Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയുടെ ഫുജൈറ തീരത്ത് അക്രമിക്കപ്പെട്ടത് സൗദിയിൽ നിന്നും അമേരിക്കയിലേക്ക് എണ്ണയുമായി പോയ രണ്ട് കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകൾ; പിന്നിൽ ഇറാനെന്ന നിഗമനത്തിൽ കടുത്ത ആക്രമണത്തിനൊരുങ്ങി അമേരിക്ക; റഷ്യൻ സന്ദർശനം റദ്ദ് ചെയ്ത് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ബ്രസൽസിലേക്ക് പറന്നത് കടത്തു നടപടികൾക്ക് യൂറോപ്യൻ യൂണിയന്റെ പിന്തുണ ഉറപ്പാക്കാൻ; ഹോർമുസ് കടലിടുക്കിലെ ദുരൂഹ സ്‌ഫോടനത്തിൽ നടുങ്ങി എണ്ണ വിപിണി; യുദ്ധഭീതിയിൽ വീണ്ടും ലോകം

യുഎഇയുടെ ഫുജൈറ തീരത്ത് അക്രമിക്കപ്പെട്ടത് സൗദിയിൽ നിന്നും അമേരിക്കയിലേക്ക് എണ്ണയുമായി പോയ രണ്ട് കപ്പലുകൾ ഉൾപ്പെടെ നാല് കപ്പലുകൾ; പിന്നിൽ ഇറാനെന്ന നിഗമനത്തിൽ കടുത്ത ആക്രമണത്തിനൊരുങ്ങി അമേരിക്ക; റഷ്യൻ സന്ദർശനം റദ്ദ് ചെയ്ത് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ബ്രസൽസിലേക്ക് പറന്നത് കടത്തു നടപടികൾക്ക് യൂറോപ്യൻ യൂണിയന്റെ പിന്തുണ ഉറപ്പാക്കാൻ; ഹോർമുസ് കടലിടുക്കിലെ ദുരൂഹ സ്‌ഫോടനത്തിൽ നടുങ്ങി എണ്ണ വിപിണി; യുദ്ധഭീതിയിൽ വീണ്ടും ലോകം

മറുനാടൻ മലയാളി ബ്യൂറോ

ഫുജൈറ: യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമത്തിന് പിന്നിൽ ഇറാനെന്ന് സംശയിച്ച് അമേരിക്ക. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യു.എ.ഇ.-സൗദി സർക്കാരുകൾ തയ്യാറായില്ല. എങ്കിലും സംശയ മുന അമേരിക്ക നീട്ടുന്നത് ഇറാന് മേലെയാണ്.

രണ്ട് സൗദി കപ്പലും ഒരു നോർവേ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്. യുഎഇയുടെ ഒരു കപ്പലിന് നേരേയും ആക്രമണമുണ്ടായി. എല്ലാ കപ്പലിലും വലിയ കുഴികൾക്ക് സമാനമായ ഗർത്തം രൂപപ്പെട്ടിരുന്നു. സ്‌ഫോടനത്തിന്റെ ഫലമായാണ് ഇതെന്നാണ് വിലയിരുത്തൽ. അതിനിടെ അക്രമങ്ങൾക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാനാണ് ആക്രമത്തിന് പിന്നിലെന്ന സംശയമാണ് അമേരിക്ക സജീവമാക്കുന്നത്. ഇത് ഗൾഫ് മേഖലയെ യുദ്ധ സമാനായ സാഹചര്യം ഉണ്ടാക്കുന്നു. ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഇറാനോ അവരുമായി ബന്ധമുള്ളവരോ മേഖലയിലൂടെ ചരക്കുനീക്കം അട്ടിമറിക്കാൻ ശ്രമംനടത്തുമെന്ന് സഖ്യരാഷ്ട്രങ്ങൾക്ക് യു.എസ്. നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ഭീഷണി മറികടക്കാൻ യു.എസ്. ഗൾഫ് തീരത്ത് വിമാനവാഹിനിക്കപ്പലുകളും ബി-52 ബോംബർ വിമാനങ്ങളും വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ തിരിച്ചടിക്കാൻ അമേരിക്ക സർവ്വ സന്നാഹവും ഒരുക്കുകയാണ്. എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ 'അട്ടിമറി ശ്രമം' ഗൾഫ് തീരത്തെ സാഹചര്യം വഷളാക്കിയിരിക്കുകയാണ്. യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയും ഇറാനുമേൽ യു.എസ്. ഏർപ്പെടുത്തിയ ഉപരോധവുമാണ് മേഖലയെ സംഘർഷഭരിതമാക്കിയത്.

ഗൾഫ്തീരത്ത് ഏറ്റവും എണ്ണ ചരക്ക് നീക്കം നടക്കുന്ന ഹോർമൂസ് കടലിടുക്കിന്റെ അടുത്തുള്ള ഒരേയൊരു തുറമുഖമാണ് ഫുജൈറ. ഇറാനുമായും യു.എ.ഇ.യുമായും അതിർത്തി പങ്കുവെക്കുന്നതാണ് ഹോർമൂസ് കടലിടുക്ക്. മേഖലയിൽ യു.എസ്. സൈനികവിന്യാസം ശക്തമാക്കിയാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ പലതവണ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എണ്ണ വിലയെ ഉൾപ്പെടെ ഇത് സ്വാധീനിക്കും. 2015-ലെ ഇറാൻ ആണവക്കരാറിൽനിന്ന് യു.എസ്. കഴിഞ്ഞവർഷം പിന്മാറിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത വർധിച്ചത്. തുടർന്ന് ഇറാനുമേൽ യു.എസ്. ശക്തമായ ഉപരോധങ്ങളുമേർപ്പെടുത്തി. ഇറാന്റെ പ്രധാന വരുമാനമാർഗമായ എണ്ണക്കയറ്റുമതിക്ക് ഉപരോധമേർപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം.

അട്ടിമറിവാർത്ത പുറത്തുവന്നതിനുപിന്നാലെ യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ റഷ്യൻ സന്ദർശനം റദ്ദാക്കി ഇറാൻ വിഷയം യൂറോപ്യൻ നേതൃത്വവുമായി ചർച്ച ചെയ്യാൻ ബ്രസൽസിലേക്ക് പോയി. ഇത് സാഹചര്യം അത്രയേറെ വഷളായെന്നതിന്റെ സൂചനയാണ്. ഇറാനെതിരെ കടുത്ത നടപടികൾക്ക് യൂറോപ്യൻ യൂണിയന്റെ പിന്തുണ നേടാനാണ് അമേരിക്കൻ ശ്രമം. ഇറാനെ പാഠം പഠിപ്പിക്കുമെന്ന സൂചന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നൽകിയിട്ടുണ്ട്. ഇറാനും ഇക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സമുദ്രഗതാഗതത്തിലെ സുരക്ഷ അട്ടിമറിക്കാൻ 'വിദേശശക്തികൾ' നടത്തുന്ന ശ്രമങ്ങൾക്കെതിരേ അന്വേഷണം നടത്തുമെന്നാണ് ടെഹ്‌റാന്റെ പ്രഖ്യാപനം.

കപ്പൽ ടാങ്കറുകൾക്ക് ഉണ്ടായത് കനത്ത നാശനഷ്ടം

ടാങ്കറുകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. എന്നാൽ, ആളപായമോ ഇന്ധനചോർച്ചയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവയിൽ ഒരു ടാങ്കർ റാസ് താനുറ തുറമുഖത്തുനിന്ന് എണ്ണനിറച്ച് യു.എസിലേക്ക് പോകേണ്ടിയിരുന്നതാണ്. വാണിജ്യകപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായി യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. ഫുജൈറയുടെ കിഴക്കുഭാഗത്ത് ഒമാൻ ഉൾക്കടലിൽ യു.എ.ഇ.യുടെ സമുദ്രപരിധിയിലായിരുന്നു ആക്രമണം.

സമുദ്രഗതാഗതവും എണ്ണക്കപ്പലുകളുടെ സഞ്ചാരപാതയും സുരക്ഷിതമാക്കണമെന്നും അല്ലെങ്കിൽ ആഗോള സമ്പദ്വ്യവസ്ഥയും ഊർജമേഖലയും കടുത്ത പ്രതിസന്ധിയിലാകുമെന്നും ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. വാണിജ്യകപ്പലുകൾക്ക് നേരെയുണ്ടായ അട്ടിമറിശ്രമവും ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കാനുള്ള പ്രവർത്തനങ്ങളും ഗുരുതരമായി കാണുന്നെന്നും സമുദ്രഗതാഗത സുരക്ഷയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങളെ തടയേണ്ടതിന്റെ ചുമതല അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും യു.എ.ഇ. പറഞ്ഞു. ഫുജൈറ തുറമുഖത്തിന്റെ പ്രവർത്തനം സാധാരണനിലയ്ക്ക് തുടരുകയാണെന്നും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു.

ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് യു.എസ്. നിർദ്ദേശിച്ചതോടെ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദിയിൽനിന്നുള്ള എണ്ണയാണ് ഇറാൻ എണ്ണയ്ക്ക് ബദലായി പൊതുവേ രാജ്യങ്ങൾ സ്വീകരിച്ചത്. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ. അറേബ്യൻ തീരത്തിനും ആഫ്രിക്കയ്ക്കും ഇടയിലെ പ്രധാന സമുദ്രപാതയായ ബാബ് അൽ മൻഡാബ് കടലിടുക്കിലൂടെയുള്ള എണ്ണയിറക്കുമതി കഴിഞ്ഞവർഷം സൗദി അറേബ്യ താത്കാലികമായി നിർത്തിയിരുന്നു. ഇതിനുപിന്നാലെ ഇറാന്റെ പിന്തുണയുള്ള യെമെൻ വിമതർ സൗദിയുടെ രണ്ട് കപ്പലുകളെ ആക്രമിച്ചിരുന്നു. ഇത്തരക്കാരുടെ പിന്തുണയോടെയാകാം ഇറാൻ അട്ടിമറി നീക്കം ഇത്തവണ നടത്തിയെന്നാണ് അമേരിക്കൻ വിലയിരുത്തൽ.

എണ്ണ വില കുതിച്ചുയരാൻ സാധ്യത

ഒരു കപ്പൽ തങ്ങളുടേതാണെന്നു നോർവേ കമ്പനി അറിയിച്ചു. നാലാമത്തെ കപ്പൽ യുഎഇയുടേതാണെന്നു ചിത്രങ്ങൾ സൂചിപ്പിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യുഎഇ ഇതു സ്ഥിരീകരിച്ചിട്ടില്ല. ഫുജൈറ തുറമുഖത്തു നിന്നു 10 കിലോമീറ്ററകലെ ഒമാൻ ഉൾക്കടലിൽ ഞായറാഴ്ച പുലർച്ചെ ആറിനായിരുന്നു ആക്രമണം. കപ്പലുകൾക്കു നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നു യുഎഇയും സൗദിയും അറിയിച്ചു. ആശങ്കയുടെ പ്രതിഫലനമായി ബ്രെന്റ് ക്രൂഡ് വില ഇന്നലെ 22 സെന്റ് വർധിച്ച് ബാരലിന് 70.84 ഡോളറായി.

യുഎഇ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആക്രമണ രീതി വെളിപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും രാജ്യത്തെ സംശയിക്കുന്നതായും പറഞ്ഞിട്ടില്ല. തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് ഇറാന്റെ ഭീഷണിയുള്ളതായി ആരോപിച്ച് യുഎസ് കഴിഞ്ഞദിവസം സേനാ നീക്കം ആരംഭിച്ചിരുന്നു. എന്നാൽ 'ബാഹ്യ ശക്തി'കളുടെ കൈവിട്ട കളിയാണിതെന്നും അന്വേഷണം വേണമെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ഫുജൈറ തുറമുഖത്തു സ്‌ഫോടനവും തീപിടിത്തവുമുണ്ടായെന്ന അഭ്യൂഹം യുഎഇ നിഷേധിച്ചു. കടലിൽ എണ്ണ പരന്നിട്ടില്ലെന്നും അറിയിച്ചു.

ലോകത്തെ ക്രൂഡോയിൽ നീക്കത്തിന്റെ 20 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാന്റെ സാമീപ്യമാണ് ഇവിടെ ഗൾഫ് രാജ്യങ്ങൾ ഭീഷണിയായി കാണുന്നത്. മുൻപ് ഉപരോധം നേരിട്ടപ്പോൾ മറ്റു രാജ്യങ്ങളുടെ എണ്ണനീക്കവും തടയുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. നാല് കപ്പലുകളിൽ പൊട്ടിത്തെറിയുണ്ടായെന്നും ഫുജൈറ തുറമുഖം നിശ്ചലമായെന്നും ഇറാനിലേയും ലെബനനിലേയും മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഈ വാർത്തകൾ തള്ളക്കളഞ്ഞു കൊണ്ടാണ് അട്ടിമറി ശ്രമം മാത്രമാണ് ഉണ്ടായതെന്ന് യുഎഇ വിശദീകരിക്കുന്നത്.

ഗൾഫിൽ ഭീതി ശക്തം

അമേരിക്കയും ഇറാനും തമ്മിൽ കൊമ്പു കോർത്തിരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന ഫുജൈറയിൽ നിന്നും ഇത് 140 കിലോമീറ്റർ മാത്രം അകലെയാണ്. ഇതുവഴി പോകുന്ന കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾക്കും ഉള്ള സൗകര്യം ഫുജൈറ തുറമുഖത്ത് ഉണ്ട്.

യു.എ.ഇയുടെ മൂന്ന് ദ്വീപുകൾ 1971 മുതൽ ഇറാന്റെ കൈവശമാണ്. ഇതോടെ ഇറാനുമായുള്ള ഈ രാജ്യത്തിന്റെ ബന്ധം ശിഥിലമായി. സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ഇറാനെ ശത്രു പക്ഷത്താണ് നിർത്തിയിരിക്കുന്നത്. ഇറാഖ് യുദ്ധത്തിന് മുൻപ് തന്നെ ആരംഭിച്ചതാണ് ഈ കലഹം. ഷിയാ - സുന്നി പോരാട്ടങ്ങളും ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലുകളുമായി അത് ഇപ്പോഴും തുടരുന്നു.

ആണവ കരാറുകൾ പാലിച്ചല്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാവാമെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾക്ക് എതിരേയുള്ള ഏതു നീക്കത്തിനും തിരിച്ചടിയുണ്ടാകുമെന്നും വേണ്ടിവന്നാൽ കടലിലൂടെയുള്ള എണ്ണക്കടത്ത് തടയാൻ നടപടിയെടുക്കുമെന്നും ഇറാനും തിരിച്ചടിച്ചു. ഇതോടെയാണ് പേർഷ്യൻ ഗൾഫിലേക്ക് അമേരിക്കയുടെ വമ്പൻ വിമാനവാഹിനി കപ്പലായ ഏബ്രഹാം ലിങ്കൺ എത്തുന്നത്. ഇതിന് പുറമെ ഖത്തറിലെ യു.എസ്. വ്യോമ താവളത്തിൽ സർവ്വ സന്നാഹങ്ങളുമായി പോർ വിമാനങ്ങൾ ഒരുങ്ങിയിരിക്കുന്നു.

രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണമെന്നാണ് സൗദിയുടെ പ്രതികരണം. അക്രമം സംബന്ധിച്ച വിശദാംശങ്ങൾ യു.എ.ഇ. , സൗദി അധികൃതർ പുറത്തുവിടാത്തത് ഏറെ അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. മാധ്യമ പ്രവർത്തനത്തിന് നിയന്ത്രണമുള്ളതിനാൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കേണ്ടി വരും. ആക്രമണം 'ആശങ്കപ്പെടുത്തുന്നതും ഭയങ്കരവും' ആണെന്നാണ് ഇറാന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP