Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാൻ ആക്കണമെന്ന ആവശ്യവുമായി പത്ത് ജില്ലാ പ്രസിഡന്റുമാർ രംഗത്ത്; പാർലമെന്ററി ചെയർമാൻ സ്ഥാനം സി എഫ് തോമസ് ഏറ്റെടുക്കണമെന്നും ആവശ്യം; തന്നെ തഴയാനുള്ള നീക്കം തിരിച്ചറിഞ്ഞ് എതിർപ്പുമായി പി ജെ ജോസഫ്; ജോസ് കെ മാണിയെ ചെയർമാനാക്കുന്നതിനെ അംഗീകരിക്കില്ലെന്ന സൂചന നൽകി പ്രതികരണം; പാർട്ടിയിൽ ജൂനിയറായ ജോസ് കെ മാണി ചെയർമാനാക്കുന്നതിൽ ഇരുമനസുള്ള സിഎഫ് തോമസിനെ മുന്നിൽ നിർത്തി കളിക്കാൻ ജോസഫ് വിഭാഗം; തീരുമാനം വൈകില്ലെന്ന് ജോസ് കെ മാണിയും

ജോസ് കെ മാണിയെ കേരളാ കോൺഗ്രസ് ചെയർമാൻ ആക്കണമെന്ന ആവശ്യവുമായി പത്ത് ജില്ലാ പ്രസിഡന്റുമാർ രംഗത്ത്; പാർലമെന്ററി ചെയർമാൻ സ്ഥാനം സി എഫ് തോമസ് ഏറ്റെടുക്കണമെന്നും ആവശ്യം; തന്നെ തഴയാനുള്ള നീക്കം തിരിച്ചറിഞ്ഞ് എതിർപ്പുമായി പി ജെ ജോസഫ്; ജോസ് കെ മാണിയെ ചെയർമാനാക്കുന്നതിനെ അംഗീകരിക്കില്ലെന്ന സൂചന നൽകി പ്രതികരണം; പാർട്ടിയിൽ ജൂനിയറായ ജോസ് കെ മാണി ചെയർമാനാക്കുന്നതിൽ ഇരുമനസുള്ള സിഎഫ് തോമസിനെ മുന്നിൽ നിർത്തി കളിക്കാൻ ജോസഫ് വിഭാഗം; തീരുമാനം വൈകില്ലെന്ന് ജോസ് കെ മാണിയും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയുടെ വിയോഗത്തോടെ കേരളാ കോൺഗ്രസ് എമ്മിൽ ചെയർമാൻ സ്ഥാനവും പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും ലക്ഷ്യമിട്ട് ഇരുവിഭാഗങ്ങളും നീക്കം തുടങ്ങി. ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാൻ ആക്കണമെന്ന ആവശ്യവുമായി പത്ത് ജില്ലാ പ്രസിഡന്റുമാർ രംഗത്തെത്തി. ഇത് കൂടാതെ നിയമസഭയിലെ കക്ഷി നേതാവ് സ്ഥാനത്ത് മുതിർന്ന അംഗം സി എഫ് തോമസിനെ എത്തിക്കാനുമുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പാർട്ടിയിലും നിയമസഭയിലു ജോസ് കെ മാണിയെ അനുകൂലിക്കുന്നവർക്കാണ് മുൻതൂക്കം. ഈ സാഹചര്യം മുന്നിൽ കണ്ട് ജോസിനെ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. അതേസമയം പാർട്ടിയിലെ മുതിർന്ന നേതാവ് എന്ന നിലയിൽ മാണിക്ക് പകരം ചെയർമാൻ ആകേണ്ടത് പി ജെ ജോസഫ് ആണെന്ന വികാരമാണ് ജോസഫ് വിഭാഗം നേതാക്കൾക്കുള്ളത്. അദ്ദേഹത്തെ തഴയരുതെന്ന അഭിപ്രായം യുഡിഎഫിലെ മറ്റു നേതാക്കൾക്കുമുണ്ട്. ഇതോടെ കേരളാ കോൺഗ്രസിനുള്ളിലെ പ്രശ്‌നങ്ങൾ സങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങി.

പാർക്കുള്ളിലെ രാഷ്ട്രീയ നീക്കം എന്ന നിലയിൽ ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗ നേതാക്കൾ ഇന്നാണ് പരസ്യമായി രംഗത്തുവന്നത്. പാർട്ടിയിലെ മുതിർന്ന നേതാവ് സി എഫ് തോമസിനെ കണ്ട് മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചത്. പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിന് വേണമെന്നും വിവിധ ജില്ലകളിലെ കേരളാ കോൺഗ്രസ് പാർട്ടി പ്രസിഡന്റുമാർ ആവശ്യമുന്നയിച്ചു.

14 ജില്ലകളിൽ 10 ലും മാണി വിഭാഗത്തിലുള്ളവരാണ് ജില്ലാ പ്രസിഡന്റ് പദവിയിലുള്ളത്. ഇവർ സി എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചത്. സി എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ഇവർ സംയുക്തമായി ആവശ്യപ്പെട്ടു. അതേസമയം മാണി വിഭാഗത്തിന്റെ നീക്കത്തിൽ സി എഫ് തോമസിന് അതൃപ്തിയുണ്ടെന്നാണ് സൂചനയും. പാർട്ടിയിലെ അധികാര തർക്കം വഷളാക്കരുതെന്ന് പ്രസിഡന്റുമാരോട് സി എഫ് തോമസ് അഭ്യർത്ഥിച്ചുവെന്നാണ് സൂചന. എന്നാൽ, ഈ സിഎഫിന്റെ ഈ അതൃപ്തിയും മുതലെടുക്കാനാണ് പി ജെ ജോസഫ് വിഭാഗം കരുക്കൾ നീക്കുന്നത്.

നേരത്തെ പാർട്ടി ചെയർമാൻ സ്ഥാനത്ത് ഇരുന്നിരുന്ന തോമസ് ജോസ് കെ. മാണിയുടെ കീഴിൽ പ്രവർത്തിക്കാൻ മടിക്കുന്നതാണ് ഇതിന് കാരണമെന്നാണ് സൂചന. ഇതോടെ സിഎഫിനെ ചെയർമാൻ ആക്കണമന്ന നിർദ്ദേശം പി ജെ ജോസഫ് വിഭാഗം മുന്നോട്ടു വെച്ചു. അതേസമയം ജോസിനെ ചെയർമാനാക്കാൻ സാധിക്കില്ലെന്ന കർശന നിലപാടിലാണ് പി ജെ ജോസപ് വിഭാഗം. ജോസ് കെ.മാണി പാർട്ടി ചെയർമാനാകണമെന്ന നിർദ്ദേശം ഇല്ലെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും നിർദ്ദേശം ഇല്ല. ജില്ലാ പ്രസിഡന്റുമാരല്ല തീരുമാനമെടുക്കേണ്ടത്. പാർട്ടി നേതൃത്വമാണ്. ഒരു വിഭാഗത്തിനുമാത്രം സ്ഥാനങ്ങൾ വേണമെന്ന നിർദ്ദേശം വരുമെന്ന് കരുതുന്നില്ല. മാണിക്കൊപ്പം താനും രാജിവയ്ക്കണമെന്ന് പാർട്ടി തീരുമാനം ഉണ്ടായിരുന്നില്ല. 'പ്രതിച്ഛായ'യിലെ ലേഖനത്തിൽ വന്ന കാര്യങ്ങൾ തെറ്റാണെന്നും ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം പാർട്ടി ചെയർമാന്റെ കാര്യത്തിൽ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.

കെഎം മാണിക്ക് പകരം പിജെ ജോസഫ് പാർട്ടി ചെയർമാനാകണമെന്ന നിലപാട് ഒരു വിഭാഗം പ്രവർത്തകർക്ക് ഉണ്ട്. എന്നാൽ പിജെ ജോസഫിന്റെ കയ്യിലേക്ക് പാർട്ടിയുടെ താക്കോൽ സ്ഥാനം വച്ചുകൊടുക്കുന്നതിൽ ജോസ് കെ മാണിക്ക് ശക്തമായ വിയോജിപ്പ് ഉണ്ട്. പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും പി ജെ ജോസഫിനെ പൂർണമായും ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാണി വിഭാഗം പാർട്ടി ചെയർമാൻ സ്ഥാനത്തിനൊപ്പം പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനവും ആവശ്യപ്പെടുന്നത്. ചെയർമാനാകേണ്ടത് പി.ജെ. ജോസഫാണെന്ന് ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ് ജോസഫും വ്യക്തമാക്കി. ഒത്തുതീർപ്പെന്ന നിലയിൽ ഡെപ്യൂട്ടി ചെയർമാനായ സി.എഫ്. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തിൽ മാണിവിഭാഗം ഇനിയും മനസ്സ് തുറന്നിട്ടില്ല

മാണിയുടെ മരണത്തോടെ നിയമപരമായി ചെയർമാന്റെ ചുമതല വഹിക്കേണ്ടത് പി.ജെ. ജോസഫാണെന്ന് മാണിയുടെ വിശ്വസ്തനും മുൻ എംപിയുമായ ജോയ് എബ്രഹാം പറഞ്ഞതും മാണി പക്ഷത്തിന് തിരിച്ചടിയായി. ഇതേ അഭിപ്രായം ഉള്ളവർ പാർട്ടിയിൽ നിരവധിയുണ്ടെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ് സൂചന. കെ.എം. മാണിയുടെ 41ന് ശേഷമാണ് ഔദ്യോഗിക ചർച്ചകൾ നടക്കുക എന്നിരിക്കെ അതിന് മുൻപെ രഹസ്യ ചർച്ച നടന്നിരുന്നു. എന്നാൽ സംഘടനകാര്യങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് തങ്ങൾ ചർച്ച ചെയ്തതെന്ന് ജില്ലാ പ്രസിഡന്റുമാരുടെ പ്രതിനിധി അറിയിച്ചു. ആരെ ചെയർമാൻ ആക്കണമെന്ന കാര്യം പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

പാലായിൽ ആര് സ്ഥാനാർത്ഥിയാകുമെന്നത് ഇപ്പോൾ തീരുമാനമെടുക്കേണ്ട വിഷയമല്ല. അതിന് മുമ്പ് പാർട്ടി ജോസ് കെ മാണിയുടെ കൈപ്പിടിയിൽ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ നീക്കം. പി ജെ ജോസഫാണ് പാർട്ടിയുടെ വർക്കിങ് ചെയർമാനാണ്. ചെയർമാനില്ലാത്ത സമയത്ത് വർക്കിങ് ചെയർമാനാണ് അധ്യക്ഷൻ. അതുകൊണ്ട് തന്നെ ജോസഫിന് സ്ഥാനം നൽകണമെന്ന ആവശ്യവും ന്യായമാണെന്ന് വാദിക്കുന്നവരുണ്ട്. അതേസമയം ലോക്‌സഭാ സീറ്റ് ചോദിച്ച് പാർട്ടിയിൽ ഒറ്റപ്പെട്ട ജോസഫിന് സ്റ്റിയറിങ് കമ്മിറ്റിയിലെയും ഉന്നതാധികാരസമിതിയിലേയും മാണി ഗ്രൂപ്പിന്റ ഭൂരിപക്ഷം വെല്ലുവിളിയാണ്. ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് നൽകി നിയമസഭാ കക്ഷി നേതൃസ്ഥാനം പി ജെ ജോസഫിന് നൽകാനുള്ള ഫോർമുല മാണി ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതുകൊണ്ട് ജോസഫ് തൃപ്തനാകുമോ എന്നാണ് കണ്ടറിയേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP