Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈപ്പിനിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഈ വളഞ്ഞ വഴി വേണോ? വളരെ പണിപ്പെട്ട് 110 കെവി ലൈൻ മറ്റാർക്കോ വേണ്ടി വഴിമാറ്റി വളച്ച് ശാന്തിവനത്തിന്റെ ഒത്ത നടുക്കുകൂടി ഉടമസ്ഥന്റെ സമ്മതമില്ലാതെ കൊണ്ടു പോവുന്നതെന്തിനാണോ ആവൊ? ഒറ്റനോട്ടത്തിൽ വൈദ്യുതി മന്ത്രിയുടേയും ബോർഡിന്റേയും കടുപിടുത്തങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണം: സ്വപ്‌ന നായർ എഴുതുന്നു

വൈപ്പിനിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഈ വളഞ്ഞ വഴി വേണോ? വളരെ പണിപ്പെട്ട് 110 കെവി ലൈൻ മറ്റാർക്കോ വേണ്ടി വഴിമാറ്റി വളച്ച് ശാന്തിവനത്തിന്റെ ഒത്ത നടുക്കുകൂടി ഉടമസ്ഥന്റെ സമ്മതമില്ലാതെ കൊണ്ടു പോവുന്നതെന്തിനാണോ ആവൊ? ഒറ്റനോട്ടത്തിൽ വൈദ്യുതി മന്ത്രിയുടേയും ബോർഡിന്റേയും കടുപിടുത്തങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണം: സ്വപ്‌ന നായർ എഴുതുന്നു

സ്വപ്‌ന നായർ

 വടക്കൻ പറവൂരിനടുത്ത വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്തുള്ള ശാന്തിവനവും കെഎസ്ഇബിയുടെ 110 കെ വി നിർമ്മാണപ്രവർത്തനങ്ങളും വാർത്തയായിട്ട് കുറച്ചു ദിവസങ്ങളാവുന്നു. സമൂഹമാധ്യമങ്ങളിലും മറ്റു മേഖലകളിലും വേണ്ടത്ര പ്രാധാന്യത്തോടെ ഇതിനോടനുബന്ധിച്ച വാർത്തകൾ വന്നു കഴിഞ്ഞു. ചോദ്യം ഒന്നേയുള്ളൂ, ഇത്തരം ഒരു വൈദ്യുത ടവർ ആവശ്യമോ? മൂന്ന് കാവുകളും, മൂന്ന് കുളങ്ങളും ഒട്ടേറെ ജൈവ വൈവിധ്യങ്ങളുമുള്ള രണ്ടേക്കർ സ്വകാര്യ വനം നിലനിർത്തുന്നത് പരിസ്ഥിതി പ്രവർത്തകനായിരുന്ന പരേതനായ രവീന്ദ്രനാഥിന്റെ മകളായ മീനയും മകൾ ഉത്തരയുമാണ്. കഴിഞ്ഞ നാൽപതിലേറെ വർഷമായി മീന ശാന്തിവനത്തിന്റെ പച്ചപ്പിലും ശാന്തിയിലും ഒരു കൊച്ചു വീട്ടിൽ താമസിച്ചു വരുന്നു.

കാടെന്ന പേരിൽ വനഭൂമിയിലെ യഥാർത്ഥ പച്ചപ്പിനെ വെട്ടിമാറ്റി, വനമെന്ന പേരിൽ പടച്ചു വിടുന്ന അക്കേഷ്യയുടേയും യൂക്കാലിയുടേയും കാടുകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള കണക്കുകൾ ദയവായി ഇവിടെ നിരത്തരുത്. വള്ളികളും പടർപ്പുകളും നിറഞ്ഞ അടിക്കാടുകളടക്കം നൂറിലേറെ വർഷം പ്രായമുള്ള വൃക്ഷങ്ങളടങ്ങുന്ന സസ്യസമ്പത്തും, അതിനനുബന്ധമായി സ്വാഭാവിക പ്രക്രിയയിൽ വളരുന്ന ജൈവസമ്പത്തുമാണിവിടെയുള്ളത്. രണ്ടേക്കർ പൊന്നുംവിലയുള്ള വസ്തു പ്ലോട്ടു തിരിച്ച് വിൽക്കാനും കോടികൾ സമ്പാദിക്കാനുള്ള സമവാക്യങ്ങൾ അറിയാത്തതു കൊണ്ടല്ല ഈ വനം സംരക്ഷിക്കപ്പെടുന്നത്. പ്രാണവായു തരുന്ന ഒരു തുരുത്തെങ്കിലും നിലനിൽക്കട്ടെ എന്നൊരു കുടുംബം വിചാരിച്ചതുകൊണ്ടാണ്.

അവർക്കു മാത്രമല്ല ഒരു സമൂഹത്തിന് മൊത്തമായി ശ്വസിക്കാനുള്ള ജീവവായുവാണ് ഈ നശീകരണത്തിൽ ഇല്ലാതാവുന്നത്. അവരുടെ വൈകാരികതയെ വാദമുഖമാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച വക്കീലദ്ദേഹത്തിന്റെ ബുദ്ധി അപാരം! വെറുതെ കിട്ടുന്നതെന്തായാലും അതിപ്പോൾ ജീവൻ നിലനിർത്താനുള്ളതായാലും വിറ്റു പുത്തനുണ്ടാക്കുക എന്നുറപ്പിക്കുന്ന വർഗ്ഗമേതെങ്കിലും ഒരു സർക്കാർ സ്‌പോൺസേഡ് വെള്ളാനയോ, കച്ചവടക്കണ്ണുള്ള രാഷ്രീയക്കാരനോ ആവാനേ തരമുള്ളൂ. നെറ്റിചുളിക്കാൻ വരട്ടെ, അടച്ചാക്ഷേപിച്ചതല്ല. വികസനത്തിനെതിരാണെന്ന് പുച്ഛിച്ച് നിങ്ങളൊരു കൂട്ടം മനുഷ്യരുടെ നെറ്റിയിലും ഈയടുത്ത ദിവസം ഇതു പോലെ പോസ്റ്ററൊട്ടിച്ചിരുന്നു!

ഹരിതകേരളം, നവകേരളനിർമ്മാണം എന്നൊക്കെ നാഴികയ്ക്ക് നാൽപ്പതുവട്ടം ഘോരഘോരം പ്രസംഗിച്ചതുകൊണ്ടായില്ല. നമ്മുടെ ജനപ്രതിനിധികളും, സാമൂഹിക സേവകരും അൽപം മനസ്സിരുത്തി ചിന്തിച്ചാൽ പരിഹാരം കാണാവുന്നതേയുള്ളൂ ഈ പ്രശ്‌നത്തിന്. ഒരു പ്രളയം അടിയോടെ പിഴുതെറിഞ്ഞ മനുഷ്യർ പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തുന്നതേയുള്ളൂ, അത് ദുരിതാശ്വാസനിധിയുടെ ബലത്തിലല്ല എന്നോർമ്മ വേണം. കുളങ്ങളും പച്ചപ്പും തരിശാക്കിയും പണമാക്കിയും പ്രളയത്തിൽ മുടിഞ്ഞ ഒരു കൂട്ടം ജനങ്ങളുണ്ട്. ആപത്തുവന്നപ്പോൾ കാര്യകാരണസഹിതം വസ്തുതകളെ ഗൗരവത്തോടെ മനസ്സിലാക്കിയവർ. അവിടെയാണ് കെ എസ് ഇ ബിയുടെ നയം അവർക്കു മുന്നിൽ ചോദ്യചിഹ്നമാവുന്നത്. വളരെ പണിപ്പെട്ട് 110 കെവി ലൈൻ മറ്റാർക്കോ വേണ്ടി വഴിമാറ്റി വളച്ച് ശാന്തിവനത്തിന്റെ ഒത്ത നടുക്കുകൂടി ഉടമസ്ഥന്റെ സമ്മതമില്ലാതെ കൊണ്ടു പോവുന്നതെന്തിനാണോആവൊ? ചോദ്യങ്ങളുണ്ടാവുക തന്നെ ചെയ്യും!
ഒരു മരം മാത്രം മുറിച്ച് അരസെന്റ് സ്ഥലത്തിൽ 110 കെവി ടവർ പണിഞ്ഞു തീർക്കാമെന്ന് ഉറപ്പു നൽകിയ കെ എസ് ഇ ബി നാളിതുവരെയുള്ള പൈലിംഗിൽ മാത്രം ഏതാണ്ട് പതിമൂന്ന് മരങ്ങളും അടിക്കാടുകളും വെട്ടിനിരപ്പാക്കുകയും പതിനഞ്ചു സെന്റിലധികം ഭൂമി തരിശാക്കുകയും ചെയ്തു.

ഏപ്രിൽ 6 ആം തീയതി ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ മേൽപ്പറഞ്ഞ ഉറപ്പുകളെ ലംഘിച്ചതു കൊണ്ടാണ് തദ്ദേശവാസികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വന്നത്. സ്ഥലമുടമയായ മീനാ മേനോൻ സമീപവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ ശാന്തിവനം സംരക്ഷണസമിതി രൂപവൽക്കരിക്കുകയും ജനശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കുകയും ചെയ്തപ്പോഴാണ് കെഎസ്ഇബിയും മന്ത്രിയും തനിനിറം കാട്ടിയത്. കോടികൾ മുടക്കിയ പദ്ധതിയുമായി മുന്നോട്ട് പോകണം എന്നു തന്നെയാണ് പൊതുജനാഭിപ്രായവും. പക്ഷെ കെ എസ്ഇബി യും സർക്കാറും ചില ചോദ്യങൾക്കുത്തരം നൽകാൻ ബാധ്യസ്ഥരാണ്.

1. ടവറിന്റെ റൂട്ട് മാപ്പിൽ കാണിച്ച റൂട്ടിൽ നിന്നും വ്യതിചലിക്കാനുണ്ടായ കാരണം വിശ്വാസയോഗ്യമായ വിധം വ്യക്തമായി സ്ഥലമുടമയെ ധരിപ്പിക്കണം.

2. ഒരു പച്ചപ്പിന്റെ ഒത്ത നടുക്ക് ടവർ ഉണ്ടാക്കാൻ എത്ര വൃക്ഷങ്ങൾ വെട്ടേണ്ടി വരുമെന്ന് ബോർഡിന് മുൻധാരണ ഉണ്ടായിരുന്നില്ലേ?

3. കോടതിയിൽ ശാന്തിവനത്തെക്കുറിച്ചുള്ള റിപ്പോർട്ട് എന്തു കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതായി?

ലൈൻ വലിച്ചുകഴിഞ്ഞുവെന്ന് ഹൈക്കോടതിയെ ധരിപ്പിക്കുമ്പോൾ പൊലീസ് സംരക്ഷണയിൽ പൈലിങ് തുടങ്ങിയിരുന്നേയുള്ളൂ
കോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിനുമുന്നേ തന്നെ മരങ്ങൾ മുറിക്കുകയും പണി ആരംഭിക്കുകയും ചെയ്തിരുന്നു. മരം മുറിക്കാനുള്ള അനുവാദം നൽകിയെന്നും ഇല്ലെന്നും വാക്കു മാറ്റിപ്പറയുന്ന വനം വകുപ്പും, ഗതികേടുകൊണ്ടായാലും സംരക്ഷണസമിതിയുടെ നിവേദനത്തിനു മറുപടി നൽകാത്ത കളക്ടറും ഒക്കെ പ്രതിനിധാനം ചെയ്യുന്നത് നമ്മൾ തന്നെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുത്ത ഒരു സർക്കാരിനെ ആണെന്നോർക്കുമ്പോഴാണ് ഒരാശ്വാസം! ഇലക്ഷൻ ബഹളങ്ങൾ കഴിഞ്ഞു തുടങ്ങിയതു കൊണ്ട് സ്ഥാനാർത്ഥികൾക്കാശ്വസിക്കാം, പൊതുജനത്തിനു വോട്ട് മറിച്ചുകുത്താൻ ഒരു വഴിയുമില്ലല്ലോ!

ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രിയോടാണ് അടുത്ത ചോദ്യം..20 വർഷമായി നടക്കാതിരുന്ന പദ്ധതി ഒരു സുപ്രഭാതത്തിൽ വഴിമാറ്റി നടത്താനിടയായ അടിയന്തിരസാഹചര്യം ദയവായി ഒന്നു വിശദമാക്കിത്തരണം. വൈപിനിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ജനസാന്ദ്രത ഏറെയുള്ള സ്ഥലങ്ങളിലൂടെ ടവർ വഴി 110കെവി ലൈൻ വലിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് ബോർഡ് കണ്ടിരുന്നില്ലേ? മന്നത്തു നിന്നു ചെറായിലേക്കുള്ള ടവർ വയ്ക്കാനുള്ള ഇടങ്ങളെ മാർക്ക് ചെയ്യുമ്പോൾ അതു കണ്ടിട്ടുണ്ടാവുമല്ലോ. ഓവർ ഹെഡ് ലൈനുകളും ടവറുകളും കൊണ്ട് ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നതിനു പകരം എന്തു കൊണ്ട് അണ്ടർ ഗ്രൗണ്ട് വൈദ്യുതി കേബിളുകൾ ഉപയോഗിച്ചു കൂടാ? ജനസാന്ദ്രത കൂടുതലുള്ള മുംബൈ, ചണ്ഡിഗഡ് മുതലായ സ്ഥലങളിൽ പലയിടങ്ങളിലും ഓവർഹെഡ് വൈദ്യുതി ലൈനുകൾ മാറ്റി ഭൂമിക്കടിയിലൂടെ ആക്കിക്കഴിഞ്ഞു. മെട്രൊയുടെ ആവശ്യങ്ങൾക്കായും ഇതു ചെയ്തിട്ടുണ്ട്. അതു പോലെ തന്നെ ജനസാന്ദ്രതയുള്ളയിടമാണ് കേരളം. ഇനി ഭൂമിക്കടിയിലൂടെ കേബിൾ കൊണ്ടു പോകുന്നത് അധികച്ചെലവാണെന്ന വാദം പരിശോധിക്കാം. എസ്റ്റിമേറ്റഡ് കോസ്റ്റിനേക്കാൾ 53% കൂടുതൽ തുകയ്ക്ക് കരാറുകാരന് ടെണ്ടർ കൊടുത്ത ബോർഡിന് ഭൂമിക്കടിയിലൂടെ കേബിൾ ഇടുന്നതിന്റെ അധികച്ചെലവായ 30% നിസ്സാരമല്ലേ?

ഒന്നു കൂടി വ്യക്തമായിപ്പറഞ്ഞാൽ മന്നത്തു നിന്ന് ചെറായിയിലേക്ക് 110 കെ വി ലൈൻ വലിക്കാനുള്ള എസ്റ്റിമേറ്റഡ് കോസ്റ്റ് ആയ 12 കോടിയുടെ 53% മുകളിൽ കരാറുകാരനു ബോർഡ് കൊടുക്കുന്ന തുക 18 കോടി. എസ്റ്റിമേറ്റിൽ കരാറുകാരന്റെ ലാഭവും ഉണ്ട് എന്നിരിക്കേ , 6 കോടി അധികം കൊടുക്കാതെ ടെണ്ടർ വീണ്ടും വിളിക്കാമായിരുന്നില്ലേ? സംസ്ഥാനം വിൽക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 5 കോടി അടിക്കാത്ത സാധാരണക്കാരന്റെ ചോദ്യമാണിത്, അവന് ഈ തുക വലുതാണ്.

20 വർഷം കാത്തിരിക്കാമെങ്കിൽ ഒരു ടെണ്ടർ വീണ്ടും വിളിക്കാനുള്ള ഒന്നോ രണ്ടോ മാസം സാവകാശം കൂടി കൊടുക്കാമായിരുന്നില്ലേ? ചോദ്യം ബോർഡിനോട് മാത്രമല്ല വൈദ്യുതി മന്ത്രിയോടും അവർക്കു പിന്നിൽ ഉറച്ചു നിൽക്കുന്ന മുഖ്യമന്ത്രിയോടും കൂടിയാണ്. വൈപ്പിൻ , ചെറായി മുനമ്പം എന്നീ ഭാഗങ്ങളിലുള്ള 40,000 ത്തോളം വരുന്ന കുടുംബങ്ങളുടെ വൈദ്യുതി ക്ഷാമം പരിഹരിക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ 33 കെ വി ലൈൻ വലിച്ചാൽ മതിയായിരുന്നില്ലേ? ഇതിനായി ഇരുപതു വർഷം കാത്തിരിക്കേണ്ടതുണ്ടായിരുന്നോ? തടസ്സമില്ലാത്ത , വൈദ്യുതിത്തകരാറുകൾ ബാധിക്കാത്ത, പവർ സപ്‌ളൈ ഉറപ്പാക്കാൻ മറ്റുള്ള ഒന്നോ രണ്ടോ സബ് സ്റ്റേഷനുകളിൽ നിന്നു കൂടി 33 കെ വി ലൈൻ വലിച്ചാൽ പോരായിരുന്നോ!

ഇതിനാവട്ടെ ടവറിന്റെ ആവശ്യം വരുന്നുമില്ല. ചിലവും കുറവ്! കാടു തെളിക്കുകയോ, പാർപ്പിടങ്ങൾ നശിപ്പിക്കുകയോ ചെയ്യേണ്ടി വരികയുമില്ല. പാതയരികിലൂടെ പോളുകളിൽ ലൈൻ വലിച്ചോ ഭൂമിക്കടിയിലൂടെയോ ചെയ്യാമല്ലോ! ഒറ്റനോട്ടത്തിൽ വൈദ്യുതി മന്ത്രിയുടേയും ബോർഡിന്റേയും കടുപിടുത്തങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കുള്ള പ്രധാന കാരണം. ടവർ അല്ലാത്ത മറ്റു സാധ്യതകളെ കണക്കിലെടുക്കാൻ ബോർഡ് തയ്യാറാവുന്നുമില്ല. ബോർഡിന്റെയും മന്ത്രിയുടെയും കെടുകാര്യസ്ഥതയാണ് പ്രളയത്തിനു കാരണമായത് എന്ന ആരോപണം നിലനിൽക്കേ വീണ്ടു ഇത്തരമൊരു വെട്ടിൽ ചാടേണ്ടിയിരുന്നില്ല. ജനങ്ങളുടെ ആവാസവ്യവസ്ഥകളെ നമുക്ക് കഴിയുവോളം ഉപദ്രവിക്കാതിരിക്കാം.
വികസനം വരട്ടെ ! അതിന്റെ പേരിൽ കാടും, നാടും വീടും നശിപ്പിക്കാതിരിക്കാം!രാഷ്ട്രീയം ജനഹിതത്തിന്റെയും ന്യായത്തിന്റെയും വഴിക്കായാലേ ശരിയായ അർത്ഥത്തിലുള്ള വികസനമുണ്ടാവൂ. കടും പിടുത്തങ്ങളും മർക്കട മുഷ്ടികളും നമുക്കൊഴിവാക്കാം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP