Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ കോൺഗ്രസ്- ആം ആദ്മി സഖ്യമില്ലാത്തത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു; എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നെന്ന് കെജ്രിവാൾ ആരോപിച്ചതിന് പിന്നാലെ ഒരു ആപ്പ് എംഎൽഎ ബിജെപിയിൽ ചേർന്നു; രണ്ട് മാസത്തിനിടെ ആപ്പിൽ നിന്നും മറുകണ്ടം ചാടിയത് രണ്ട് എംഎൽഎമാർ; ലോക്‌സഭയിൽ ബിജെപിക്ക് തന്നെ സാധ്യതയെന്ന സൂചനകളിൽ പ്രലോഭിതരായി ആം ആദ്മി എംഎൽഎമാർ

ഡൽഹിയിൽ കോൺഗ്രസ്- ആം ആദ്മി സഖ്യമില്ലാത്തത് ബിജെപിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു;  എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ ശ്രമിക്കുന്നെന്ന് കെജ്രിവാൾ ആരോപിച്ചതിന് പിന്നാലെ ഒരു ആപ്പ് എംഎൽഎ ബിജെപിയിൽ ചേർന്നു; രണ്ട് മാസത്തിനിടെ ആപ്പിൽ നിന്നും മറുകണ്ടം ചാടിയത് രണ്ട് എംഎൽഎമാർ; ലോക്‌സഭയിൽ ബിജെപിക്ക് തന്നെ സാധ്യതയെന്ന സൂചനകളിൽ പ്രലോഭിതരായി ആം ആദ്മി എംഎൽഎമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ കോൺഗ്രസ് - ആം ആദ്മി സഖ്യസാധ്യതകൾ പൊളിഞ്ഞതോടെ ചാക്കിട്ടുപിടുത്ത നീക്കം ശക്തമാക്കി ബിജെപി. ഡൽഹിയിലെ ആം ആദ്മിയുടെ അടിത്തറ തകർക്കുന്ന വിധത്തിൽ എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള നീക്കമാണ് ഇപ്പോൾ ശക്തമായി നടക്കുന്നത്. ബിജെപിയുടെ ചാക്കിട്ടു പിടുത്തം ശക്തമായി നടക്കുന്നു എന്നു പറഞ്ഞതിന് പിന്നാലെ ഡൽഹി ഗാന്ധിനഗറിലെ എഎപി എംഎൽഎ അനിൽ വാജ്‌പേയി ബിജെപിയിൽ ചേർന്നു. എഎപി നേതാക്കളായ ഗൗരവ് ശർമ, വന്ദന റാണി, സഞ്ജയ് ജെയിൻ എന്നിവരും ബിജെപിയിലേക്ക് ചേക്കേറി.

തങ്ങളുടെ എംഎൽഎമാരെ 10 കോടി രൂപ വീതം വാഗ്ദാനം ചെയ്തു വലയിലാക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ആരോപണമുന്നയിച്ചതിനു തൊട്ടുപിന്നാലെയാണു കൂറുമാറ്റം. ഡൽഹിയുടെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷൻ ശ്യാം ജാജു, കേന്ദ്രമന്ത്രി വിജയ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലാണ് അനിൽ വാജ്‌പേയി ബിജെപിയിൽ ചേർന്നത്. ബിജെപി കുതിരക്കച്ചവടം നടത്തുന്നെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എംഎൽഎയുടെ കൂറുമാറ്റമെന്ന് എഎപി നേതാവ് ഗോപാൽ റായ് ആരോപിച്ചു.

2 മാസത്തിനിടെ ബിജെപിയിൽ ചേരുന്ന രണ്ടാമത്തെ എഎപി എംഎൽഎയാണ് അനിൽ വാജ്‌പേയി. മാർച്ചിൽ പഞ്ചാബിലെ ഹരീന്ദർ സിങ് ഖൽസ ബിജെപിയിൽ ചേർന്നിരുന്നു. വിമത എംഎൽഎ കപിൽ മിശ്ര ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നു പ്രഖ്യാപിച്ചതും എഎപിക്കു തിരിച്ചടിയായി. ഡൽഹിയിൽ എഎപിയുടെ 14 എംഎൽഎമാർ പാർട്ടി വിടാൻ തയാറാണെന്നാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയൽ ഈയിടെ അവകാശപ്പെട്ടത്.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാരെ വിലക്കുവാങ്ങാറുണ്ടോ എന്ന് പ്രധാനമന്ത്രിയോട് ചോദിച്ചുകൊണ്ടാണ് കെജ്രിവാൾ വിമർശനം ഉന്നയിച്ചത്. ഇതാണോ ജനാധിപത്യത്തെപ്പറ്റിയുള്ള നിങ്ങളുടെ നിർവചനം. എംഎൽഎമാരെ വിലക്കെടുക്കാൻ എവിടെനിന്നാണ് നിങ്ങൾക്ക് ഇത്രയും പണം ലഭിക്കുന്നത്. ഞങ്ങളുടെ എംഎൽഎമാരെ വിലക്കെടുക്കാൻ നിങ്ങൾ നിരവധി തവണ ശ്രമിച്ചു. അതത്ര എളുപ്പമല്ല- കെജ്രിവാൾ ട്വീറ്റ് ചെയ്തു.

കെജ്രിവാളിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകൾക്കകം എഎപി എംഎൽഎയെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു. അതേസമയം എഎൽഎമാർക്ക് 10 കോടി വാഗ്ദാനം ചെയ്തുവെന്ന ആരോപണം വിജയ് ഗോയൽ തള്ളിക്കളഞ്ഞു. പാർട്ടിക്കുള്ളിൽ നേരിടുന്ന പീഡനങ്ങളും നിരാശയും മൂലമാണ് അവർ എഎപി വിടാൻ തയ്യാറാകുന്നതെന്നും അതിനാൽ ആരെയും വിലക്കെടുക്കേണ്ട ആവശ്യമില്ലെന്നും ഗോയൽ പറയുന്നു. എഎപി സ്വന്തം ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് എംഎൽഎമാർ പാർട്ടിവിടാൻ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ 40 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ബിജെപിയിൽ ചേരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചതും വിവാദം സൃഷ്ടിച്ചിരുന്നു. ഏഴ് ലോക്‌സഭാ സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. ഇവിടെ കോൺഗ്രസ്- ആപ്പ് സഖ്യമുണ്ടായിരുന്നെങ്കിൽ എല്ലാ സീറ്റുകളിൽ വിജയിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, സഖ്യനീക്കം പാളിയതോടെ ബിജെപിക്കാണ് അതിന്റെ രാഷ്ട്രീയ മേധാവിത്വം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP