Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറാം ഘട്ടത്തിൽ രാജ്യതലസ്ഥാനാമായ ഡൽഹി ഉൾപ്പടെ 59 മണ്ഡലങ്ങൾ, കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കൾ ഇന്നു ജനവിധി തേടും; 979 സ്ഥാനാർത്ഥികളുടെ വിധിയെഴുതാൻ 10 കോടി വോട്ടർമാർ ബുത്തിലേക്ക്; ഡൽഹിയിൽ ഏഴു സീറ്റുകളിൽ മത്സരിക്കുന്നത് 18 വനിതാ സ്ഥാനാർത്ഥികളുൾപ്പടെ 164 പേർ; രാധ മോഹൻ സിങ്, ഹർഷ്വർധൻ, മേനക ഗാന്ധി, എസ്‌പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂറും ഗോദയിൽ

ആറാം ഘട്ടത്തിൽ രാജ്യതലസ്ഥാനാമായ ഡൽഹി ഉൾപ്പടെ 59 മണ്ഡലങ്ങൾ, കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കൾ ഇന്നു ജനവിധി തേടും; 979 സ്ഥാനാർത്ഥികളുടെ വിധിയെഴുതാൻ 10 കോടി വോട്ടർമാർ ബുത്തിലേക്ക്; ഡൽഹിയിൽ ഏഴു സീറ്റുകളിൽ മത്സരിക്കുന്നത് 18 വനിതാ സ്ഥാനാർത്ഥികളുൾപ്പടെ 164 പേർ; രാധ മോഹൻ സിങ്, ഹർഷ്വർധൻ, മേനക ഗാന്ധി, എസ്‌പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂറും ഗോദയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം അടുക്കെ, നേതാക്കളുടെ ഹൃദയമിടിപ്പ് കൂട്ടി ആറാം ഘട്ടം ഇന്ന്. ഡൽഹി എൻസിആറിലെ (ദേശീയ തലസ്ഥാന പ്രദേശം) ഏഴ് ലോക്സഭ സീറ്റുകൾ, ആറ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ ഇങ്ങനെ 59 ലോക്സഭ സീറ്റുകളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഹരിയാനയിലെ മുഴുവൻ സീറ്റിലും (10) ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. ഡൽഹി (ഏഴ്) ബിഹാർ (എട്ട്), ഝാർഖണ്ഡ് (4), മധ്യപ്രദേശ് (8), യുപി (14), പശ്ചിമ ബംഗാൾ (ഒമ്പത്) എന്നിങ്ങനെയാണ് ആറാം ഘട്ട വോട്ടെടുപ്പ്.

കേന്ദ്ര മന്ത്രിമാരും പാർട്ടി തലവന്മാരും ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ തലവിധി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്നു നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാധ മോഹൻ സിങ്, ഹർഷ്വർധൻ, മേനക ഗാന്ധി, എസ്‌പി തലവൻ അഖിലേഷ് യാദവ്, കോൺഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപിയുടെ പ്രജ്ഞ സിങ് ഠാക്കൂർ തുടങ്ങിയവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.ആറാം ഘട്ടത്തിൽ 979 സ്ഥാനാർത്ഥികളാണുള്ളത്. ആകെ 10.17 കോടി വോട്ടർമാർമാർക്കായി 1.13 ലക്ഷം പോളിങ് സ്റ്റേഷനുകളും. വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 മണ്ഡലത്തിലും 2014ൽ ബിജെപിക്കായിരുന്നു വിജയം. തൃണമൂൽ കോൺഗ്രസ് 8, കോൺഗ്രസ് 2, എസ്‌പി, എൽജെപി ഒന്നു വീതവും സീറ്റ് നേടി

ഡൽഹിയ സംബന്ധിച്ച് കോൺഗ്രസിനും നിർണായകമായ തിരഞ്ഞെടുപ്പാണ് ഇത്. ഡൽഹിയിലെ ആം ആദ്മി പാർട്ടി കോൺഗ്രസ് സഖ്യ ചർച്ചകൾ മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സാധ്യമാകാതെ പൊളിഞ്ഞു. എഎപി കോൺഗ്രസിനേയും കോൺഗ്രസ് എഎപിയേയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മുൻ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷയുമായ ഷീല ദീക്ഷിത് അടക്കമുള്ള നേതാക്കളുടെ ശക്തമായ എതിർപ്പ് നിലനിൽക്കെത്തന്നെ, ഏഴിൽ മൂന്ന് സീറ്റ് കോൺഗ്രസിന് എന്ന എഎപിയുടെ ഓഫർ ഒരു ഘട്ടത്തിൽ അംഗീകരിക്കപ്പെടുന്ന നിലയുണ്ടായി. എന്നാൽ ഡൽഹിയിൽ മാത്രം പോര ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ല. ഇരു പാർട്ടികളും ഏഴ് സീറ്റുകളിലും ബിജെപിയെ തോൽപ്പിക്കാനായി പരസ്പരവും മത്സരിക്കുന്നു.

എഎപിയല്ല, ഡൽഹിയിൽ ബിജെപി തന്നെയാണ് മുഖ്യശത്രു എന്നെല്ലാം പറഞ്ഞിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷീല ദീക്ഷിത്. ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരിയുമായാണ് ഷീല ദീക്ഷിത് ഏറ്റുമുട്ടുന്നത്. എഎപി സഖ്യത്തെ ശക്തമായി എതിർത്ത മുൻ പിസിസി പ്രസിഡന്റ് അജയ് മാക്കൻ ന്യൂഡൽഹി മണ്ഡലത്തിലും മത്സര രംഗത്തുണ്ട്. 2014ൽ ഏഴ് സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളുടെ ധ്രുവീകരണം അവർക്ക് എത്രത്തോളം സഹായകമായിരിക്കും എന്ന ചോദ്യമാണുള്ളത്.

2017 ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു തോൽവി സംഭവിച്ച ഫുൽപുരും ഇന്നാണു വോട്ടെടുപ്പ്. സുൽത്താൻപുരിൽ 2014ൽ ബിജെപിയുടെ വരുൺ ഗാന്ധി ജയിച്ച മണ്ഡലത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ മാതാവും കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയാണു മത്സരിക്കുന്നത്. അലഹബാദ്, അംബേദ്കർ നഗർ, ബസ്തി, ഭദോഹി, ദോമരിയഗഞ്ച്, ജൗൻപുർ, ലാൽഗഞ്ച്, മച്ച്ലിഷെഹർ, പ്രതാപ്ഗഡ്, സന്ത് കബീർ നഗർ, ശ്രാവസ്തി, സുൽത്താൻപുർ മണ്ഡലങ്ങളിലും ഇന്നാണു വോട്ടെടുപ്പ്.

ഡൽഹിയിൽ ഏഴു സീറ്റുകളിലായി 164 പേരാണു മത്സരിക്കുന്നത്. ഇവരിൽ 18 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. കോൺഗ്രസുമായി എഎപിക്കു സഖ്യത്തിനു സാധിക്കാതെ വന്നതോടെ ബിജെപി ഉൾപ്പെടെ ത്രികോണ മത്സരമാണ് ഡൽഹിയിൽ. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്, ബോക്‌സർ വിജേന്ദർ സിങ്, കേന്ദ്രമന്ത്രി ഹർഷ്വർധൻ, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ എന്നിവരാണ് ഡൽഹിയിലെ പ്രമുഖ സ്ഥാനാർത്ഥികൾ. ചാന്ദ്‌നി ചൗക്ക്, ഈസ്റ്റ് ഡൽഹി, ന്യൂ ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് ഡൽഹി എന്നീ സീറ്റുകളിലേക്കാണു വോട്ടെടുപ്പ്.

ഹരിയാനയിലെ 10 സീറ്റുകളിലേക്കായി നടക്കുന്ന വോട്ടെടുപ്പിൽ ആകെ 223 സ്ഥാനാർത്ഥികളുണ്ട്. കേന്ദ്രമന്ത്രിമാരായ റാവു ഇന്ദ്രജിത് സിങ്, ക്രിഷൻ പൽ ഗുർജർ എന്നിവരിവിടെ ജനവിധി തേടുന്നു. മുൻ മുഖ്യമന്ത്രിയും റോത്തക്ക് സിറ്റിങ് എംഎൽഎയുമായ കോൺഗ്രസിന്റെ ഭൂപീന്ദർ സിങ് ഹൂഡയും മത്സരിക്കുന്നുണ്ട്. സോനിപ്പത്തിൽ നിന്നാണു മത്സരം. ഹരിയാനയിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ: അംബാല, ഭിവാനിമഹേന്ദ്രഗഡ്, ഫരിദാബാദ്, ഗുരുഗ്രാം, ഹിസാർ, കർണാൽ, കുരുക്ഷേത്ര, റോത്തക്ക്, സിർസ, സോനിപ്പത്ത്

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അസംഗഡിലും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധി സുൽത്താൻപൂരിലും മത്സരിക്കുന്നു. കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിങ് (ബിജെപി, പൂർവി ചംപാരൻ), അലഹബാദിൽ മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും മുൻ മുഖ്യമന്ത്രി എച്ച്എൻ ബഹുഗുണയുടെ മകളുമായ റീത്ത ബഹുഗുണ ജോഷി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇവർ നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.

മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും ബിജെപി സ്ഥാനാർത്ഥിയായി മാലേഗാവ് സ്ഫോടന കേസ് പ്രതി പ്രജ്ഞ സിങ് ഠാക്കൂറും ഏറ്റുമുട്ടുന്നതാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം. 1989 മുതലുള്ള കഴിഞ്ഞ എട്ട് തിരഞ്ഞെടുപ്പുകളിലും ബിജെപി മാത്രം ജയിച്ചിട്ടുള്ള സീറ്റാണിത്. താങ്കൾ ലോക്സഭയിലേയ്ക്ക് മത്സരിക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ജയിച്ചിട്ടില്ലാത്ത ഒരു സീറ്റിൽ മത്സരിക്കണമെന്ന മുഖ്യമന്ത്രി കമൽനാഥിന്റെ ആവശ്യം പരിഗണിച്ചും വെല്ലുവിളി ഏറ്റെടുത്തുമാണ് ദിഗ് വിജയ് സിങ് ഇവിടെ ജനവിധി തേടുന്നത്.

മുംബയ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) തലവനായിരുന്ന ഹേമന്ത് കർക്കറെക്കെതിരെ പ്രജ്ഞ സിംഗും ലോക് സഭ സ്പീക്കർ സുമിത്ര മഹാജനും നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. തന്റെ ശാപം കൊണ്ടാണ് ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടത് എന്ന പ്രജ്ഞയുടെ പ്രസ്താവന വലിയ വിവാദമായി. അവർ പിന്നീട് പ്രസ്താവന പിൻവലിച്ചിരുന്നു. അതേസമയം കർക്കറെ അത്ര നല്ല പൊലീസ് ഉദ്യോഗസ്ഥൻ ഒന്നും ആയിരുന്നില്ല എന്നും മാലേഗാവ് കേസും ഹിന്ദു തീവ്രവാദ ബന്ധവുമെല്ലാം കെട്ടിച്ചമച്ചതാണ് എന്നുമാണ് സുമിത്ര മഹാജൻ പറഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പിലെ നേട്ടം ലോക്സഭ തിരഞ്ഞെടുപ്പിലും തുടരാൻ കോൺഗ്രസിന് കഴിയുമോ എന്ന ചോദ്യമുണ്ട്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശക്തമായ പ്രചാരണമാണ് നടത്തിയത്.

സ്ഫോടന കേസ് പ്രതിയായ, തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന പ്രജ്ഞ സിംഗിനെ സ്ഥാനാർത്ഥിയാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ തുടങ്ങിയവർ ന്യായീകരിച്ചിരുന്നു. പ്രജ്ഞാ സിംഗിനെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ കക്ഷികൾ നടത്തിയത്. ദിഗ് വിജയ് സിങ് ആകെട്ടി ഹിന്ദു സാമുദായിക പ്രീണനം പരമാവധി നടത്തിക്കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തുന്നത് എന്നാണ് റിപ്പോർട്ട്. നേരത്തെ ദിഗ് വിജയ് സിംഗിനെതിരെ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ബിജെപി ഇറക്കും എന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല.

കോൺഗ്രസ് നേതാവും പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യ ഗുണയിലും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്ര സിങ് തോമർ മധ്യപ്രദേശിലെ മൊറീനയിൽ നിന്ന് മത്സരിക്കുന്നു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ കീർത്തി ആസാദ് ഝാർഖണ്ഡിലെ ധൻബാദിൽ ജനവിധി തേടുന്നു. മാന്ദ്സോറിലേതടക്കമുള്ള കർഷകപ്രശ്നങ്ങൾ ലോക്സഭ തിരഞ്ഞെടുപ്പിലെ ജനവിധിയിലും മധ്യപ്രദേശിൽ നിർണായകമായേക്കും. കേന്ദ്ര സർക്കാരിന്റെ ഗോവധ നിരോധന, കന്നുകാലി വിൽപ്പന നയങ്ങൾ മൂലവും ഹിന്ദുത്വ സംഘടനകളുടെ അക്രമാസക്തമായ ഇടപെടലുകളും മൂലം അലഞ്ഞുതിരിയുന്ന കന്നുകാലികൾ മധ്യേന്ത്യയിലും ഉത്തരേന്ത്യയിലും കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 സീറ്റുകളും 2014ൽ ബിജെപി ജയിച്ചവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP