Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടിൽ മിന്നൽ പരിശോധനക്കു മുമ്പ് വിവരം അസോസിയേഷൻ നേതാക്കൾ വിവരം ചോർത്തി; എ ആർ ക്യാമ്പിൽ പരിശോധനക്കെത്തിയ സംഘത്തിന് മടങ്ങേണ്ടി വന്നത് വെറുംകൈയോടെ; റെയ്ഡിനെതിരെ ഒരു വിഭാഗം ഡിജിപിക്ക് പരാതിയുമായി രംഗത്ത്

പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടിൽ മിന്നൽ പരിശോധനക്കു മുമ്പ് വിവരം അസോസിയേഷൻ നേതാക്കൾ വിവരം ചോർത്തി; എ ആർ ക്യാമ്പിൽ പരിശോധനക്കെത്തിയ സംഘത്തിന് മടങ്ങേണ്ടി വന്നത് വെറുംകൈയോടെ; റെയ്ഡിനെതിരെ ഒരു വിഭാഗം ഡിജിപിക്ക് പരാതിയുമായി രംഗത്ത്

രഞ്ജിത്ത് ബാബു

കണ്ണൂർ: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൈപ്പറ്റിയ സംഭവത്തിൽ മിന്നൽ പരിശോധനക്കു മുമ്പ് വിവരം ചോർന്നതായി ആരോപണം. കണ്ണൂർ എ. ആർ ക്യാമ്പിൽ പോസ്റ്റൽ ബാലറ്റുകൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചത്. എ. ആർ ക്യാമ്പിന്റെ ശുചിമുറികളും മറ്റ് കെട്ടിടങ്ങളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ട് മണി മുതലാണ് പരിശോധന നടത്തിയത്. തലശ്ശേരി എ.എസ്‌പി. അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലാ പൊലീസ് മേധാവി ശിവ വിക്രമിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. എന്നാൽ പൊലീസ് ആസ്ഥാനത്ത് നടന്ന റെയ്ഡിനെ തുടർന്ന് പൊലീസിലെ ഒരു വിഭാഗം ജില്ലാ പൊലീസ് ചീഫിനെതിരെ നീങ്ങുകയാണ്.

പൊലീസ് ചീഫിനെതിരെ ഡി.ജി.പി. ക്കും ആഭ്യന്തര വകുപ്പിനും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഒരു വീഭാഗം പൊലീസുകാർ. എ. ആർ ക്യാമ്പിൽ പോസ്റ്റൽ ബാലറ്റിനുവേണ്ടിയുള്ള റെയ്ഡ് പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കിയിരിക്കയാണെന്ന് സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട് ചെയ്തിരിക്കയാണ്. അതിന്റെ അടിസ്ഥാനത്തിൽ എസ്‌പി.യോട് വിശദീകരണം ചോദിക്കാനുള്ള സാധ്യതയുണ്ട്. പൊലീസ് ചീഫ് നിർദേശിച്ച മിന്നൽ പരിശോധന കണ്ണൂർ റെയ്ഞ്ച് ഐ.ജി. പോലും അറിഞ്ഞില്ലെന്നാണ് പൊലീസ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. എസ്‌പി. യു.ഡി.എഫുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ഗുരുതരമായ ആരോപണമുന്നയിച്ച് അസോസിയേഷൻ നേതാക്കൾ രംഗത്തിറങ്ങിയിരിക്കയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചാൽ എസ്‌പി. ക്കെതിരെ രേഖാ മൂലം പരാതി നൽകാൻ പൊലീസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിദേശത്തു നിന്നും തിരിച്ചെത്തിയാൽ നേരിൽ കണ്ട് പരാതി നൽകാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം എസ്‌പി. യെ നീക്കം ചെയ്യാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി തന്നെയാകും. ജി. ശിവ വിക്രം ജില്ലാ പൊലീസ് ചീഫായി സ്ഥാനമേറ്റിട്ട് ഒന്നര വർഷമായി. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച പ്രശ്നം കാസർഗോഡ് ജില്ലയിലും നിലനിൽക്കുന്നുണ്ട്. ബേക്കൽ, ബേഡകം, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും 46 പേരുടെ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പാലക്കുന്നിലെ കോട്ടിക്കുളം പോസ്റ്റോഫീസിൽ നിന്നും അതാത് ഉപ വരണാധികാരികൾക്ക് തപാൽ വോട്ട് അയച്ചെങ്കിലും 11 പേർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് ലഭിച്ചത്.

കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു ചുമതല നിർവ്വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തിനാൽ വോട്ടവകാശം നിഷേധിക്കപ്പെട്ടത്. പോസ്റ്റോഫീസിൽ ഏപ്രിൽ 12 നും 16 നും മായി നൽകിയ അപേക്ഷകൾ ഇത്രയും ദിവസം എത്താൻ വൈകിയത് ദുരൂഹതയുണർത്തുന്നു. ബാലറ്റ് പേപ്പർ കിട്ടാത്ത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. പൊലീസുകാരുടെ ബാലറ്റ് വൈകിപ്പിച്ചതിന് പിന്നിൽ ബേക്കൽ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന സൂചനയും ഉയർന്നിട്ടുണ്ട്. വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ബാലറ്റ് ലഭിക്കാത്തവരിൽ ചിലർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP