Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാൻ തീരത്ത് സംഘർഷം കടുക്കവെ ഇറാനിയൻ വിദേശകാര്യ മന്ത്രി പറന്നിറങ്ങിയത് ഇന്ത്യൻ മണ്ണിൽ; സുഷമാ സ്വരാജുമായി മണിക്കൂറുകൾ നീണ്ട ചർച്ച; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള അന്തിമ തീരുമാനം പുതിയ സർക്കാർ സ്ഥാനമേറ്റ ശേഷമെന്ന് തീർത്ത് പറഞ്ഞ് സുഷമാ സ്വരാജ്; ജവാദ് സരീഫും സുഷമാ സ്വരാജും തമ്മിലുള്ള ഡൽഹി ചർച്ചയെ സസൂക്ഷ്മം വീക്ഷിച്ച് അമേരിക്ക

ഒമാൻ തീരത്ത് സംഘർഷം കടുക്കവെ ഇറാനിയൻ വിദേശകാര്യ മന്ത്രി പറന്നിറങ്ങിയത് ഇന്ത്യൻ മണ്ണിൽ; സുഷമാ സ്വരാജുമായി മണിക്കൂറുകൾ നീണ്ട ചർച്ച; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള അന്തിമ തീരുമാനം പുതിയ സർക്കാർ സ്ഥാനമേറ്റ ശേഷമെന്ന് തീർത്ത് പറഞ്ഞ് സുഷമാ സ്വരാജ്; ജവാദ് സരീഫും സുഷമാ സ്വരാജും തമ്മിലുള്ള ഡൽഹി ചർച്ചയെ സസൂക്ഷ്മം വീക്ഷിച്ച് അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തമ്മിൽ ഡൽഹിയിൽ വച്ച് മണിക്കൂറുകളോളം നിർണായകമായ ചർച്ച നടത്തി. ഇറാനിൽ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മേൽ യുഎസ് ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യത്തോടെയാണ് ലോകം ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ ഉറ്റ് നോക്കുന്നത്. ഇറാനിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള അന്തിമതീരുമാനം ഇന്ത്യയിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം മാത്രമേ എടുക്കുകയുള്ളുവെന്ന് സുഷമ ഈ ചർച്ചക്കിടെ സരീഫിനോട് തീർത്ത് പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഒമാൻ തീരത്ത് സംഘർഷം കടുക്കവെയാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയിരിക്കുന്നത്. ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയെ അമേരിക്ക സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ അല്ലെങ്കിൽ ഇറാനിയൻ ന്യൂക്ലിയർ ഡീലിന്റെ പേരിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം സമീപകാലത്ത് അങ്ങേയറ്റം വഷളായിരുന്നു. ഈ വിഷയവും സരീഫും സുഷമയും തമ്മിലുള്ള ചർച്ചയിൽ ഉയർന്ന് വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയായിരുന്നു സരീഫ് ന്യൂ ഡൽഹിയിലെത്തിയിരുന്നത്.

ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായി വരുന്നതിനിടെ ഇക്കാര്യത്തിൽ ഇന്ത്യയുടെ പിന്തുണ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു നേരത്തെ നിശ്ചയിക്കാതെ സരീഫ് ഇന്ത്യയിലെത്തിയത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സരീഫ് ഇന്ത്യയിലെത്തിയിരുന്നത്. ഷോർട്ട് നോട്ടീസ് നൽകിയായിരുന്നു സരീഫ് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നത്. ഇന്ത്യയുടെ വ്യാപാര പരിഗണനകൾ, ഊർജ സുരക്ഷിതത്വം, സാമ്പത്തിക താൽപര്യങ്ങൾ തുടങ്ങിയവ പരിഗണിച്ച് പുതിയ സർക്കാരായിരിക്കും ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നാണ് സുഷമ സരീഫിനോട് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള ഉപരോധത്തിന് മേലുള്ള ഇളവുകൾ അവസാനിപ്പിക്കാൻ മെയ്‌ രണ്ടിനായിരുന്നു അമേരിക്ക നിർണായക തീരുമാനമെടുത്തിരുന്നത്. ഇന്ത്യയിലേക്കുള്ള പ്രധാന എണ്ണ ഉറവിടമാണ് ഇറാനെന്നതിനാൽ അമേരിക്കയുടെ തീരുമാനം ഇന്ത്യക്ക് കനത്ത അടിയാണേകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇറാനിൽ നിന്നും ഇന്ത്യയിലേക്ക് 23.6 മില്യൺ ടൺ ഓയിലാണ് ഇറക്കുമതി ചെയ്തിരുന്നത്. രാജ്യത്തെ എണ്ണ ആവശ്യങ്ങളുടെ പത്ത് ശതമാനം ഇറാനിൽ നിന്നാണെത്തിയിരുന്നത്. ഇറാനും ലോക ശക്തികളും തമ്മിൽ ഉണ്ടാക്കിയിരുന്ന കരാറിൽ നിന്നും ട്രംപ് അമേരിക്കയെ പിൻവലിച്ചതിനെ തുടർന്നായിരുന്നു ഉപരോധം യഥാർത്ഥത്തിൽ ആരംഭിച്ചിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP