Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർദിനാളിനെതിരായ വ്യാജരേഖാ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ ഗൂഢാലോചനയിൽ പങ്കാളികളായ വൈദികർ അങ്കലാപ്പിൽ; കർദ്ദിനാളിന്റെ ഇല്ലാത്ത അക്കൗണ്ടിന്റെ പേരിൽ ഒർജിനലിനെ വെല്ലുന്ന വ്യാജ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കിയവരും പോൾ തേലക്കാട്ടും പ്രതിരോധത്തിൽ; വിമതർ ലക്ഷ്യമിട്ടത് ഭൂമിയിടപാടിലെ പണം ജോർജ്ജ് ആലഞ്ചേരിയുടെ അക്കൗണ്ടിൽ എത്തിയെന്ന് വരുത്താൻ; തെരഞ്ഞെടുപ്പ് കഴിഞ്ഞ് അന്വേഷണം മുറുകിയതോടെ തടിയൂരാൻ മാർഗ്ഗം തേടി വിമതർ

കർദിനാളിനെതിരായ വ്യാജരേഖാ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായതോടെ ഗൂഢാലോചനയിൽ പങ്കാളികളായ വൈദികർ അങ്കലാപ്പിൽ; കർദ്ദിനാളിന്റെ ഇല്ലാത്ത അക്കൗണ്ടിന്റെ പേരിൽ ഒർജിനലിനെ വെല്ലുന്ന വ്യാജ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കിയവരും പോൾ തേലക്കാട്ടും പ്രതിരോധത്തിൽ; വിമതർ ലക്ഷ്യമിട്ടത് ഭൂമിയിടപാടിലെ പണം ജോർജ്ജ് ആലഞ്ചേരിയുടെ അക്കൗണ്ടിൽ എത്തിയെന്ന് വരുത്താൻ; തെരഞ്ഞെടുപ്പ് കഴിഞ്ഞ് അന്വേഷണം മുറുകിയതോടെ തടിയൂരാൻ മാർഗ്ഗം തേടി വിമതർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭയിലെ വ്യാജരേഖ വിവാദത്തിൽ അന്വേഷണ സംഘം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തത് കഴിഞ്ഞ ദിവസമാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തെ മറയാക്കി ജോർജ്ജ് ആലഞ്ചേരിക്കെതിരെ തിരിഞ്ഞവരെ തേടിയാണ് ഇപ്പോൾ പൊലീസ് അന്വേഷണം. ഇതോടെ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചവർ അങ്കലാപ്പിലായി. സംഭവത്തിൽ കൂടുതൽ വൈദികരെ അന്വേഷണ സംഘം ചോദ്യം ചെയ്യാനാണ് ഒരുങ്ങുന്നത്. പോൾ തേലക്കാട്ടിനെതിരെ അടക്കമാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ഉണ്ടാക്കി ആലഞ്ചേരിയെ കുരുക്കാൻ ശ്രമം നടന്നു എന്ന ആക്ഷേപം ശക്തമാണ്.

ഈ സംഭവത്തിൽ ചോദ്യം ചെയ്യേണ്ട വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. രേഖകൾ കൈമാറിയ ഫാ. പോൾ തേലക്കാട്ട്, മാർ ജോർജ് ആലഞ്ചേരിക്ക് രേഖകൾ കൈമാറിയ മാർ ജേക്കബ് മനത്തോടത് എന്നിവരിൽ നിന്നാണ് ഇനി പൊലീസ് മൊഴിയെടുക്കുക. തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞ പശ്ചാത്തലത്തിൽ അന്വേഷണം മുറുകുമെന്ന സൂചനയാണുള്ളത്. അതുകൊണ്ട് തന്നെ വിമത വിഭാഗം അങ്കലാപ്പിലായിട്ടുണ്ട്. ചോദ്യം ചെയ്യേണ്ട പത്ത് വൈദികരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കർദ്ദിനാൾ വിരുദ്ധ നിലപാടുള്ള ചില സംഘടനാ നേതാക്കളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയെന്ന പരാതിയിലാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തത്. കേസിലെ പരാതിക്കാരൻ ഫാ.ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും കോടതി രേഖപ്പെടുത്തിയതായാണ് വിവരം. സീറോ മലബർ സിനഡിന്റെ നിർദേശ പ്രകാരമായിരുന്നു ഫാ.ജോബി മാപ്രക്കാവിൽ പൊലീസിൽ പരാതി നൽകിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.ഫാ.പോൾ തേലക്കാട്ടിന് ലഭിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേകരിയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് സ്റ്റേറ്റ് മെന്റ് അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്തിന് കൈമാറി.

മാർ ജേക്കബ് മനത്തോടത്ത് ഇതിന്റെ ആധികാരികത പരിശോധിക്കാനായി മാർ ജോർജ് ആലഞ്ചേരിക്കു നൽകി.അദ്ദേഹം അത് സിനഡ് മുമ്പാകെ സമർപ്പിക്കുകയും തനിക്ക് ഇത്തരത്തിൽ ഒരു ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.തുടർന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനായി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് ഫാ.പോൾ തേലക്കാടിനെയും മാർ ജേക്കബ് മനത്തോടത്തിനെയും പ്രതിചേർത്ത് എഫ് ഐ ആർ രജസിറ്റർ ചെയ്തു.

തങ്ങൾക്കു ലഭിച്ച രേഖയുടെ ആധികാരികത പരിശോധിക്കുന്നതിനായി നൽകിയതാണെന്നും ഇതിൽ തങ്ങൾക്കു പങ്കില്ലെന്നുമായിരുന്നു മാർ ജേക്കബ് മനത്തോടത്തിന്റെയും ഫാ.പോൾ തേലക്കാടിന്റെയും വിശദീകരണം. തുടർന്ന് കേസിൽ നിന്നൊഴിവാക്കുന്നതിനായി ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം നടക്കട്ടെയെന്നും ഇരുവരും അന്വേഷണവുമായി സഹകരിക്കണമെന്നും എന്നാൽ പൊലീസ് ഇവരെ അനാവശ്യമായി ശല്യം ചെയ്യരുതെന്നും കോടതി നിർദേശിച്ചിരുന്നു.

അതേസമയം കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കേസിൽ പ്രതിചേർക്കപ്പെട്ട വൈദികന് ഭരണ കക്ഷിയിലെ ഉന്നതനുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി യഥാർത്ഥ പ്രതികളിൽ നിന്നും അന്വേഷണം വഴിതെറ്റിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപവം ഉയരുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭമുണ്ടാക്കി ആ പണം കർദ്ദിനാൾ ചില രഹസ്യ ബാങ്ക് അക്കൗണ്ടുകൾ വഴി സൂക്ഷിച്ചിരിക്കുകയാണെന്ന് വരുത്തി തീർക്കാനായിരുന്നു വിമത വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാജരേഖകൾ സൃഷ്ടിച്ചത്. കർദ്ദിനാളിന് എറണാകുളത്തെ ചില പ്രധാന ബാങ്കുകളുടെ ശാഖകളിൽ അക്കൗണ്ട് ഉണ്ടെന്നും ഇവിടെ ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടെന്നും സ്ഥാപിക്കാനായിരുന്നു വ്യാജരേഖ ചമയ്ക്കൽ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ പേരിൽ ബാങ്കിന്റെ കൊച്ചിയിലെ ഒരു ബ്രാഞ്ചിലുള്ള അക്കൗണ്ടിന്റെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് വ്യാജമായി സൃഷ്ടിച്ചത്.

അതിരൂപതയുടെ ഭൂമിയിടപാട് നടന്നതിനോട് അനുബന്ധമായ ദിവസങ്ങളിൽ ഈ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ ഡിപ്പോസിറ്റ് ആയി എത്തിയതും ലക്ഷങ്ങൾ പിൻവലിച്ചതും അതിനിടയിലുള്ള ദിവസങ്ങളിൽ ചില അക്കൗണ്ടുകളിലേക്ക് ചെറുതും വലുതുമായ സാമ്പത്തിക ഇടപാടുകൾ നടന്നതുമായി തോന്നിപ്പിക്കാവുന്ന വിധമായിരുന്നു സ്റ്റേറ്റ്‌മെന്റ്. തീയതി, തുക, റഫറൻസ് നമ്പർ, കൈമാറിയ തുക, ബാലൻസ്, ട്രാൻസാക്ഷൻ ഐ ഡി എന്നിവയെല്ലാം ഒർജിനലിനെ വെല്ലുന്ന കൃത്യതയിൽ രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു കൃത്രിമ സ്റ്റേറ്റ്‌മെന്റ്. ഭൂമിയിടപാടിൽ നിന്നും ലഭിച്ച ലാഭം കർദ്ദിനാൾ അടിച്ചുമാറ്റി ഈ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് മറ്റ് പല ആശാസ്യകരമല്ലാത്തഇടപാടുകൾക്കുമായി കർദ്ദിനാൾ വിനിയോഗിച്ചിട്ടുണ്ടെന്നും സ്ഥാപിക്കാൻ വേണ്ടിയായിരുന്നു കരുതിക്കൂട്ടിയുള്ള വ്യാജരേഖ ചമയ്ക്കൽ.

വത്തിക്കാൻ ഉൾപ്പെടെ സഭാധികാരികൾക്ക് ആ രേഖകൾ കൈമാറി കർദ്ദിനാളിനെ അധികാരത്തിൽ നിന്നും പുറത്താക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു കണക്കാക്കുന്നു. ഇത്തരത്തിൽ വിശദമായ ഒരു വ്യാജരേഖ സൃഷ്ടിക്കണമെങ്കിൽ അതിനുപിന്നിൽ പരിചയസമ്പന്നരായ ചില വിദഗ്ദ്ധരുടെ സഹായം ഉണ്ടാകാതെ പറ്റില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് ബിസിനസ്, സാമ്പത്തിക ഇടപാടുകളൊക്കെ നടത്തി പരിചയമുള്ളവരുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതിനാൽ തന്നെ വൈദികർക്ക് അപ്പുറം ചില അൽമായരുടെ ഇടപെടലാണ് വ്യാജ രേഖയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.

നേരത്തെ സീറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു.അങ്കമാലി സ്വദേശി പാപ്പച്ചന്റെ പരാതിയിലായിരുന്നു കോടതി നടപടി. സീറോ മലബാർ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിൽപനയിൽ സഭയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. എറണാകുളം സെൻട്രൽ പൊലീസിനാണ് ഇതിന്റെ അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുക്കാൻ തൃക്കാക്കരയും കോടതി ഉത്തരവിട്ടിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകൾ നിലവിലുണ്ട്.

വിവാദ ഭൂമി കച്ചവടത്തിലെ അന്വേഷണ റിപോർട്ട് വത്തിക്കാന് കൈമാറിയിട്ടുണ്ട്.വത്തിക്കാന്റെ നിർദ്ദേശം പ്രകാരം നടത്തിയ അന്വേഷണ റിപോർട് അതിരൂപതാ അപ്പോസ്തലിക് അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വത്തിക്കാനിലെത്തി റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലെയനാർദോ സാന്ദ്രിക്കാണ് റിപോർട് കൈമാറിയത്. റിപോർട്ട് പഠിച്ചതിന് ശേഷം വത്തിക്കാൻ തുടർ നടപടികൾ സ്വീകരിക്കും.അതിരൂപതാ അഡ്‌മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോട്ടത്ത് നിയോഗിച്ച കമ്മിഷന്റെ കണ്ടെത്തലുകളും സ്വകാര്യ ഓഡിറ്റ് ഉപദേശക സ്ഥാപനത്തിന്റെ ശുപാർശകളും ഉൾപ്പെടുത്തിയാണ് റിപോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP