Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അധികാരം മകനിലേക്ക് കൈമാറുന്നുവെന്ന് ആരോപിച്ച് കെഎം മാണിയോട് പിണങ്ങി പാർട്ടി വിട്ട പിസി ജോർജ് മകനെ ചെയർമാനാക്കി ഭാവി പ്രതിസന്ധി മറികടക്കുന്നത് പുതിയ പാർട്ടിക്ക് രൂപം നൽകി; ജനപക്ഷം സെക്കുലർ എന്ന പാർട്ടിയുടെ നിലവിലുള്ള ഘടകങ്ങൾ എല്ലാം പിരിച്ചു വിട്ടത് ബിജെപിയോട് ചേർന്ന് നിൽക്കുന്നതിനെ എതിർക്കാത്തവരെ ഭാരവാഹികളാക്കാൻ; പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കുമെന്നും ജോർജിന്റെ പ്രഖ്യാപനം

അധികാരം മകനിലേക്ക് കൈമാറുന്നുവെന്ന് ആരോപിച്ച് കെഎം മാണിയോട് പിണങ്ങി പാർട്ടി വിട്ട പിസി ജോർജ് മകനെ ചെയർമാനാക്കി ഭാവി പ്രതിസന്ധി മറികടക്കുന്നത് പുതിയ പാർട്ടിക്ക് രൂപം നൽകി; ജനപക്ഷം സെക്കുലർ എന്ന പാർട്ടിയുടെ നിലവിലുള്ള ഘടകങ്ങൾ എല്ലാം പിരിച്ചു വിട്ടത് ബിജെപിയോട് ചേർന്ന് നിൽക്കുന്നതിനെ എതിർക്കാത്തവരെ ഭാരവാഹികളാക്കാൻ; പാലായിലെ ഉപതെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കുമെന്നും ജോർജിന്റെ പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിന് എതിരായിരുന്നു കുറച്ചു കാലം മുമ്പ് വരെ പിസി ജോർജ്. കെ എം മാണിയുടെ കേരളാ കോൺഗ്രസുമായി സഹകരിക്കുമ്പോൾ ജോസ് കെ മാണിയുടെ ഇടപെടലുകൾ പിസിക്ക് തീരെ പിടിച്ചിരുന്നില്ല. കുടുംബ പാർട്ടിയാക്കി കേരളാ കോൺഗ്രസിനെ മാറ്റാൻ കെ എം മാണി ശ്രമിക്കുന്നുവെന്ന ആരോപണവുമായി പിസി കേരളാ കോൺഗ്രസ് വിട്ടു. ഇതോടെ മുന്നണികൾക്ക് പുറത്തുമായി. യുഡിഎഫിലും എൽഡിഎഫിലും എത്താൻ മാറി മാറി ശ്രമിച്ചെങ്കിലും നടന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് പുറത്ത് നിന്ന് മത്സരിച്ച് പൂഞ്ഞാറിൽ പിസി കരുത്തുകാട്ടുകയും ചെയ്തു. മകൻ ഷോൺ ജോർജ് ആകും ഇനി പിസിയുടെ രാഷ്ട്രീയത്തെ മുന്നോട്ട് കൊ്ണ്ടു പോകുക. ഇന്നലെ പിസി നടത്തിയ പ്രഖ്യാപനം അണികളെ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

പി.സി. ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം എന്ന സംഘടന കേരള ജനപക്ഷം സെക്യുലർ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവൽക്കരിക്കുകയാണ് ചെയ്തത്. പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജാണു പുതിയ പാർട്ടിയുടെ ചെയർമാൻ. ജോർജ് പാർട്ടി രക്ഷാധികാരിയാകും. പി.സി. ജോർജ് ചെയർമാനായ ചാരിറ്റബിൾ സൊസൈറ്റിയെന്ന നിലയിലാണ് ഇതുവരെ കേരള ജനപക്ഷം പ്രവർത്തിച്ചു വന്നിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാർട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായുള്ള നടപടികൾ ഇന്നലെ ചേർന്ന കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം അംഗീകരിച്ചു. തന്ത്രപരമായാണ് ഷോണിനെ പാർട്ടി നേതാവാക്കിയത്. സ്വതന്ത്ര എംഎൽഎയായതിനാൽ പി.സി. ജോർജിന് ഈ പാർട്ടിയിൽ ചേരാൻ പറ്റില്ലാത്തതിനാലാണ് രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്. ജനപക്ഷം എന്ന പേരിൽ കെ.രാമൻ പിള്ളയ്ക്ക് സംഘടന ഉണ്ടായിരുന്നതിനാൽ സെക്യുലർ എന്ന പേരു ചേർത്തു.

ജനപക്ഷത്തിന്റെ നിലവിലുള്ള ജില്ലാ- പ്രാദേശിക കമ്മിറ്റികൾ പിരിച്ചു വിട്ടു. പുതിയ ഭാരവാഹികളെ ജൂണിൽ തിരഞ്ഞെടുക്കും. ഇതിന് പിന്നിലും പിസിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ പിസി എൻഡിഎയിൽ അംഗമായി. ബിജെപിയുമായുള്ള സൗഹൃദത്തെ പാർട്ടിക്കുള്ളിലുള്ളവർ അതി ശക്തമായി എതിർത്തു. ഇത്തരത്തിൽ എതിർപ്പുള്ളവരെ മാറ്റി ബിജെപിയെ അംഗീകരിക്കുന്നവരെ പുതിയ പാർട്ടിയുടെ നേതാക്കളാക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് പുതിയ പാർട്ടി രൂപീകരിച്ചത്. ഇതിലൂടെ പഴയ സംവിധാനം മുഴുവൻ ഉടച്ചു വാർക്കുകയാണ് പിസി ജോർജ്.

പാലാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് എൻഡിഎയോട് ആവശ്യപ്പെടും. പാലാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ കാര്യം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യുമെന്നു ജോർജ് പറഞ്ഞു. ഷോൺ ജോർജ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത പി.സി.ജോർജ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഷോണാകും സ്ഥാനാർത്ഥിയെന്ന് ജോർജ് അടുപ്പക്കാർക്ക് സൂചന നൽകിയിട്ടുണ്ട്. പാലായിൽ ജനപക്ഷത്തിന് സ്വാധീനം ചെലുത്താനാകുമെന്നാണ് ജോർജിന്റെ കണക്ക് കൂട്ടൽ. മകനെ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കാനാണ് ഇത്. നേരത്തെ ലോക്‌സഭയിലേക്ക് ഷോണിനെ മത്സരിപ്പിക്കുന്നതും ജോർജ് പരിഗണിച്ചിരുന്നു. എന്നാൽ എൻ ഡി എയിൽ എത്തിയതോടെ ഈ നീക്കം വേണ്ടെന്ന് വച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ എൻഡിഎ ജയിക്കുമെന്നും തൃശൂർ, പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ നിർണായക ശക്തിയാകുമെന്നും പി.സി.ജോർജ് പറഞ്ഞു. അങ്ങനെ എൻഡിഎയയ്‌ക്കൊപ്പം ഉറച്ചു നിൽക്കാനാണ് പിസിയുടെ തീരുമാനം. അതിനിടെ പിസി പാർട്ടിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാത്തതിൽ അണികൾക്ക് അമർഷമുണ്ട്. സ്വതന്ത്ര എംഎൽഎ എന്നതിനാലാണ് പദവി ഏറ്റെടുക്കാത്തതെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നാണ് അവരുടെ വാദം. സ്വതന്ത്ര എംഎൽഎ ആയതു കൊണ്ട് തന്നെ ഏത് പാർട്ടിയുമായും പിസി ജോർജിന് സഹകരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പാലാ സീറ്റ് ബിജെപി വിട്ടു കൊടുക്കില്ലെന്ന വാദവും സജീവമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരി കാൽ ലക്ഷത്തിലേറെ വോട്ട് ഇവിടെ നേടിയിരുന്നു. ജില്ലയിൽ പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളിലാണു ബിജെപിക്കു സ്വാധീനമുള്ളത്.ഉപതിരഞ്ഞെടുപ്പു മുന്നിൽ കണ്ടു ബിജെപി പാലായിൽ പ്രവർത്തനം തുടങ്ങിയിരുന്നു. പഴയ പൂഞ്ഞാർ മണ്ഡലത്തിലുണ്ടായിരുന്ന 5 പഞ്ചായത്തുകൾ ഇപ്പോൾ പാലാ മണ്ഡലത്തിലാണെന്നതാണു പി.സി. ജോർജിന്റെ നീക്കത്തിന്റെ പിൻബലം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ മെച്ചപ്പെട്ട പ്രകടനം നടത്താനായാൽ അതിന്റെ ക്രെഡിറ്റിൽ ഒരു പങ്ക് പി.സി.ജോർജ് അവകാശപ്പെടും. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ എൻ.ഡി.എ. സ്ഥാനാർത്ഥി പി.സി. തോമസിനു തിരിച്ചടിയുണ്ടായാൽ അദ്ദേഹത്തെ പാലായിൽ മത്സരിപ്പിക്കണമെന്ന് അനുയായികൾ ആവശ്യപ്പെടുന്നുണ്ട്. ഇതെല്ലാം പിസി ജോർജിന്റെ നീക്കങ്ങൾക്ക് വെല്ലുവിളിയാണ്.

ഇടതുമുന്നണിക്കായി മാണി സി. കാപ്പന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻ.സി.പി. മണ്ഡലം കമ്മിറ്റി പ്രചാരണമാരംഭിച്ചിട്ടുണ്ട്. മുമ്പും ഇടതുമുന്നണിയിൽ എൻ.സി.പിക്കായിരുന്നു പാലാ സീറ്റ്. ഒരുവിഭാഗം എതിർപ്പുമായി രംഗത്തുണ്ടെങ്കിലും മാണി സി. കാപ്പന്റെ സ്ഥാനാർത്ഥിത്വവുമായി മുന്നോട്ടുപോകാനാണ് എൻ.സി.പിയുടെ തീരുമാനം. കെ.എം. മാണി അരങ്ങൊഴിഞ്ഞ ഈ തെരഞ്ഞെടുപ്പിൽ എൻ.സി.പി.യിൽനിന്നു സീറ്റ് ഏറ്റെടുത്ത് ഇടതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും എൽ.ഡി.എഫിൽ ഉയരുന്നുണ്ട്.

പാലാ നഗരസഭാ മുൻ ചെയർമാൻ കുര്യാക്കോസ് പടവൻ നിലവിൽ കേരള കോൺഗ്രസ് (എം) നേതൃത്വവുമായി അത്ര അടുപ്പത്തിലല്ല. അതിനാൽ അദ്ദേഹത്തെ ഇടതുസ്വതന്ത്രനായി രംഗത്തിറക്കണമെന്ന നിർദ്ദേശവും ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP