Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ ഇന്ത്യക്കാരനായി ജസ്റ്റിസ് മദൻ ഭീംറാവു ലോകുർ; ഇന്ത്യൻ സുപ്രീം കോടതി മുൻ ജഡ്ജിയുടെ നിയമനം മൂന്ന് വർഷത്തേക്ക്; പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തിൽ ന്യായാധിപനായി ചുമതലയേൽക്കുന്നത് ഓഗസ്റ്റ് 15ന്; ഫിജി കോടതി പ്രവർത്തിക്കുന്നത് വർഷത്തിൽ രണ്ടു തവണ മാത്രം

ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ ഇന്ത്യക്കാരനായി ജസ്റ്റിസ് മദൻ ഭീംറാവു ലോകുർ; ഇന്ത്യൻ സുപ്രീം കോടതി മുൻ ജഡ്ജിയുടെ നിയമനം മൂന്ന് വർഷത്തേക്ക്; പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തിൽ ന്യായാധിപനായി ചുമതലയേൽക്കുന്നത് ഓഗസ്റ്റ് 15ന്; ഫിജി കോടതി പ്രവർത്തിക്കുന്നത് വർഷത്തിൽ രണ്ടു തവണ മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിരമിച്ച സുപ്രീംകോടതി ജഡ്ജി മദൻ ഭീംറാവുലോകുറിനെ ഫിജി സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. ഫിജി സുപ്രീംകോടതിയുടെ നോൺ റെസിഡന്റ് പാനലിൽ മൂന്നു വർഷത്തേക്കാണ് നിയമനം.ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഫിജിയിലെ സുപ്രീംകോടതിയിൽ ന്യായാധിപനാകുന്നത്. മദൻ ലോകുർ വിരമിച്ച 2018 ഡിസംബർ 31 ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിൽ അദ്ദേഹം ഇപ്പോഴാണ് തീരുമാനമെടുത്തത്. നിരവധി ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി.

വർഷത്തിൽ രണ്ടു തവണ സമ്മേളിക്കുന്ന ഫിജി സുപ്രീംകോടതിയിൽ ജസ്റ്റിസ് ലോകൂർ ഓഗസ്റ്റ് 15 മുതൽ 30 വരെയുള്ള സെഷനിലാണ് ഇരിക്കുക.സുപ്രീംകോടതി ജഡ്ജിയായി പ്രവർത്തിച്ചുള്ള പരിചയം ഫിജിയിൽ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും ജസ്റ്റിസ് ലോകുർ പറഞ്ഞു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാർക്കൊപ്പം പ്രവർത്തിക്കുന്നത് നല്ല അനുഭവമായിരിക്കുമെന്നും പ്രത്യേകിച്ചും പലരെയും മുൻ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഇതിന് മുമ്പ് ഫിജി ക്ഷണിച്ചിട്ടുണ്ട്.1977ൽ അഭിഭാഷകനായ മദൻ ലോകുർ 2012 ജൂൺ 4നാണ് സുപ്രീംകോടതിയിൽ നിയമിതനായത്. ഗുവാഹത്തി, ആന്ധ്ര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായതിന് ശേഷമാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിയമിക്കപ്പെട്ടത്.

ഓഗസ്റ്റ് 15 ന് മദൻ ലോകുർ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേൽക്കും. 2005 മുതൽ സുപ്രീംകോടതിൽ മീഡിയേഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു പരിചയമുള്ള ആളാണ് താനെന്നും ഇത്തരത്തിൽ രണ്ടുലക്ഷത്തോളം കേസുകളിൽ ഒത്തുതീർപ്പ് സാധ്യമാക്കിയിരുന്നതായും മദൻ ലോകുർ പറഞ്ഞു. മധ്യസ്ഥം വഹിക്കാനുള്ള തന്റെ കഴിവ് ഫിജിയിലും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തെ ന്യായാധിപന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ താൻ ആവേശഭരിതനാണെന്നും അദ്ദേഹം പറയുന്നു.

വർഷത്തിൽ രണ്ടുതവണയും ഒരു സെഷനിൽ നാല് ആഴ്ചയുമാണ് കോടതി പ്രവർത്തിക്കുക. 2012 ജൂൺ നാലിന് സുപ്രീം കോടതി ജഡ്ജിയായി ചുമതലയേറ്റ മദൻ ലോകുർ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ഇക്കാലയളവിൽ കർഷകർ, നിർമ്മാണ മേഖലയിലെ തൊഴിലാളികൾ തുടങ്ങി നീതിലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിഭാഗങ്ങളുടെ വിഷയങ്ങളിൽ സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കോടതികളുടെ കംപ്യൂട്ടർവത്കരണം, ജുഡീഷ്യൽ വിദ്യാഭ്യാസം, നിയമസഹായം തുടങ്ങി ജുഡീഷ്യൽ രംഗത്തെ സുപ്രധാനമായ പരിഷ്‌കാരങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ലോകുർ. സ്വകാര്യത, ലൈംഗികചൂഷണക്കേസുകളിലെ ഇരകളുടെ തിരിച്ചറിയൽ വിവരങ്ങൾ പരസ്യപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിൽ തീർപ്പുകല്പിച്ചത് ലോകുർ കൂടി ഉൾപ്പെട്ട ബെഞ്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP