലും കൊയ്‌പ്പള്ളി കാരാഴ്മ സ്‌കൂളിലെ 82ാം നമ്പർ ബൂത്തിൽ 636 -ാം ക്രമ നമ്പരിലും കൗൺസിലർ വോട്ട് ചെയ്തതായാണു യുഡിഎഫും ബിജെപിയും പരാതി നൽകിയിരിക്കുന്നത്.

മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് സെന്റ് ജോൺസ് എംഎസ്സി യുപിഎസിലെ 77ാം നമ്പർ ബൂത്തിൽ എസ്എഫ്‌ഐ പ്രവർത്തക കള്ളവോട്ട് ചെയ്‌തെന്നാണു യുഡിഎഫിന്റെ ആരോപണം. സിപിഎം പ്രാദേശിക നേതാവിന്റെ, വിദേശത്തുള്ള മകളുടെ വോട്ട് എസ്എഫ്‌ഐ പ്രവർത്തക ചെയ്തതെന്നും ഇവർക്കെതിരെയും ബൂത്ത് ലെവൽ ഓഫിസർക്കെതിരെയും പരാതി നൽകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP