Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പോളിങ് ദിനത്തിൽ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള സംഘർഷത്തിന് അയവില്ല; ബിജെപി സ്ഥാനാർത്ഥിയായ മുൻ ഉദ്യോഗസ്ഥയെ അക്രമിച്ച് ദിവസങ്ങൾക്ക് ശേഷം അമിത് ഷായുടെ റാലിക്ക് നേരെ ആക്രമണം; അമിത് ഷാ 'ഗോ ബാക്ക്' എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യങ്ങളോടെ അണികൾ; ബിജെപി-തൃണമൂൽ സംഘർഷം ബംഗാളിൽ വീണ്ടും ചോര വീഴ്‌ത്തുമ്പോൾ

പോളിങ് ദിനത്തിൽ ബംഗാളിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള സംഘർഷത്തിന് അയവില്ല; ബിജെപി സ്ഥാനാർത്ഥിയായ മുൻ ഉദ്യോഗസ്ഥയെ അക്രമിച്ച് ദിവസങ്ങൾക്ക് ശേഷം അമിത് ഷായുടെ റാലിക്ക് നേരെ ആക്രമണം; അമിത് ഷാ 'ഗോ ബാക്ക്' എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യങ്ങളോടെ അണികൾ; ബിജെപി-തൃണമൂൽ സംഘർഷം ബംഗാളിൽ വീണ്ടും ചോര വീഴ്‌ത്തുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വന്നു നിൽക്കുന്ന വേളയിലും ബംഗാളിൽ അക്രമ സംഭവങ്ങൾക്ക് കുറവില്ല. രണ്ട് ദിവസം മുൻപ് ബംഗാളിൽ ചിലയിടങ്ങളിൽ നടന്ന പോളിംഗിനിടയിലും സംഘർഷം നടന്നിരുന്നു. അതേ ദിനം തന്നെ ഒരു ബിജെപി പ്രവർത്തകനും ഒരു കോൺഗ്രസ് പ്രവർത്തകനും മരണപ്പെട്ടെന്ന വാർത്ത പുറത്ത് വന്നപ്പോഴും  സംഘർഷം ശക്തിയായി തന്നെ തുടരുകയായിരുന്നു. ഇതേ അവസരത്തിൽ തന്നെയാണ് ഗട്ടൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിനെ തൃണമൂൽ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചത്.

കൊൽക്കത്തയിൽനിന്നു 145 കിലോമീറ്റർ അകലെ കേശ്പുരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഈ മാസം 12നായിരുന്നു സംഭവം.  രാവിലെ ആരംഭിച്ച സംഘർഷം ഉച്ചയോടെ രൂക്ഷമാകുകയായിരുന്നു. തടിച്ചുകൂടിയ നൂറുകണക്കിനു തൃണമൂൽ പ്രവർത്തകർ ഭാരതിയുടെ കാറിനു നേരെ കല്ലെറിഞ്ഞു. പൊലീസ് സംഭവസ്ഥലത്തുണ്ടായിരുന്നില്ല. എതിരെ മത്സരിക്കുന്ന തൃണമൂൽ സ്ഥാനാർത്ഥിയും സിനിമ നടനുമായ ദീപക് ദേവ്, ഭാരതി ഘോഷിനെ ആൾക്കൂട്ടത്തിനിടയിൽ നിന്നും മാറ്റി അടുത്തുള്ള അമ്പലത്തിൽ അഭയം നൽകുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൊൽക്കത്തയിൽ നടത്തിയ റാലിക്ക് നേരെയും അക്രമ സംഭവങ്ങൾ ഉണ്ടായത്. തിരഞ്ഞെടുപ്പ് കാലത്തെങ്കിലും സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തേണ്ട സംസ്ഥാന സർക്കാർ ഇതിനെതിരെ മൗനം പാലിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് തുടർച്ചായായി ഉണ്ടാകുന്ന ബിജെപി-തൃണമൂൽ അക്രമ സംഭവങ്ങൾ.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്ക് നേരെ കൊൽക്കത്തയിൽ വ്യാപക സംഘർഷം ഉണ്ടായതിന് പിന്നാലെ വാഹനങ്ങൾ അഗ്‌നിക്കിരയാക്കുകയും വിദ്യാർത്ഥികളെ അക്രമിക്കുകയും ചെയ്തുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഷായുടെ വാഹനത്തിന് രേനെ കൊൽക്കത്ത സർവകലാശാലയിൽ നിന്നും കല്ലേറുണ്ടായതിന് പിന്നാലെയാണ് രംഗം കലുഷിതമായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റാലിയിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അക്രമാസക്തരായതിന് പിന്നാലെയാണ് സ്ഥലത്ത് സംഘർഷം ഉടലെടുത്തതെന്നും ഈ ഭാഗത്തത് കോൺഗ്രസ് -ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കൊൽക്കത്ത നഗരത്തിൽ നിന്നും ആരംഭിച്ച റാലി നോർത്തുകൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. റാലി കൊൽക്കത്ത സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു.

ഷായ്ക്കെതിരെ ക്യാമ്പസിൽ നിന്നും മുദ്രാവാക്യം വിളികൾ ആരംഭിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. അമിത് ഷാ ഗോ ബാക്ക് എന്ന് വിദ്യാർത്ഥികൾ വിളിച്ചപ്പോൾ ജയ് ശ്രീറാം മുദ്രാവാക്യമാണ് ബിജെപി അണികൾ മുഴക്കിയത്. ഇതിനിടെയാണ് സർവകലാശാല ക്യാമ്പസിൽനിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് ബിജെപി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു.

സ്ഥലത്ത് സംഘർഷമുണ്ടാക്കിയ തൃണമൂൽ പ്രവർത്തകരെ ക്യാമ്പസിനകത്താക്കി സർവകലാശാലയുടെ ഗേറ്റുകളെല്ലാം പൊലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കിയത്. വിദ്യാസാഗർ കോളേജിലെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തിൽ തകർത്തു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. സർവകലാശാല പരിസരത്ത് നിന്നും ബിജെപി. പ്രവർത്തകർ പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

എന്നാൽ അമിത് ഷാ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ ചിലർ വടികൾ വലിച്ചെറിഞ്ഞതാണു സംഘർഷത്തിലേക്കു നയിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിജെപി റോഡ്ഷോയ്ക്കു മുന്നോടിയായി പാർട്ടിയുടെ പോസ്റ്ററുകളും കൊടികളുമെല്ലാം തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും നീക്കം ചെയ്തതായി ബിജെപി ആരോപിച്ചു. ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരെവച്ചാണു ബിജെപി അധ്യക്ഷൻ റാലി നടത്തുന്നതെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP