Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫുജൈറയിൽ നാല് കപ്പലുകൾ ആക്രമിച്ചതിനുപിന്നിൽ ഇറാൻ തന്നെയെന്ന് യുഎസ്; കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ചെങ്കടലിലേക്ക്; മാരക പ്രഹരശേഷിയുള്ള ബി- 52 ബോംബറുകളുമായി വ്യോമസേനയും സുസജ്ജം; ബഹ്റൈൻ ജോർദാൻ കുവൈത്ത് ഖത്തർ യുഎഇ എന്നിവിടങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനവും വിന്യസിച്ചു; ആറുമാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത്; സാഹസത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ; അമേരിക്ക- ഇറാൻ യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

ഫുജൈറയിൽ നാല് കപ്പലുകൾ ആക്രമിച്ചതിനുപിന്നിൽ ഇറാൻ തന്നെയെന്ന് യുഎസ്; കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ചെങ്കടലിലേക്ക്; മാരക പ്രഹരശേഷിയുള്ള ബി- 52 ബോംബറുകളുമായി വ്യോമസേനയും സുസജ്ജം; ബഹ്റൈൻ ജോർദാൻ കുവൈത്ത് ഖത്തർ യുഎഇ എന്നിവിടങ്ങളിൽ പാട്രിയറ്റ് മിസൈൽ സംവിധാനവും വിന്യസിച്ചു; ആറുമാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത്; സാഹസത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ; അമേരിക്ക- ഇറാൻ യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഇറാഖ് യുദ്ധത്തിന്റെ കെടുതികൾ ഇനിയും മാറിയിട്ടില്ലാത്ത പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലാക്കി അമേരിക്കയുടെ സേനാ വിന്യാസം. യു.എസ്-ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ യുദ്ധ ഭീതി നിലനിൽക്കയാണ്. യുഎഇയുടെ കിഴക്കൻതീരമായ ഫുജൈറയിൽ ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത് സംഘർഷം വർധിപ്പിച്ചിരിക്കയാണ്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ ആക്രമണത്തിന് പിന്നിലുള്ളതാരെന്ന് വ്യക്തമാക്കാനോ യുഎഇ.-സൗദി സർക്കാരുകൾ തയ്യാറായില്ല. എങ്കിലും സംശയ മുന അമേരിക്ക നീട്ടുന്നത് ഇറാന് മേലെയാണ്. ഇറാൻ തന്നെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയത്. വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കന് പിന്നിലെ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഈ മേഖലയിലേക്ക് എത്തുകയാണ്.

മാരക പ്രഹരശേഷിയുള്ള ബി- 52 ബോംബറുകളുമായി യുഎസ് സൈനിക സംവിധാനം സുസജ്ജമാണ്. ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രതിരോധമായി പാട്രിയറ്റ് മിസൈൽ സംവിധാനവും വിന്യസിച്ചിരിക്കയാണ്. അതേസമയം ആറുമാസത്തേക്ക് ഭക്ഷണം കരുതിവെക്കുകയാണ് കുവൈത്ത്. യുദ്ധ ഭീതി മുന്നിൽ കണ്ട് രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ കരുതൽ ശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കയെ അശേഷം ഭയക്കുന്നില്ലെന്നും ഇതെല്ലാം വെറും സമ്മർദം മാത്രമാണെന്നും സാഹസത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്ക നടത്തുന്നത് മനഃശാസ്ത്ര യുദ്ധമാണെന്നും ഇറാൻ പ്രതികരിക്കുന്നു.

സംഘർഷം ശക്തമായി യുദ്ധത്തിലെത്തിയാൽ അത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് ആയിരിക്കും ഗൾഫ് മേഖലയെ കൊണ്ടെത്തിക്കുക. എണ്ണ വില ഉയരുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും. അമേരിക്ക ഉൾപ്പെടെ വൻശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയിൽനിന്ന് ഭാഗികമായി പിന്മാറുകയാണെന്ന് ബുധനാഴ്ചയാണ് ഇറാൻ പ്രഖ്യാപിച്ചത്. തങ്ങളുടെ എണ്ണ, ബാങ്കിങ് രംഗങ്ങളെ യു.എസ് ഉപരോധത്തിൽനിന്ന് രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ 60 ദിവസത്തിനകം യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് യു.കെ, റഷ്യ, ഫ്രാൻസ് ഉൾപ്പെടെ രാഷ്ട്രങ്ങളോട് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ലോകരാജ്യങ്ങളോട് യുഎസ് നിർദ്ദേശിച്ചതോടെ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗദിയിൽനിന്നുള്ള എണ്ണയാണ് ഇറാൻ എണ്ണയ്ക്ക് ബദലായി പൊതുവേ രാജ്യങ്ങൾ സ്വീകരിച്ചത്. ഇതാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതോടെ ചെങ്കടലിന്റെ തീരത്തേക്ക് കൂടുതൽ സേനയെ വിന്യസിക്കുകയാണ് അമേരിക്ക ചെയ്യുന്നത്.

ഖത്തറിലും സൈനിക വിന്യാസം

ഇറാൻ ഭീഷണി നേരിടാൻ യുഎസ് അബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലിന് പുറമെ, അമേരിക്കയുടെ ബി 52 ബോംബർ വിമാനങ്ങളും ഗൾഫിലെത്തി. മിസൈലുകൾ പ്രതിരോധിക്കുന്ന പാട്രിയറ്റ് സംവിധാനം വിന്യസിക്കാൻ അനുമതി നൽകിയ യു.എസ് ഭരണകൂടം യുദ്ധക്കപ്പലായ യു.എസ്.എസ് ആർലിങ്ടണും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ഖത്തറിലുള്ള യു.എസിന്റെ അൽ ഉദൈദ് വ്യോമതാവളത്തിൽ രാത്രിയോടെയാണ് വിമാന നിര എത്തി.അൽഉദൈദിന് പുറമെ, തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ മറ്റുചില കേന്ദ്രങ്ങളിലും ബോംബറുകൾ വിന്യസിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ പക്ഷേ, പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ലൂസിയാന വ്യോമസേന താവളത്തിലെ 20ാമത് ബോംബ് സ്‌ക്വാഡ്രണിൽപെട്ട വിമാനങ്ങളാണ് ഇപ്പോൾ എത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാൻ ഉയർത്തുന്ന ഭീഷണി നേരിടാൻ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാന വാഹിനി കപ്പലും ബോംബർ വിമാനങ്ങളും ഗൾഫിലേക്ക് നിയോഗിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്. ആണവായുധങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ബി -52 സ്ട്രാറ്റ്ഫോർട്രസ് ശ്രേണിയിൽപെട്ട വിമാനങ്ങളാണ് ഗൾഫിൽ എത്തിച്ചിരിക്കുന്നത്. മൊത്തം 32,000 കിലോ ആയുധങ്ങളും വഹിക്കാനാകും. ഇടക്ക് ഇന്ധനം നിറക്കാതെ ഒറ്റയടിക്ക് 14,000ലേറെ കിലോമീറ്റർ പറക്കാനുമുള്ള ശേഷിയുണ്ട്. നിലവിൽ സർവിസിലുള്ള ബി 52 എച്ച് ഇനം 1961 മുതൽ സേനയുടെ ഭാഗമാണ്. ശീതയുദ്ധകാലത്തെ നിരീക്ഷണ പറക്കലുകളിലും വിയറ്റ്നാം, ഗൾഫ് യുദ്ധങ്ങളിലും സജീവ പങ്കാളിത്തമുണ്ടായിരുന്നു.യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ചെറുക്കാൻ ശേഷിയുള്ളതാണ് പാട്രിയറ്റ് മിസൈൽ സംവിധാനം. ബഹ്റൈൻ, ജോർദാൻ, കുവൈത്ത്, ഖത്തർ, യു.എ. ഇ എന്നിവിടങ്ങളിൽ നിലവിൽ ഈ സംവിധാനം വിന്യസിച്ചിട്ടുണ്ട്. ഖത്തറിലെ അൽഉദൈദിലുള്ള യു.എസ് സെൻട്രൽ കമാൻഡിലേക്ക് യു.എസ്.എസ് ആർലിങ്ടണും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനവും അയച്ചിട്ടുണ്ട്.

ആറുമാസത്തേക്ക് ഭക്ഷണം കരുതി കുവൈത്ത്

യു.എസ്-ഇറാൻ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ആറുമാസത്തേക്ക് ഭക്ഷണം കരുതിയതായി കുവൈത്ത് വ്യക്തമാക്കി. നേതാക്കളുടെ വാക്പോര് യുദ്ധത്തിലേക്ക് വഴിമാറുന്ന പക്ഷം സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കുവൈത്ത് നിർദ്ദേശം നൽകി. രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അവശ്യസാധനങ്ങളുടെ കരുതൽശേഖരം ഉറപ്പുവരുത്താനും നടപടി ആരംഭിച്ചിട്ടുണ്ട്.ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആറുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരം ഇപ്പോൾ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചാൽ ഇറക്കുമതിയെ ബാധിക്കുമെന്നാണ് ആശങ്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ജലക്ഷാമത്തിന്റെ കാര്യത്തിൽ ആശങ്കയില്ലെന്ന് അധികൃതർ പറഞ്ഞു.

സാഹസത്തിന് മുതിർന്നാൽ ശിരസ്സിന് പ്രഹരമെന്ന് ഇറാൻ

മുമ്പെങ്ങുമില്ലാത്ത വിധം ഭീകരമായ സമ്മർദമാണ് പുതിയ ഉപരോധത്തെ തുടർന്ന് ഇറാൻ നേരിടുന്നതെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി. അമേരിക്കയുടെ സാമ്പത്തിക ഉപരോധം 1980-88 കാലത്തെ ഇറാഖ് യുദ്ധത്തെക്കാളും രാഷ്ട്രത്തിന്റെ സാമ്പത്തിക നിലയെ വലക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന് താക്കീതുമായി ഗൾഫ് മേഖലയിലേക്ക് പടക്കപ്പലുകളും ബോംബറുകളും അമേരിക്ക വിന്യസിച്ചതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.

കനത്ത ആഭ്യന്തര രാഷ്ട്രീയ സമ്മർദം നേരിടുന്ന റൂഹാനി, പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് നമ്മുടെ ബാങ്കുകൾക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എണ്ണ വിൽപനക്കോ കയറ്റുമതി, ഇറക്കുമതിക്കോ തടസ്സമുണ്ടായിരുന്നില്ല. ആയുധ ഇടപാടുകൾക്ക് മാത്രമാണ്നി യന്ത്രണമുണ്ടായിരുന്നത്.ശത്രുക്കളുടെ ഇപ്പോഴത്തെ സമ്മർദം മുമ്പെങ്ങുമില്ലാത്ത തരത്തിലാണ്. പക്ഷേ, ഈ അവസ്ഥയിൽ നമുക്ക് നിരാശയില്ല. ഭാവിയിൽ വലിയ പ്രതീക്ഷകളാണുള്ളത്. ഈ ക്ലേശകാലത്തെ നമ്മർ ഐക്യത്തോടെ മറികടക്കും - റൂഹാനി രാജ്യത്തോട് പറഞ്ഞു. അമേരിക്ക മനഃശാസ്ത്ര യുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് ഞായറാഴ്ച പാർലമന്റെിനെ അഭിസംബോധന ചെയ്ത റെവലൂഷണറി ഗാർഡ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി കൂട്ടിച്ചേർത്തു.
ഇറാനെതിരെ സൈനിക നീക്കത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരിക്കുമെന്ന് ഇറാൻ കമാൻഡർ. ഗൾഫിലെ അമേരിക്കൻ സൈനിക സാന്നിധ്യം സാധാരണഗതിയിൽ ഭീഷണിയാണെങ്കിലും ഇപ്പോഴത് വലിയ അവസരമാണെന്നും റെവലൂഷനറി ഗാർഡ് വ്യോമയാന വിഭാഗം തലവൻ അമീറലി ഹാജിസദീഹ് പറഞ്ഞു.

50 പോർ വിമാനങ്ങളും 6000 സൈനികരും ഉൾക്കൊള്ളുന്ന വിമാനവാഹിനി കപ്പൽ മുമ്പ് നമുക്ക് വലിയ ഭീഷണിയായിരുന്നു. പക്ഷേ, ഇന്നത് വലിയ അവസരമായി മാറിയിരിക്കുന്നു -അമീറലി ഹാജി സദീഹ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ വിമാന വാഹിനി കപ്പൽ യു.എസ്.എസ് അബ്രഹാം ലിങ്കണും ബി 52 ബോംബറുകളും ഗൾഫിൽ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

 ഇറാനെ വരിഞ്ഞുകെട്ടാൻ ട്രംപ്

എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ അമേരിക്കയടെ സാമ്പത്തിക താൽപ്പര്യങ്ങളും പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ യുദ്ധക്കൊതിയുമാണെന്നാണ ഇറാൻ ആരോപിക്കുന്നത്. നിങ്ങൾക്ക് ആണവായുധം ആവാം ഞങ്ങൾക്ക് പറ്റില്ല എന്ന നിലപാടാണ് അമേരിക്ക എടുക്കുന്നത്. ഇറാൻ ആണവ സാമഗ്രികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് അല്ല ഉപയോഗിക്കുകയെന്നും ഭീകരവാദികൾക്ക് കൈമാറുമെന്നും അമേരിക്ക ആരോപിക്കുന്നു. ലോക രാഷ്ട്രങ്ങൾ 2015ൽ ഒപ്പുവെച്ച ഇറാൻ ആണവ കരാറിൽനിന്ന് കഴിഞ്ഞ വർഷം മേയിലാണ് യു.എസ് പ്രസിഡന്റ് ട്രംമ്പ് നിരുപാധികം പിൻവലിഞ്ഞത്. ഇറാന്റെ സായുധ സേനയായ റെവലൂഷനറി ഗാർഡിനെ കഴിഞ്ഞ മാസം യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക സംവിധാനത്തെ ആദ്യമായാണ് യു.എസ് ഭീകരപ്പട്ടികയിൽ പെടുത്തുന്നത്. ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് നൽകിയ ഇളവും അടുത്തിടെ പിൻവലിച്ചു.

ഇറാൻ ആണവ സമ്പുഷ്ടീകരണം മാത്രമല്ല, ഇറാാന്റ മിസൈൽ സംവിധാനം തന്നെ സമ്പൂർണമായി അവസാനിപ്പിക്കണമെന്നാണ് യു.എസിന്റെ അന്ത്യശാസനം. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്ന് ഇറാൻ തിരിച്ചടിച്ചു. മറ്റു രാജ്യങ്ങൾ കൂടി ട്രംമ്പിനെ പിന്തുണച്ചാലും യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹോർമൂസ്് കടലിടുക്ക് അടക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു.യു.എസ് ഉപരോധത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്റെ കറൻസി മൂല്യം രാജ്യാന്തര വിപണിയിൽ ഒരു വർഷത്തിനിടെ 60 ശതമാനം ഇടിഞ്ഞിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ 10 ശതമാനം ചുരുങ്ങുമെന്നും കണക്കുകൾ പറയുന്നു.വടക്കുകിഴക്കൻ ഇറാനിലും തെക്കുപടിഞ്ഞാറൻ ഇറാനിലും വെള്ളപ്പൊക്കം നാശം വിതച്ചപ്പോൾപ്പോലും ഇറാനെ സാമ്പത്തികമായി സഹായിക്കാൻ മറ്റ് രാഷ്ട്രങ്ങൾക്ക് അമേരിക്കൻ ഉപരോധം തടസ്സമായി. ആണവക്കരാറിൽ ഉറച്ചുനിന്നിട്ടും ഇറാൻ പ്രതീക്ഷിച്ച അന്താരാഷ്ട്രപിന്തുണ ലഭിക്കാതായപ്പോഴാണ് കരാർ പാലിക്കുന്നതിൽനിന്ന് പിൻവാങ്ങാന ഇറാൻ നിർബന്ധിതമായത്.

ആണവക്കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയതിന്റെ ഒന്നാം വർഷത്തിലാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും യുദ്ധ കഴുകനുമായ ജോൺ ബോൾട്ടൺ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കനെ ഇറാൻ തീരത്തേക്ക് അയക്കുകയാണെന്ന് അറിയിച്ചത്. ഇറാനുള്ള 'വ്യക്തവും കൃത്യവുമായ സന്ദേശമാണി'തെന്നും ബോൾട്ടൺ വളച്ചുകെട്ടില്ലാതെ പറഞ്ഞു. 13 വർഷംമുമ്പ് ഇതേ കപ്പലിൽനിന്നുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ള്യു ബുഷ് ഇറാഖിനെതിരെയുള്ള യുദ്ധം വിജയിച്ചതായി പ്രഖ്യാപിച്ചത്. സ്വാഭാവികമായും അമേരിക്കയിലെ 16-ാമത്തെ പ്രസിഡന്റിന്റെ പേരിലുള്ള യുദ്ധക്കപ്പലിനെ മധ്യധരണ്യാഴിയിൽനിന്ന് ഇറാൻ തീരത്തേക്ക് അയക്കുമ്പോൾ യുദ്ധത്തിന്റെ കാർമേഖങ്ങളാണ് ഉരുണ്ടുകൂടുന്നത്. പെട്ടെന്ന് ഒരു യുദ്ധത്തിനുള്ള സാധ്യത ആരും കാണുന്നില്ലെങ്കിലും ബുഷ് ഭരണകൂടം ഇറാഖിനെ വരിഞ്ഞുകെട്ടിയതുപോലെ ഇപ്പോൾ ട്രംമ്പും ഇറാനെ വരിഞ്ഞുകെട്ടുകയാണെന്നും അത് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നുമുള്ള വിലയിരുത്തലുകളും ശക്തമാണ്.

എളുപ്പമല്ല ഇറാനെ കീഴടക്കൽ

ഇറാനെ വരിഞ്ഞുകെട്ടുകയെന്ന അമേരിക്കൻ നീക്കത്തിന്റെ ഏറ്റവും അവസാനത്തെ നടപടിയാണ് ട്രംമ്പ് പ്രഖ്യാപിച്ച എണ്ണയിതര ഉൽപ്പന്നങ്ങൾക്കുള്ള ഉപരോധം. ഇറാൻ കയറ്റുമതി ചെയ്യുന്ന ഇരുമ്പ്, ഉരുക്ക്, അലുമിനിയം, ചെമ്പ് എന്നിവയുടെ വ്യാപാരത്തിനാണ് ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. എണ്ണയിൽ നിന്നുള്ള ഇറാന്റെ വരുമാനം ഉപരോധത്തിലൂടെ തടഞ്ഞ അമേരിക്ക ഇപ്പോൾ എണ്ണയിതര വരുമാനവും തടയുന്നതിനാണ് ഉപരോധം ലോഹവ്യാപാരത്തിലേക്കും വ്യാപിപ്പിച്ചിട്ടുള്ളത്. മൂന്ന് മാസത്തിനകം ഈ ഉപരോധവും നിലവിൽ വരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.

പക്ഷേ ഇറാനെ ഒരു യുദ്ധത്തിലൂടെ കീഴടക്കുക അത്ര എളുപ്പമല്ല. ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക വിന്യസിച്ച 20000 സൈനികരെ ലക്ഷ്യംവയ്ക്കാനുള്ള മിസൈൽ ശേഷി ഇറാനുണ്ട്. മാത്രമല്ല, ഇറാന്റെ ആണവകേന്ദ്രങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തായാണ് കിടക്കുന്നത്. ഇത് പൂർണമായും നശിപ്പിക്കുക അമേരിക്കയ്ക്ക് വെല്ലുവിളിയാണ്. യുദ്ധം ഉണ്ടാകുന്നപക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തയ്യാറാകും. ഇത് എണ്ണ വ്യാപാരത്തെ ഹാനികരമായി ബാധിക്കും. ഇറാനിൽ കൈപൊള്ളിയാണ് ജിമ്മികാർട്ടർക്ക് രണ്ടാംമൂഴം നഷ്ടമായതെന്ന കാര്യം ട്രംമ്പ് മറക്കരുതെന്നാണ് അന്താരാഷട്ര മാധ്യമങ്ങൾ ഓർമ്മിപ്പിക്കുന്നത്. അതിനിടെ സൗദി അറേബ്യയുടെ പ്രധാന ഓയിൽ പൈപ്ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകൾക്കുനേരെ ഡ്രോൺ ആക്രമണ ഉണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രവിശ്യയിൽനിന്നു ചെങ്കടലിലെ യാൻബുവരെയുള്ള പൈപ്ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ പമ്പിങ് നിർത്തിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP