Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാം ഘട്ടം കഴിഞ്ഞപ്പോൾ ബിജെപിയുടെ ആത്മവിശ്വസം ഉയർന്നു; 300 സീറ്റുകൾ കടക്കുമെന്ന് പ്രഖ്യാപിച്ച് അമിത് ഷാ; കലക്കവെള്ളത്തിൽ മീൻ പിടിച്ച് ബംഗാളിൽ വൻ നേട്ടം ഉണ്ടാക്കുമെന്ന് കഠിനമായി വിശ്വസിച്ച് മോദി; ഞായറാഴ്ച അവസാന ഘട്ട പോളിങ്ങിൽ ഏഴ് സംസ്ഥാനങ്ങളിലെ 58 സീറ്റുകൾ ബൂത്തിലെത്തുമ്പോൾ ആർക്കാണ് വിജയ സാധ്യത?

ആറാം ഘട്ടം കഴിഞ്ഞപ്പോൾ ബിജെപിയുടെ ആത്മവിശ്വസം ഉയർന്നു; 300 സീറ്റുകൾ കടക്കുമെന്ന് പ്രഖ്യാപിച്ച് അമിത് ഷാ; കലക്കവെള്ളത്തിൽ മീൻ പിടിച്ച് ബംഗാളിൽ വൻ നേട്ടം ഉണ്ടാക്കുമെന്ന് കഠിനമായി വിശ്വസിച്ച് മോദി; ഞായറാഴ്ച അവസാന ഘട്ട പോളിങ്ങിൽ ഏഴ് സംസ്ഥാനങ്ങളിലെ 58 സീറ്റുകൾ ബൂത്തിലെത്തുമ്പോൾ ആർക്കാണ് വിജയ സാധ്യത?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനിയുള്ളത് ഒറ്റ ഘട്ടം വോട്ടെടുപ്പ്. വാരണാസി അടക്കമുള്ള മണ്ഡലത്തിൽ 19ന് വോട്ടെടുപ്പ് നടക്കും. പിന്നെ 23 ന് ഫല പ്രഖ്യാപനം. എല്ലാ പാർട്ടികളും കണക്കുകൂട്ടലിലേക്ക് കടന്നു കഴിഞ്ഞു. ഇതിൽ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ദേശീയ പാർട്ടി ബിജെപിയാണ്. ഏറ്റവും വലിയ പാർട്ടിയായി അവർ മാറുമെന്ന് ബിജെപി അവകാശപ്പെടുന്നു. കഴിഞ്ഞ തവണ 282 സീറ്റുമായാണ് ബിജെപി അധികാരം ഉറപ്പിച്ചത്. ഇത്തവണ അത് 300 ആകുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ അവകാശ വാദം. എന്നാൽ ഇപ്പോഴും തൂക്ക് പാർലമെന്റിനാണ് രാഷ്ട്രീയ നിരീക്ഷകർ സാധ്യത കാണുന്നത്. കോൺഗ്രസിന് 100 സീറ്റുകൾക്ക് അപ്പുറം നേടാനാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് 300 സീറ്റ് നേടിക്കഴിഞ്ഞുവെന്ന അമിത് ഷായുടെ പ്രഖ്യാപനം.

ബിജെപിക്ക് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്ന തിരിച്ചടി അവസാന ലാപ്പുകളിൽ മറികടന്നെന്നാണ് അമിത് ഷാ പറയുന്നത്. 11 സംസ്ഥാനങ്ങൾ ബിജെപി യാതൊരു എതിരുമില്ലാതെ മുന്നിലാണ്. ബീഹാർ, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, എന്നിവ തൂത്തുവാരുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ. യുപിയിൽ നഷ്ടമുണ്ടാവുമെങ്കിലും 50 സീറ്റിൽ കൂടുതൽ നേടാൻ ബിജെപിക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്രയിൽ 42 സീറ്റുകൾ ബിജെപി ശിവസേന സഖ്യം നേടും. ബീഹാറിലും സമാന കുതിപ്പുണ്ടാക്കുമെന്നും കണക്ക് കൂട്ടുന്നു. ഇതെല്ലാം മനസ്സിൽ വച്ചാണ് 300 സീറ്റ് ബിജെപി കടക്കുമെന്ന് അമിത് ഷാ പറയുന്നത്. എന്നാൽ ഇത് അത്ര ശരിയായ കണക്കുകൾ അല്ലെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധർ പറയുന്നത്. ബിജെപിക്ക് 210 സീറ്റിൽ കൂടുതൽ കിട്ടില്ലെന്നും അവർ പറയുന്നു. എന്നാൽ അവസാന ഘട്ടത്തിൽ കൂടുൽ വോട്ട് ഉറപ്പിക്കാനുള്ള തന്ത്രമെന്ന നിലയിൽ മോദിയും അമിത് ഷായും 300 സീറ്റ് കിട്ടുമെന്ന കാർഡുമായി സജീവമാകുകയും ചെയ്യുന്നു.

ഏഴ് സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശ മണ്ഡലം അടക്കം 59 ഇടത്താണ് അവസാന ഘട്ട വോട്ടെടുപ്പ് ഇനി നടക്കുന്നത്. ഇതിന് മുമ്പേ ബിജെപി അവകാശ വാദവുമായി എത്തുകയാണ്. എന്നാൽ ഉത്തരേന്ത്യയിൽ മോദിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുകളാണ് പുറത്തു വരുന്നതെന്നതാണ് യാഥാർത്ഥ്യം. യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ബിജെപി കനത്ത വെല്ലുവിളി നേരിടുന്നത്. എന്നാൽ ആറ് ഘട്ടത്തിലൂടെ തന്നെ ബിജെപിയുടെ സീറ്റ് 300 കടന്നുവെന്ന് അമിത് ഷാ പറയുന്നു. അവസാ ഘട്ടത്തിലെ സീറ്റുകൾ ബിജെപിക്ക് ബോണസാണെന്നാണ് അമിത് ഷാ പറയുന്നത്. പ്രധാനമന്ത്രി മോദിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബിജെപി ഇതിനോടകം തന്നെ കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകളിൽ വിജയമുറപ്പിച്ചെന്നാണ് അമിത് ഷായുടെ അവകാശവാദം. ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചയുടൻ പ്രതിപക്ഷ പാർട്ടികൾ വിളിച്ച് ചേർത്ത യോഗത്തെ അദ്ദേഹം പരിഹസിച്ചു. അവർക്ക് ഇനി യോഗം ചേർന്ന് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാം. രാജ്യത്തുടനീളം സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാൻ. എനിക്ക് ജനങ്ങളുടെ പ്രതികരണങ്ങൾ അറിയാം. അഞ്ചും ആറും ഘട്ടങ്ങൾ പിന്നിട്ടപ്പോൾ തന്നെ ബിജെപി കേവല ഭൂരിപക്ഷം കടന്നെന്ന് ഞങ്ങൾക്ക് പൂർണ ആത്മവിശ്വാസമുണ്ട്. ഏഴാം ഘട്ടം കൂടി അവസാനിക്കുന്നതോടെ 300 സീറ്റുകൾ കടക്കുമെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യങ്ങൾ രൂപീകരിക്കാനുള്ള പ്രാദേശിക പാർട്ടികളുടെ ശ്രമത്തേയും അദ്ദേഹം പരിഹസിച്ചു. അതൊന്നും ബിജെപിയുടെ സീറ്റ് നേട്ടങ്ങളെ ബാധിക്കില്ലെന്നും അവരെല്ലാം താഴെപോകുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലാണ് ബിജെപിയുടെ പ്രധാന പ്രതീക്ഷ. യുപിയിലെ നഷ്ടം ബംഗാളിൽ നികത്തുമെന്നാണ് മോദിയുടെ പക്ഷം. തൃണമൂലിന് എതിരെ ബിജെപിക്ക് മികച്ച മുന്നേറ്റം നടത്താനായെന്ന് ബിജെപി കരുതുന്നു. ഇതിനൊപ്പം പഞ്ചാബിലും ഒഡീഷയിലും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നു. ബീഹാറിൽ നിതീഷ് കുമാറിന്റെ പിന്തുണയാണ് കരുത്ത്. നോർത്ത് ഈസ്റ്റിലും ബിജെപിക്ക് സീറ്റ് കൂടുമെന്നാണ് അവകാശവാദം. ഇതെല്ലാം കണക്കുകൂട്ടിയാണ് 300 സീറ്റിന്റെ കണക്ക് അമിത് ഷാ പറയുന്നത്.

മോദിയും ആത്മവിശ്വാസത്തിലാണ് അമിത് ഷായുടെ 300 സീറ്റുകളുടെ കണക്ക് മോദിയും പറയുന്നുണ്ട്. തോൽവിക്ക് കുറ്റപ്പെടുത്താൻ കോൺഗ്രസ് രണ്ട് ബാറ്റ്സ്മാന്മാരെ കളത്തിലിറക്കിയെന്ന് സാം പിത്രോദയെയും മണി ശങ്കർ അയ്യരെയും പരോക്ഷമായി പരാമർശിച്ച് പ്രധാനമന്ത്രി മോദി പരിഹസിച്ചു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച പിത്രോദയുടെയും മോദിക്കെതിരായ അയ്യരുടെയും പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. രാഹുൽ ഗാന്ധിയിൽനിന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഒഴിവാക്കുകയാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്ന് മോദി ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ ചൂണ്ടിക്കാട്ടി. രാഹുലിന്റെ വിശ്വസ്തനായ പിത്രോദയുടെ പരാമർശത്തെ കോൺഗ്രസ്സിന് തള്ളിപ്പറയേണ്ടി വന്നിരുന്നു.

പിത്രോദ മാപ്പ് പറയുകയും ചെയ്തു. മോദിയെ നീചനെന്ന് വിളിച്ച മണി ശങ്കർ അയ്യരുടെ നടപടിയിൽനിന്നും അകലം പാലിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അയ്യർ നടത്തിയ ഈ പരാമർശം കോൺഗ്രസ്സിന് തിരിച്ചടിയായിരുന്നു. 2014ൽ മോദിയെ ചായക്കടക്കാരൻ എന്ന് അയ്യർ വിളിച്ചത് ബിജെപി പ്രചാരണായുധമാക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരാനിരിക്കുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. എത്ര സീറ്റ് ലഭിക്കുമെന്ന് മാധ്യമ പ്രവർത്തകർ നിരന്തരം ചോദിക്കുന്നു. രാജ്യം മുഴുവൻ യാത്ര ചെയ്ത് ജനങ്ങളുടെ വികാരം അറിയാൻ എനിക്ക് സാധിച്ചിട്ടുണ്ട്. മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് ആത്മവിശ്വാസത്തോടെ പറയാനാകും. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ഔദ്യോഗിക പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സീറ്റുകൾ ഒരു പാർട്ടിക്കും ലഭിക്കില്ല. പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP