Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീനമാസസൂര്യൻ കനിവില്ലാതെ കത്തിജ്വലിച്ചു നിൽക്കുന്നു; വഴിയിൽ കണ്ട ഗുഹാക്ഷേത്രങ്ങളിലുള്ളത് ആരും കാണാത്ത സൗന്ദര്യം; ആധുനിക സാങ്കേതിക വിദ്യകൾക്ക് പോലും ഈ സൗന്ദര്യം വാർത്തെടുക്കുവാനാകുമോ? മഹാബലിപുരത്തെ കാഴ്‌ച്ചകൾ; രവികുമാർ അമ്പാടി എഴുതുന്നു

മീനമാസസൂര്യൻ കനിവില്ലാതെ കത്തിജ്വലിച്ചു നിൽക്കുന്നു; വഴിയിൽ കണ്ട ഗുഹാക്ഷേത്രങ്ങളിലുള്ളത് ആരും കാണാത്ത സൗന്ദര്യം; ആധുനിക സാങ്കേതിക വിദ്യകൾക്ക് പോലും ഈ സൗന്ദര്യം വാർത്തെടുക്കുവാനാകുമോ? മഹാബലിപുരത്തെ കാഴ്‌ച്ചകൾ; രവികുമാർ അമ്പാടി എഴുതുന്നു

രവികുമാർ അമ്പാടി

''വളരെ പണ്ടുമുതൽക്കേ മഹാബലിപുരം ഒരു തുറമുഖമായിരുന്നു. ഗ്രീക്ക് ഉൾപ്പടെയുള്ള പല രാജ്യങ്ങളുമായി വ്യാപാരബന്ധവുമുണ്ടായിരുന്നു. ഏഴാം നൂറ്റാണ്ടിലേയും മറ്റും ഗ്രീക്ക് റൊമൻ നാണയങ്ങൾ ഇവിടെനിന്നും കുഴിച്ചെടുത്തിട്ടുണ്ട്.''

മഹാബലിപുരത്തെ ബോധി വുഡ്സ് റിസോർട്ടിലെ, പക്ഷി സങ്കേതത്തിനു മുന്നിൽ പനയോയകെട്ടിയുണ്ടാക്കിയ പന്തലിൽ സുഹൃത്തുമൊത്തിരുന്ന് പുകയൂതിവിടുമ്പോൾ അതുവഴി വന്ന റിസോർട്ട് മാനേജരാണ് മഹാബലിപുരത്തെ പരിചയപ്പെടുത്തിയത്.

ചെന്നൈ എയർപോർട്ടിൽ നിന്നും, മൂന്നു മണിക്കൂർ നേരത്തെ കാർ യാത്രയ്ക്ക് ശേഷം മഹാബലിപുരത്തെത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. നേരത്തേ ബുക്ക് ചെയ്തിരുന്ന റിസോർട്ടിലേക്കായിരുന്നു പോയത്.

മരപ്പാളികൾ ചേർത്ത് വച്ച് നിർമ്മിച്ചിരിക്കുന്ന കൊച്ചു കൊച്ചു കുടിലുകളാണ് മുറികൾ. എയർകണ്ടീഷണർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുള്ള മരപ്പാളിക്കുടിലുകളല്ലാതെ ഒരു കോൺക്രീറ്റ് രൂപവും ആ വിശാലമായ പുരയിടത്തിലില്ല. പച്ച നിറമുള്ള, വലപോലുള്ള ഷീറ്റ് മറച്ച് കെട്ടിയ, രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള ഒരു ബേഡ്സ് ഏവിയറിയും ഉണ്ടവിടെ. വിവിധതരം പക്ഷികൾ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വസിക്കുന്നുണ്ടതിൽ.

തൊട്ടുമുന്നിൽ ഒരു ചെറിയ താമരക്കുളത്തിൽ അരയന്നങ്ങൾ നീന്തിത്തുടിക്കുന്നു. കൂടെ ചില താറാവുകളേയും കണ്ടു. അന്ന് പ്രത്യേകിച്ചെങ്ങോട്ടും പോകുവാനില്ലാത്തതിനാൽ മുറിയിൽ തന്നെ കൂടി.

പിറ്റേന്ന് രാവിലെ തന്നെ തിരിച്ചു. റിസോർട്ടിൽ നിന്നുള്ള നാട്ടിടവഴി പ്രധാന നിരത്തിൽ ചേരുന്നിടത്ത് ഇടതുവശത്ത് ഉയരത്തിലുള്ള പാറക്കെട്ടുകളിലൂടെ ഒരു ഇടുങ്ങിയ പാത നീണ്ടുപോകുന്നു. ലൈറ്റ്ഹൗസിലേക്കുള്ളതാണ്. ഒരുപറ്റം സഞ്ചാരികൾക്കൊപ്പം ഞങ്ങളും ഇടവഴിയിലൂടെ നടന്നു.

മീനമാസസൂര്യൻ കനിവില്ലാതെ കത്തിജ്വലിച്ചു നിൽക്കുന്നു. എന്നാലും വഴിയിൽ കണ്ട ഗുഹാക്ഷേത്രങ്ങളൊന്നും തന്നെ കാണാതെ പോകുവാൻ മനസ്സുവന്നില്ല. ആരും കാണാത്ത സൗന്ദര്യം, വലിയ പാറക്കെട്ടുകളിൽ കാണുവാൻ കഴിഞ്ഞ ശില്പികളേ മനസ്സിൽ അഭിനന്ദിച്ചു. ആധുനിക സാങ്കേതിക വിദ്യകൾക്ക് പോലും ഇത്തരത്തിൽ സൗന്ദര്യം വാർത്തെടുക്കുവാനാകുമോ എന്നും സംശയിച്ചു.

ഇടവഴി അവസാനിക്കുന്നത് ലൈറ്റ് ഹൗസിനു മുന്നിലാണ്. വട്ടം ചുറ്റിപ്പോകുന്ന ഇടുങ്ങിയ ചവിട്ടുപടികൾ കണ്ടപ്പോഴേ സുഹൃത്തിന് കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി.

''മുകളിലോട്ട് നോക്കണ്ട. കയറുന്ന പടികൾ മാത്രം നോക്കി നടന്നൊ'' എന്റെ ഉപദേശം ശിരസ്സാ വഹിച്ച് ചവിട്ടുപടികൾ കയറുമ്പോൾ രാമനാമവും ജപിക്കുന്നുണ്ടായിരുന്നു.

ലൈറ്റ്ഹൗസിനോടനുബന്ധിച്ച് ഒരു മാരിടൈം മ്യുസിയവും ഒരുക്കിയിട്ടുണ്ട്. ലൈറ്റ്ഹൗസിന്റെ പ്രവർത്തനങ്ങൾ വിവരിക്കുന്നുണ്ടായിരുന്നു അവിടത്തെ ഒരു ഉദ്യോഗസ്ഥൻ. അതൊന്നു ശ്രദ്ധിക്കാതെ താഴെ അലറുന്ന കടലും നോക്കിനിന്നു.
സൂര്യൻ ഉച്ചിയിലെത്തിയപ്പോഴാണ് താഴേക്ക് പടികളിറങ്ങാൻ തുടങ്ങിയത്. നല്ല വെയിൽ, എന്നാലും ഇരുവശങ്ങളിലുമുള്ള ആര്യവേപ്പിൻ മരങ്ങൾ വിരിച്ച തണലിലൂടെ, നാട്ടുപാതയിലൂടെ നടന്ന് റിസോർട്ടിലെത്തി.

വിശാലമായ ഊണിനും ഒരു ഉച്ചമയക്കത്തിനും ശേഷമാണ് അടുത്ത യാത്ര.

''കിട്ടെ താൻ ഇരുക്ക് സാർ, നടന്നു പോലാം'' പഞ്ചരഥയെ കുറിച്ച് അന്വേഷിച്ചപ്പോൾ റൂംബോയിയുടെ മറുപടി.
എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ക്ഷേത്ര സമുച്ചയമാണ് പഞ്ചരഥ. ഒരു വലിയ പാറകൊത്തിയുണ്ടാക്കിയ അഞ്ചുക്ഷേത്രങ്ങൾ. പഞ്ചപാണ്ഡവന്മാരുടെ രഥമാണത്രെ ഓരോ ക്ഷേത്രവും. അതിനാലാണ് പഞ്ചരഥ എന്ന പേര് വന്നത്.

പ്രധാന വീഥിയിൽ നിന്നും പഞ്ചരഥയിലേക്ക് തിരിയുന്ന വീതികുറഞ്ഞ നിരത്തിന്റെ ഇരുപുറവും വഴിയോര വാണിഭക്കാരെക്കാണാം. കൂടുതലും ശിലാ ശില്പങ്ങൾ വിൽക്കുന്നവർ. വലതുഭാഗത്ത് ഒരു ചെറിയ ഷോപ്പിങ് കോംപ്ലക്സ്. കൗതുകവസ്തുക്കളും കളിപ്പാട്ടങ്ങളുമൊമ്മെ വിൽക്കുന്ന നിരവധി കൊച്ചു കടകൾ അവിടെയുണ്ട്.

അതിനടുത്ത് തന്നെയാണ് പഞ്ചരഥ സന്ദർശിക്കുവാനുള്ള ടിക്കറ്റ് വിതരണം ചെയ്യുന്ന കൗണ്ടർ. ടിക്കറ്റെടുത്ത്, പൂഴിമൺ പാതയിലൂടെ നടന്നു. ക്ഷേത്രാങ്കണവും പൂഴിമണ്ണ് നിറഞ്ഞതാണ്.

ആദ്യമായി ഇടത് ഭാഗത്ത് ഒരു ചെറിയ ക്ഷേത്രം കാണാം. ദുർഗ്ഗാദേവിയുടെ വിഗ്രഹം ശ്രീകോവിലനകത്തുകൊത്തിവച്ച ഇത് പാഞ്ചാലിയുടെ രഥമാണത്രെ! ക്ഷേത്രത്തിന് മുന്നിൽ ഒരു വലിയ സിംഹ പ്രതിമയുമുണ്ട്. അതു കഴിഞ്ഞാൽ നിരനിരയായി, ശിവനെ പ്രതിഷ്ഠിച്ച അർജ്ജുന രഥം, വിഷ്ണുവിന് സമർപ്പിച്ച ഭീമ രഥം എന്നിവ കാണാം. അതുകഴിഞ്ഞാണ്, ക്ഷേത്ര സമുച്ചയത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമായ യുധിഷ്ഠിര രഥം. ഇവിടെ ശിവനും വിഷ്ണുവുമാണ് പ്രതിഷ്ഠകൾ. ഒരല്പം വലതു മാറിയാണ് ഇന്ദ്രനായി സമർപ്പിച്ചിട്ടുള്ള നകുല സഹദേവ രഥം.

ധാരാളം സന്ദർശകർ ദിവസേന എത്തുന്ന അവിടം മഹാബലിപുരത്തെ ഒരു പ്രധാന ഫോട്ടോ സ്പോട്ട് കൂടിയാണ്. ഇടയിൽ, ക്ഷേത്രത്തിന്റെ മറവുപറ്റി മരത്തണലിൽ സമയം ചെലവഴിക്കുവാനെത്തിയ ചില യുവമിഥുനങ്ങളേയും കണ്ടു.

''ചെന്നൈയിലൊക്കെ പഠിക്കണ പിള്ളേരാകും, രണ്ടുമണിക്കൂർ കൊണ്ട് വന്നു പോകാനുള്ളതല്ലേയുള്ളു.'' സുഹൃത്തിന്റെ ഭാവന വിടര്ന്നു.

രാജശില്പികളുടെ കരവിരുത് ആവോളം ആസ്വദിച്ച് പുറത്തിറങ്ങി. വെയിൽ മങ്ങിവരുന്നതേയുള്ളു. സായാഹ്ന ചായയ്ക്കൊപ്പം ഒരോ പരിപ്പുവടയും കഴിച്ചു.

''എന്നാലിനി ബീച്ചിലേക്ക് വിടാം.'' സുഹൃത്തിന്റെ അഭിപ്രായം മാനിച്ചു. ഒരു ഓട്ടോ വിളിച്ചു. അറുപത് രൂപയ്ക്ക് പറഞ്ഞുറപ്പിച്ച് ബീച്ചിലേക്ക് യാത്ര.

മഹാബലിപുരം ബീച്ചിലെ ഏറ്റവും വലിയ ആകർഷണം. ഷോർ ടെമ്പിൾ എന്ന് അറിയപ്പെടുന്ന തീരദേശ ക്ഷേത്രം തന്നെയായിരുന്നു. ഏഴാം നൂറ്റാണ്ടിലായിരുന്നു ഇത് നിർമ്മിച്ചത്. ഏഴു വ്യത്യസ്ത ഗോപുരങ്ങളോടുകൂടിയ ഏഴു ക്ഷേത്രങ്ങൾ ചേർന്നതായിരുന്നു ഈ ക്ഷേത്ര സമുച്ചയം. പതിമൂന്നാം നൂറ്റാണ്ട് വരെ ഈ ഏഴു ഗോപുരങ്ങളും ഉണ്ടായിരുന്നു. അന്നൊക്കെ, പാശ്ചാത്യനാവികർക്കിടയിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നത് സെവൻ പഗോഡാസ് എന്ന പേരിലായിരുന്നു.

എന്നാൽ ഇന്ന് കേവലം മൂന്ന് ക്ഷേത്രങ്ങൾ മാത്രമേയുള്ളു. കടലിന് അഭിമുഖമായി. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിൽ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നു. അനന്തശായിയായ വിഷ്ണുവും സോമശേഖര ഭാവത്തിലുള്ള ശിവനും മറ്റ് രണ്ട് ക്ഷേത്രങ്ങളിലും കുടികൊള്ളുന്നു.

ക്ഷേത്രാങ്കണത്തിൽ നിന്നും നോക്കിയാൽ മഹാബലിപുരത്തെ പ്രധാന ബീച്ച് കാണാം. മറ്റേതൊരു ഇന്ത്യൻ ബീച്ചിലും കാണാവുന്ന സ്ഥിരം കാഴ്‌ച്ചകൾ ഇവിടെയുമുണ്ട്. മഹിഷാസുര ശില എന്നൊരു വലിയ ശില, സമുദ്രതീരത്തിൽ നിന്നും ഒരല്പം മാറി കടലിൽ തല ഉയർത്തി നിൽക്കുന്നു.

ഉപ്പുരസമൂറുന്ന കടൽക്കാറ്റേറ്റ് ഒരല്പനേരം തീരത്തുകൂടി നടന്നു. കാലിൽ മുത്തംവ്യ്ക്കുവാനെത്തുന്ന തിരമാലകൾക്ക്, അസ്തമനത്തിനപ്പുറം ശക്തി കൂടിയപ്പോൾ, മെല്ലേ തീരത്തുനിന്നും തിരിഞ്ഞു നടന്നു. അപ്പോഴും കൂടണയാൻ വെമ്പുന്ന കടൽക്കാക്കളുടെ നിലവിളി കേൾക്കാമായിരുന്നു.

ബോധി വുഡ്സിലെ, കുരുമുളക് അരച്ചു ചേർത്ത നാടൻ കോഴിക്കൊപ്പം ബിയർ നുണയുമ്പോൾ പിറ്റേന്നത്തെ പരിപാടി തയ്യാറാക്കി. മഹാബലിപുരത്തിന്റെ അടയാളം എന്നു തന്നെ വിളിക്കാവുന്ന കൃഷ്ണാസ് ബട്ടർബോൾ ഉൾപ്പടെയുള്ള ശില്പ സമുച്ചയം.

റിസോർട്ടിൽ നിന്നും അധികദൂരം ഈ ശിലാസമുച്ചയത്തിലേക്കില്ലാത്തതിനാൽ ധൃതിപിടിച്ച് നേരത്തെ എഴുന്നേൽക്കാനൊന്നും മിനക്കെട്ടില്ല. എന്നിട്ടും പുലർച്ചെ, പുറത്തെ കിളികളുടെ കളകളാരവം ഉണർത്തി. റിസോർട്ടിലെ പക്ഷി സങ്കേതത്തിലെ കിളികളാണ് ഈ തുകിലുണർത്തുകാർ.

മണൽ വിരിച്ച നാട്ടുവഴിയും, കോൺക്രീറ്റ് പുതച്ച പഞ്ചായത്ത് റോഡും കടന്ന്, ടറിട്ട പ്രധാന പാതയിലെത്തി. ഏകദേശം നൂറു മീറ്റർ മുന്നോട്ട് പോയാൽ കാണാം കൃഷ്ണമണ്ഡപം. വലിയൊരു പാറ തുരന്ന് നിർമ്മിച്ചതാണ്, കൊത്തുപണികളുള്ള തൂണുകളോട് കൂടിയ ഈ മണ്ഡപം. ഇതിനു തൊട്ടടുത്താണ് അർജ്ജുന ശില. പാശുപതാസ്ത്രത്തിനായി അർജ്ജുനൻ തപസ്സ് ആരംഭിച്ചപ്പോൾ മുതൽ, ശിവൻ അത് നൽകുന്നത് വരെയുള്ള കഥ വലിയൊരു പാറക്കല്ലിൽ അതിമനോഹരമായി കൊത്തിവച്ചിരിക്കുന്നു.

അതിനു സമീപത്തെ ഗെയ്റ്റ് കടന്ന്, കോൺക്രീറ്റ് സ്ലാബുകൾ വിരിച്ച പാതയിലൂടെ ഒരു ചെറിയ കയറ്റം. അവിടെയാണ് ഗണപതിയെ പ്രതിഷ്ഠിച്ചിട്ടുള്ള ഗുഹാക്ഷേത്രം. ഇവിടെ നിത്യപൂജയുള്ളത് ഈ ക്ഷേത്രത്തിൽ മാത്രമാണ്.

വിഘ്നേശ്വരനെ വന്ദിച്ച് യാത്രതുടരുമ്പോൾ ഒരല്പം മുന്നിലായി മറ്റൊരു ഗുഹാക്ഷേത്രം. വരാഹമൂർത്തിയാണ് ഇവിടത്തെ പ്രതിഷ്ഠ. അതുകഴിഞ്ഞാലാണ് ഭൂമിശാസ്ത്ര വിസ്മയമായ കൃഷ്ണാസ് ബട്ടർ ബോൾ അഥവ കൃഷ്ണന്റെ വെണ്ണക്കട്ടി എന്ന് വിളിക്കുന്ന വലിയൊരു ഉരുളൻപാറ.

ചരിഞ്ഞുള്ളൊരു പ്രതലത്തിൽ, താഴോട്ട് ഉരുണ്ട് വീഴാതെ നൂറ്റാണ്ടുകളായി നിലനിൽക്കുകയാണ് ഈ ഉരുളൻ പാറ.

''ഈ തടിയും വച്ച് മേലേ്പാട്ട് കയറാൻ ഇത്തിരി കഷ്ടാണേ....'' ശങ്കിച്ചു നിന്ന സുഹൃത്തിനെ കൈയിൽ പിടിച്ച്, മെല്ലെ മേല്പോട്ട് കയറ്റി നടത്തം തുടർന്നു. പ്രകൃതിതന്നെ, വലിയൊരു പാറയിൽ ഒരുക്കിയ ഒരു സ്നാനഘട്ടം. പാഞ്ചാലീസ് ബാത്ത് ടബ്ബ് എന്നറിയപ്പെടുന്ന ഈ കുളം ഇന്ന് വറ്റിവരണ്ട് കിടക്കുകയാണ്.

പാഞ്ചാലിയുടെ കുളിയിടം കണ്ട് തിരിച്ചുനടന്നാൽ എത്തുക രാജഗോപുരത്തിന്റെ മുന്നിലാണ്. പല്ലവർക്കും ചോളർക്കും ശേഷം കാഞ്ചീപുരം ഭരിച്ച വിജയനഗര ചക്രവർത്തിമാരിലൊരാളാണ് ഈ പണിതീരാത്ത ഗോപുരം നിർമ്മിക്കാൻ ആരംഭിച്ചത്. അറിയപ്പെടാത്ത ഏതോകാരണത്താൽ പണിപൂർത്തിയാക്കാൻ ആകാതെപോയ ഇത് ഇന്നും മഹാബലിപുരത്തിന്റെ ഒരു ദുഃഖസ്വപ്നമായി തുടരുന്നു.

ഗോപുരത്തിന്റെ കല്ലുകൾ പാകിയ നിലത്തിൽക്കൂടി മറുഭാഗത്തെത്തിയാൽ നഗരക്കാഴ്‌ച്ചകൾ കാണാം. ഒപ്പം അങ്ങ് ദൂരെയായി തിരമാലക്കൈകളാൽ സഞ്ചാരികളെ മാടിവിളിക്കുന്ന ബംഗാൾ ഉൾക്കടലും.

ഉച്ചത്തിൽ സൈറൺ മുഴക്കി കപ്പലുകൾ ചക്രവാളം ചേർന്ന് പോകുന്നുണ്ടായിരുന്നു. അന്തിക്ക് മുൻപ് കൂടണയാൻ ആഞ്ഞു തുഴഞ്ഞ് തീരം പിടിക്കുന്ന ചെറുതോണികളും കാണാം.

സൂര്യന്റെ അവസാന രശ്മിയും മറഞ്ഞപ്പോൾ, സെക്യുരിറ്റി ഗാർഡിന്റെ വിസിൽ മുഴങ്ങി. ഇനി അവിടെ സന്ദർശകർക്ക് തങ്ങുവാൻ അനുവാദമില്ല. ഭൂതകാലത്തിന്റെ സ്മരണകളും പേറെ ഞങ്ങളും കല്ലൊതുക്കകളിറങ്ങി യാത്രയായി, ബോധി വുഡ്സിന്റെ ഒന്നാം നമ്പർ കോട്ടേജിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP