Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടനിലക്കാരൻ ശ്രീമൂല നഗരത്തെ പ്രാദേശിക കോൺഗ്രസ് നേതാവ്; അബുവിന്റെ മൊഴിയിൽ കുടുങ്ങിയത് ലാൻഡ് റവന്യു ഓഫീസിലെ ക്ലാർക്ക് അരുൺ; വ്യാജരേഖ ഉണ്ടാക്കാൻ സഹായിച്ച തിരുവനന്തപുരത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ പേരും മൊഴിയെടുപ്പിൽ പൊലീസിന് കിട്ടി; ചൂർണ്ണിക്കര മോഡലിൽ ആലുവയിൽ എങ്ങും തട്ടിപ്പ് നടന്നുവെന്ന് സംശയം; നിലംനികത്താൻ വ്യാജ രേഖ ചമച്ച വിവാദത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

ഇടനിലക്കാരൻ ശ്രീമൂല നഗരത്തെ പ്രാദേശിക കോൺഗ്രസ് നേതാവ്; അബുവിന്റെ മൊഴിയിൽ കുടുങ്ങിയത് ലാൻഡ് റവന്യു ഓഫീസിലെ ക്ലാർക്ക് അരുൺ; വ്യാജരേഖ ഉണ്ടാക്കാൻ സഹായിച്ച തിരുവനന്തപുരത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ പേരും മൊഴിയെടുപ്പിൽ പൊലീസിന് കിട്ടി; ചൂർണ്ണിക്കര മോഡലിൽ ആലുവയിൽ എങ്ങും തട്ടിപ്പ് നടന്നുവെന്ന് സംശയം; നിലംനികത്താൻ വ്യാജ രേഖ ചമച്ച വിവാദത്തിൽ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചൂർണിക്കര വ്യാജരേഖക്കേസിൽ റവന്യു ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. തിരുവനന്തപുരം ലാൻഡ് റവന്യു ഓഫീസിലെ അരുൺ ആണ് പിടിയിലായത്. ഇടനിലക്കാരൻ അബുബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ ചൂർണിക്കര പഞ്ചായത്തിലെ നിലം വ്യാജരേഖ ഉണ്ടാക്കി ഭൂമി തരംമാറ്റാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ കോൺഗ്രസ് നേതാവ് അബുവിനെയും ആലുവ റൂറൽ പൊലീസ് പിടികൂടിയിട്ടുണ്ട്. കാലടി ശ്രീമൂലനഗരം അപ്പീല് വീട്ടിൽ ബീരാൻ മകൻ അബുവിനെ ആണ് പൊലീസ് പിടികൂടിയത്.

എറണാകുളം ചൂർണിക്കര വില്ലേജിലെ ആലുവ ദേശീയ പാതയിൽ മുട്ടം തൈക്കാവിനോട് ചേർന്ന് നിൽക്കുന്ന അരയേക്കർ ഭൂമിയിൽ 25 സെന്റ് നിലം നികത്താനായാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. ദേശീയപാതയോട് ചേർന്ന് നിൽക്കുന്ന തണ്ണീർതടം തരംമാറ്റാനുള്ള നീക്കം വില്ലേജ് ഓഫീസറുടെ ഇടപെടലിനെ തുടർന്നാണ് പിടിക്കപ്പെട്ടത്.

നിലംപുരയിടമാക്കാൻ ഉടമയിൽനിന്ന് ഏഴുലക്ഷം രൂപ വാങ്ങിയത് അബുവായിരുന്നു. ഇയാളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വീട്ടിൽ നിന്നും നിരവധി റവന്യൂ അപേക്ഷകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. ഭൂമി തരം മാറ്റുന്നതിനു വേണ്ടി ഭൂഉടമ ഹംസയിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപ അബു കൈപ്പറ്റിയിരുന്നു. ശ്രീമൂലം നഗരത്തെ കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് പിടിയിലായ അബു. കോൺഗ്രസ്സ് മുൻ വാർഡ് പ്രസിഡണ്ടായിരുന്നു. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്കിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

വ്യാജരേഖയുണ്ടാക്കാൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി അബു ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വില്ലേജ് താലൂക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആലുവ ഡിവൈഎസ്‌പിയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്. ആലുവയിലെ ബന്ധുവഴി അബുവിന് പണം നൽകിയെന്ന് സ്ഥലം ഉടമ ഹംസ കഴിഞ്ഞ ദിവസം മൊഴിനൽകിയിരുന്നു. രണ്ട് ലക്ഷം രൂപ പണമായും ബാക്കി ചെക്കായും നൽകിയെന്നായിരുന്നു മൊഴി. അബുവിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു.

ഇയാൾക്ക് റവന്യൂ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും വിരമിച്ചവർ അടക്കമുള്ളവരുടെ ലോബിയാണ് വ്യാജരേഖ സൃഷ്ടിക്കാൻ സഹായിച്ചതെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അബു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ലാൻഡ് റവന്യു ഓഫിസിലെ ക്ലാർക്ക് അരുണിനെ കസ്റ്റഡിയിലെടുത്തത്. വ്യാജരേഖ നിർമ്മിക്കാൻ ക്ലാർക്ക് സഹായിച്ചു എന്നാണ് അബുവിന്റെ മൊഴി. അബുവിൽ നിന്നും നിരവധി പ്രമാണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആലുവയിലും പരിസരത്തും വ്യാജ ഉത്തരവുകൾ ഉപയോഗിച്ചു ഭൂമി ഇടപാട് നടത്തിയെന്നും കണ്ടെത്തി. കേസിൽ കൂടുതൽ ആളുകൾ പിടിയിലാകുവാനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.

വ്യാജരേഖ ഉണ്ടാക്കാൻ തിരുവനന്തപുരത്തെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അബു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ പേരും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. നിലവിൽ സർവ്വീസിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവും പൊലീസ് തുടങ്ങിക്കഴിഞ്ഞു. വില്ലേജ് ഓഫീസ് മുതൽ ലാൻഡ് റവന്യൂ കമ്മീഷണർ ഓഫീസ് വരെയുള്ള തലങ്ങളിൽ വ്യാജരേഖയുണ്ടാക്കിയെന്ന് ഫോർട്ട്‌കൊച്ചി സബ് കളക്ടറും കണ്ടെത്തിയിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അബുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. ഇതോടൊപ്പം ചൂർണിക്കരയിലെ ഭൂമി അല്ലാതെ മറ്റ് ഏതൊക്കെ ഭൂമിയിടപാടുകൾ അബു നടത്തി എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചൂർണിക്കര വ്യാജരേഖ കേസിൽ വിജിലൻസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP