Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗവും അടക്കമുള്ള പുത്തൻ ആശയക്കാരുമായി വേദി പങ്കിടുകയോ ഭക്ഷണം കഴിക്കുകയോ അരുതെന്ന് വിലക്കിയിട്ടും കേട്ടില്ല; സമസ്തയുടെ ശാസനയ്ക്ക് പുല്ലുവില കൽപിച്ച് പാണക്കാട് തങ്ങൾമാർ; പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ; ഇഫ്താർ വിരുന്നിനൊപ്പമുള്ള ചർച്ചാസംഗമത്തിലും സജീവസാന്നിധ്യം; സമസ്തയിൽ അമർഷം പുകയുന്നു

ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗവും അടക്കമുള്ള പുത്തൻ ആശയക്കാരുമായി വേദി പങ്കിടുകയോ ഭക്ഷണം കഴിക്കുകയോ അരുതെന്ന് വിലക്കിയിട്ടും കേട്ടില്ല; സമസ്തയുടെ ശാസനയ്ക്ക് പുല്ലുവില കൽപിച്ച് പാണക്കാട് തങ്ങൾമാർ; പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ; ഇഫ്താർ വിരുന്നിനൊപ്പമുള്ള ചർച്ചാസംഗമത്തിലും സജീവസാന്നിധ്യം; സമസ്തയിൽ അമർഷം പുകയുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: സമസ്തയുടെ പ്രഖ്യാപിത നിലപാട് മറികടന്നും വിലക്ക് ലംഘിച്ചും പാണക്കാട് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ. കഴിഞ്ഞ ദിവസം മലപ്പുറം മലബാർ ഹൗസിൽ നടന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താർ സംഗമത്തിലാണ് സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും പങ്കെടുത്തത്. തുടർന്നു നടന്ന ചർച്ചാ സംഗമത്തിൽ ഇരുവരും പ്രസംഗിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ചില നേതാക്കളും സംഗമത്തിൽ പങ്കെടുത്തിരുന്നു. ഇരുവരും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ പങ്കെടുക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് സമസ്തക്കുള്ളിൽ പാണക്കാട് തങ്ങൾമാർക്കെതിരെ പുകഞ്ഞുകൊണ്ടിരിക്കുന്ന എതിർപ്പ് വീണ്ടും മറ നീക്കി പുറത്തുവന്നത്. നേരത്തെ മലപ്പുറം കൂരിയാട് വെച്ചുനടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങൾക്കും, മുനവ്വറലി ശിഹാബ് തങ്ങൾക്കും സമസ്ത വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പാണക്കാട് ചേർന്ന ചർച്ചയിൽവെച്ചു ഇരുവർക്കും താക്കീതു നൽകി പ്രശ്നം അവസാനിപ്പിച്ചതായിരുന്നു. ഇതിന് ശേഷമാണു വീണ്ടും ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ പാണക്കാട് തങ്ങൾമാർ പങ്കെടുത്തത്.

സംഭവം ഇഫ്താർ വിരുന്നാണെങ്കിലും, ഇവരുടെ സംഘടനാതലത്തിൽ നടത്തിയ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതാണ് പാണക്കാട് തങ്ങൾമാർക്കെതിരെ സമസ്ത തിരിയാൻ കാരണമായത്. ജമാഅത്തെ ഇസ്ലാമിയും, മുജാഹിദ് വിഭാഗവും ഉൾപ്പെടെയുള്ള പുത്തൻ ആശയക്കാരുമായി വേദി പങ്കിടരുതെന്നും ഇവരോടൊപ്പം ഭക്ഷണം കഴിക്കരുതെന്നുമുള്ളതാണ് സമസ്തയുടെ നിലപാട്. ഈരണ്ടു നിലപാടുകളും സാദിഖലി തങ്ങളും, മുനവ്വറലി തങ്ങളും ലംഘിച്ചിട്ടുണ്ടെന്നും ഇരുവർക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും സമസ്തക്കുള്ളിൽനിന്നും ഉയർന്നിട്ടുണ്ട്. മുസ്ലിംലീഗ് നേതാക്കൾ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിനെ സമസ്ത എതിർക്കുന്നില്ലെങ്കിലും സമസ്തയുടെ തലപ്പത്തിരിക്കുന്ന പാണക്കാട്ടെ തങ്ങൾ കുടുംബത്തിൽ നിന്നും ഒരാളും ഇത്തരം പരിപാടികളിൽ പങ്കെടുക്കരുതെന്ന നിലപാടാണ് സമസ്തക്കുള്ളത്.

നേരത്തെ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിൽ സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയ വേദന ഉൾകൊള്ളുന്നുവെന്നൂം ഖേദം പ്രകടിപ്പിക്കുന്നരെന്നും പറഞ്ഞാണ് പാണക്കാട് മുനവ്വറലി തങ്ങളും റഷീദലി തങ്ങളും പ്രശ്നം അവസാനിപ്പിച്ചിരുന്നത്. ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം വേദിയിൽ പങ്കെടുക്കുകയുള്ളു എന്നും ഇരുവരും നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും അക്കൂട്ടത്തിലുണ്ടായ മുനവ്വറലി തങ്ങളാണ് വീണ്ടും ജമാത്തെ ഇസ്ലാമിയുടെ ചടങ്ങിൽ പങ്കെടുത്തത്. ഇതിന് അന്നത്തെ സംഭവത്തിൽ അന്വേഷണം നടത്താൻ സമസ്ത നിയോഗിച്ച സമിതിയിലെ ഒരംഗമായിരുന്നു പാണക്കാട് സാദിഖലി തങ്ങൾ. അദ്ദേഹം തന്നെ ഇത്തവണ ജമാഅത്തെ ഇസ്ലാമിയുടെ ചടങ്ങിൽ പങ്കെടുത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്,

സംഭവം ഇഫ്താർ മീറ്റിനാണെന്ന് പറഞ്ഞ് സംഭവം ലഘൂകരിക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിഷയത്തിൽ സമസ്തയുശട നിലപാട് പറഞ്ഞ് പ്രസംഗിക്കുന്ന സമസ്തയുടെ പ്രമുഖ നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അമ്പലക്കടവ് ഹമീദ് ഫൈസിയുടെ പ്രസംഗ വീഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 'വഹാബി പ്രസ്ഥാനങ്ങളുമായി സഹകരിക്കാൻ പാടില്ല, അവരുമായ വേദിയിൽ ഒന്നിച്ചിരിക്കാൻ പാടില്ല, അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല, അവർക്ക് സലാം പറയാൻ പാടില്ല, അവരെ സമ്പൂർണമായി മാറ്റിനിർത്തണമെന്ന് സമസ്തകേരളാ ജമീഅത്തുൽ ഉലമയുടെ പണ്ഡിതന്മാർ പലതവണ തീരുമാനമെടുത്തതാണ്, വളരെ ഗൗരകരമായി വിഷയം മുസ്ലിംസമൂഹത്തെ പഠിപ്പിച്ചതിന്റെ ഫലമായിട്ടാണ് ഇന്ന് സുന്നി പ്രവർത്തകർ ഇന്നിവിടെ നിലനിൽക്കുന്നതെന്നും പറയുന്ന അമ്പലക്കടവ് ഹമീദ് ഫൈസിയുടെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മലപ്പുറത്തെ കൂരിയാട്ടു നടന്നു വരുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിൽ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ തവണ പാണക്കാട് നിന്നും രണ്ടു പേർ പങ്കെടുത്തത്. തുടർന്ന് സമസ്തയുടെ മുന്നറിയിപ്പ് ലംഘിച്ച് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങൾക്ക് സമസ്തയുടെ യോഗത്തിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇതു ലംഘിച്ചുകൊണ്ടായിരുന്നു പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്.

സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്ന് മുക്കത്ത് നടത്താൻ തീരുമാനിച്ച സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ നിന്നുമാണ് പാണക്കാട് റശീദലി തങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമർ ഫൈസി മുക്കം, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, സംസ്ഥാന നേതാക്കളായ നാസർ ഫൈസി കൂടത്തായി, കെ.എൻ.എസ് മൗലവി, കുഞ്ഞാലൻ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരടങ്ങിയ സംഘാടക സമിതിയാണ് വിലക്കേർപ്പെടുത്തിയിരുന്നത്.

മലപ്പുറത്തെ കൂരിയാട്ടു നടന്നു വരുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് ഇരുവരും എത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് പാണക്കാട് നിന്നും രണ്ടു പേർ മുജാഹിദ് സമ്മേളന വേദിയിൽ എത്തുന്നത്. പാണക്കാട് തങ്ങൾമാർ മുസ്ലിം ലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും സമസ്ത പിന്തുടരുന്ന സുന്നി ആശയമാണ് ഇവർ പിന്തുടരുന്നത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖഫ് ബോർഡ് ചെയർമാൻ കൂടിയായ റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനകനായത്. ഭിന്നതകൾ മറന്നു ഒരുമിച്ചു നിൽക്കണമെന്നും മതസംഘടനകൾ തമ്മിലുള്ള സംഘട്ടനങ്ങൾ അവസാനിപ്പിക്കണം എന്നുമാണ് തങ്ങൾ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനമാണ് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ടു കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തത്.

സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയയിലടക്കം അണികൾ തമ്മിൽ ശക്തമായ വാഗ്വാദമാണ് തുടർന്ന് നടന്നത്. മുജാഹിദ് വേദിയിൽ സംബന്ധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തര ഭാരവാഹികളുടെ യോഗം ചേളാരിയിലെ ആസ്ഥാനത്തും നടന്നു. സമസ്തയുടെ ഉന്നത കൂടിയാലോചനാ സഭയുടെ യോഗം ചേർന്നു. സംഘടനാ ഭാരവാഹിത്വത്തിൽ നിന്നും ഇരുവരേയും മാറ്റി നിർത്താനും ഈസമയത്ത് സമസ്ത ആലോചിച്ചിരുന്നു.

മുനവ്വറലി ശിഹാബ് തങ്ങൾ എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ഭാരവാഹിത്വത്തിലും റശീദലി തങ്ങൾ സുന്നീ മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡണ്ടുമാണ്. കേരള വഖ്ഫ് ബോർഡ് കേരളത്തിലെ എല്ലാ മുസ്ലിംകളേയും പ്രതിനിധീകരിക്കുന്നുവെന്നും അതിനാലാണ് ചെയർമാൻ എന്ന നിലയിൽ താൻ പങ്കെടുത്തതെന്നും സംഭവത്തെക്കുറിച്ച് റശീദലി തങ്ങൾ പ്രതികരിക്കുകയുണ്ടായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിലാണ് താൻ സംബന്ധിച്ചതെന്ന് മുനവ്വറലി തങ്ങളും പറഞ്ഞിരുന്നത്.

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിൽ സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയ വേദന ഉൾകൊള്ളുന്നുവെന്നു പറഞ്ഞാണ് പാണക്കാട് മുനവ്വറലി തങ്ങളും റഷീദലി തങ്ങളും പ്രശ്നത്തിനിന്നും തടിയൂരിയത്. . ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം വേദിയിൽ പങ്കെടുക്കുകയൊള്ളു എന്നും നേതൃത്വത്തെ അറിയിച്ചിരുന്നു. വിഷയം സംബന്ധിച്ച് പ്രശ്‌ന പരിഹാരത്തിന് സമസ്ത രൂപം നൽകിയ അഞ്ചംഗ സമിതി ഇരുവരുമായി സംസാരിച്ച ശേഷമാണ് പ്രശ്‌നങ്ങൾ പരിഹരിച്ചതായി നേതാക്കാൾ അറിയിച്ചത്.

സമസ്തയുടെ ആശയാദർശങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നവരും അതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും പിതാമഹന്മാരും നടന്നുവന്ന വഴിയിൽ നിന്ന് ഞങ്ങൾക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും തങ്ങന്മാർ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവർത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകൾ അവർ ഉൾക്കൊള്ളുന്നവരും അക്കാര്യത്തിൽ കൃതജ്ഞത ഉള്ളവരുമാണെന്നും അവർ വ്യക്തമാക്കി. കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും വളരെ വേദന ഉണ്ടാക്കിയത് ഉൾക്കൊള്ളുന്നതായും ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അവർ അറിയിച്ചു. ഇത് സംബന്ധമായി സോഷ്യൽ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നേതാക്കൾ നിർദ്ദേശിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട്,പി.എ ജബ്ബാർഹാജി എന്നിവരടങ്ങുന്ന സംഘമാണ് അന്ന് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP