Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫുൾ എ പ്ലസ് 'കാൽപിടിയിലൊതുക്കി' ഈ മിടുമിടുക്കി; ഇരുകൈകളുമില്ലാത്ത ദേവികയുടെ നേട്ടം കണ്ട് തൊഴുകൈകളോടെ സമൂഹം; ഗ്രേസ് മാർക്കില്ലാതെയും സ്‌ക്രൈബിന്റെ സഹായവുമില്ലാതെ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭയെ പറ്റി അഭിമാനത്തോടെ അദ്ധ്യാപകരും സഹപാഠികളും; ജൂനിയർ റെഡ്‌ക്രോസിലെ മികച്ച കേഡറ്റിനുള്ള ഈ വർഷത്തെ പുരസ്‌കാരവും തേടിയെത്തിയത് ഈ മിടുക്കിയെ തന്നെ

ഫുൾ എ പ്ലസ് 'കാൽപിടിയിലൊതുക്കി' ഈ മിടുമിടുക്കി; ഇരുകൈകളുമില്ലാത്ത ദേവികയുടെ നേട്ടം കണ്ട് തൊഴുകൈകളോടെ സമൂഹം; ഗ്രേസ് മാർക്കില്ലാതെയും സ്‌ക്രൈബിന്റെ സഹായവുമില്ലാതെ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭയെ പറ്റി അഭിമാനത്തോടെ അദ്ധ്യാപകരും സഹപാഠികളും; ജൂനിയർ റെഡ്‌ക്രോസിലെ മികച്ച കേഡറ്റിനുള്ള ഈ വർഷത്തെ പുരസ്‌കാരവും തേടിയെത്തിയത് ഈ മിടുക്കിയെ തന്നെ

മറുനാടൻ ഡെസ്‌ക്‌

വള്ളിക്കുന്ന് (കോഴിക്കോട്): വിജയം കൈപ്പിടിയിലൊതുക്കിയവർക്കിടയിൽ നിന്നും ദേവിക വ്യത്യസ്തയാകുന്നത് താൻ കാൽപിടിയിൽ ഒതുക്കിയ വിജയം ഉയർത്തിക്കാട്ടിയാണ്. രണ്ടു കൈകളില്ലാതിരുന്നിട്ടും കാലുകൾ കൊണ്ട് പരീക്ഷയെഴുതി എല്ലാ വിഷയത്തിനും എപ്ലസ് നേടിയ ദേവികയെ നിറകണ്ണുകളോടെ അഭിനന്ദിക്കുകയാണ് ലോകം. അതും തന്റെ കുറവുകൾ ചൂണ്ടിക്കാട്ടി ഒരു സൗജന്യം വാങ്ങാനും ദേവികയ്ക്ക് മനസുണ്ടായിരുന്നില്ല. കഷ്ടപ്പാടിനിടയിലും തന്റെ ആത്മവിശ്വാസവും പോരാടാനുള്ള തീക്ഷ്ണതയും കുറയാതെ തന്നെ ഈ പ്രതിഭ വിജയക്കൊടി പാറിച്ചു.

വള്ളിക്കുന്ന് സിബിഎച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ദേവിക. ഒലിപ്രംകടവിന് സമീപമാണ് ദേവികയുടെ വീട്. ചോയിമഠത്തിൽ പാതിരാട്ട് സജീവിന്റെയും സുജിതയുടേയും മകളാണ് ദേവിക. ജന്മനാ ഇരുകൈകളുമില്ലാത്ത ദേവികയെ കാലുകൾ കൊണ്ട് എഴുതാൻ മാതാപിതാക്കൾ പഠിപ്പിച്ചു. കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ട് വളർന്ന ദേവികയ്ക്ക് മുന്നോട്ട് കുതിക്കണമെന്ന് തൃക്ഷണ മാത്രമാണുണ്ടായിരുന്നത്. പഠിച്ച സ്‌കൂളുകളിലെല്ലാം അദ്ധ്യാപകരും ദേവികയുടെ കൂടെനിന്നു. ഓരോരുത്തരും അളവറ്റ സ്‌നേഹവും കരുതലും നൽകി. സ്‌ക്രൈബിനെവെച്ച് പരീക്ഷ എഴുതാൻ അവസരമുണ്ടായിട്ടും ഒരൊറ്റ പരീക്ഷയിൽപ്പോലും ഇന്നുവരെ ദേവിക മറ്റൊരാളുടെ സഹായം തേടിയിട്ടില്ല.

എസ്.എസ്.എൽ.സിയിൽ രണ്ടുപരീക്ഷയ്ക്ക് മാത്രം അനുവദനീയമായ അധിക സമയം ഉപയോഗിച്ചതല്ലാതെ ബാക്കി വിഷയങ്ങളെല്ലാം മറ്റുള്ളവർക്കൊപ്പം കൃത്യസമയത്ത് എഴുതിത്ത്ത്ത്തീർത്തു. ഗ്രേസ് മാർക്കുപോലും ഇല്ലാതെയാണ് ദേവിക മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പ്രദർശനത്തിൽ ദേവിക വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഗാനാലാപനമത്സരങ്ങളിൽ ജില്ലാതലം വരെ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

ജൂനിയർ റെഡ് ക്രോസിൽ അംഗമായ ദേവികയ്ക്ക് ഈ വർഷം മികച്ച കേഡറ്റിനുള്ള പുരസ്‌കാരവും ലഭിച്ചു.'പ്ലസ്ടുവിന് ഹ്യുമാനിറ്റീസ് വിഷയം പഠിക്കണം. ബിരുദമൊക്കെ കഴിഞ്ഞ് സിവിൽ സർവീസ് നേടണം. അതാണ് ഇനിയെന്റെ ആഗ്രഹം'. ദേവിക പറയുന്നു. അച്ഛൻ സി.പി. സജീവ് തേഞ്ഞിപ്പലം പൊലീസ്സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്. സഹോദരൻ ഗൗതം ഇനി നാലാം ക്ലാസിലേക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP