Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറന്മുളയിൽ പരിവാറും മോദിയും ഉടക്കുന്നു; കേന്ദ്ര സർക്കാറിനെ സമ്മർദ്ദത്തിലാക്കി തീരുമാനം അനുകൂലമാക്കാൻ നീക്കം; വിമാനത്താവളം വേണമെങ്കിൽ കെ പി യോഹന്നാന്റെ കൈയേറ്റ ഭൂമിയിൽ നടത്തട്ടേ; അല്ലാതെ ആറന്മുള ക്ഷേത്ര സമീപത്ത് അനുവദിക്കില്ലെന്ന കർശന നിലപാടിൽ കുമ്മനം

ആറന്മുളയിൽ പരിവാറും മോദിയും ഉടക്കുന്നു; കേന്ദ്ര സർക്കാറിനെ സമ്മർദ്ദത്തിലാക്കി തീരുമാനം അനുകൂലമാക്കാൻ നീക്കം; വിമാനത്താവളം വേണമെങ്കിൽ കെ പി യോഹന്നാന്റെ കൈയേറ്റ ഭൂമിയിൽ നടത്തട്ടേ; അല്ലാതെ ആറന്മുള ക്ഷേത്ര സമീപത്ത് അനുവദിക്കില്ലെന്ന കർശന നിലപാടിൽ കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാർ നേതൃത്വം പരസ്യമായി എതിർത്ത് തോൽപ്പിച്ച ആറന്മുള വിമാനത്താവള പദ്ധതി പിൻവാതിലിലൂടെ തിരുകി കയറ്റാനുള്ള മോദി സർക്കാറിന്റെ നീക്കത്തിൽ ബിജെപി സംസ്ഥാന ഘടകത്തിനും ആർഎസ്എസിനും കടുത്ത അതൃപ്തി. വിമാനത്താവള പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കിൽ തുറന്നെതിർക്കുന്ന നിലപാടിലേക്ക് പോകാനാണ് സംഘപരിവാറിന്റെ നീക്കം. ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് വിമാനത്താവള പദ്ധതിക്കെതിരെ സമരം നടത്തിയത്. ആറന്മുളയുടെ പൈതൃകം സംരക്ഷിക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു ഇവർ മുന്നോട്ടുപോയത്. അതുകൊണ്ട് തന്നെ ബിജെപി സംസ്ഥാന ഘടകവും ഇതിനെ പിന്തുണച്ചു. ഇപ്പോൾ, കേന്ദ്രസർക്കാർ വിമാനത്താവളത്തിന് അനുകൂല നിലപാട് കൈക്കൊണ്ടാൽ അതിന് അംഗീകരിക്കാൻ ബിജെപി സംസ്ഥാന ഘടകം നിർബന്ധിതരായേക്കും. എന്നാൽ പരിവാർ സംഘടനകൾ തങ്ങൾ വഴങ്ങില്ലെന്ന നിലപാടിൽ തന്നെയാണ്.

അതേസമയം സാമ്പത്തിക സമിതി റിപ്പോർട്ടിൽ ആറന്മുള വിമാനത്താവള പദ്ധതി ഇടംപിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയല്ലെന്നാണ് സംഘപരിവാറും ബിജെപിയും പുറമേ വിശദീകരിക്കുന്നത്. സാമ്പത്തിക സമിതി റിപ്പോർട്ട് സർക്കാരിന്റെ നയപരമായ തീരുമാനമല്ല കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥർ തയ്യാറാക്കിയതാണ് ഇത്. ഇതിലാണ് ആറന്മുള പദ്ധതി തിരുകി കയറ്റിയത്. അതുകൊണ്ട് ഇക്കാര്യത്തിൽ സർക്കാരിന് പങ്കില്ലെന്നും സംഘപരിവാർ നേതാക്കൾ വിശദീകരിക്കുന്നു. ഇനി മറിച്ചാണെങ്കിൽ ആറന്മുളയിൽ നിന്നും മാറ്റി പദ്ധതി പത്തനംതിട്ടയിലെ മറ്റെവിടെയങ്കിലും നടത്തിക്കോട്ടെ എന്നുമാണ് കുമ്മനം രാജശേഖരൻ അടക്കമുള്ളവരുടെ നിലപാടെന്നാണ് സൂചന.

ആറന്മുളയിൽ വിമാനക്താവളെ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കുമ്മനം. പത്തനംതിട്ടയിൽ തന്നെ വേണമെങ്കിൽ കെ പി യോഹന്നാന്റെ കൈയറ്റ ഭൂമിയിൽ നടത്തട്ടേയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അല്ലാതെ ആറന്മുളയിൽ വേണ്ടണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ വിവിധ തരത്തിലുള്ള പ്രചരണങ്ങൾ പുറത്തുവരുന്നതിനിടെ ബിജെപി മുതിനിര നേതാക്കളുമായി സംസാരിച്ച് ആശയ വ്യക്ത വരുത്തി ഉദ്യോഗസ്ഥർക്ക് എതിരെ പരാതിനൽകാനുമാണ് നീക്കം. കേന്ദ്ര സർക്കാർ നയത്തിനെതിരെ പ്രവർത്തിക്കുന്ന ഉദ്യാഗസ്ഥർക്ക് എതിരെ നടപടി വേണമെന്നുമാണ് ആറന്മുള സമര സമിതിയും ബിജെപി നേതാക്കളും ആവശ്യപ്പെടുന്നത്.

സാമ്പത്തിക സമിതി റിപ്പോർട്ടിൽ വിമാനത്താവള പദ്ധതി വന്നതോടെ മുഖംനഷ്ടമായ ബിജെപി സംസ്ഥാന നേതൃത്വവും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ആറന്മുള വിമാനത്താവളം യാഥാർത്ഥ്യമാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ വ്യക്തമാക്കിയിട്ടുണ്ട്. ആറന്മുള വിമാനത്താവളം യാഥാർത്ഥ്യമാകും എന്ന് പ്രതീക്ഷിക്കുന്ന ചിലരുണ്ട്. അവരുടെ ആഗ്രഹം തൽക്കാലം ചിറക് മടക്കി വയ്ക്കുന്നതാണ് പോംവഴി. സാമ്പത്തിക സർവ്വെയിൽ വന്ന ആറന്മുള വിമാനത്താവളത്തെക്കുറിച്ചുള്ള പരാമർശത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സാമ്പത്തിക സർവ്വെ നിലവിലുള്ള സാമ്പത്തികാവസ്ഥയുടെ റിപ്പോർട്ടാണ്. അതിൽ ആറന്മുളയെക്കുറിച്ചുള്ള പരാമാർശം നയപരമായ ഒരു പ്രഖ്യാപനമല്ല. ആറന്മുള വിമാനത്താവളം സംബന്ധിച്ച ബിജെപിയുടെ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.

ആറന്മുളയിലെ പ്രശ്‌നം അവിടത്തെ പാരിസ്ഥിതിക പ്രശ്‌നമാണ്. പരിസ്ഥിതി മന്ത്രായലയത്തിന്റെ അനുമതിയില്ലാതെ വിമാനത്താവളത്തിന്റെ പദ്ധതിയുമായി വ്യോമയാനമന്ത്രാലയത്തിന് ഒരടിപോലും മുന്നോട്ട് പോകാനാവില്ല. ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി തേടിയുള്ള അപേക്ഷ തള്ളിക്കളഞ്ഞതിനെ സംബന്ധിച്ച് തുടർ നടപടി എടുക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കർ ഒരുമാസം മുമ്പ് ഇക്കാര്യം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നു. താൻ ഇക്കാര്യം മാദ്ധ്യമപ്രവർത്തകരെ അറിയിച്ചിരുന്നതുമാണ്. കേന്ദ്രഗവൺമെന്റും ബിജെപി കേന്ദ്ര ഘടകവും സംസ്ഥാന ഘടകവും ഇക്കാര്യത്തിൽ ആറന്മുളയിലെ ജനങ്ങളോടൊമാണ്. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക സർവേയിൽ ആറന്മുള വിമാനത്താവളത്തിനു മുന്തിയ പരിഗണന ലഭിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2015-16 വർഷം നിർമ്മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഇത് രണ്ടാം തവണയാണ് പാർലമെന്റിന് മുന്നിൽ ആറന്മുള വിമാനത്താവള പദ്ധതി എത്തുന്നത്. ആറന്മുളയിൽ വിമാനം ഇറങ്ങില്ലെന്ന് ബിജെപി. സംസ്ഥാന ഘടകം ആണയിട്ട് പറയുമ്പോഴാണ് വികസനമെന്ന വാദമുയർത്തി കേന്ദ്രസർക്കാർ വിമാനത്താവളത്തിന് അനുകൂലമായി നീങ്ങിയത്. ഈ പ്രശ്‌നം ഉയർത്തി സമരം നയിച്ച ബിജെപിക്ക് പത്തനംതിട്ടയിൽ വൻ മുന്നേറ്റമുണ്ടാക്കാനും സാധിച്ചിരുന്നു.

ഗതാഗതവികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്നാണു സർവേ വ്യക്തമാക്കുന്നത്. സാമ്പത്തിക സർവേയുടെ 103, 104 പേജുകളിലാണ് ആറന്മുളയെ പരാമർശിക്കുന്നത്. കണ്ണൂർ വിമാനത്താവളവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വിദൂര പിന്നോക്ക മേഖലകളിൽ വിമാനത്താവളം നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങളൊക്കെ ഫലത്തിൽ കെജിഎസിനും ആറന്മുളക്കും അനുകൂലമാണ്. രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റർ വേണമെന്നുള്ള നിയമവും എടുത്തുകളഞ്ഞു. ഇതൊക്കെ ആറന്മുളയ്ക്ക് ഗുണകരമായിരുന്നു. ഇനി വികസന നായകനായ മോദി വിമാനത്താവളത്തിന് അനുകൂലമായ നിലപാട് എടുത്താൽ അത് സംഘപരിവാറുമായുള്ള ഏറ്റുട്ടലിലേക്കാകും നീങ്ങുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP