Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിലാത്തറയിലൂടെ മലയാളികൾ കണ്ടത് മഞ്ഞു മലയുടെ ഒരു ചെറിയ കണിക മാത്രം; എല്ലാ മണ്ഡലങ്ങളിലും 10,000 മുതൽ 25,000 വരെ കള്ളവോട്ടുകൾ നടന്നു; ഇരട്ട വോട്ടുകളുടെ എണ്ണവും എല്ലാ നിയോജക മണ്ഡലത്തിലും ആയിരത്തിൽ അധികം; വ്യാജന്മാർ ബൂത്തിലെത്തി വോട്ട് ചെയ്തത് കണ്ണൂരിലും കാസർഗോട്ടും മാത്രമല്ല; വെട്ടി നിരത്തിയും വോട്ടർമാരെ വീട്ടിലിരുത്തി; പരസ്പരം കുറ്റപ്പെടുത്തി മുന്നണികൾ; ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ കള്ളക്കളി കേട്ട് ഞെട്ടി ദൈവത്തിന്റെ സ്വന്തം നാട്

പിലാത്തറയിലൂടെ മലയാളികൾ കണ്ടത് മഞ്ഞു മലയുടെ ഒരു ചെറിയ കണിക മാത്രം; എല്ലാ മണ്ഡലങ്ങളിലും 10,000 മുതൽ 25,000 വരെ കള്ളവോട്ടുകൾ നടന്നു; ഇരട്ട വോട്ടുകളുടെ എണ്ണവും എല്ലാ നിയോജക മണ്ഡലത്തിലും ആയിരത്തിൽ അധികം; വ്യാജന്മാർ ബൂത്തിലെത്തി വോട്ട് ചെയ്തത് കണ്ണൂരിലും കാസർഗോട്ടും മാത്രമല്ല; വെട്ടി നിരത്തിയും വോട്ടർമാരെ വീട്ടിലിരുത്തി; പരസ്പരം കുറ്റപ്പെടുത്തി മുന്നണികൾ; ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ കള്ളക്കളി കേട്ട് ഞെട്ടി ദൈവത്തിന്റെ സ്വന്തം നാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വോട്ടിങ് മിഷൻ അട്ടിമറിയെ കുറിച്ച് വചാലരാകുന്നവരാണ് ഇടതു പക്ഷം. തെരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ച് സുപ്രീംകോടതിയിൽ പരിഭവം പറയുന്നവർ. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ വേണ്ടി നടക്കുന്ന പോരാട്ടത്തിന് മുന്നിലുള്ളവർ. വോട്ടെടുപ്പും ഫല പ്രഖ്യാപനവും അട്ടിമറിച്ചില്ലെന്ന് ഉറപ്പാക്കാൻ വിവിപാറ്റ് എണ്ണമെന്ന് വാദിക്കുന്നവർ. എന്നാൽ കേരളത്തിൽ ഭരണം സിപിഎമ്മിനാണ്. ഇതിന്റെ തണലിൽ കേരളത്തിലെ തെരഞ്ഞെടുപ്പ് മുഴുവൻ അട്ടിമറിച്ചുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഓരോ മണ്ഡലത്തിലും കുറഞ്ഞത് 10,000 മുതൽ 25,000 വരെ വോട്ടുകൾ അട്ടിമറിക്കായി വിനിയോഗിക്കപ്പെട്ടുവെന്നാണ് സൂചന. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തോളം ഇരട്ട വോട്ടുകൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള അട്ടിമറിക്കൊപ്പം കള്ള വോട്ടുകളും വ്യാപകമായി നടന്നു. കള്ളവോട്ട് ചെയ്യുന്ന കാര്യത്തിൽ ഇടത് വലത് മുന്നണികളും ഒരുപോലെയായിരുന്നു. കണ്ണൂരിലേയും കാസർഗോട്ടേയും പാർട്ടി ഗ്രാമങ്ങളിൽ വ്യാപകമായി ഇതെല്ലാം നടന്നു. ഇങ്ങനെ വോട്ടിങ് മിഷിനിലെ കുഴപ്പങ്ങളിൽ സംശയം പ്രകടിപ്പിക്കുന്നവർ എല്ലാ ആർത്ഥത്തിലും അട്ടിമറിക്ക് കൂട്ടു നിന്നു,

ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനങ്ങൾ കമ്മീഷന്റെ ഭാഗത്തുമുണ്ടായി. വ്യാപകമായി ഇരട്ട വോട്ടുകൾ കയറി കൂടി. വിരമിച്ച ഉദ്യോഗസ്ഥരെയാണ് ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുക. കേരളത്തിലെ ഇടത് ഭരണ സ്വാധീനത്തിന്റെ തണലിൽ എത്തിയവരെല്ലാം പാർട്ടിക്കാരായിരുന്നു. ഇവരെ സമർത്ഥമായി ഉപയോഗിച്ചാണ് ഇരട്ട വോട്ട് പട്ടിക തയ്യാറാക്കിയത്. ആറ്റിങ്ങലിൽ അത് സ്ഥാനാർത്ഥി പൊളിച്ചു. മറ്റിടത്തെല്ലാം രണ്ട് വോട്ട് ചെയ്ത് അട്ടിമറിക്കെത്തിയവർ നിരവധിയാണ്. പിലാത്തറയിലെ കള്ളവോട്ടോടെ കേരളം ഞെട്ടിക്കുന്ന വിരവങ്ങളാണ് ചർച്ച ചെയ്യുന്നത്. എല്ലാ അർത്ഥത്തിലും കേരളത്തിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമം നടന്നിരിക്കുന്നു. പിലാത്തറയിൽ സിപിഎം പഞ്ചായത്ത് അംഗം കള്ളവെട്ട് ചെയ്തതാണ് ഇത് ചർച്ചയാകാൻ കാരണം. ഓപ്പൺ വോട്ടെന്ന തന്ത്രവും പൊളിച്ച് ടിക്കാറാം മീണ ചില സത്യങ്ങൾ സമ്മതിക്കുകയും ചെയ്തു.

വോട്ടർപട്ടികയിൽ 15 തവണ പേരു വന്ന ഒരാൾ കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിലുണ്ടായിരുന്നു. ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) കൃത്യസമയത്ത് ഇടപെട്ടതോടെ 14 പേരുകളും വെട്ടി.പട്ടികയിൽ പേരു ചേർക്കാൻ അദ്ദേഹം പലതവണ അപേക്ഷ നൽകി. എല്ലാ അപേക്ഷയും പരിഗണിച്ചു. സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്ന ഇരട്ടവോട്ട് കള്ളവോട്ട് ആരോപണങ്ങൾക്കു കളമൊരുക്കിയ പ്രധാന കാരണങ്ങളിലൊന്നാണ് വോട്ടർപട്ടികയിലെ പിഴവെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പഴിക്കുന്നത് കംപ്യൂട്ടറിനെയാണ്. ഓൺലൈനായാണ് പേരു ചേർക്കലും തിരുത്തലും ബൂത്ത് മാറ്റലുമൊക്കെ നടത്തുന്നത്. വീടുമാറി താമസിക്കുന്നയാൾ പുതിയ സ്ഥലത്തേക്കു മാറ്റാൻ പോർട്ടൽ വഴി അപേക്ഷിച്ചാലും പഴയ സ്ഥലത്തെ പട്ടികയിൽ നിന്നു പേര് മാറാറില്ല. സാധാരണക്കാരിൽ പലരും ഈ പിഴവ് അറിയാറില്ല. എന്നാൽ, ഇതാണു പിന്നീടു കള്ളവോട്ട് ചെയ്യാൻ ദുരുപയോഗിക്കുന്നത്.

കണ്ണൂർ ജില്ലയിൽ വോട്ടർ ഐഡി കാർഡുകൾ പുതുക്കി നൽകിയപ്പോൾ വ്യത്യസ്ത നമ്പറുകളിലായി 2 കാർഡുകൾ എല്ലാവർക്കും കിട്ടി. വിലാസം മാറ്റുന്നതിനും തെറ്റുതിരുത്തുന്നതിനു അപേക്ഷ നൽകിയവരിൽ ഭൂരിപക്ഷം പേർക്കും നൽകിയത് പുതിയ നമ്പറിലുള്ള കാർഡുകളാണ്. ഇതോടെ ഒരാളുടെ പേരിൽ 2 നമ്പറുകളിലായി 2 കാർഡുകളായി. മുൻകാലങ്ങളിൽ കാർഡുകൾ പുതുക്കിയവർക്ക് പഴയ കാർഡ് നമ്പറിൽ തന്നെയാണ് അനുവദിച്ചിരുന്നത്. പുതിയ കാർഡ് നൽകുമ്പോൾ പഴയ കാർഡ് തിരികെ വാങ്ങിയില്ല.

സുമ്മയ്യയും സലീനയും കുടുങ്ങും

പിലാത്തറയിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ എം വി സലീനയും കെ.പി. സുമയ്യയും തങ്ങളുടെ സ്വന്തം ബൂത്തുകളിൽ വോട്ട് ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം വോട്ട് ചെയ്തതിന്റെ രേഖകളും സ്‌ട്രോങ് റൂമിലാണു സൂക്ഷിച്ചിരിക്കുന്നത്. ഇതു തുറക്കണമെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷൻ അനുമതി നൽകണം.

നേരത്തെ സിപിഎമ്മിന്റെ ഓപ്പൺ വോട്ട് വാദം മുഖ്യ തിരഞ്ഞെടുപ്പു ഓഫിസർ ടിക്കാറാം മീണ തള്ളിയിരുന്നു. ഓപ്പൺ വോട്ട് എന്നതു നാടൻ പ്രയോഗമാണ്. സ്വന്തമായി വോട്ട് ചെയ്യാൻ പറ്റാത്തവരെ അനുഗമിച്ചു മറ്റുള്ളവർ ചെയ്യുന്ന കംപാനിയൻ വോട്ടാണ് നിയമപ്രകാരമുള്ളത്. പിലാത്തറയിൽ സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയുടെ നേതാവ് കെ.സി.രഘുനാഥ് കംപാനിയൻ വോട്ടറായി വന്നതിനെക്കുറിച്ചു വിശദമായി അന്വേഷിക്കുന്നു. പക്ഷാഘാതം ബാധിച്ച ഒരു ഡോക്ടറുമായാണു രഘുനാഥ് ബൂത്തിൽ എത്തിയത്. വോട്ട് ചെയ്യാനെത്തിയ ആളെ ബൂത്തിനകത്ത് എത്തിച്ചു വിരലടയാളം രേഖപ്പെടുത്തുന്നത് ഉൾപ്പെടെ കാര്യങ്ങൾ ചെയ്യണമെന്നാണു നിയമം.

പ്രിസൈഡിങ് ഓഫിസർ ബുക്കുകളുമായി പുറത്തുപോയി നടപടികൾ പൂർത്തിയാക്കിയതു ചട്ടവിരുദ്ധമാണ്. മാത്രമല്ല, രഘുനാഥിനു പകരം ചുവന്ന ഷർട്ട് ധരിച്ചയാളാണ് ഡോക്ടർക്കുവേണ്ടി വോട്ട് ചെയ്തത്. ഇതിലും ക്രമക്കേട് വ്യക്തമാണ്.

ഇരട്ട വോട്ടുകൾ വ്യാപകം

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ പേർക്ക് ഒന്നിലധികം വോട്ടർ ഐഡി കാർഡുണ്ടെന്നായിരുന്നു യുഡിഎഫ് ആരോപണം. പട്ടികയിൽ ഒരാളുടെ പേര് ഒന്നിലേറെ തവണ പല ബൂത്തുകളിലായി ഉൾപ്പെട്ടിട്ടുണ്ടെന്ന് കലക്ടർ തന്നെ സമ്മതിച്ചു. ബൂത്ത് ലെവൽ ഓഫിസർമാരുടെ കൂടി ഒത്താശയോടെ ഒരാളുടെ പേരു തന്നെ പലവട്ടം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം. ക്ലറിക്കൽ പിഴവെന്നാണ് അധികൃതരുടെ ന്യായം. തിരുവനന്തപുരത്ത് പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഇരുന്നൂറോളം ഇരട്ടവോട്ടുകൾ നിലനിൽക്കെ 74 പേരെ മാത്രമാണ് കമ്മിഷൻ കണ്ടെത്തിയത്. കളിയിക്കാവിളയ്ക്കു സമീപം ഇഞ്ചിവിളയിലെ ഒരു ബൂത്തിൽ മാത്രം 30 പേർക്ക് ഇരട്ടവോട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്താത്ത നിരവധി പേരുണ്ട്.

നേമം നിയോജകമണ്ഡലത്തിൽ ഒരു ബിജെപി നേതാവിന്റെ രക്ഷാകർതൃത്വത്തിൽ നേമം വാർഡിലെ 110 ാം നമ്പർ ബൂത്തിൽ 15 പേരുകൾ ചേർത്തിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. ഇതിൽ ചിലർക്കു രക്ഷാകർത്താവിനെക്കാൾ പ്രായമുണ്ട്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലയുടെ അതിർത്തിയിൽ വരുന്ന കടവല്ലൂരിൽ ഒട്ടേറെപ്പേർക്ക് ഇരട്ടവോട്ടുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

വെട്ടി നിരത്തലും സജീവം

ബൂത്ത് ലെവൽ ഓഫീസർമാരെ ഉപയോഗിച്ചാണ് ഇത്. എല്ലാ മണ്ഡലത്തിലും ആയിരക്കണക്കിന് വോട്ടാണ് ഇങ്ങനെ മാറിയത്. കരട് വോട്ടർ പട്ടികയിൽ ഉള്ളവർ പോലും അവസാന പട്ടികയിൽ ഉണ്ടായിരുന്നില്ല. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പലരും ഇക്കാര്യം അറിഞ്ഞത്. തങ്ങൾക്ക് കിട്ടില്ലെന്ന് ഉറപ്പുള്ള വോട്ടുകളെല്ലാം വെട്ടിമാറ്റി. പട്ടികയിൽ സ്വന്തം അണികളുടെ പേര് ഇരട്ടിപ്പിക്കുകയും കള്ളവോട്ട് നടത്തുകയും ചെയ്യുന്നതിനേക്കാൾ എളുപ്പം എതിർപാർട്ടിയുടെ വോട്ടുകൾ ഇല്ലാതാക്കുന്നതാണ്.

6 മാസത്തിലധികമായി വീട്ടിലില്ലാത്തവരുടെ പേരുകൾ പട്ടികയിൽ നിന്നു നീക്കാൻ ബിഎൽഒമാർക്ക് ലഭിച്ച അനുവാദമാണ് കള്ളക്കളിക്കു കാരണമായത്. ആയിരക്കണക്കിന് ആളുകളുടെ പേരുകൾ ഏകപക്ഷീയമായി നീക്കി. ഇടുക്കി മണ്ഡലത്തിലെ 40,000 യുഡിഎഫ് വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ 15,000 വോട്ടർമാരെയെങ്കിലും അവസാന ഘട്ടത്തിൽ ഒഴിവാക്കിയെന്നാണു യുഡിഎഫ് പറയുന്നത്. മാവേലിക്കര മണ്ഡലത്തിലും വ്യാപകമായി വോട്ടർമാരെ ഒഴിവാക്കി.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ചോക്കാട് പഞ്ചായത്തിലെ വലിയപറമ്പ് ബൂത്തിൽ മാത്രം 120 വോട്ടർമാരുടെ പേരു വെട്ടി. മാവേലിക്കര മണ്ഡലത്തിലെ കുന്നത്തൂർ നെടിയവിള, ശാസ്താംകോട്ട പള്ളിശേരിക്കൽ, മൈനാഗപ്പള്ളി വേങ്ങ ബൂത്തുകളിലും വെട്ടിനിരത്തൽ നടന്നതായി പരാതികളുണ്ട്.

കള്ളവോട്ടിൽ പരാതി കൂടുന്നു

മാവേലിക്കര മണ്ഡലത്തിലെ 77ാം നമ്പർ ബൂത്തിൽ ആൾമാറാട്ടത്തിലൂടെ കള്ളവോട്ട് ചെയ്‌തെന്നു കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് കെ.പി. ശ്രീകുമാർ ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണയ്ക്കും മണ്ഡലം വരണാധികാരിക്കും പരാതി നൽകി. വോട്ട് ചെയ്യുന്നതിനെ യുഡിഎഫ് പോളിങ് ഏജന്റ് ചോദ്യം ചെയ്‌തെന്നും വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ മരുമകളാണെന്ന് എൽഡിഎഫ് ഏജന്റ് പറഞ്ഞതോടെ രേഖകൾ പരിശോധിക്കാതെ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുവദിച്ചെന്നും പരാതിയിൽ പറയുന്നു. സിപിഐയുടെ മുൻ പഞ്ചായത്തംഗത്തിന്റെ മകനാണു ബിഎൽഒ എന്നും പരാതിയുണ്ട്.

കായംകുളം നഗരസഭാ കൗൺസിലർ ജലീൽ എസ്. പെരുമ്പളത്ത് ആലപ്പുഴ മണ്ഡലത്തിൽ രണ്ടിടത്തു വോട്ട് ചെയ്‌തെന്ന പരാതിയിൽ കലക്ടർ കൗൺസിലറുടെ മൊഴിയെടുത്തു. 89ാം ബൂത്തിൽ മാത്രമേ താൻ വോട്ട് ചെയ്തിട്ടുള്ളൂ എന്നാണു ജലീൽ അറിയിച്ചത്. എന്നാൽ, 82ാം ബൂത്തിൽ വോട്ട് ചെയ്‌തോ എന്ന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നു കലക്ടർ പറഞ്ഞു. വോട്ടിങ് യന്ത്രവും രേഖകളും സ്‌ട്രോങ് റൂമിലായതിനാൽ കൂടുതൽ പരിശോധന ഇപ്പോൾ സാധ്യമല്ലെന്നാണു കലക്ടർ പറയുന്നത്. വിഡിയോ ദൃശ്യം പോലുള്ള തെളിവുകൾ കിട്ടിയാൽ പരിശോധിക്കും.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തിലെ 174ാം ബൂത്തിൽ എൽഡിഎഫ് ബൂത്ത് ഏജന്റ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതായി വരണാധികാരിക്കു യുഡിഎഫ് പരാതി നൽകി. ബേപ്പൂർ മണ്ഡലത്തിലെ 35ാം ബൂത്തിൽ വോട്ട് ചെയ്തശേഷം കുന്നമംഗലം മണ്ഡലത്തിലെ ഒളവണ്ണ 171ാം ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകനെതിരെ കലക്ടർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്.

കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ പല ബൂത്തുകളിലും ഓപ്പൺ വോട്ടുകളുടെ എണ്ണം വളരെക്കൂടുതലായിരുന്നു. ബാലുശ്ശേരി തുരുത്ത്യാട് എൽപി സ്‌കൂളിലെ ഒരു ബൂത്തിൽ 100 ൽ അധികം ഓപ്പൺ വോട്ടുകൾ ചെയ്തിട്ടുണ്ട്. കീഴരിയൂർ നടുവത്തൂർ യുപി സ്‌കൂൾ 131ാം ബൂത്തിൽ 81 ഓപ്പൺ വോട്ട് വന്നു. കുറ്റ്യാടി മണ്ഡലത്തിലെ ഒട്ടേറെ ബൂത്തുകളിൽ നൂറിനടുത്ത് ഓപ്പൺ വോട്ടുകൾ ചെയ്തിട്ടുണ്ട്. കാസർകോട് മണ്ഡലത്തിലെ കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂളിയാട് സ്‌കൂളിൽ 48 ാം നമ്പർ ബൂത്തിൽ ഒരു യുവാവ് 2 തവണ വോട്ട് ചെയ്തതായ വീഡിയോ ദൃശ്യത്തിൽ ജില്ലാ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.

ഓപ്പൺ വോട്ട് അമ്മയ്ക്ക് വേണ്ടിയെന്ന് കെ എസ് യു പ്രസിഡന്റ്

അമ്മയുടെ അമ്മ ലക്ഷ്മിയമ്മയ്ക്കു വേണ്ടിയാണു താൻ ഓപ്പൺ വോട്ട് (കംപാനിയൻ വോട്ട്) ചെയ്തതെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്. ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽപെട്ട എരമംഗലം എയുപിയിലെ 110ാം ബൂത്തിലായിരുന്നു വോട്ട്. 3 മണിക്കൂർ ക്യൂവിൽ നിന്നു താൻ വോട്ട് ചെയ്തശേഷമാണ് അമ്മമ്മയ്ക്കുവേണ്ടി വോട്ട് ചെയ്തത്.

70 വയസ്സുള്ള അവരെ പോളിങ് ബൂത്തിൽ കൊണ്ടുവന്നു. കാഴ്ചയ്ക്കു പ്രശ്‌നമുള്ളതിനാൽ തനിയെ വോട്ട് ചെയ്യാൻ പ്രയാസമാണെന്നു പ്രിസൈഡിങ് ഓഫിസറെ അറിയിച്ചു. ഫോം എഴുതി നൽകി. തുടർന്നാണ് വോട്ട് ചെയ്തത്. ബൂത്ത് ഏജന്റുമാർക്കും പ്രശ്‌നമുണ്ടായിരുന്നില്ല. വോട്ട് ചെയ്തശേഷം വലതുകൈയാണു നീട്ടിയതെങ്കിലും ഉദ്യോഗസ്ഥർ ഇടതുകൈയിലെ നടുവിരലിലാണു മഷി പുരട്ടിയതെന്നും അഭിജിത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP