Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെയർമാന്റെ ചുമതലയുള്ള വർക്കിങ് ചെയർമാനും യോഗം വിളിച്ച് ചേർക്കേണ്ട ജനറൽ സെക്രട്ടറിയും ഒരുമിച്ചതോടെ ചെയർമാനെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കമ്മറ്റി പോലും വിളിക്കാനാവാതെ കേരളാ കോൺഗ്രസ്; ഭൂരിപക്ഷം പേരും ജോസ് കെ മാണിക്കൊപ്പം എങ്കിലും സാങ്കേതികമായി യോഗം വിളിക്കാനാവാത്തത് പ്രതിസന്ധിക്ക് ആഴം കൂട്ടന്നു; മാണിയുടെ നേട്ടങ്ങൾ എല്ലാം തന്റെ കൂടിയാക്കി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ച് ജോസഫ്; കേരളാ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു

ചെയർമാന്റെ ചുമതലയുള്ള വർക്കിങ് ചെയർമാനും യോഗം വിളിച്ച് ചേർക്കേണ്ട ജനറൽ സെക്രട്ടറിയും ഒരുമിച്ചതോടെ ചെയർമാനെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കമ്മറ്റി പോലും വിളിക്കാനാവാതെ കേരളാ കോൺഗ്രസ്; ഭൂരിപക്ഷം പേരും ജോസ് കെ മാണിക്കൊപ്പം എങ്കിലും സാങ്കേതികമായി യോഗം വിളിക്കാനാവാത്തത് പ്രതിസന്ധിക്ക് ആഴം കൂട്ടന്നു; മാണിയുടെ നേട്ടങ്ങൾ എല്ലാം തന്റെ കൂടിയാക്കി അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിച്ച് ജോസഫ്; കേരളാ കോൺഗ്രസിലെ പ്രതിസന്ധി തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിൽ പ്രതിസന്ധി അതിരൂക്ഷം. തിരുവനന്തപുരത്തു ചേർന്ന കെ എം മാണി അനുസ്മരണ യോഗത്തിൽ ചെയർമാനെ തിരഞ്ഞെടുക്കരുതെന്ന കോടതിയുത്തരവ് ഇതിന് തെളിവാണ്. മാണി അനുസ്മരണം അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിനുശേഷം കോട്ടയത്ത് ചേരാനായിരുന്നു ജോസ് കെ. മാണിയുടെയും മറ്റും താത്പര്യം. ഇത് അട്ടിമറിച്ച് തിരുവനന്തപുരത്ത് തിരക്കിട്ട് യോഗം വിളിച്ചുചേർത്തത് പിജെ ജോസഫിന്റെ കുതന്ത്രമായിരുന്നു. ഈ സമ്മേളനത്തിന് ശേഷം ചെയർമാനായി മാറാനുള്ള ജോസഫിന്റെ തന്ത്രം. പി.ജെ. ജോസഫിനെ ചെയർമാൻസ്ഥാനത്തേക്ക് കൊണ്ടുവരാൻ, മുമ്പ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വിഭാഗംകൂടി ശ്രമിക്കുന്നുവെന്ന സംശയം സജീവമണ്. സംസ്ഥാന കമ്മറ്റിയിലെ ബഹുഭൂരിഭാഗവും ജോസ് കെ മാണിക്കൊപ്പമാണെന്ന് തിരിച്ചറിഞ്ഞാണ് ജോസഫിന്റെ കള്ളക്കളികൾ.

മാണിഗ്രൂപ്പിലെ ചിലരുമായി ചേർന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കൾ ജോസ് കെ മാണിക്കെതിരെ കരുക്കൾ നീക്കുകയാണ്. പാർട്ടി ചെയർമാൻസ്ഥാനം, നിയമസഭാകക്ഷി നേതൃസ്ഥാനം എന്നിവ വിട്ടുനൽകാൻ മാണിഗ്രൂപ്പിന് താത്പര്യമില്ല. ജോസ് കെ. മാണി ചെയർമാനും സി. എഫ്. തോമസ് നിയമസഭാകക്ഷി നേതാവുമാകട്ടെയെന്നാണ് മാണിഗ്രൂപ്പിന്റെ താത്പര്യം. എന്നാൽ, വർക്കിങ് ചെയർമാനായ പി.ജെ. ജോസഫ് ചെയർമാനാകണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നു. സി എഫ് തോമസിന് പാർട്ടി ലീഡർ സ്ഥാനവും. അങ്ങനെ രണ്ടിടത്തും സി എഫ് തോമസിന് സ്ഥാനമുണ്ട്. സി എഫിനും ക്യാൻസർ രോഗമാണ്. അസുഖം നേതാവിനെ നന്നായി ബാധിച്ചിട്ടുമുണ്ട്. അപ്പോഴും അധികാരത്തിന് വേണ്ടി തന്ത്രപരമായ നീക്കമാണ് സിഎഫ് നടത്തുന്നത്. രണ്ടിടത്തും നിൽക്കാതെയുള്ള കളി. ഇതും കേരളാ കോൺഗ്രസിന് ബാധിക്കുന്നുണ്ട്. ജോസ് കെ മാണിക്കൊപ്പമാണെന്നാണ് അണികളോട് സിഎഫ് പറയുന്നത്. എന്നാൽ പാർട്ടിയിലെ പ്രതിസന്ധി തീർക്കും വിധം ഇടപെടലുകൾ സിഎഫ് നടത്തുന്നുമില്ല. പരോക്ഷമായി ജോസഫിനൊപ്പമാണ് സിഎഫ് എന്ന സംശയം പാർട്ടിക്കാർക്കുണ്ട്.

ലോക്‌സഭാ സീറ്റിന് വേണ്ടി ജോസഫ് പല നീക്കവും നടത്തി. അന്നും ഇതേ സമീപനമായിരുന്നു സിഎഫ് എടുത്തത്. എന്നാൽ മാണിയുടെ ചടുലമായ നീക്കങ്ങൾ ജോസഫിനെ തകർത്തു. അന്ന് തന്നെ മാണിക്ക് രോഗമുണ്ടെന്ന് ജോസഫ് തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ പതിയെ പിന്നോട്ട് വലിഞ്ഞു. എന്നാൽ മാണി മരിച്ചതോടെ കളികളും തുടങ്ങി. ഇതിന് വേണ്ടി മാണിയുടെ വിശ്വസ്തനായ ജോയി എബ്രഹാമിനെ കൂടെ കൂട്ടി. പാലാ സീറ്റിൽ മത്സരിപ്പിക്കാമെന്ന വാഗ്ദാനമാണ് ജോയി എബ്രഹാമിന് നൽകിയത്. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ജോയി എബ്രഹാം. തീരുമാനങ്ങൾ എടുക്കുന്നതിലെ നിർണ്ണായക ഘടകം. ഈ പദവി ഉപയോഗിച്ചാണ് മാണിയുടെ മരണത്തെ തുടർന്ന് വർക്കിങ് ചെയർമാനായ ജോസഫ് പാർട്ടിയുടെ താൽകാലിക ചെയർമാനായത്. അതിന് ശേഷം മാണി അനുസ്മരണം തിരുവനന്തപുരത്ത് ചേർന്നു. എങ്ങനേയും ചെയർമാൻ പദവിയിൽ എത്തി ജോസ് കെ മാണിയെ വെട്ടുകയാണ് ജോസഫ് ലക്ഷ്യമിട്ടത്. കോടതി ഉത്തരവിലൂടെ ഇത് മാണി ഗ്രൂപ്പ് തടഞ്ഞു.

ഇനി സംസ്ഥാന സമിതി വിളിച്ചേ ചെയർമാനെ കണ്ടെത്താനാകൂ. എന്നാൽ യോഗം വിളിക്കേണ്ടത് ജോയി എബ്രഹാമാണ്. ഇതിനിടെ സി.എഫ്. തോമസ് ചെയർമാനും ജോസ് കെ. മാണി വർക്കിങ് ചെയർമാനും പി.ജെ. ജോസഫ് നിയമസഭാകക്ഷി നേതാവുമെന്ന ഒത്തുതീർപ്പ് ഫോർമുല ഉയർന്നുവന്നു. ഇതിന് പിന്നിലും ജോയി എബ്രഹാമായിരുന്നു. എന്നാൽ ജോസ് കെ മാണി ഇത് അംഗീകരിക്കുന്നില്ല. മാണി പാർട്ടിയുടെ നേതാവിനെ അണികൾ തീരുമാനിക്കുമെന്നാണ് ജോസ് കെ മാണി പറയുന്നത്. ലീഡറേയും ചെയർമാനേയും നിശ്ചയിക്കാനുള്ള അംഗ ബലം പാർട്ടിയിൽ ജോസ് കെ മാണിക്കുണ്ട്. അതിനാൽ സമവായം വേണ്ടെന്നാണ് അവരുടെ പക്ഷം. കെ.എം. മാണിയെ അനുസ്മരിക്കാനായി യോഗം സംഘടിപ്പിച്ചതിനെക്കുറിച്ചുപോലും തർക്കം രൂക്ഷമാകുന്നത് ഈ അധികാര തർക്കം കാരണമാണ്. അനുസ്മരണയോഗമാണെങ്കിലും ജോസഫിനെ ഭാവിനായകനായി യോഗത്തിൽ പ്രഖ്യാപിക്കുമെന്ന സംശയത്തിലാണ് മാണിവിഭാഗം കോടതിയെ സമീപിച്ചത്. ജോസഫിന് ചെയർമാന്റെ താത്കാലിക ചുമതല നൽകിയതിലും മാണിവിഭാഗത്തിന് എതിർപ്പുണ്ട്.

ഒത്തുതീർപ്പ് ഫോർമുലയിൽ യോജിച്ചശേഷം പാർട്ടി ഉന്നതാധികാരസമിതി, സംസ്ഥാനകമ്മിറ്റി തുടങ്ങിയ യോഗങ്ങൾ വിളിച്ചുചേർക്കാനാണ് ജോയി എബ്രഹാം ഉദ്ദേശിക്കുന്നത്. എന്നാൽ, സമവായസാധ്യതകൾ നീണ്ടുപോകുന്നതിനാൽ പാർട്ടിസമിതികൾ ചേരുന്നതും നീണ്ടുപോകാും. അങ്ങനെ വന്നാൽ പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതുവരെ പി.ജെ. ജോസഫ് ചെയർമാൻസ്ഥാനത്തുതുടരും. ഇതിലും മാണിഗ്രൂപ്പ് അസ്വസ്ഥരാണ്. ഇതിന് വേണ്ടിയാണ് ജോയി എബ്രഹാം കരുക്കൾ നീക്കുന്നത്. സി എഫ് തോമസും ഇതിനെ പരസ്യമായി എതിർക്കുന്നില്ല. അതിനിടെ ചെയർമാനെ തിരഞ്ഞെടുക്കുന്നതിൽ യഥാസമയം രമ്യമായ തീരുമാനമുണ്ടാകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. നോട്ടീസ് നൽകിയാണ് അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്നും മറ്റൊന്നും അറിയില്ലെന്നും കെ.എം. മാണി അനുസ്മരണയോഗത്തിനുശേഷം ജോസഫ് വിശദീകരിച്ചു.

ചെയർമാനെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനസമിതിയാണെന്ന് ജോസ് കെ. മാണിയും പ്രതികരിച്ചു. സംസ്ഥാനകമ്മിറ്റി വിളിച്ചുചേർത്താകും തുടർനടപടി. നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യം നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടി കേരള കോൺഗ്രസിൽ ലയിക്കുമ്പോൾ നേതൃത്വം സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ ജോസഫ് പറഞ്ഞു. പാർട്ടിയിൽ സീനിയറായ മാണി ചെയർമാൻസ്ഥാനം ഏറ്റെടുക്കുകയും താൻ വർക്കിങ് ചെയർമാൻ ആകണമെന്നുള്ള നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെക്കുകയും ഒരു ആത്മീയനേതാവിന്റെ സാന്നിധ്യത്തിൽ അന്നത് അംഗീകരിക്കുകയുമായിരുന്നുവെന്നും ജോസഫ് പറഞ്ഞു.

ചെയർമാൻ സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാൽ പാർലിമെന്ററി പാർട്ടി സ്ഥാനവും ഡപ്യൂട്ടി ചെയർമാൻ സ്ഥാനവും സ്വന്തമാക്കാൻ സാധിക്കുമെന്നും ഇവർ കണക്ക് കൂട്ടുന്നു. മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം നിർത്തുന്നതിലൂടെ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തൽ. ചെയർമാന്റെ അസാന്നിധ്യത്തിൽ വൈസ് ചെയർമാന് അധികാരമുണ്ടെന്ന് ജോയ് എബ്രഹാം വ്യക്തമാക്കിയതോടെ ചെയർമാനെ തെരഞ്ഞെടുക്കാനുള്ള ശ്രമം ജോസഫ് വിഭാഗം നടത്തി. എന്നാൽ കോടതി വിധി നേടിയാണ് ഇതിനെ മാണി വിഭാഗം തടഞ്ഞിരിക്കുന്നത്. സി.എഫ് തോമസിനെ ചെയർമാനായി കൊണ്ടു വന്നാലും പാർട്ടി കൈവിട്ട് പോകുമെന്നാണ് ജോസ് കെ മാണിവിഭാഗംപറയുന്നത്. അത്കൊണ്ട്തന്നെ സംസ്ഥാന സമിതിയിലും സ്റ്റിയിറിങ് കമ്മിറ്റിയിലുമുള്ള ഭൂരിപക്ഷം ഉപയോഗിച്ച് കരുക്കൾ നീക്കാനാണ് ജോസ് കെ മാണി വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാന സമിതിയിലും ഇവർക്ക് ഭൂരിപക്ഷം ഉണ്ട്.

പാർട്ടി ഭരണഘടനയക്ക് വിരുദ്ധമായി ചെയർമാനെ തെരഞ്ഞെടുക്കാൻ തന്ത്രപരമായ നീക്കമാണ് നടന്നത്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബി മനോജ് നൽകിയ ഹർജിയാണ് നിർണ്ണായകമായത്. വർക്കിങ് ചെയർമാൻ പി ജെ ജോസഫ്, ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. ബുധനാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കെ എം മാണി അനുസ്മരണ യോഗത്തിനുശേഷം രഹസ്യമായി ജോസഫിനെ ചെയർമാനായി തെരഞ്ഞെടുക്കാനുള്ള നീക്കം നടക്കുന്നതായി ഹർജിയിൽ പറഞ്ഞു. ഇതിനായി ജോയ് എബ്രഹാം ഒരുസർക്കുലർ ഇറക്കി. മെയ്‌ ഒമ്പത് എന്ന് തീയതിയിട്ട സർക്കുലർ കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്തത്. ഇതുകൂടാതെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ചുള്ള കടലാസുകളിൽ ചിലരെക്കൊണ്ട് രഹസ്യമായി ഒപ്പിടീച്ച് വാങ്ങി.

ബൈലോ പ്രകാരം സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ് നൽകി, ഇവരുടെ യോഗം വിളിച്ചുകൂട്ടിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിന് വിരുദ്ധമായി അനുസ്മരണ യോഗത്തിനുശേഷം ചെയർമാനെ തെരഞ്ഞെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നായിരുന്നു പരാതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി നിയമാവലി പ്രകാരമല്ലാതെ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ഉത്തരവിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP