Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സ്യക്ഷാമം രൂക്ഷമായതോടെ മാസങ്ങളോളം പഴക്കമുള്ള മീനുകൾ വിപണിയിൽ സുലഭം; രാസവസ്തുക്കൾ ചേർത്ത മീനുകൾ എത്തുന്നത് ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്; വിലക്കുറവായതിനാൽ ജനങ്ങൾക്കും പ്രിയം ഫ്രോസൻ മത്സ്യങ്ങളോട്

മത്സ്യക്ഷാമം രൂക്ഷമായതോടെ മാസങ്ങളോളം പഴക്കമുള്ള മീനുകൾ വിപണിയിൽ സുലഭം; രാസവസ്തുക്കൾ ചേർത്ത മീനുകൾ എത്തുന്നത് ആന്ധ്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്; വിലക്കുറവായതിനാൽ ജനങ്ങൾക്കും പ്രിയം ഫ്രോസൻ മത്സ്യങ്ങളോട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മീൻ ക്ഷാമം കനത്തതോടെ മീൻ വിലയിൽ വൻ വർദ്ധനവ്. അയക്കൂറ, ആവോലി ,മത്തി, അയല എന്നിവക്ക് ഇരട്ടിയിലേറെ വിലകൂടി. സാധാരണക്കാരുടെ മത്സ്യമായ മത്തിയുടേയും അയലയുടേയും വില സർവ്വകാല റെക്കോർഡിലാണ്. 120 രൂപയിൽ നിന്ന് മത്തിക്ക് 200ഉം, 140ൽ നിന്ന് അയല വില 280ലുമെത്തി.മീൻ വില കൂടിയതോടെ മാംസ വിപണിയിൽ തിരക്കു കൂടിയിട്ടുണ്ട്.

മാസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളും കേരളത്തിലെ മാർക്കറ്റുകളിൽ സുലഭമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് സംസ്ഥാനങ്ങളിൽ രാസവസ്തുക്കൾ ചേർത്ത് മാസങ്ങളോളം ഫ്രീസറിൽ കേടുകൂടാതെ സൂക്ഷിക്കുന്ന മത്സ്യമാണ് ഇപ്പോൾ മാർക്കറ്റുകളിൽ സുലഭമായി ലഭിക്കുന്നത്. ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണു 'ഫ്രോസൻ മത്സ്യങ്ങൾ' എത്തുന്നത്. ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പശ്ചാത്തലത്തിൽ കേരളത്തിലെ പ്രധാന മത്സ്യവിൽപന കേന്ദ്രങ്ങളായ കൊച്ചി, മുനമ്പം, കൊല്ലം, നീണ്ടകര, വിഴിഞ്ഞം എന്നിവിടങ്ങളിൽ ആഴക്കടൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണു കാരണം. അതോടെ കൊച്ചുവള്ളങ്ങളിൽ പോയി മീൻ പിടിച്ച് രാവിലെ എത്തുന്ന മത്സ്യത്തൊഴിലാളികളുടെ മത്സ്യങ്ങൾ മാത്രമാണുള്ളത്. ഇവരിൽ നിന്ന് അമിതവില നൽകിയാണു കച്ചവടക്കാർ മത്സ്യം വാങ്ങുന്നത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മാസങ്ങൾ പഴക്കമുള്ള മത്സ്യത്തിന് താരതമ്യേന വിലക്കുറവാണ് എന്നതാണ് ഉപഭോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഓലക്കൊടി, കേര, മോദ തുടങ്ങിയ മത്സ്യങ്ങൾക്ക് 400 രൂപ മുതൽ 600 രൂപ വരെ കിലോയ്ക്ക് വില നൽകണം. എന്നാൽ ആന്ധ്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന മാസങ്ങളും വർഷങ്ങളും പഴക്കമുള്ള മീനുകൾക്ക് കിലോയ്ക്ക് 250 രൂപ മുതൽ 280 രൂപ വരെ നൽകിയാൽ മതി. തമിഴ്‌നാട്ടിൽ ഇപ്പോൾ ട്രോളിങ് നിരോധനമാണ്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മീൻപിടിത്തത്തിനു നിരോധനം വന്നതു മുതലെടുത്താണു ഫ്രീസറിൽ രാസപദാർഥങ്ങളിട്ടു സൂക്ഷിച്ചിരിക്കുന്ന മത്സ്യങ്ങൾ വിൽപനയ്ക്ക് എത്തിക്കുന്നത്. കായൽ മീനിനും ക്ഷാമമാണ്.

എന്നാൽ, ഇത്തരത്തിൽ മീനുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതായി അറിയില്ലെന്നാണ് അധികൃതരുടെ വാദം. ഇത് സംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ ്അന്വേഷിക്കാം എന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നു രണ്ടാഴ്ച വരെ കുട്ടനാട് മോഖലയിൽ കായൽ മീനുകളുടെ ലഭ്യത കൂടാറാണു പതിവ്. ഈ വർഷം ഷട്ടറുകൾ തുറന്നിട്ടും മീനുകൾ വേണ്ടത്ര കിട്ടിയില്ലെന്നാണ് ഉൽനാടൻ മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ വർഷം ഷട്ടർ തുറന്ന സമയത്തു ദിവസം 150 കിലോ കരിമീൻ വരെ സംഘത്തിലെ തൊഴിലാളികൾക്കു കിട്ടിയിരുന്നു. എന്നാൽ ഇത്തവണ 50 കിലോ കരിമീൻ പോലും കിട്ടുന്നില്ലെന്നും ഇവർ പറയുന്നു.

മീൻ ക്ഷാമം രൂക്ഷമായതോടെ കായൽ മീനുകളുടെ വിലയും ഉയർന്നു. കരിമീനാണു വിലവർധനയിൽ മുന്നിൽ. വെസ്റ്റ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ കരിമീനിനു കിലോയ്ക്കു 10 രൂപ മുതൽ 20 രൂപ വരെ വില കൂടി. 250 ഗ്രാമിനു മുകളിലുള്ള എ പ്ലസ് കരിമീനിന് 480 രൂപയിൽ നിന്നു 500 രൂപയായി വില ഉയർന്നു. എ ഗ്രേഡ് കരിമീനിന് 450 രൂപയിൽ നിന്നു 460, ബി ഗ്രേഡിനു 350ൽ നിന്നു 360 വീതം രൂപയായി കൂടി. മുരശിന് 220 ൽ നിന്നു 230 രൂപയായി. മത്സ്യച്ചന്തകളിൽ വിവിധ ഇനം കരിമീനിന് 600, 550, 400 രൂപയാണു വില. മുരശിനു കിലോയ്ക്കു 260 രൂപയുമാണു പൊതുമാർക്കറ്റിലെ വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP