Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൊണ്ണൂറു ശതമാനം ഹിന്ദുക്കളുള്ള നേപ്പാളിൽ ആർഎസ്എസും ബിജെപിയും ഇല്ലാത്തത് എന്തുകൊണ്ടാണ്; അവിടെ ന്യൂനപക്ഷ വർഗീയത ഇല്ലാത്തതുകൊണ്ടുതന്നെയാണ്; മുസ്ലിം ലീഗോ ക്രിസ്ത്യൻ സമുദായ പാർട്ടികളോ ഒന്നുമില്ലെങ്കിൽ കേരളത്തിൽ ബിജെപി വളരുമോ; ന്യൂനപക്ഷ വർഗീയതയ്ക്ക് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയില്ല; പക്ഷേ അവർക്ക് ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയതയെ അധികാരത്തിലെത്തിപ്പിക്കാൻ കഴിയും; ചിന്തകൾക്ക് തീപിടിപ്പിച്ച് വീണ്ടും ഹമീദ് ചേന്ദമംഗല്ലൂർ

തൊണ്ണൂറു ശതമാനം ഹിന്ദുക്കളുള്ള നേപ്പാളിൽ ആർഎസ്എസും ബിജെപിയും ഇല്ലാത്തത് എന്തുകൊണ്ടാണ്; അവിടെ ന്യൂനപക്ഷ വർഗീയത ഇല്ലാത്തതുകൊണ്ടുതന്നെയാണ്; മുസ്ലിം ലീഗോ ക്രിസ്ത്യൻ സമുദായ പാർട്ടികളോ ഒന്നുമില്ലെങ്കിൽ കേരളത്തിൽ ബിജെപി വളരുമോ; ന്യൂനപക്ഷ വർഗീയതയ്ക്ക് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയില്ല; പക്ഷേ അവർക്ക് ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയതയെ അധികാരത്തിലെത്തിപ്പിക്കാൻ കഴിയും; ചിന്തകൾക്ക് തീപിടിപ്പിച്ച് വീണ്ടും ഹമീദ് ചേന്ദമംഗല്ലൂർ

ആർ. പീയൂഷ്

കോഴിക്കോട്: 'തൊണ്ണൂറു ശതമാനം ഹിന്ദുക്കളുള്ള നേപ്പാളിൽ ആർഎസ്എസും ബിജെപിയും ഇല്ലാത്തത് എന്തുകൊണ്ടാണ്? അവിടെ ന്യൂനപക്ഷ വർഗീയത ഇല്ലാത്തതുകൊണ്ടുതന്നെയാണ്. മുസ്ലിം ലീഗോ ക്രിസ്ത്യൻ സമുദായ പാർട്ടികളോ ഒന്നുമില്ലെങ്കിൽ കേരളത്തിൽ ബിജെപി വളരുമോ. ന്യൂനപക്ഷ വർഗീയതയ്ക്ക് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയില്ല.

പക്ഷേ ന്യൂനപക്ഷ വർഗീയതയ്ക്ക് ഇന്ത്യയിൽ ഭൂരിപക്ഷ വർഗീയതയെ അധികാരത്തിലെത്തിപ്പിക്കാൻ കഴിയും.'- പറയുന്നത് പ്രശ്സത എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹമീദ് ചേന്ദമംഗല്ലൂർ. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹമീദ് ചേന്ദമംഗല്ലൂരുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ അവസാനം ഭാഗം ഇങ്ങനെയാണ്.

ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. എന്നാൽ മുസ്ലിം പള്ളികളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും ഹർജി നൽകിയിട്ടുണ്ടോ..?

തീർച്ചയായും അത്തരത്തിൽ ഹർജി ചില മുസ്ലിം സ്ത്രീകൾ നൽകിയിട്ടുണ്ട്. അതിന്റെ വിധി വന്നിട്ടില്ല എന്നേയുള്ളൂ. മുസ്ലിം സമുദായത്തിൽപെട്ട ആൾക്കാരും പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അത്ര ശക്തമായിട്ട് അത് മുന്നോട്ട് വന്നിട്ടില്ല എന്നേയുള്ളൂ. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിസ എന്ന് സംഘടന പലപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ജമാ അത്ത് ഇസ്ലാമി, മുജാഹിദ് തുടങ്ങിയ സംഘടനകൾ കഴിഞ്ഞ പതിനഞ്ചു വർഷമായി സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശനം അനുവദിക്കുന്നുണ്ട്.

പക്ഷേ അവിടെ വേർതിരിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇരിപ്പിടങ്ങളാണ്. സമ്മേളനങ്ങളിൽ മാത്രമല്ല ചില മുസ്ലിം സംഘടനകൾ നടത്തുന്ന വിദ്യാലയങ്ങളിൽ പോലും പ്രത്യേകിച്ച് മത വിദ്യാലയങ്ങളിൽ പോയാൽ അവിടെ കർട്ടനിട്ട് പെൺകുട്ടികൾ ഒരു ഭാഗത്തും ആൺകുട്ടികൾ മറ്റൊരു ഭാഗത്തും ഇരിക്കുന്നത് കാണാം. പരസ്പരം കാണാൻ പാടില്ല എന്ന നിയമമുള്ള മത വിദ്യാലയങ്ങളും ഈ നൂറ്റാണ്ടിലുണ്ട്. ഇത്തരത്തിൽ വേർതിരിച്ച് നിർത്തുമ്പോഴാണ് ലൈംഗികമായ ചോദനകൾ ഉണ്ടാകുന്നത്. മനുഷ്യന്റെ സഹജമായ സ്വഭാവമാണ് എന്താണ് മൂടിവച്ചത് അത് അറിയുവാനുള്ള ജിജ്ഞാസ.

ആ സൈക്കോളജി പോലും ഈ പറയുന്ന മത പണ്ഡിതന്മാർ മനസ്സിലാക്കുന്നില്ല. നേരെ മറിച്ച് മറ്റ് പല സമൂഹങ്ങളും എന്നപോലെ ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം കാണുകയും ഇടപഴകുകയും ചെയ്യുമ്പോൾ ഈ പറയുന്ന ലൈംഗികമായ ഭ്രാന്ത് കുറയുകയാണ് ചെയ്യുന്നത്. അത് മനസ്സിലാക്കാതെയാണ് കൂടുതൽ കൂടുതൽ ലൈംഗിക ഭ്രാന്തിലേക്ക് ഒരു പ്രത്യേക സമുദായത്തിൽപെട്ട ആൾക്കാരെ തള്ളിവിടുന്ന ഒരു സമീപനം ഫലത്തിലുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. പിന്നെ ഭരണ സംവിധാനത്തിലൊന്നും സ്ത്രീകൾക്ക് അംഗത്വമില്ല.

അങ്ങനെ വിവേചനം നിലനിൽക്കുന്നുണ്ടെങ്കിലും പള്ളിയിൽ പോയി പ്രാർത്ഥിക്കാം എന്ന ഒരു സമീപനം ഈ രണ്ട് സംഘടനകളുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. സുന്നി സംഘടനകളായ സമസ്തകേരള ജം ഇയ്യത്തുൽ ഉലമ, കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സുന്നി വിഭാഗം എന്നീ രണ്ടു കൂട്ടരാണ് വളരെ ശക്തമായി സ്ത്രീകളുടെ പള്ളി പ്രവേശനം എതിർക്കുന്നത്. എന്തായാലും അതിനൊക്കെ മാറ്റം വരുമെന്നാണ് കരുതുന്നത്.

പർദ ധരിക്കണമെന്നും കണ്ണുമാത്രം വെളിയിൽ കാണുന്ന തരത്തിലുള്ള മുഖമറ ധരിക്കണമെന്നും മത ഗ്രന്ഥങ്ങളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ..?

അതുമാത്രമല്ല പർദയ്ക്ക് വേണ്ടി അല്ലെങ്കിൽ നിഖാബിന് വേണ്ടി (അതായത് കണ്ണുമാത്രം വെളിയിൽ കാണുന്ന രീതിയിലുള്ള മുഖമറ) വാദിക്കുന്നവർ ഒരുപക്ഷേ മറന്നു കളയുന്നൊരു കാര്യം ഒരു മുപ്പത് മുപ്പത്തി അഞ്ച് കൊല്ലം മുൻപ് നമ്മുടെ കേരളത്തിൽ മുസ്ലിം സ്ത്രീകൾ പർദ ധരിക്കാറേയില്ലായിരുന്നു എന്നതാണ്. ഏതോ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ഒന്നോ രണ്ടോ വൃദ്ധകളായ സ്ത്രീകൾ ധരിച്ചെങ്കിലായി. അല്ലാതെ യുവതികളൊന്നും പർദ ധരിക്കുന്ന സ്വഭാവം 1970കളിലും 80കളിലുമൊന്നുമില്ല. ഒരു പത്തിരുപതുകൊല്ലമായിട്ടേയുള്ളൂ പർദ വ്യാപകമാകാൻ തുടങ്ങിയിട്ട്. അതിന്റെ പ്രധാനമായ കാരണങ്ങളിലൊന്ന് മുസ്ലീങ്ങൾക്കിടയിൽ ഗൾഫിന്റെ സ്വാധീനം വന്നു.

അതായത് കഴിഞ്ഞ നാൽപതു കൊല്ലങ്ങളായി മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ പോകുകയും അവിടുത്തെ അറേബ്യൻ സംസ്‌ക്കാരത്തോട് ഇടപഴകുന്നു. ആ ഒരു അറേബ്യൻ സംസ്‌ക്കാരത്തിന്റെ സ്വാധീനം. മതവിശ്വാസത്തെ ചൂഷണം ചെയ്തു കൊണ്ട് നമ്മുടെ നാട്ടിലെ വസ്ത്ര വ്യാപാരികൾ പർദയുടെ കച്ചവടം തുടങ്ങി. പർദ എന്നു പറഞ്ഞാൽ പലരൂപത്തിലുള്ള പല വർണ്ണത്തിലുള്ള പലതരത്തിലുള്ള പർദ. അതിന്റെ വൻ പരസ്യങ്ങൽ പത്രങ്ങളിലും ചാനലുകളിലുമൊക്കെ വരാൻ തുടങ്ങി. അങ്ങനെ ഈ കച്ചവട സാധ്യത കണക്കിലെടുത്ത് വ്യാപാരികൾ ഈ പർദയെ മത വിഷയമാക്കി.

അങ്ങനെ എല്ലാവരും പർദ ധരിക്കണം എന്ന രൂപത്തിലേക്ക് ആളുകളെ കൊണ്ടുവന്നു. മദ്രസയിൽ പോകുന്ന അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികൾ വരെ ഇപ്പോ പർദ ധരിക്കുകയാണ്. സാധാരണ അമേരിക്കൻ സംസ്‌ക്കാരത്തിന്റെ അധിനിവേശത്തെകുറിച്ച് അല്ലെങ്കിൽ പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അധിനിവേശത്തെകുറിച്ച് കൊളോമിയൽ സംസ്‌ക്കാരത്തിന്റെ അധിനിവേശത്തെകുറിച്ചാണ് സംസാരിക്കുന്നത്. പാശ്ചാത്യ അധിനിവേശം പോലെതന്നെ അറേബ്യൻ അധിനിവേശം മുസ്ലീങ്ങൾക്കിടയിൽ നടക്കുന്നുണ്ട്. നേരത്തെ ഇത് വസ്ത്രധാരണത്തിലൊന്നുമില്ലായിരുന്നു. അവരുടെ പ്രാർത്ഥന എന്നു പറഞ്ഞാൽ ഇപ്പോഴും പ്രാദേശിക ഭാഷകളിലല്ല.

ക്രിസ്ത്യാനികളുടെത് പ്രദേശിക ഭാഷയിലുള്ള പ്രാർത്ഥനയാണ്. കേരളത്തിൽ ജീവിക്കുന്ന ക്രിസ്ത്യാനി പഴയ അറേമിയൻ ഭാഷയിലോ സിറിയൻ ഭാഷയിലോ അല്ല പ്രാർത്ഥിക്കുന്നത്. അവർ പ്രാർത്ഥിക്കുന്നത് ഇവിടുത്തെ മലയാള ഭാഷയിലാണ്. പക്ഷേ മുസ്ലീങ്ങൾ ലോകത്തുടനീളം ഈ അറേബ്യൻ സംസ്‌ക്കാരത്തിന്റെ അധിനിവേശം മൂലം അവരുടെ പ്രാർത്ഥനപോലും മാതൃഭാഷയിലല്ല നിർവ്വഹിക്കുന്നത്.

അതുപോലെ അവരുടെ ബാങ്ക് വിളി. പ്രാർത്ഥനയ്ക്ക് സമയമായി എന്ന് വിശ്വാസികളെ അറിയിക്കാനുള്ള ഒരു സംവിധാനമാണത്. അത് കേരളത്തിലാണെങ്കിൽ മലയാളത്തിലാണ് വേണ്ടത്. തമിഴ്‌നാട്ടിലാണെങ്കിൽ തമിഴിലാവണം. പക്ഷേ എല്ലായിടത്തും, ലോകത്തുടനീളം അറബിയിൽ തന്നെയാണ് ബാങ്ക് വിളി നടത്തുന്നത്. അപ്പോൾ ഈ അറേബ്യൻ സംസ്‌ക്കാരത്തോടുള്ള ഒരു തരം അന്ധമായിട്ടുള്ള വിധേയത്വം ഇതിലൊക്കെ കാണാം. അതിനെ മറികടക്കാൻ ഇപ്പോഴും മുസ്ലീങ്ങൾക്ക് സാധിച്ചിട്ടില്ല. അറബ് നാടുകളിൽ ചൂടിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് പർദപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു പോന്നത്.

അവിടെ പുരുഷന്മാരും ധരിക്കുന്നതും പർദപോലെയുള്ള വസ്ത്രമാണ്. കഴുത്ത് മുതൽ പാദം വരെ മറയുന്ന തരത്തിലുള്ള വസ്ത്രമാണ് അവർ ധരിക്കുന്നത്. കാരണം അവിടെ ചൂടുള്ള മണൽ കാറ്റ് വരും ഇത് തടുക്കാൻ വേണ്ടിയാണ് ആ വസ്ത്രം അവർ ധരിക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ ബനിയനോ അരക്കൈ ഉടുപ്പോ ഇട്ട് അവിടെ നടക്കാൻ പറ്റില്ല. അതുകൊണ്ടാണ് ളോഹ പോലെയുള്ള വസ്ത്രങ്ങൾ അറബികൾ ഉപയോഗിക്കുന്നത്. അവരുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട വേഷമാണ്.

അതിപ്പോ നമ്മുടെ നാട്ടിലെ ചില മുസ്ലിയാർമാർ അനുകരിക്കാൻ തുടങ്ങിയിട്ടുണ്ട്. മുൻപ് അതില്ലായിരുന്നു. പണ്ട് മുസ്ലിയാർമാർ താടിയൊക്കെ നീട്ടി തലക്കെട്ടൊക്കെ വച്ചേ നടക്കുകയുള്ളായിരുന്നു. എന്നാൽ ഇപ്പോൾ വലിയ മുസ്ലിയാർമാർ ഈ അറബി വേഷം ധരിച്ചാണ് നടക്കുന്നത്. നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജ്യമല്ല അത് ധരിച്ചു നടക്കുന്നത്. അറേബ്യൻ സംസ്‌ക്കാരം സ്ത്രീകളേയും പുരുഷന്മാരേയും ഒരു പോലെ സ്വാധീനിക്കുന്നുണ്ട്. പർദ ധരിച്ചിട്ടില്ലെങ്കിൽ അല്ലെങ്കിൽ കണ്ണുമാത്രം പുറത്ത് കാണുന്ന തരത്തിലുള്ള മുഖാവരണം ധരിച്ചിട്ടില്ലെങ്കിൽ അത് മത വിശ്വാസത്തിനെതിരാണ് അവരൊന്നും വിശ്വാസികളല്ല എന്നാണ് ചിലരുടെ വാദം.

അങ്ങനെയാണെങ്കിൽ കഴിഞ്ഞ മുപ്പത് മുപ്പത്തി അഞ്ച് കൊല്ലം മുൻപ് ജീവിച്ചിരുന്ന മുസ്ലിം സ്ത്രീകൾ ഇപ്പോൾ ഈ വാദിക്കുന്നവരുടെ ഉമ്മമാർ അല്ലെങ്കിൽ ഉമ്മുമ്മമാർ ഒക്കെ യഥാർഥ മുസ്ലീങ്ങളല്ല എന്ന് സമ്മതിക്കേണ്ടി വരും. അവർ വെള്ളക്കാച്ചിയും കുപ്പായവും ഇട്ട് തലയിൽ തട്ടവും ഇട്ടാണ് ജീവിച്ചിരുന്നത്. അല്ലാതെ മുഖം മറച്ചോ പർദ ഇട്ടോ അല്ല അവർ ജീവിച്ചത്. മതവിശ്വാസ പ്രകാരം പരമാവധി മുൻകൈ, മുഖം ഒഴികെയുള്ള ഭാഗം മറക്കണമെന്നാണ് പറയുന്നത്.

ന്യൂന പക്ഷ പാർട്ടികളെ നിരോധിക്കണമെന്ന് താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ? എന്താണ് കാരണം?

ന്യൂനപക്ഷ വർഗ്ഗീയത ഇല്ലെങ്കിൽ ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് എന്ത് നിലനിൽപ്പാണുള്ളത്? ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് വളരമെങ്കിൽ ഒരു അപരനെ ചൂണ്ടിക്കാണിക്കണം. ആർഎസ്എസിന് വളരണമെങ്കിൽ മുസ്ലിം അപരൻ അല്ലെങ്കിൽ ക്രിസ്ത്യൻ അപരൻ ഇവരെയൊക്കെ ചൂണ്ടിക്കാണിക്കണം. ഈ അപരന്റെതായ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുമ്പോഴാണ് ഭൂരിപക്ഷ സമുദായത്തിൽ പെട്ടവർ അവരുടെതായ വർഗ്ഗീയ രാഷ്ട്രീയം കൊണ്ടു വരുന്നത്. ഇവിടെ 1906 ൽ മുസ്ലിം ലീഗുണ്ടായി. 1915 ലാണ് ഹിന്ദു മഹാസഭയുണ്ടായത്. 1925 ലാണ് ആർഎസ്എസ് ഉണ്ടായത്. ആദ്യമുണ്ടായത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗെന്നാൽ മുസ്ലീങ്ങൾ അവരുടേതായ താൽപര്യങ്ങൾക്ക് വേണ്ടി സ്വയം സംഘടിക്കുക എന്നൊരവസ്ഥ വന്നപ്പോൾ ഹിന്ദുക്കളും സ്വയം സംഘടിക്കാൻ തുടങ്ങി.

1941 ൽ ജമാ അത്ത് ഇസ്ലാമിയുണ്ടായി. പതിനെട്ടാം നൂറ്റാണ്ട് തൊട്ടു തന്നെ ഉത്തരേന്ത്യയിലെ മുസ്ലീങ്ങൾക്ക് മുഗൾ സാമ്രാജ്യത്വത്തിന്റെ ക്ഷയം തുടങ്ങി. അന്ന് തുടങ്ങിയതാണ് നഷ്ടപ്പെട്ട മുസ്ലിം പ്രതാപം വീണ്ടെുക്കണമെന്ന ആശയം വടക്കേ ഇന്ത്യയിലെ മുസ്ലീങ്ങളെ സ്വാധീനിച്ചത്. ആറേഴു നൂറ്റാണ്ട് കാലം ഇവിടെ ഭരിച്ചിരുന്നത് മുസ്ലീങ്ങളാണ്. ആ പ്രതാപം വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്ഥാനങ്ങൾ ആ കാലഘട്ടത്തിലേ വരാൻ തുടങ്ങി. പിന്നീട് തൊള്ളായിരത്തി അറുപതിൽ ലീഗുണ്ടാകുന്നു. അതിനോടൊക്കെയുള്ള ഒരു പ്രതികരണമായിട്ടാണ് ഹിന്ദു വർഗ്ഗീയതയുണ്ടാകുന്നത്. അപ്പോൾ ഹിന്ദുക്കൾ ഇന്ത്യയിൽ എത്ര ശതമാനമാണ് ഉള്ളത്? ഒരു എൺപതോ എൺപത്തി ഒന്നോ ശതമാനം.

അതേ സമയം നേപ്പാളിൽ തൊണ്ണൂറു ശതമാനം ഹിന്ദുക്കളുണ്ട്. അപ്പോൾ തൊണ്ണൂറു ശതമാനം ഹിന്ദുക്കളുള്ള നേപ്പാളിൽ ആർഎസ്എസ് ഇല്ല, വിശ്വ ഹിന്ദു പരിഷിത്ത് ഇല്ല, ബിജെപി ഇല്ല, ശിവസേന ഇല്ല. അവിടെ രാജ്യം ഭരിക്കുന്നത് മോവോയിസ്റ്റുകളും മാർക്‌സിസ്റ്റുകളുമാണ്. ആരാണവർക്ക് വോട്ട് ചെയ്യുന്നത്? ആരാണ് പാർട്ടിയിൽ പ്രവർത്തിക്കുന്നത്? അവിടുത്തെ ഹിന്ദുക്കളാണ്. നേപ്പാളിലെ ഹിന്ദുക്കൾ പ്രവർത്തിക്കുന്നത് ഇതിലാണ്. അവിടെ മൂന്നോ നാലോ ശതമാനം മുസ്ലീങ്ങൾ ഉണ്ടാവും രണ്ട് ശതമാനം ക്രിസ്ത്യാനികളുണ്ടാവും ഒന്നോ രണ്ടോ ശതമാനം ബുദ്ധമതക്കാരുമുണ്ടാകും.ബാക്കി മുഴുവൻ ഹിന്ദുക്കളാണ്. അങ്ങനെയുള്ളപ്പോൾ നേപ്പാളിലെന്താണ് ഈ ഭൂരിപക്ഷ വർഗ്ഗീയത ഇല്ലാത്തത്?

കാരണം അവിടെ ന്യൂനപക്ഷ വർഗ്ഗീയത ഇല്ല. അവിടുത്തെ ന്യൂനപക്ഷക്കാരായ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ബുദ്ധമതക്കാരോ ഒന്നും ന്യൂന പക്ഷങ്ങൾ എന്ന രീതിയിൽ രാഷ്ട്രീയമായി സംഘടിച്ചിട്ടില്ല. നമ്മുടെ ഇന്ത്യയിൽ പക്ഷേ നേരത്തെ അതുണ്ടാകാൻ തുടങ്ങി. നൂറ്റാണ്ടുകൾക്ക് മുൻപേ ആ ആശയം വന്നു. ഇരുപതാം നൂറ്റാണ്ടിൽ ആദ്യം ശക്തമായി വന്നു. പിന്നീട് രാജ്യം വിഭജിക്കണമെന്നാവശ്യം വന്നു. അങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടു. ഇതിന്റെയൊക്കെ ഫലമായിട്ടാണ് ഇവിടെ ആർഎസ്എസ്, ബിജെപി പോലുള്ള പ്രസ്ഥാനങ്ങൾ വളർന്നത്. എന്നിട്ടും അവർക്ക് വളരാൻ എത്രകാലം വേണ്ടി വന്നു. എൺപത് എൺപത്തിയൊന്ന് ശതമാനം ഹിന്ദുക്കളുള്ള ഒരു രാജ്യത്ത് അവർക്ക് അധികാരത്തിലെത്താൻ കഴിഞ്ഞത് 1998 ൽ പത്തിരുപത് പാർട്ടികളുടെ സഹായത്തോടയാണ്. 2014ൽ മാത്രമാണ്  ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാനായത്.

അതു പോലെ കേരളത്തിൽ ഇപ്പോൾ ബിജെപി വളരുകയാണ്. എന്തു കൊണ്ടാണത്?

കേരളത്തിന്റെ സ്ഥിതി എന്നു പറഞ്ഞാൽ ഏതാണ്ട് 54 ശതമാനം ഹിന്ദുക്കൾ. ബാക്കിയുള്ള രണ്ട് ന്യൂനപക്ഷങ്ങൾ പപ്പാതി വീതവും. ന്യൂനപക്ഷസമുദായത്തിൽപെട്ടവർ നേരത്തെ തന്നെ ഇവിടെ വർഗ്ഗീയമായി സംഘടിച്ചവരാണ്. ബിജെപിക്കൊന്നും അക്കാലത്ത് ഇവിടെ യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. സ്വാധീനമുണ്ടാകാൻ തുടങ്ങിയിട്ട് അഞ്ച് പത്തുകൊല്ലമായിട്ടേയുള്ളൂ. അതിന് മുൻപ് അവർക്ക് ഏതെങ്കിലുമൊരു പഞ്ചായത്തിൽ പോലും സീറ്റ് കിട്ടുക എന്നത് സാധ്യമല്ലായിരുന്നു.

പത്തുകൊല്ലത്തിന് ശേഷമാണ് അവർ വളരുന്നത്. വളരാൻ കാരണമെന്താ? ഇവിടെ മുസ്ലിം ലീഗോ ക്രിസ്ത്യൻ സമുദായ പാർട്ടികളോ ഒന്നുമില്ലെങ്കിൽ കേരളത്തിൽ ബിജെപി വളരുമോ? വളരില്ല. ഇന്ത്യയിൽ വളരുമോ? ഇന്ത്യയിലും വളരില്ല. അതു കൊണ്ടാണ് ഞാൻ പറയുന്നത് ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയേയും ഭൂരിപക്ഷ വർഗ്ഗീയത ന്യൂനപക്ഷ വർഗ്ഗീയതയേയും പരിപോഷിപ്പിക്കുന്നു. പരസ്പര പോഷകങ്ങളാണ് ഈ രണ്ട് വർഗ്ഗീയതകളും. ഒരു വർഗ്ഗീയത നിലനിൽക്കുമ്പോൾ അപ്പുറത്ത് മറ്റേ വർഗ്ഗീയതയും ഉണ്ടാകണം. അപ്പോൾ നമുക്ക് വർഗ്ഗീയത ഇല്ലാതാക്കണമെങ്കിൽ രണ്ടും ഇല്ലാതാകണം എന്ന് പറയണം.

അല്ലാതെ ഒന്നിൽ കേന്ദ്രീകരിച്ച്, ന്യൂനപക്ഷ വർഗ്ഗീയതമാത്രം ആപൽക്കരമാണ് എന്ന് പറയാൻ പോയാൽ ഭൂരിപക്ഷ വർഗ്ഗീയത വളരുകയാണ് ചെയ്യുന്നത്. ചില ആൾക്കാരൊക്കെ പറയുന്നത് ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് അധികാരത്തിലെത്താൻ കഴിയും അധികാരത്തിലെത്തിയിട്ടുണ്ട്. ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് ഇന്ത്യയിൽ അധികാരത്തിലെത്താൻ കഴിയില്ല. പക്ഷേ ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് ഇന്ത്യയിൽ ഭൂരിപക്ഷ വർഗ്ഗീയതയെ അധികാരത്തിലെത്തിപ്പിക്കാൻ കഴിയും. ന്യൂനപക്ഷ വർഗ്ഗീയതയടെ സാന്നിധ്യം മതി ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് അധികാരത്തിലെത്താൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP