Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 'കവി' നരേന്ദ്ര മോദി കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ? സഹായി കൈമാറിയ ഫയലിൽ നിന്നും പേപ്പറുകൾ മറിക്കുമ്പോൾ കവിതയിലേക്ക് ക്യാമറ സൂം ഇൻ; പേപ്പറിന്റെ മുകളിൽ കവിതയ്ക്ക് അലങ്കാരമായി അവതാരകൻ ചോദിച്ച അതേ ചോദ്യവും; പ്രധാനമന്ത്രിയുമായുള്ള ന്യൂസ് നേഷന്റെ അഭിമുഖത്തിലെ ചോദ്യങ്ങൾ നേരത്തെ ചാനൽ കൈമാറിയിരുന്നുവെന്ന് തെളിയിക്കുന്ന ക്ലിപ് പുറത്ത്; വീഡിയോ പുറത്തുവിട്ടത് വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 'കവി' നരേന്ദ്ര മോദി കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ? സഹായി കൈമാറിയ ഫയലിൽ നിന്നും പേപ്പറുകൾ മറിക്കുമ്പോൾ കവിതയിലേക്ക് ക്യാമറ സൂം ഇൻ;  പേപ്പറിന്റെ മുകളിൽ കവിതയ്ക്ക് അലങ്കാരമായി അവതാരകൻ ചോദിച്ച അതേ ചോദ്യവും; പ്രധാനമന്ത്രിയുമായുള്ള ന്യൂസ് നേഷന്റെ അഭിമുഖത്തിലെ ചോദ്യങ്ങൾ നേരത്തെ ചാനൽ കൈമാറിയിരുന്നുവെന്ന് തെളിയിക്കുന്ന ക്ലിപ് പുറത്ത്; വീഡിയോ പുറത്തുവിട്ടത് വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതോടെ അഭിമുഖങ്ങളുടെ തിരക്കിലും ഉത്സാഹത്തിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരൺ താപ്പറെ പോലെ അഭിമുഖക്കാർ കടുപ്പമുള്ള ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്ന് പരാതി ഉയർന്നെങ്കിലും, മോദിയുടെ വ്യക്തിത്വ സവിശേഷതകൾ കുറയൊക്കെ ഹൈലൈറ്റ് ചെയ്യാൻ ഈ അഭിമുഖങ്ങൾക്ക് സാധിച്ചു. എന്നാൽ, ന്യൂസ് നേഷനുമായുള്ള അഭിമുഖം പലതരത്തിലും വിവാദമായി. ബാലാക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട റഡാർ-മേഘം പരാമർശവും, ഇന്ത്യയിൽ ഡിജിറ്റൽ ക്യാമറ ആദ്യം ഉപയോഗിച്ച വ്യക്തി താനാണെന്ന അവകാശവാദവും സോഷ്യൽ മീഡിയയിൽ ട്രോളർമാർക്ക് വിരുന്നാവുകയും ചെയ്തു. അതേസമയം, ന്യൂസ് നേഷന് മോദി നൽകിയ അഭിമുഖം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്ന് ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇതുവ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നു. അതായത് ചോദ്യങ്ങൾ നേരത്തെ തന്നെ ചാനൽ മോദിക്ക് എഴുതി തയ്യാറാക്കി നൽകിയെന്ന ആരോപണമാണ് ചൂടുപിടിക്കുന്നത്.

വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ പ്രതീക് സിൻഹയാണ് വീഡിയോയുടെ വേഗം കുറച്ച് ക്ലിപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അവതാരകനായ ദീപക് ചൗരസ്യ മോദിയോട് ചോദിക്കുന്നു: സമീപകാലത്ത് കവിത എന്തെങ്കിലും കുറിച്ചിട്ടുണ്ടോ എന്ന്. ഈ സമയത്ത് മോദി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയൽ നൽകുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോൾ തന്റെ കയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോദി പേപ്പറുകൾ മറിച്ചിടുന്നത് കാണാം. ഇതിനിടെ ഈ പേപ്പർ ന്യൂസ് നേഷൻസ് സൂം ചെയ്തു കാട്ടുന്നുണ്ട്. ഇതിൽ മോദിയോട് അവതാരകൻ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം.തുടർന്ന് മോദി ഈ പേപ്പർ നോക്കി കവിത ചൊല്ലുന്നു. ഈ വേളയിലും അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾ പേപ്പറിൽ വ്യക്തമായി കാണാം.

അഭിമുഖത്തിൽ ബാലാകോട്ട് വ്യോമാക്രമണം സംബന്ധിച്ച് മോദി നടത്തിയ പരാമർശം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വ്യാപകമായ ട്രോളാണ് ഇതിൽ ഉണ്ടായത്. ഇന്നിറങ്ങിയ ദി ടെലഗ്രാഫ് ദിനപത്രവും നരേന്ദ്ര മോദിയെ ട്രോളിക്കൊണ്ടുള്ള തലക്കെട്ടിട്ടാണ് രംഗത്തുവന്നത്. മോദിയുടെ റഡാർ പരാമർശത്തെ പരിഹസിച്ചു കൊണ്ട് റഡാറേന്ദ്ര മോദി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ തലക്കെട്ട്. 'Howdy, Cloudy: Radarendra Modi's disclosure Shock and awe' എന്നാണ് ടെലഗ്രാഫിന്റെ തലക്കെട്ട്. സോഷ്യൽ മീഡിയയിൽ ഈ തലക്കെട്ട് വിവാദമായി മാറുന്നുണ്ട്.

തന്റെ ബുദ്ധിപരമായ ഇടപെടൽ എന്ന രീതിയിൽ ആക്രമണ നീക്കത്തെക്കുറിച്ചാണ് മോദി ചാനൽ അഭിമുഖത്തിൽ പരാമർശം നടത്തിയത്. ഇത് വ്യാപകമായി വിമർശനത്തിന് ഇടയാക്കുകയായിരുന്നു. 'ആകാശം മേഘാവൃതമായിരുന്നതിനാൽ, ആക്രമണ ദൗത്യം മറ്റൊരു ദിവസത്തേക്കു മാറ്റണമെന്നു വാദമുയർന്നു. ഞാൻ ഇക്കാര്യത്തിൽ വിദഗ്ധനോ ശാസ്ത്രജ്ഞനോ അല്ല. എങ്കിലും, മഴയും മേഘങ്ങളുമുണ്ടെങ്കിൽ ഇന്ത്യൻ വിമാനങ്ങൾക്കു പാക്കിസ്ഥാന്റെ റഡാർ കണ്ണുകളിൽപ്പെടാതെ പറക്കാമെന്ന മെച്ചമുണ്ടല്ലോ എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മുന്നോട്ടുപോകാൻ തീരുമാനിച്ചത്.'

ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വാചകങ്ങൾ സ്‌ക്രീൻഷോട്ടായി പോസ്റ്റ് ചെയ്തു. പാർട്ടിയുടെ വിവിധ സംസ്ഥാന ഘടകങ്ങളും ഇതു പങ്കുവച്ചു. മഴയും മേഘങ്ങളുമുണ്ടെങ്കിൽ വിമാനം റഡാറിൽപ്പെടില്ലെന്ന മോദിയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ചിരിക്കു വകയായതിനു പിന്നാലെ ട്വീറ്റുകൾ അപ്രത്യക്ഷമായി. എന്നാൽ അഭിമുഖത്തിന്റെ വിഡിയോ അതിനകം തന്നെ യുട്യൂബിലെത്തിക്കഴിഞ്ഞിരുന്നു. ട്രോളുകൾ പിന്നാലെയെത്തി. പ്രതിപക്ഷവും വിഷയം ഏറ്റുപിടിച്ചു.

കോൺഗ്രസ് നേതാവായ ദിവ്യ സ്പന്ദന, സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള തുടങ്ങിയവരും മറ്റുനിരവധി പേരുമാണ് 'റഡാർ തിയറി'യിൽ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്. മേഘങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താനുള്ള റഡാർ സംവിധാനം ദശാബ്ദങ്ങൾക്ക് മുമ്പേ ഉണ്ടെന്നായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. താങ്കൾ ഇപ്പോഴും പഴയകാലഘട്ടത്തിൽ നിന്നുപോയതിന്റെ പ്രശ്‌നമാണിതെന്നും അത് മനസിലാക്കൂ അങ്കിൾ ജി എന്നും ദിവ്യ മോദിയെ പരിഹസിച്ചു.

1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇമെയിൽ ചെയ്തിട്ടുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിനെതിരെയും വിമർശകർ രംഗത്തുവന്നു. റഡാറിന്റെ കണ്ണുവെട്ടിക്കാൻ മേഘങ്ങൾ സഹായിക്കുമെന്ന പരാമർശം നടത്തിയ അഭിമുഖത്തിൽ തന്നെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങളും പറഞ്ഞത്.

വിവാദമായ ഈ അഭിമുഖത്തിൽ തന്നെ എങ്ങനൊണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മോദി ഡിജിറ്റൽ ക്യാമറയെ കുറിച്ചും ഇമെയിലിനെ കുറിച്ചും പറഞ്ഞത്. ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നതിനു വളരെ മുമ്പേ തന്നെ സാങ്കേതികവിദ്യയോട് തനിക്ക് താത്പര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ സാങ്കേതിക കാര്യങ്ങളിൽ മിടുക്കനാണെന്ന് കാണിക്കാൻ വേണ്ടി കൂടുതൽ അവകാശവാദങ്ങൾ അദ്ദേഹം നടത്തി. 1990കളിൽ താൻ സ്റ്റൈലസ് പേനകൾ(ടച്ച് സ്‌ക്രീൻ ഉപകരണങ്ങളിൽ എഴുതാൻ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നു എന്നാണ് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടത്.

1987-88 കാലത്ത് താൻ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് എൽ കെ അദ്വാനിയുടെ ചിത്രം പകർത്തുകയും അത് ഇമെയിൽ മുഖാന്തരം ഡൽഹിയിലേക്ക് അയച്ചു നൽകിയെന്നുമാണ് മോദി അഭിമുഖത്തിൽ അവകാശപ്പെട്ടത്. അതേസമയം മോദിയുടെ അവാകാശ വാദം തള്ളാണെന്ന് സമർത്ഥിക്കുകയാണ് വിമർശകർ. ഇതിനായി സാങ്കേതിക കാര്യങ്ങൾ തന്നെ അവർ ചൂണ്ടിക്കാട്ടുന്നു. 1987 ലാണ് ആദ്യത്തെ ഡിജിറ്റൽ ക്യാമറ നിക്കോൺ പുറത്തിറക്കിയതെന്നും അന്ന് അതിന് വൻ വിലയായിരുന്നു എന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി എങ്ങനെ വിലയേറിയ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കിയെന്നും ഇവർ ചോദ്യം ഉന്നയിക്കുന്നു. കൂടാതെ, വി എസ് എൻ എൽ ഇന്റർനെറ്റ് സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കി 1995ൽ ആണെന്ന കാര്യവും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

അഭിമുഖത്തിൽ മോദി പറയുന്നത് ഇങ്ങനെ: ഒരുപക്ഷെ, രാജ്യത്ത്..മറ്റാരെങ്കിലും ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചു,1987-88 കാലത്ത്. അന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇമെയിലുണ്ടായിരുന്നത്. വിരംഗാം തെഹ്‌സിലിൽ അദ്വാനിജിയുടെ യോഗമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ ചിത്രം ഡിജിറ്റൽ ക്യാമറയിൽ പകർത്തി. എന്നിട്ട് ഡൽഹിയിലേക്ക് അയച്ചു. പിറ്റേദിവസം കളർ ഫോട്ടോ അടിച്ചുവന്നു. അദ്വാനിജിക്ക് വളരെ 'സർപ്രൈസ്' ആയി- ഇങ്ങനെ പോകുന്നു മോദിയുടെ വാക്കുകൾ.

അഭിമുഖത്തിന്റെ ഭാഗം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപേരാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്. 1988 ൽ നരേന്ദ്ര മോദിയുടെ ഇമെയിൽ വിലാസം എന്തായിരുന്നെന്ന് ആർക്കെങ്കിലും ഊഹമുണ്ടോ എന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന അഭിമുഖത്തിന്റെ ഭാഗം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരണ് സോഷ്യൽ മീഡിയയിലൂടെ മോദിയെ പരിഹസിച്ചു കൊണ്ട് രംഗത്തുവന്നത്. ചോദ്യവും ഉത്തരവും നേരത്തെ എഴുതിനൽകിയ 'സ്‌ക്രിപ്റ്റഡ്' അഭിമുഖമായിരുന്നു മോദിയുമായി ന്യൂസ് നേഷൻ നടത്തിയതെന്ന ആരോപണവും ദിവ്യ സ്പന്ദന ഉയർത്തിയിട്ടുണ്ട്. ഇതിനെ സാധൂകരിക്കാൻ ഒരു വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

തൊണ്ണറുകളിലാണ് ഇന്റർനെറ്റ് സേവനം അമേരിക്കയിൽ അടക്കം വ്യാപകമായിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണാണ് ആദ്യമായി ഇമെയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരനും. 1998 നവംബർ ഏഴിനാണ് അദ്ദേഹം ആദ്യ ഇമെയിൽ അയക്കുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് സൗകര്യം പൊതുജനങ്ങൾക്ക് ലഭ്യമായത് 1995ന് ശേഷമാണ്. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡിനായിരുന്നു അന്ന് ഇന്റർനെറ്റ് കൈകാര്യം ചെയ്തിരുന്നത്. ഈ ചരിത്രമെല്ലാം മോദിയുടെ വാദങ്ങൾ സംശയത്തിലാക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP