Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറങ്ങിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ; സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇനിയെന്തെന്നറിയാതെ മുതിർന്ന നേതാവ്; പാർട്ടി പിടിക്കാനാവില്ലെന്നുറപ്പായതോടെ പിളർപ്പല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ പിജെ; ലയിച്ചപ്പോൾ പോയ ഫ്രാൻസിസ് ജോർജും സംഘവും തിരിച്ചെത്തിയില്ലെങ്കിൽ വിലപേശാൻ പോലും കഴിയില്ല; 'തൊടുപുഴയിലെ രാജാവിന്' മുന്നിൽ ഇനി ഏക വഴി ഇടതുമുന്നണിയിൽ ചേക്കേറുക മാത്രം

മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറങ്ങിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ; സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ ഇനിയെന്തെന്നറിയാതെ മുതിർന്ന നേതാവ്; പാർട്ടി പിടിക്കാനാവില്ലെന്നുറപ്പായതോടെ പിളർപ്പല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ലാതെ പിജെ; ലയിച്ചപ്പോൾ പോയ ഫ്രാൻസിസ് ജോർജും സംഘവും തിരിച്ചെത്തിയില്ലെങ്കിൽ വിലപേശാൻ പോലും കഴിയില്ല; 'തൊടുപുഴയിലെ രാജാവിന്' മുന്നിൽ ഇനി ഏക വഴി ഇടതുമുന്നണിയിൽ ചേക്കേറുക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിൽ പിജെ ജോസഫ് ഒറ്റപ്പെടുന്നു. ജോസഫും മോൻസ് ജോസഫും മാത്രമായി ഈ കൂട്ടുകെട്ട് മാറാനാണ് സാധ്യത. ലോക്‌സഭാ സീറ്റിന് വേണ്ടി കടുംപിടിത്തം പിടിച്ചപ്പോൾ വളരെ സമർത്ഥമായാണ് കെ എം മാണി ജോസഫിനെ വെട്ടിയത്. ലയന സമയത്ത് തന്നെ പിജെ ജോസഫ് ഭാവിയിൽ ഉയർത്താവുന്ന ഭീഷണികൾ മാണിക്ക് അറിയാമായിരുന്നു. ഇത് മനസ്സിലാക്കി വേണ്ട മുൻകരുതൽ അന്നേ മാണി എടുത്തിരുന്നു. ഇതാണ് ഇപ്പോൾ ജോസ് കെ മാണിക്ക് തുണയാകുന്നത്. മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടൽ പിജെയ്ക്ക് തെറ്റുകയാണ്. ജോസ് കെ മാണി ആഗ്രഹിക്കുന്നത് പാർട്ടിയിൽ നടക്കൂവെന്ന് ജോസഫ് തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ പഴയ പിജെ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാൻ നീക്കം തുടങ്ങി കഴിഞ്ഞു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള പഴയ ശിഷ്യരെ ഒരുമിപ്പിക്കാനാണ് നീക്കം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജോസഫിന് സീറ്റ് മോഹമുണ്ടായിരുന്നു. അന്ന് പാർട്ടി പിളർത്തി ഇടത് പക്ഷത്തേക്ക് പോകാനാണ് ജോസഫ് ആഗ്രഹിച്ചത്. ഇത് കേരളാ കോൺഗ്രസിന്റെ അണികൾക്കെല്ലാം അറിയാം. മോൻസ് ജോസഫായിരുന്നു ചരടു വലികൾ നടത്തിയത്. ഇതിനിടെയാണ് മാണിയുടെ രോഗാവസ്ഥയെ കുറിച്ച് പിജെ ജോസഫ് അറിയുന്നത്. ഡോക്ടർ വിപി ഗംഗാധരനാണ് മാണിയുടെ ഗുരുതരമായ രോഗാവസ്ഥ പിജെ അറിയുന്നത്. ഇതോടെയാണ് ലോക്‌സഭയിലെ പിടിവാശി വിട്ടത്. മാണിയുടെ കാലശേഷം കേരളാ കോൺഗ്രസ് പിടിക്കലായി ചിന്ത. ഇതിന് വേണ്ടി സിഎഫ് തോമസിനെ ഒപ്പം നിർത്താനും കരുനീക്കം നടത്തി. ജോയി എബ്രഹാമിനേയും മറുകണ്ടം ചാടിച്ചു. ഇതിനൊപ്പം സജി മഞ്ഞക്കടമ്പനും എതിരായി. ജോയി എബ്രഹാമും സജിയും പാലായിലെ സീറ്റിൽ മോഹമുള്ളവരാണ്. എന്നാൽ രണ്ടു പേർക്കും ഈ സീറ്റ് ജോസ് കെ മാണി കൊടുക്കില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ഇരുവരും ജോസഫിനൊപ്പം മാറിയത്. എന്നാൽ സിഎഫ് തോമസ് തന്ത്രപരമായ നിലപാട് എടുത്തു.

സിഎഫ് തോമസിനെ ചെയർമാനാക്കി തനിക്ക് പാർട്ടി ലീഡർ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജോസഫിന്റെ ലക്ഷ്യം. ഇതിലൂടെ ജോസ് കെ മാണിയെ വെട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ ജോസ് കെ മാണി നിലപാട് കടുപ്പിച്ചപ്പോൾ സിഎഫ് തോമസ് വെട്ടിലായി. മാണി ഗ്രൂപ്പിലെ 99 ശതമാനം പേരും ജോസ് കെ മാണിക്കൊപ്പമാണെന്നതും സിഎഫിനെ വെട്ടിലാക്കി. പാർട്ടി ലീഡർ സ്ഥാനം സിഎഫിന് കിട്ടുമെന്നതും ഉറപ്പായി. ഇതോടെ ജോസ് കെ മാണിയെ ചെയർമാനാക്കാനുള്ള മാണി വിഭാഗത്തിന്റെ നീക്കങ്ങൾ എല്ലാ അർത്ഥത്തിലും വിജയത്തിന് തൊട്ടടുത്തെത്തി. മാണി രോഗാവസ്ഥയിലായപ്പോൾ പാർട്ടി പിടിക്കാൻ രംഗത്തിറക്കിയ പിജെ ജോസഫിനെ തള്ളി കേരളാ കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം എത്തുമ്പോൾ ആ വികാരം സിഎഫ് ഉൾക്കൊണ്ടു. ഇതോടെ സിഎഫ് തോമസിനെ മുമ്പിൽ നിർത്തി കളിക്കാനുള്ള ജോസഫിന്റെ നീക്കം പൊളിഞ്ഞു. അങ്ങനെ പാർട്ടിയിൽ സാങ്കേതികമായി മുതിർന്ന നേതാവ് ഒറ്റപ്പെടുകയാണ്.

മാണിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇതിനെല്ലാം കാരണം. ഇടതുപക്ഷത്ത് നിന്ന് മാണിക്കൊപ്പം ജോസഫ് എത്തിയത് കോട്ടയത്തും ഇടുക്കിയിലും കരുത്ത് കൂട്ടാനുള്ള കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കമായിരുന്നു. ഇങ്ങനെ ജോസഫ് എത്തിയപ്പോഴും മാണി വേണ്ട കരുതലെടുത്തു. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഭാരവാഹിത്വങ്ങളിലുമെല്ലാം 30 ശതമാനം മാത്രമാണ് ജോസഫിന് നൽകിയത്. നിയമസഭയിലേക്ക് ജോസഫിനും മോൻസിനും ടിയു കുരുവിളയ്ക്കും മത്സരിക്കാൻ അവസരവും നൽകി. ഇതിൽ ടിയു കുരുവിള തോറ്റതോടെ പാർലമെന്ററീ പാർട്ടിയിലും പിന്തുണ മാണിക്കായി. റോഷി അഗസ്റ്റിനും ജയരാജനും ജോസ് കെ മാണിക്കൊപ്പമാണ്. സിഎഫ് തോമസ് കൂടിയായപ്പോൾ അവിടേയും മാണി ഗ്രൂപ്പിന് ഭൂരിപക്ഷമായി. അതിനാൽ പാർട്ടി ലീഡർ പദവിയും ജോസഫിന് കിട്ടില്ല.

സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അതിനാൽ നിഷ്പ്രയാസം ജോസ് കെ മാണി ചെയർമാനാകും. പാലായിലെ സ്ഥാനാർത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ഒഴിയാൻ സന്നദ്ധമാകുന്നവർക്കാകും സീറ്റ് നൽകുകയെന്നാണ് സൂചന. അങ്ങനെ എല്ലാ അർത്ഥത്തിലും ജോസ് കെ മാണി പാർട്ടിയിൽ പിടിമുറുക്കുകയാണ്. കോട്ടയത്തെ ലോക്‌സഭയിൽ മത്സരിക്കാൻ പിജെ ജോസഫ് ശ്രമം നടത്തിയപ്പോൾ പൊളിച്ചത് മാണിയുടെ തന്ത്രമായിരുന്നു തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കി കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്തു. ഇതിനൊപ്പം ഇടുക്കി ലോക്‌സഭാ സീറ്റ് ജോസഫിന് കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി മത്സരിക്കും. ജയിക്കുമ്പോൾ പാലാ സീറ്റ് ഒഴിയുന്നവർക്ക് രാജ്യസഭാ സീറ്റ് നൽകുകയും ചെയ്യും. ഭീഷണിയിലൂടെ പാലാ സീറ്റിന് ശ്രമിക്കുന്ന ജോയി എബ്രഹാമിനേയും സജി മഞ്ഞകടമ്പലിനേയും തഴയാൻ തന്നെയാണ് ജോസ് കെ മാണിയുടെ തീരുമാനം. ഇതെല്ലാം വെട്ടിലാക്കുന്നത് പിജെ ജോസഫിനെയാണ്. ഫ്രാൻസിസ് ജോർജിനെ വീണ്ടും തനിക്കൊപ്പം ചേർക്കാനാണ് ജോസഫിന്റെ തീരുമാനം. കേരളാ കോൺഗ്രസിന്റെ എംഎൽഎയാണ് പിജെ ജോസഫും മോൻസും. അതുകൊണ്ട് തന്നെ പിളർന്ന് പോയാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. അതുകൊണ്ട് തന്നെ മോൻസ് പോലും ചിലപ്പോൾ ജോസഫിനെ അവസാന നിമിഷം കൈവിടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ഫ്രാൻസിസ് ജോർജുമായി അടുക്കുന്നത്. കേരളാ കോൺഗ്രസിൽ പൂർണ്ണമായും ഒറ്റപ്പെട്ടാൽ യുഡിഎഫും കൈവിടുമെന്ന് ജോസഫിന് അറിയാം.

പിളർന്ന ശേഷം യുഡിഎഫിൽ നിന്നാലും വളരെ കുറച്ച് സീറ്റ് മാത്രമേ നിയമസഭയിലേക്ക് മത്സരിക്കാൻ കിട്ടൂ. ചെറിയ പാർട്ടിയായി മാത്രമേ ജോസഫിനെ പരിഗണിക്കൂ. രണ്ട് സീറ്റിൽ അധികം നൽകുകയുമില്ല. ഇതെല്ലാം തന്റെ പ്രസക്തി കുറയ്ക്കുമെന്ന് ജോസഫിന് അറിയാം. മകൻ അപ്പുവിനെ രാഷ്ട്രീയത്തിൽ ഇറക്കാനുള്ള നീക്കത്തിനും തിരിച്ചടിയാകും. അതുകൊണ്ട് ഫ്രാൻസിസ് ജോർജിനെ ഒപ്പം കൂട്ടി പുതിയ കളികൾക്കാണ് ജോസഫ് കരുത്ത് കൂട്ടുന്നത്. പാർട്ടി ചെയർമാനെ കണ്ടെത്താൻ നിർണായക യോഗങ്ങൾ അടുത്തദിവസം ചേരാനിരിക്കെ കേരള കോൺഗ്രസ് എമ്മിൽ സമവായ സാധ്യത തീരുന്നുവെന്ന കാര്യം ജോസഫും തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.യെ ചെയർമാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാർ ആവശ്യപ്പെട്ടതോടെയാണ് ഇത്.

പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിനെയും ജനറൽസെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദർശിച്ചാണ് ജില്ലാ പ്രസിഡന്റുമാർ ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാർലമെന്ററി പാർട്ടി ലീഡറാകണമെന്നും ഇവരഭ്യർഥിച്ചു. ഈ ഫോർമുല സിഎഫ് തോമസ് അംഗീകരിച്ചു. ഇതോടെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് കേരളാ കോൺഗ്രസിൽ ആധിപത്യം ഉറപ്പിക്കാനുള്ള പിജെ ജോസഫിന്റെ നീക്കവും പൊളിഞ്ഞു. മെയ് 17-നുശേഷം പാർട്ടി നേതൃയോഗങ്ങൾ ചേരാനിരിക്കവെയാണ് പുതിയ നീക്കങ്ങൾ. ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാർലമെന്ററി പാർട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാർട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാർ മാണി വിഭാഗത്തിനൊപ്പമാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്നാണ് ചെയർമാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുൾപ്പെടെ പാർട്ടിയിലെ നിർണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം.

പാർട്ടി അനുഭാവ പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യിൽ പ്രസിദ്ധീകരിച്ച ലേഖനം തർക്കങ്ങളുടെ വ്യക്തമായ സൂചനയായി. പ്രതിസന്ധി ഘട്ടത്തിൽ പി.ജെ. ജോസഫ്, കെ.എം. മാണിയെ കൈവിട്ടെന്ന വിമർശം ലേഖനത്തിലുണ്ടായിരുന്നു. മാണിയുടെ സ്വാഭാവിക പിൻഗാമി ജോസ് കെ. മാണിയാണെന്നു തന്നെ വിശ്വസിക്കുന്ന പാർട്ടിയിലെ വലിയ വിഭാഗമാണ് ജോസഫിനെ നിരാശനാക്കുന്നത്. ഇത് കേരളാ കോൺഗ്രസിലെ പുതിയൊരു പിളർപ്പിന് വഴിയൊരുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാൽ പിജെ ജോസഫിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ ജോസഫിനെ ഒപ്പം കൂട്ടാൻ ഇടതുപക്ഷം തയ്യാറായേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP