Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനീസ് ഉപഗ്രഹത്തിൽ പ്രവർത്തിച്ച സാറ്റലൈറ്റ് ഫോണിൽ നിന്ന് ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോയത് അമ്പതിലേറെ വിളികൾ; രണ്ട് പാക്കിസ്ഥാനികളും വിദഗ്ധമായി രക്ഷപ്പെട്ടു; പാക്കിസ്ഥാൻ-ഇറാൻ അതിർത്തിയായ കലാട്ട് തുറമുഖത്തു നിന്ന് 2014ൽ ആലപ്പുഴയിൽ എത്തിയത് ഐസിസ് കപ്പൽ തന്നെ; പാലക്കാട്ടെ ചാവേറിനെ പിടിച്ചതിനാൽ കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യത; ദക്ഷിണേന്ത്യൻ തീരത്ത് അതീവ ജാഗ്രത; ശ്രീലങ്കൻ ഭീതിയിൽ കരുതലുകളെടുത്ത് ഇന്ത്യ

ചൈനീസ് ഉപഗ്രഹത്തിൽ പ്രവർത്തിച്ച സാറ്റലൈറ്റ് ഫോണിൽ നിന്ന് ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോയത് അമ്പതിലേറെ വിളികൾ; രണ്ട് പാക്കിസ്ഥാനികളും വിദഗ്ധമായി രക്ഷപ്പെട്ടു; പാക്കിസ്ഥാൻ-ഇറാൻ അതിർത്തിയായ കലാട്ട് തുറമുഖത്തു നിന്ന് 2014ൽ ആലപ്പുഴയിൽ എത്തിയത് ഐസിസ് കപ്പൽ തന്നെ; പാലക്കാട്ടെ ചാവേറിനെ പിടിച്ചതിനാൽ കടൽമാർഗ്ഗം തീവ്രവാദികളെത്താൻ സാധ്യത; ദക്ഷിണേന്ത്യൻ തീരത്ത് അതീവ ജാഗ്രത; ശ്രീലങ്കൻ ഭീതിയിൽ കരുതലുകളെടുത്ത് ഇന്ത്യ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: പാക്കിസ്ഥാൻ, ഇറാൻ പൗരന്മാരുമായി കേരളതീരത്തേക്ക് കടന്നുകയറിയ ഇറാൻ ബോട്ടിനെക്കുറിച്ച് സംശയം വീണ്ടും. മുംബൈ മോഡൽ ആക്രമണം ലക്ഷ്യമിട്ടാണ് ഇറാൻ ബോട്ട് കേരളത്തിലെത്തിയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും തെളിവുകൾ കണ്ടെത്താനാവാത്തതിനാൽ പിടിയിലായവരെ എൻ.ഐ.എ കുറ്റവിമുക്തരാക്കുകയായിരുന്നു. ശ്രീലങ്കൻ ചാവേർ സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിൽ ഇറാൻ ബോട്ടിനെച്ചൊല്ലി ആശങ്കകൾ പുകയുകയാണ്. ശ്രീലങ്കൻ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കടലിലും ഇന്ത്യ നിരീക്ഷണം കർശനമാക്കുകയാണ്.

ശ്രീലങ്കയിലെ പള്ളികളിൽ ആക്രമണം നടത്തിയ ഐസിസിന്റെ അടുത്ത ലക്ഷ്യം തെക്കേ ഇന്ത്യയാണെന്നാണ് സൂചന. പാലക്കാട് നിന്ന് പിടിയിലായ മലയാളിയെ ചാവേറായി ഉപയോഗിക്കാനും അവർ തീരുമാനിച്ചിരുന്നു. ഇത് എൻഐഎ പൊളിച്ചു. ഇതോടെ കടലിലൂടെ വിദേശ തീവ്രവാദികളെ എത്തിച്ച് ചാവേർ ആക്രമണത്തിന് ഐസിഎസ് ശ്രമിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കടലിലും നിരീക്ഷണം കർശനമാക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോഴാണ് ഇറാൻ ബോട്ടിലേക്കും സംശയങ്ങൾ എത്തുന്നത്. അതുകൊണ്ട് തന്നെ ചെറു സംശയം തോന്നിയാൽ പോലും കരുതലോടെ ഇനി നടപടി എടുക്കാനാണ് കേരളാ പൊലീസിനും എൻഐഎ നൽകുന്ന നിർദ്ദേശം.

പശ്ചിമേഷ്യൻ തീവ്രവാദസംഘടനായ ഐസിസിന് സ്വാധീനമുള്ള പാക്കിസ്ഥാൻ-ഇറാൻ അതിർത്തി മേഖലയായ കലാട്ട് തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടിൽ ഏഴ് ഇറാൻകാരും പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാനിൽ താമസിക്കുന്ന അഞ്ചുപേരുമാണ് ഉണ്ടായിരുന്നത്. ആലപ്പുഴ തീരത്ത് കോസ്റ്റ്ഗാർഡ് ബോട്ട് പിടികൂടിയപ്പോൾ രണ്ട് പാക്കിസ്ഥാൻ തിരിച്ചറിയൽ കാർഡുകൾ കൂടി കണ്ടെടുത്തു. പകുതി വഴിയായപ്പോൾ രണ്ടുപേർ നീന്തി കരപറ്റിയെന്നാണ് ബോട്ടിലുണ്ടായിരുന്നവർ വെളിപ്പെടുത്തിയത്. രക്ഷപെട്ട പാക്കിസ്ഥാനികളെ ഇതുവരെ കണ്ടെത്താനായിട്ടുമില്ല. ഇവർ രക്ഷപ്പെട്ടതാണോ അപകടത്തിൽ പെട്ടതാണോയെന്ന് കണ്ടെത്താനായിട്ടില്ല.

കേരള തീരത്ത് ശക്തിയേറിയ ആക്രമണം നടത്താൻ ബോട്ടിൽ ആയുധങ്ങൾ ശേഖരിച്ചിരുന്നുവെന്നും കോസ്റ്റ്ഗാർഡിന്റെ പിടിയിലാവുമെന്നുറപ്പായപ്പോൾ ആയുധങ്ങൾ കടലിലെറിഞ്ഞെന്നുമാണ് അന്ന് എൻ.ഐ.എ സംശയിച്ചത്. ആലപ്പുഴ തീരത്തുനിന്ന് 50 നോട്ടിക്കൽമൈൽ അകലെ കടലിൽ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ കണ്ടെത്താൻ സമുദ്രപര്യവേഷണം നടത്തുന്ന ദക്ഷിണകൊറിയൻ നിർമ്മിത 'സമുദ്ര രത്നാകർ' എന്ന കപ്പൽ വിട്ടുനൽകണമെന്ന് കേന്ദ്രസർക്കാരിനോട് എൻ.ഐ.എ ആവശ്യപ്പെട്ടിരുന്നു. മുംബൈയിലേതിന് സമാനമായ ആക്രമണം ലക്ഷ്യമിട്ട കഴിഞ്ഞ ഡിസംബർ 31ന് ഗുജറാത്തിലെ പോർബന്തർ തീരത്തിനടുത്ത് പാക്കിസ്ഥാനിൽ നിന്നെത്തിയ ബോട്ട് തീരസംരക്ഷണസേനയുടെ പിടിയിലാകുമെന്നുറപ്പായപ്പോൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചിരുന്നു.

അവിടെ മറൈൻ കമാൻഡോകളെ വിന്യസിച്ചതിന് പിന്നാലെയാണ് ഇറാൻബോട്ട് കേരള തീരത്തേക്കെത്തിയത്. ആയുധധാരികളുള്ള ബോട്ട് തീരത്തേക്കടുക്കുന്നുവെന്ന് റിസർച്ച് ആൻഡ് അനാലിസിസ് വിംഗാണ് (റോ) കണ്ടെത്തിയത്. ഗൾഫിലെ തുറായാ സാറ്റലെറ്റ് കമ്മ്യൂണിക്കേഷൻ കമ്പനി നിർമ്മിച്ച, ചൈനീസ് ഉപഗ്രഹത്തിന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന സാറ്റലെറ്റ്ഫോൺ ബോട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും അമ്പതിലേറെ വിളികളാണ് സാറ്റലെറ്റ് ഫോണിൽ നിന്ന് പോയിരുന്നത്. പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിമേഖലയിലേക്കായിരുന്നു കൂടുതൽ വിളികളും. എന്നാൽ ഫോൺവിളികളുടെ വിശദാംശങ്ങൾ നൽകാൻ തുറായാ കമ്പനി തയ്യാറായില്ല.

സി-ഡാക്കിലെ പരിശോധനയിൽ വിളികൾക്ക് തീവ്രവാദബന്ധമുണ്ടോയെന്ന് കണ്ടെത്താനുമായില്ല. പാക്കിസ്ഥാനിലേക്ക് വിളിക്കാൻ ജമ്മുകാശ്മീരിലും മറ്റും തീവ്രവാദികൾ ഉപയോഗിക്കുന്നത് തുറായാ കമ്പനിയുടെ ഉപഗ്രഹഫോണാണ്. മുംബൈ ആക്രമണത്തിലും ഈ ഫോൺ ഉപയോഗിച്ചിരുന്നു. ഇവയിൽ നിന്നുള്ള വിളികൾ കണ്ടെത്തുക ദുഷ്‌കരമാണ്. ചുഴലിക്കാറ്റിലും ഒഴുക്കിലും പെട്ട് എൻജിൻ തകരാറിലായി ദിശമാറി ഒഴുകിയെന്നാണ് ബോട്ടിലുള്ളവരുടെ മൊഴി. ഇത് സ്ഥിരീകരിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേയും ദേശീയ സമുദ്രപഠന-ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും സഹായം എൻ.ഐ.എ തേടിയിരുന്നു. പിടിയായവരുടെ ചിത്രങ്ങളും പാസ്‌പോർട്ടിലെ വിലാസവും സ്ഥിരീകരിക്കാൻ ഇന്റർപോൾ വഴി ഇറാൻ, പാക്കിസ്ഥാൻ സർക്കാരുകളെ എൻ.ഐ.എ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.

ക്യാപ്റ്റൻ മുഹമ്മദ് ബലോച്ചിനു പുറമേ കാസിം ബലൂച്, അബ്ദുൾ ഖാദർ ബലൂച്, പർവേഷ് ബലൂച്, വാഹിദ് ബലൂച്, ഷാഹിദ് ബലൂച്, ഇബ്രാഹിം ബക്ഷ്, അബ്ദുൾ മജീദ് ബലൂച്, ഷഹസാദ് ബലൂച്, ഹുസൈൻ ബലൂച്, ജംഷാദ് ബലൂച്, അഹമ്മദ് ബലൂച് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘമാണെന്ന് സംശയിച്ചെങ്കിലും തെളിവുകൾ കിട്ടിയില്ല. ബോട്ടിലുണ്ടായിരുന്ന വലയിൽ കൂറ്റൻ കല്ലാണ് ഉണ്ടായിരുന്നതെന്നാണ് ബോട്ടിലുള്ളവരുടെ മൊഴി. എന്നാൽ കടലിൽ എവിടെനിന്നാണ് കല്ലുകിട്ടയതെന്ന ചോദ്യത്തിന് മറുപടിയില്ല.

ലഹരിമരുന്നുകളോ ആയുധങ്ങളോ വലയിലാക്കി കടലിലെറിയുകയായിരുന്നുവെന്ന സംശയത്തെതുടർന്ന് കടലിൽ ആയുധങ്ങളും ലോഹഭാഗങ്ങളും തിരിച്ചറിയാനാവുന്ന കേന്ദ്രഖനിമന്ത്രാലയത്തിന്റെ 'സമുദ്ര രത്നാകർ' എന്ന അത്യാധുനികകപ്പലുപയോഗിച്ച് കടൽ അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തെളിവുകളില്ലാതെ പിടിയിലായവരെ വിട്ടയച്ചെങ്കിലും ഇറാൻ ബോട്ട് ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP