Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇ.കെ സമസ്തയുടെ പണ്ഡിതൻ മൊറോക്കൻ സർക്കാരിന്റെ അതിഥി; എ.പി സമസ്തയുടെ പണ്ഡിതൻ യു.എ.ഇ പ്രസിഡന്റിന്റെ അതിഥി; റമദാൻ മാസം കേരളത്തിലെ മത പണ്ഡിതർക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക അതിഥികളായി ഔദ്യോഗിക ക്ഷണം

ഇ.കെ സമസ്തയുടെ പണ്ഡിതൻ മൊറോക്കൻ സർക്കാരിന്റെ അതിഥി; എ.പി സമസ്തയുടെ പണ്ഡിതൻ യു.എ.ഇ പ്രസിഡന്റിന്റെ അതിഥി; റമദാൻ മാസം കേരളത്തിലെ മത പണ്ഡിതർക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക അതിഥികളായി ഔദ്യോഗിക ക്ഷണം

ജംഷാദ് മലപ്പുറം

മലപ്പുറം: റമദാനിലെ സ്പെഷ്യൽ അതിഥികളായി കേരളത്തിലെ മത പണ്ഡിതർക്ക് വിദേശരാജ്യങ്ങളിലേക്ക് ഔദ്യോഗിക ക്ഷണം. കേരളത്തിലെ പ്രബല മതസംഘടനകളും സുന്നി വിഭാഗവുമായ ഇ.കെ സമസ്തയുടേയും, കാന്തപുരം എ.പി.വിഭാഗത്തിന്റേയും പണ്ഡിതന്മാരെയാണ് യു.എ.ഇ പ്രസിഡന്റിന്റെ റമദാൻ അതിഥിയായും, മൊറോക്കൻ ഗവൺമെന്റിന്റെ റമദാൻ അതിഥിയായി ഔദ്യോഗിക ക്ഷണം ലഭിച്ചത്.
ഇ.കെ സമസ്തയുടെ കേന്ദ്രമുശാവറാംഗവും ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലാ വൈസ് ചാൻസലറുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വിക്കാണ് ഇത്തവണയും മൊറോക്കൻ ഗവൺമെന്റിന്റെ റമദാൻ അതിഥിയായി സംബന്ധിക്കാൻ ഔദ്യോഗിക ക്ഷണം ലഭിച്ചത്.

അമീർ മുഹമ്മദ് ബിൻ ഹസൻ രാജാവിന്റെ അധ്യക്ഷതയിൽ വിവിധ ആഗോള പണ്ഡിതരെ സംഘടിപ്പിച്ചു നടത്തുന്ന പണ്ഡിത സദസ്സിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി പ്രഭാഷണം നടത്തും. ദുറൂസുൽ ഹസനിയ്യ എന്ന പേരിൽ പ്രതിവർഷം സംഘടിപ്പിക്കാറുള്ള റമദാൻ പണ്ഡിത സദസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നു തെരെഞ്ഞടുത്ത പണ്ഡിതരാണ് പ്രഭാഷണങ്ങൾ നടത്തുക. കഴിഞ്ഞ വർഷവും ഡോ. നദ്വിക്കു ക്ഷണം ലഭിച്ചിരുന്നു.1963-ൽ അമീർ മുഹമ്മദ് ഹസൻ രണ്ടാമനാണ് ദുറൂസുൽ ഹസനിയ്യ എന്ന റമദാനിലെ പ്രത്യേക പണ്ഡിത സദസ്സ് ആരംഭിച്ചത്. സഊദ് റമദാൻ ബൂത്വി, ശൈഖ് മുതവല്ലി അശ്ശഅ്റാവി തുടങ്ങിയ നിരവധി ആഗോള പണ്ഡിതർ മുൻപ ദുറൂസുൽ ഹസനിയ്യക്കു നേതൃത്വം നൽകിയിരുന്നു.റമദാനിലെ ആദ്യ പതിമൂന്ന് ദിവസത്തെ പരിപാടിയിൽ സംബന്ധിക്കാൻ ഡോ. ബഹാഉദ്ദീൻ നദ് വി തലസ്ഥാന നഗരിയായ റബാത്വിലേക്ക് യാത്ര തിരിച്ചു.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഈ വർഷത്തെ റമസാൻ അതിഥിയായാണ് എ.പി വിഭാഗം സമസ്തയുടെ പ്രമുഖ നേതാവും, കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മലപ്പുറം മഅ്ദിൻ ചെയർമാനുമായ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരിക്ക് ക്ഷണം ലഭിച്ചത്. ക്ഷണത്തെ തുടർന്ന് അദ്ദേഹം അബുദാബിയിലെത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികളായ പണ്ഡിതർക്കിടയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഖലീൽ തങ്ങൾ എത്തിയത്. ഇത് രണ്ടാം തവണയാണ് തങ്ങൾ യു എ ഇ പ്രസിഡന്റിന്റെ റമസാൻ അതിഥിയാവുന്നത്.

2012ൽ തങ്ങൾ അതിഥിയായിരുന്നു. ഈ മാസം 25 വരെയുള്ള ദിവസങ്ങളിലായി യു എ ഇയുടെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും മറ്റു പ്രത്യേക സ്ഥലങ്ങളിലുമായി നടക്കുന്ന തങ്ങളുടെ പ്രഭാഷണങ്ങളുടെ തുടക്കം തിങ്കളാഴ്ചയാണ്. അബുദാബി മദീന സായിദിലെ എൻ എം സിക്ക് സമീപമുള്ള ഗാനിം ബിൻ ഹമൂദ മസ്ജിദിൽ തറാവീഹ് നിസ്‌കാര ശേഷമാണ് ആദ്യപ്രഭാഷണം. രാജ്യത്ത് സഹിഷ്ണുതാ വർഷാചരണം നടക്കുന്നതിനിടെയുള്ള വിശുദ്ധ റമസാനിൽ പ്രസിഡന്റിന്റെ അതിഥിയായെത്തുന്നതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അബുദാബിയിലെത്തിയ തങ്ങൾ പറഞ്ഞു. ആധുനിക സമൂഹത്തിൽ ഏറെ അനിവാര്യമായ ഒന്നാണ് വിവിധ മത വിശ്വാസികൾക്കിടയിലെ സഹിഷ്ണുതയെന്നും വിവിധ പരിപാടികളിലൂടെ ഇത് പ്രചരിപ്പിക്കാൻ ഒരു വർഷം തന്നെ നീക്കിവെച്ച ഇമാറാത്തിന്റെ ഭരണാധികാരികൾ ഏറെ പ്രശംസിക്കപ്പെടേണ്ടവരാണെന്നും ഖലീൽ തങ്ങൾ പറഞ്ഞു.

ലോകത്തിലെ പ്രമുഖമായ രണ്ട് മതങ്ങളുടെ ആഗോള നേതാക്കളെ പങ്കെടുപ്പിച്ച് പരസ്പരം അറിയാനും അടുക്കാനും ഉതകുന്ന രീതിയിൽ മാസങ്ങൾക്ക് മുമ്പ് സഹിഷ്ണുതാസമ്മേളനം സംഘടിപ്പിച്ചതിലൂടെ സഹിഷ്ണുത പ്രഖ്യാപനങ്ങളിലൊതുക്കുന്നതിന് പകരം പ്രാവർത്തികമാക്കി ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു ഇമാറാത്തിന്റെ ഭരണാധികാരികളെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.

യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തന്റെ മുഴുവൻ പ്രഭാഷണങ്ങളിലും മുഖ്യപ്രമേയം സഹിഷ്ണുതയായിരിക്കുമെന്നും ഖലീൽ തങ്ങൾ സൂചിപ്പിച്ചു. തങ്ങളുടെ പ്രഭാഷണ പരിപാടികളുടെ വിജയത്തിനായി വിവിധ ഭാഗങ്ങളിൽ പ്രാദേശിക സ്വാഗതസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. ഇന്നലെ അബുദാബിയിലെത്തിയ ഖലീൽ തങ്ങളെ സ്വീകരിക്കാൻ യു എ ഇ മതകാര്യ വകുപ്പ് പ്രതിനിധികൾക്ക് പുറമെ ഐ സി എഫ് നേതാക്കളായ അബ്ദുൽ ഹമീദ് പരപ്പ, ഉസ്മാൻ സഖാഫി തിരുവത്ര, പി വി അബൂബക്കർ മൗലവി, ഹംസ അഹ്സനി വയനാട്, ലത്തീഫ് ഹാജി മാട്ടൂൽ തുടങ്ങിയവരും എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP