Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസുകാർ സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന് എ ഷംസുദീൻ പൊളിവാക്ക് പറഞ്ഞതല്ല; ഓൺലൈൻ അഭിപ്രായ സർവേയിൽ കെ. സുരേന്ദ്രന് അനുകൂലമായി വോട്ട് ചെയ്തവരിൽ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും; ഷംസുദ്ദീൻ ഉന്നം വച്ചത് സുരേഷ് കുമാറിനെ പോലുള്ളവരെ; ആന്റോയുടെ പതനം ഏറെക്കുറെ ഉറപ്പെന്ന് വിലയിരുത്തി കോൺഗ്രസുകാരും

കോൺഗ്രസുകാർ സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന് എ ഷംസുദീൻ പൊളിവാക്ക് പറഞ്ഞതല്ല; ഓൺലൈൻ അഭിപ്രായ സർവേയിൽ കെ. സുരേന്ദ്രന് അനുകൂലമായി വോട്ട് ചെയ്തവരിൽ പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റും; ഷംസുദ്ദീൻ ഉന്നം വച്ചത് സുരേഷ് കുമാറിനെ പോലുള്ളവരെ; ആന്റോയുടെ പതനം ഏറെക്കുറെ ഉറപ്പെന്ന് വിലയിരുത്തി കോൺഗ്രസുകാരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീൻ കോൺഗ്രസ് നേതാക്കൾക്ക് എതിരേ പൊട്ടിത്തെറിച്ചുവെന്ന വാർത്ത മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. പത്തനംതിട്ട നഗരസഭയിലെ അടക്കം കോൺഗ്രസ് നേതാക്കൾ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വേണ്ടി വോട്ട് മറിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഒരു നേതാവിന്റെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം തൊടുത്തു വിട്ട അമ്പ് കൊള്ളേണ്ടിടത്തുകൊണ്ടിരുന്നു. അതിനുള്ള തെളിവുകളാണ് ദിവസങ്ങളായി ഓഡിയോ ക്ലിപ്പുകളുടെയും സ്‌ക്രീൻ ഷോട്ടുകളുടെയും രൂപത്തിൽ പത്തനംതിട്ടയിൽ പ്രചരിക്കുന്നത്. വോട്ടു മറിക്കാൻ ബിജെപിയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ കോഴ കൈപ്പറ്റിയെന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളാണ് പ്രചരിക്കുന്നത്. അതിനിടെയാണ് കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് ഒരു ഫേസ്‌ബുക്ക് പേജിലെ അഭിപ്രായ വോട്ടെടുപ്പിന്റെ സ്‌ക്രീൻഷോട്ട് പുറത്തായിരിക്കുന്നത്.

പത്തനംതിട്ടയിൽ ആരു ജയിക്കുമെന്ന ചോദ്യത്തിന് സുരേന്ദ്രൻ ജയിക്കുമെന്ന് വോട്ടു രേഖപ്പെടുത്തിയിരിക്കുകയാണ് ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ എ സുരേഷ്‌കുമാർ. പതിനായിരങ്ങൾ വോട്ട് രേഖപ്പെടുത്തിയ ഈ പേജിൽ നിന്നും സുരേഷ് വോട്ട് ചെയ്തത് സുരേന്ദ്രനാണെന്ന് വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയിരിക്കുന്നത് കോൺഗ്രസിലെ തന്നെ എതിർവിഭാഗമാണ്. കോൺഗ്രസ് എ ഗ്രൂപ്പിലെ പ്രമുഖനാണ് സുരേഷ്‌കുമാർ. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് നഗരസഭ ചെയർമാനുമായിരുന്നു. ഐ ഗ്രൂപ്പ് നേതാവാണ് വിമർശനമുന്നയിച്ച ഷംസുദ്ദീൻ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവദാസൻ നായർക്ക് ആറന്മുളയിൽ സംഭവിച്ചത് എന്തോ അതു തന്നെ ആന്റോയ്ക്ക് പത്തനംതിട്ടയിൽ സംഭവിക്കുമെന്നായിരുന്നു ഷംസുദ്ദീന്റെ വിമർശനം. അതേ സമയം, ഈ വിമർശനം കണക്കിലെടുക്കാതെ ആന്റോ പത്തനംതിട്ടയിൽ വിജയിക്കുമെന്നൊരു തട്ടും തട്ടി ചായ കുടിച്ചു പിരിയുകയാണ് കമ്മറ്റിക്കാൻ ചെയ്തത്. എ ഗ്രൂപ്പിലെ ഒട്ടു മിക്ക നേതാക്കളും ആന്റോയ്ക്ക് പാലം വലിച്ചതായാണ് സൂചന. മുതിർന്ന നേതാക്കൾ ഒന്നും തന്നെ പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. ബൂത്ത് തലത്തിൽ അടക്കം പ്രചാരണ സാമഗ്രികളും എത്തിച്ചില്ല. പ്രവർത്തകർക്കുള്ള ചെലവ് കാശ് മുടക്കാനും ആന്റോ തയാറായിരുന്നില്ല.

പെന്തക്കോസ്ത് സമുദായത്തിന്റേത് അടക്കം വോട്ടുകൾ പർച്ചേസ് ചെയ്ത് ന്യൂനപക്ഷ വോട്ടുകളും കൂടി അനുകൂലമാക്കി വിജയിക്കാമെന്നായിരുന്നു ആന്റോയുടെ കണക്കു കൂട്ടൽ. അതാണ് ഇപ്പോൾ അടപടലേ പാളിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ ആന്റോയ്ക്കും വീണയ്ക്കുമായി വിഭജിച്ചു പോയി. ആന്റോ കണ്ടു വച്ച പെന്തക്കോസ്ത് വോട്ട് വീണയുടെ ഭർത്താവും ഓർത്തഡോക്സ് സഭയുടെ മുൻ സെക്രട്ടറിയുമായ ജോർജി പോക്കറ്റിലാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുൻപ് പെന്തക്കോസ്ത് നേതാക്കൾ ആന്റോയുടെ വീട്ടിലെത്തിയിരുന്നുവെന്നും സൂചനയുണ്ട്. പക്ഷേ, എത്ര വോട്ട് അനുകൂലമായി ലഭിച്ചുവെന്ന് അറിയണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.

ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തതു പോലെ സ്വന്തം ബൂത്തിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ മാത്രമാണ് കോൺഗ്രസിന്റെ ജില്ലാ സംസ്ഥാന നേതാക്കൾ ശ്രമിച്ചിരിക്കുന്നത്. എന്നാൽ, പത്തനംതിട്ട നഗരസഭയിൽ ഇതും നടന്നിട്ടില്ല. 25 മുതൽ 29 വാർഡുകളിൽ വരെ കോൺഗ്രസിന്റെ വോട്ടുകൾ കൂട്ടത്തോടെ സുരേന്ദ്രന് പോയിട്ടുണ്ട്. ഇതിലേറെയും ഭൂരിപക്ഷ ഹിന്ദുവോട്ടാണെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പു വരെ കോൺഗ്രസ് പിടിച്ച വോട്ടുകളാണ് ഇക്കുറി എൻഡിഎയ്ക്ക് പോയിരിക്കുന്നത്. ആന്റോയുടെ വോട്ട് ചോർന്നതു കൊണ്ട് ജയം തങ്ങൾക്കാകുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജും കൂട്ടരും വിചാരിച്ചിരിക്കുന്നത്. യുഡിഎഫിൽ നിന്ന് ചോർന്ന വോട്ടുകൾ എൽഡിഎഫിലേക്ക് വന്നുവെന്ന മിഥ്യാധാരണയാണ് ഇതിന് പിന്നിൽ.

4 ലക്ഷം വോട്ടു വീണ നേടുമെന്നാണ് എൽഡിഎഫിന്റെ പ്രചാരണം. അടിസ്ഥാനമായി 2.40 ലക്ഷം വോട്ട് മാത്രമാണ് സിപിഎമ്മിന് മണ്ഡലത്തിലുള്ളത്. അതിൽ തന്നെ വൻ ചോർച്ച ഇക്കുറി സംഭവിച്ചിട്ടുണ്ട്. ഈഴവ സമുദായം ഇക്കുറി എൽഡിഎഫിനെ കൈവിട്ടു. വലിയ തോതിലുള്ള വോട്ടു ചോർച്ച എൽഡിഎഫിലും സംഭവിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെയാണ് ബിജെപി 3.80 ലക്ഷം മുതൽ നാലു ലക്ഷം വോട്ടുവരെ തങ്ങൾക്ക് കിട്ടുമെന്ന് ഇവിടെ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP